Categories: Samskriti

കവികുലഗുരു കാളിദാസന്‍; ഇന്ന് കാളിദാസ ജയന്തി

ഭാവാഭിവ്യക്തിയും അലങ്കാര പ്രയോഗവും പ്രകൃതിയുടെ ചാരു ചിത്രണവും രസങ്ങളുടെ മധുരമായ പരിപാകതയും കൊണ്ട് അനുവാചകരെ ഒരഭൗമ തലത്തിലേക്കുയര്‍ത്തുവാനുള്ള അത്ഭുതസിദ്ധി കാളിദാസനുണ്ട്. ജീവിത ദര്‍ശനങ്ങളെ കഥാതന്തുവുമായി യോജിപ്പിക്കാനുള്ള മെയ് വഴക്കം കാളിദാസനോളം മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. രഘുവംശം, കുമാരസംഭവം, ഋതുസംഹാരം, മേഘദൂതം എന്നീ കാവൃങ്ങളും മാളവികാഗ്നി മിത്രം, വിക്രമോര്‍വശീയം, അഭിജ്ഞാന ശാകുന്തളം എന്നീ നാടകങ്ങളുമാണ് കാളിദാസന്റെ പ്രധാന കൃതികള്‍.

വാല്‍മീകിയും വ്യാസനും കഴിഞ്ഞാല്‍ ഭാരതീയര്‍ ഈശ്വരീയമായ സ്ഥാനം നല്‍കി ആദരിക്കുന്ന കവികുലഗുരുവാണ് കാളിദാസന്‍ . ഭാരതത്തിന്റെ മഹിതമായ സംസ്‌ക്കാരത്തെ സ്വന്തം കൃതികളിലൂടെ അനുവാചകരിലെത്തിക്കാന്‍ കാളിദാസന്‍ വഹിച്ച പങ്ക് അദ്വിതീയമാണ്. ഭാവാഭിവ്യക്തിയും അലങ്കാര പ്രയോഗവും പ്രകൃതിയുടെ ചാരു ചിത്രണവും രസങ്ങളുടെ മധുരമായ പരിപാകതയും കൊണ്ട് അനുവാചകരെ ഒരഭൗമ തലത്തിലേക്കുയര്‍ത്തുവാനുള്ള അത്ഭുതസിദ്ധി കാളിദാസനുണ്ട്. ജീവിത ദര്‍ശനങ്ങളെ കഥാതന്തുവുമായി യോജിപ്പിക്കാനുള്ള മെയ് വഴക്കം കാളിദാസനോളം മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. രഘുവംശം, കുമാരസംഭവം, ഋതുസംഹാരം, മേഘദൂതം എന്നീ കാവൃങ്ങളും മാളവികാഗ്നി മിത്രം, വിക്രമോര്‍വശീയം, അഭിജ്ഞാന ശാകുന്തളം എന്നീ നാടകങ്ങളുമാണ് കാളിദാസന്റെ പ്രധാന കൃതികള്‍.

ലോകനാടക വേദിക്ക് ഭാരതത്തിന്റെ സംഭാവനയാണ് അഭിജ്ഞാന ശാകുന്തളം. 1789 ല്‍ സര്‍ വില്യം ജോണ്‍സാണ് ഇത് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഭാരതത്തിന്റെ സംസ്‌ക്കാര സവിശേഷതകളും ഭാരതീയ നാടക പാരമ്പര്യവും കണ്ട് അക്ഷാര്‍ത്ഥത്തില്‍ പാശ്ചാത്യര്‍ അത്ഭുതപ്പെട്ടു. ഭാരതത്തിലും എല്ലാ ഭാഷകളിലേക്കും അത് വിവര്‍ത്തനം ചെയ്യപ്പെട്ടു. നാല്‍പത്തിയഞ്ചില്‍ പരം പരിഭാഷകള്‍ മലയാളത്തിലും ഉണ്ടായി. ഭഗവദ് ഗീതയും ശാകുന്തളവുമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഭാരതീയ ഗ്രന്ഥങ്ങള്‍ .

കാവ്യേഷു നാടകം രമ്യം

തത്ര ശാകുന്തളം വരം

ശാകുന്തളേ ചതുര്‍ത്ഥോങ്കഃ .

തത്ര ശ്ലോക ചതുഷ്ടയം .

എന്ന ശ്ലോകം പ്രസിദ്ധമാണ്. കാവൃങ്ങളില്‍ നാടകവും നാടകങ്ങളില്‍ ശാകുന്തളവും ശാകുന്തളത്തില്‍ നാലാമംഗവും അവിടെ 4 ശ്ലോകങ്ങളുമാണ് ശ്രേഷ്ഠങ്ങള്‍ എന്നര്‍ത്ഥം.  

ദുഷ്യന്തന്റെ രാജധാനിയിലേക്ക് യാത്രയാവുന്ന ശകുന്തളയ്‌ക്ക് കണ്വമഹര്‍ഷി നല്‍കുന്ന ഉപദേശം വളരെ അര്‍ത്ഥവത്താണ്. നീ ആദരവോടു കൂടി പതിയെ സേവിക്കണം. കൊട്ടാരത്തിലുള്ള രാജാവിന്റെ മറ്റു പത്‌നിമാരെ സ്വന്തം സഖിമാരെ പോലെ കരുതണം. ഭൃത്യരോട് കരുണ കാണിക്കണം. അഹങ്കാരമില്ലാതെ സരള ജീവിതം നയിച്ച് ആ വീടിന്റെ ഗൃഹിണിയായി വാഴണം…..

ശകുന്തളയ്‌ക്ക് കണ്വാശ്രമത്തിലെ പ്രകൃതിയോടും മുല്ലവള്ളിയോടും മാന്‍കിടാവിനോടുമുള്ള നിഷ്‌കളങ്കമായ സ്‌നേഹം കാളിദാസന്‍ മനോഹരമായി വരച്ചുകാട്ടുന്നുണ്ട്. മാളവികാഗ്‌നിമിത്രം നാടകത്തില്‍ എങ്ങനെയാവണം നല്ലൊരു ഗുരുനാഥന്‍ എന്ന് വ്യക്തമായി പറയുന്നു.

ചിലര്‍ക്ക് ഉള്ളില്‍ അഗാധമായ അറിവുണ്ടാകും എന്നാല്‍ അത് പകര്‍ന്നു കൊടുക്കാന്‍ കഴിയില്ല. ചിലര്‍ക്ക് വേണ്ടത്ര പാണ്ഡിത്യമില്ലെങ്കിലും നന്നായി പകര്‍ന്നു കൊടുക്കാന്‍ കഴിയും. എന്നാല്‍ ഇവ രണ്ടും ആര്‍ക്കുണ്ടോ ആ വ്യക്തിയാണ് നല്ല ഗുരുനാഥന്‍.

രാഷ്‌ട്രതന്ത്രത്തില്‍കാളിദാസനുണ്ടായിരുന്ന ജ്ഞാനത്തെ വെളിവാക്കുന്നതാണ് രഘുവംശത്തിലെ ഒരു ശ്ലോകം. ജലകണങ്ങളെ ആഗിരണം ചെയ്യുന്ന മേഘങ്ങള്‍ അവസാനം സമ്യദ്ധമായ മഴ പൊഴിച്ച് നാട് സമ്പല്‍സമ്യദ്ധമാക്കും പോലെ രാജാവ് അല്പാല്‍പം നികുതി പിരിച്ചെടുത്ത് അത് ജനങ്ങള്‍ക്ക് സമ്യദ്ധമായി തിരികെ കൊടുക്കുന്നു.  

രഘുവംശത്തില്‍ രഘുരാജാക്കന്മാരെ വര്‍ണിക്കുന്നിടത്ത് എങ്ങനെയാവണം ഒരു ക്ഷേമ രാഷ്‌ട്രം എന്ന കാളിദാസന്റെ സങ്കല്‍പമാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്.  

കൊടുക്കാന്‍ വേണ്ടി കരം പിരിച്ചവര്‍ സത്യത്തിനു വേണ്ടി സംസാരിച്ചവര്‍, സല്‍കീര്‍ത്തിക്കു വേണ്ടി പ്രയത്‌നിച്ചവര്‍ പ്രജകള്‍ക്കു വേണ്ടി വിവാഹ ജീവിതം നയിച്ചവര്‍ ആയിരുന്നു രഘുരാജാക്കന്മാര്‍. സ്വന്തം രാജ്യത്തെ വെറുമൊരു  ധേനുവിന് വേണ്ടി രാജാധിപത്യവും യുവത്വവും സുന്ദരമായ ശരീരവും സിംഹത്തിന് ഭക്ഷണമാക്കാന്‍ ഒരുങ്ങുന്ന ദിലീപ മഹാരാജാവിനെ സനാതന സംസ്‌കൃതിയുടെ പ്രതീകമായി കാളിദാസന്‍ അവതരിപ്പിക്കുന്നു. കാളിദാസ കൃതികളില്‍ കാണുന്ന മഹദ് വാക്യങ്ങളും ഉപദേശങ്ങളും നമുക്ക് ജീവിത ധന്യതയ്‌ക്കു വേണ്ട സാമഗ്രികളാണെന്നതില്‍ സംശയമില്ല.

(പ്രചാര പ്രമുഖ് .വിശ്വസംസ്‌കൃത പ്രതിഷ്ഠാനം)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക