കൊച്ചി: മാര്‍ച്ച് അവസാനം മുതല്‍ കൊറോണ രോഗികളെ പരിചരിക്കുകയാണ് ദല്‍ഹി എയിംസിലെ പിജി വിദ്യാര്‍ഥിയും ചങ്ങനാശേരി സ്വദേശിയുമായ ഡോ. ജെയ്ബെന്‍ ജോര്‍ജ്. എല്ലാം പഠനത്തിന്റെ ഭാഗമാണെങ്കിലും ഓര്‍ത്തോപീഡിക്സ് കുറച്ച് കാലത്തേക്ക് മാറ്റിവച്ച് കൊറോണ ബാധിതരെ ശുശ്രൂഷിക്കുകയാണ് ജെയ്‌ബെന്നും. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരെ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ആശുപത്രികളിലൊന്നായ ദല്‍ഹിയിലെ ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കൊറോണ ഐസിയുവില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം മലയാളികളിലൊരാളാണ് ജെയ്‌ബെന്‍.
ഏകദേശം മുന്നൂറില്‍പ്പരം രോഗികളെ എയിംസിലെ കൊറോണ ഐസിയുകളില്‍ ജെയ്‌ബെന്‍ അടക്കമുള്ള സംഘം ഇതുവരെ പരിചരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഇരുപതോളം പേര്‍ വരെ ഒരേസമയം ഇവിടെ ഐസിയുകളിലുണ്ടാകും.
തുടര്‍ച്ചയായി ആറു മണിക്കൂര്‍ പിപിഇ ധരിച്ചുള്ള സേവനം. ഇതു മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍. കൊറോണ ബാധ ഗുരുതരമായവരുമായുള്ള അടുത്ത സമ്പര്‍ക്കം തുടങ്ങി നാലു മാസമായി നേരിടുന്ന വെല്ലുവിളികളേറെയാണ്. എന്നാല്‍, ഇതിനിടെയിലും ചികിത്സ തേടിയെത്തുന്നവരെ കുറിച്ചാണ് ഇദ്ദേഹമടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പ്രധാന ഉത്കണ്ഠ.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്താറുള്ള മറ്റ് രോഗികള്‍ക്ക് പഴയതു പോലെ ശസ്ത്രക്രിയകളടക്കമുള്ളവ ലഭ്യമാക്കാന്‍ കൊറോണ മൂലം നിലവില്‍ സാധിക്കുന്നില്ല. പല പരിശോധനകള്‍ക്കും നിര്‍ദേശിച്ച് പറഞ്ഞയച്ച രോഗികള്‍ ലോക്ഡൗണിന് ശേഷം മാസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ പോലും പ്രയാസമാകുന്നു. ഡോക്ടര്‍ എന്ന നിലയില്‍ തനിക്ക് ഏറ്റവും ദുഃഖമുണ്ടാക്കുന്നതും ഇതാണെന്ന് ജെയ്‌ബെന്‍ പറയുന്നു.
കൊറോണ വന്നതോടെ മറ്റു രോഗങ്ങള്‍ ഇല്ലാതായതല്ല. ആളുകള്‍ വൈറസ് ബാധ ഭയന്ന് ആശുപത്രികളിലേക്കെത്താത്തതോ ഇവര്‍ക്ക് എത്തിപ്പെടാനാകാത്തതോ ആണ്. ഇത്തരക്കാര്‍ക്ക് കഴിയുന്നത്ര സഹായം ചെയ്തു കൊടുക്കാന്‍ അധികാരികള്‍ തയാറാകണമെന്നും ഡോ. ജെയ്‌ബെന്‍ ജന്മഭൂമിയോട് പറഞ്ഞു.
ദല്‍ഹിയില്‍ രോഗികളുടെ എണ്ണം അമ്പതിനായിരത്തോടടുത്തെങ്കിലും വൈറസ് വ്യാപനം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയെന്ന് പറയാറായിട്ടില്ല. ഇനിയും മാസങ്ങളോളം ഈ രീതിയില്‍ മുന്നോട്ടു പോകേണ്ടി വരും. എയിംസില്‍ അതിനുള്ള എല്ലാ തയാറെടുപ്പുകളും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഡോ. ജെയ്‌ബെന്‍ പറഞ്ഞു. നിലവില്‍ നൂറില്‍ താഴെ മാത്രം രോഗികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ട സമയമായി. പുറത്തു നിന്നെത്തുന്നവരെ മാത്രമല്ല ആഭ്യന്തര വ്യാപനമുണ്ടോ എന്നറിയാന്‍ ജനങ്ങള്‍ക്കിടയില്‍ പരിശോധന നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗബാധയുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന്് തെല്ലും പുറകോട്ടില്ലെന്നും ദല്‍ഹിയില്‍ തന്നെ തുടരുമെന്നും ജെയ്‌ബെന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: