തമാശയ്ക്കാണത് പറഞ്ഞത്. പക്ഷേ എല്ലാ തമാശകളേയും പോലെ സത്യത്തിന്റെ ഒരു സൂചിമുന ആ ആത്മവിമര്ശനത്തിനുമുണ്ടായിരുന്നു. പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്റുവാണ്. മൗണ്ട് ബാറ്റണ്‍ പ്രഭുവിനോടാണ് പറഞ്ഞത്.
പണ്ഡിറ്റ് നെഹ്റു പറഞ്ഞു:”നിങ്ങള്‍ക്കറിയാമോ ലോര്‍ഡ് മൗണ്ട്ബാറ്റണ്? ഇന്ത്യയിലെ അവസാന ബ്രിട്ടീഷ് വൈസ്രോയി നിങ്ങളല്ല, അത് ഞാനാണ്. നിങ്ങളേക്കാള്‍ വലിയ ഇംഗ്ലീഷുകാരനാണ് ഞാന്‍” തീര്‍ച്ചയായും നെഹ്റു എന്ന ദേശീയവാദിയുടെ ദേശസ്നേഹത്തിന്റെ കണക്കെടുക്കാന്‍ വേണ്ടിയല്ല, ദേശീയതയുടെ തീച്ചൂളയില്‍ വെന്തെരിഞ്ഞ വിപ്ലവകാരികളുടെ രാജകുമാരന്റെ ഓര്‍മ്മകളോട് പോലും നെഹ്റുവിന്റെ അനന്തരാവകാശികള്‍ ചെയ്തതോര്‍ത്താല്‍ ചിലപ്പോള്‍ അത്തരം കണക്കുകളെടുക്കേണ്ട ഗതികേടുമുണ്ടാകാം നമുക്ക്. തല്ക്കാലം അതിനു മുതിരുന്നില്ല. തികഞ്ഞ തമാശയായാണ് നെഹ്റു അത് പറഞ്ഞത്. തന്റെ ശീലങ്ങളിലെ ‘ഇംഗ്ലീഷ്നെസ്സ്’, ഒരു ‘ആംഗ്ലോഫൈല്‍’ എന്ന നിലയില്‍ വെളിവാക്കുകയായിരുന്നു അദ്ദേഹം.
അതുപോലെ തന്നെ ഇംഗ്ലീഷുകാരേക്കാള്‍ ഇംഗ്ലീഷുകാരനായിരുന്നു വെങ്ങാലില്‍ കൃഷ്ണന് കൃഷ്ണമേനോന് എന്ന വി.കെ. കൃഷ്ണമേനോന്. നെഹ്റുവിന്റെ ഉറ്റസുഹൃത്തായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിയിലും ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും മാസ്റ്റേഴ്സ് ബിരുദം. മിഡില്‍ ടെമ്പിള്‍ അഡ്മിഷന് ലഭിച്ച ബാരിസ്റ്റര്‍. പെന്ഗ്വിന് ബുക്സ് സ്ഥാപിച്ചയാള്‍ക്കാരിലൊരാള്‍. പെലിക്കന്‍ ബുക്സിന്റെ സ്ഥാപകന്‍.
കൃഷ്ണമേനോന് ഒരു കമ്യൂണിസ്റ്റായിരുന്നു. ഇന്നത്തെ രീതിയില്‍പ്പറഞ്ഞാല്‍ അദ്ദേഹം ഒരു അര്‍ബന്‍ നക്സല്‍ ആയിരുന്നു എന്ന് പറയണം. കാരണം ലണ്ടനിലെ ഉപരിവര്‍ഗ്ഗത്തിലായിരുന്നു അദ്ദേഹം വിരാജിച്ചിരുന്നത്. ആ സുഖസൗകര്യങ്ങളെല്ലാം അനുഭവിച്ചു തന്നെ സ്വന്തം നാടിനെ കമ്യൂണിസ്റ്റുകാര്‍ക്ക്, സോവിയറ്റ് സാമ്രാജ്യത്വത്തിന് തീറെഴുതാന്‍ മടിയില്ലാത്ത വിധം മരവിച്ചുപോയ മനസ്സും വിധേയത്വവും ഏതൊരു അര്‍ബന്‍ നക്സലിനേയും പോലെ അദ്ദേഹത്തിനുമുണ്ടായി.
ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കൃഷ്ണമേനോന്റെ സോവിയറ്റ് ചായ്വ് വ്യക്തമായി കണ്ടെത്തിയിരുന്നു.1939ല്‍ ബ്രിട്ടനിലെ ഡണ്ഡീ എന്ന മണ്ഡലത്തില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കാനിരിക്കെയാണ് അദ്ദേഹത്തെ സോവിയറ്റ് ചാരനെന്ന് സംശയിച്ച് ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്.
നെഹ്റുവിന്റെ സാഹിത്യ ഏജന്റായിരുന്നു കൃഷ്ണമേനോന്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെല്ലാം സാഹിത്യകാരനും അസാമാന്യപ്രതിഭയും സഹൃദയനുമായ പ്രധാനമന്ത്രി എന്ന പ്രതിച്ഛായ പണ്ഡിറ്റ് നെഹ്റുവിന് ഉണ്ടാക്കിക്കൊടുക്കാന്‍ ഏറ്റവും സഹായിച്ചത് കൃഷ്ണമേനോനുമായുള്ള ബന്ധമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൃഷ്ണമേനോന്റെ കടന്നുവരവും അവിടെ നിന്നാണ്.
ബ്രിട്ടനിലെത്തിയിരുന്ന അതിസമ്പന്നരായ വിദ്യാര്‍ത്ഥികളുടെയും ഇന്ത്യാക്കാരായ വന്‍ വാണിജ്യ വ്യവസായ വമ്പന്മാരുടേയും ബ്രിട്ടനിലെ സമ്പന്ന, രാജകീയ ഉപരിവര്‍ഗ്ഗത്തിന്റേയും കേന്ദ്രമായ ഇന്ത്യാലീഗ് എന്ന ക്ലബിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. അതും ജവഹര്‍ലാലിന്റെ പ്രതിച്ഛായാ നിര്‍മ്മാണം കൈകാര്യം ചെയ്തിരുന്നതും ഒഴിച്ചാല്‍ ദേഹമനങ്ങിയുള്ള സ്വാതന്ത്ര്യ സമരത്തിലൊന്നും വലിയ പണിയെടുത്തിരുന്നില്ല അദ്ദേഹം. പ്രതിച്ഛായാ നിര്‍മ്മാതാക്കളാണ് ജനങ്ങളുടെയിടയില്‍ നില്ക്കുന്നവരേക്കാളും വലിയ സ്ഥാനങ്ങളിലെത്തുന്നതെന്നത് ഇന്നത്തെക്കാലത്തും വലിയ അത്ഭുതമൊന്നുമല്ലല്ലോ.
ഇന്ത്യ സ്വതന്ത്രയായ നിമിഷം- 1947ല്‍ത്തന്നെ- കൃഷ്ണമേനോനെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നെഹ്റു അവരോധിച്ചു. തന്റെ അടുത്ത സുഹൃത്തിനുള്ള സമ്മാനം. അവിടെനിന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിത്തലവനായി പറഞ്ഞയച്ചു. കശ്മീര്‍ വിഷയത്തില്‍ എട്ടുമണിക്കൂറോളം നീണ്ട പ്രസംഗമൊക്കെ നടത്തിയത് ആ സ്ഥാനത്തിരുന്നാണ്. ആത്യന്തികമായി നമുക്കവകാശപ്പെട്ട സ്ഥലം നിയന്ത്രണരേഖ വരച്ച് പാകിസ്ഥാന് കൈക്കലാക്കി എന്നതാണ് ആ പ്രസംഗമഹാമഹം കൊണ്ടുണ്ടായ ആത്യന്തിക ഫലം. ആണ്ടി വലിയ തല്ലുകാരനാണെന്ന് ആണ്ടി തന്നെ പറഞ്ഞുപരത്തുന്നതു കൊണ്ട് നെഹ്റുവിന്റേയും കൃഷ്ണമേനോന്റേയും വലിയ വിജയമായി പാഠപുസ്തകങ്ങളില്‍ ആ എട്ടുമണിക്കൂര്‍ പ്രസംഗവുമുണ്ട്. പാക് അധിനിവേശ കശ്മീരും ബാള്‍ട്ടിസ്ഥാനും അക്സായ് ചിന്നുമെല്ലാം ഭാരത നിയന്ത്രണത്തില്‍ നിന്ന് നഷ്ടമായെങ്കിലും.
കൃഷ്ണമേനോന്റെ കമ്യൂണിസ്റ്റ് ചായ്വ് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചത് സ്വാതന്ത്ര്യം നേടിയശേഷമുള്ള ഏറ്റവും വലിയ അബദ്ധത്തിലേക്കാണ്. അത് മറ്റൊന്നുമല്ല. ചേരിചേരാനയമെന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെട്ട സോവിയറ്റ് വിധേയത്തമാണ്. കൃഷ്ണമേനോന്റെ ഏറ്റവും വലിയ വീഴ്ചയായി 1962ലെ ചൈനായുദ്ധം ചിലര്‍ കണക്കിലെടുക്കുമ്പോള്‍ അതല്ല ചേരിചേരാ നയമാണ് അതിനേക്കാള്‍ വലിയ അബദ്ധമായത് എന്ന് പറയണം.
കാരണം ഇന്ത്യയെപ്പോലെയുള്ള ഒരു പുതിയ രാഷ്ട്രത്തെ ലോകത്തിലെ ജനാധിപത്യ ചേരിയില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റി സോവിയറ്റ് റഷ്യയുടെ കീഴിലെ ദയനീയമായ അടിമത്തത്തിലേക്ക് കൊണ്ടെത്തിച്ചത് ഈ ചേരിചേരാനയമെന്ന് ഓമനപ്പേരിട്ട് വിളിച്ച റഷ്യാ അടിമത്തമായിരുന്നു. തുറന്ന സമ്പദ് വ്യവസ്ഥയുണ്ടാകുന്നതുവരെ പട്ടിണിയിലും പരിവട്ടത്തിലുമിട്ട് കോടിക്കണക്കിനു ഭാരതീയരെ നരകിപ്പിച്ചതും ആ നെഹ്റുവിയന്‍ സോഷ്യലിസം തന്നെ. ആത്യന്തികമായി ചൈനയുമായുള്ള 62ലെ യുദ്ധത്തിലേക്ക് നയിച്ചതും കൃഷ്ണമേനോന്റെ ഈ കമ്യൂണിസ്റ്റ് വിധേയത്തം തന്നെയായിരുന്നു.
ടിബറ്റും ചൈനയും പഞ്ചശീലവും
1950 ഒക്ടോബറില്‍ ചൈനീസ് പട്ടാളം ടിബറ്റ് കീഴടക്കി. ദലൈലാമയുടേ കീഴിലുള്ള ആ രാജ്യം ചൈനാക്കാര്‍ കീഴടക്കി എന്ന് പറയാനില്ലായിരുന്നു. ആ ഭൂപ്രദേശത്തിന് വലിയൊരു പട്ടാളമോ സൈന്യമോ ഒന്നുമില്ല. ചൈനീസ് ചെമ്പട്ടാളം അവിടെ അതിക്രമിച്ചു കയറി. അവിടം തങ്ങളുടേതാണെന്ന് പ്രഖ്യാപിച്ചു.
ഇന്ത്യ അനങ്ങിയില്ല. നമുക്ക് സ്വന്തമായിത്തന്നെ അതിര്ത്തിപ്രശ്നങ്ങള് നടന്നുകൊണ്ടിരി്ക്കുമ്പോള് ടിബറ്റിനു വേണ്ടി ചൈനയ്ക്കെതിരേ ആ സമയത്ത് എന്തെങ്കിലും ചെയ്യണമെന്ന് പറയാനുമാകില്ല. എന്നാല്‍ മിണ്ടാതിരിക്കുന്നതിനു പകരം ടിബറ്റിലെ ചൈനാ അധിനിവേശത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന രീതിയിലാണ് നെഹ്റു അന്ന് പെരുമാറിയത്.
ടിബറ്റിലെ ജനതയുടെ പ്രധാന ആഹാരം അരിയല്ല. എന്നാല്‍ അവിടം ആക്രമിച്ച ചൈനാ കമ്യൂണിസ്റ്റ് പടയ്ക്ക് അരിഭക്ഷണം ഇല്ലാതെ കഴിയുകയുമില്ല. ചൈനയുടെ പ്രധാന നഗരങ്ങളില്‍ നിന്ന് ടിബറ്റിലേക്ക് അരിയെത്തിക്കാന്‍ അനേക മാസങ്ങള്‍ വേണ്ടിവന്നേക്കുമായിരുന്നു അന്ന്. ഇന്ത്യയുടെ അതിര്‍ത്തി ആക്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ, ടിബറ്റില്‍ അതിക്രമിച്ച് കയറിയ ചൈനാപ്പട്ടാളത്തിന്ന് ഇന്ത്യയിലൂടെ അരിയെത്തിച്ചുകൊടുക്കാന്‍ ചൈന ആവശ്യപ്പെട്ടു. നെഹ്റു സമ്മതിച്ചു. ആദ്യ ഘട്ടമായി ചൈനാപ്പട്ടാളത്തിനു വേണ്ടി 3000 ടണ്‍ അരി ടിബറ്റിലെത്തിച്ചുകൊടുത്തത് ഇന്ത്യയിലൂടെയാണ്. അതായത് ഇന്ത്യക്കെതിരേ പട്ടാളത്തിന് ഇന്ത്യ തന്നെ ഭക്ഷണമെത്തിച്ചുകൊടുക്കുന്ന അവസ്ഥ. ഭായി ഭായി ചൈനയെ നെഹ്റുവിന് അത്രയ്ക്ക് വിശ്വാസമായിരുന്നു.
ചൈന ആ ഭക്ഷണം വാങ്ങിവച്ച് പിറകിലൂടെ അക്സായ് ചിന് എന്ന ഭാരതത്തിന്റെ പ്രദേശത്ത് സൈനിക പോസ്റ്റുകള്‍ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. പത്ത് മാസം കഴിഞ്ഞപ്പോള്‍ ചൈനയുടേ ഹൃദയഭാഗത്തുനിന്ന് ടിബറ്റിലേക്ക് അവര്‍ ഗതാഗത സൗകര്യങ്ങളുണ്ടാക്കി. ഇന്ത്യയില്‍ നിന്ന് അരിയെത്തിക്കേണ്ട ആവശ്യം അവര്‍ക്കുണ്ടായില്ല. അതോടെ അവര്‍ കൂടുതല്‍ ശക്തിയായി ഇന്ത്യന്‍ പ്രദേശങ്ങളില്‍ സൈനികപോസ്റ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കെ.എം. പണിക്കര്‍ ആയിരുന്നു ചൈനയിലെ അന്നത്തെ ഇന്ത്യന്‍ അംബാസിഡര്‍. അദ്ദേഹം നെഹ്റുവിന്റെ അംബാസിഡര്‍ എന്നതിനേക്കാള്‍ മാവോയുടെ ഇന്ത്യയിലെ അംബാസിഡര്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ചില ചരിത്രകാരന്മാരെങ്കിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം ഗൗരവകരമായ വിഷയങ്ങളെല്ലാം അദ്ദേഹം ചൈനാ പക്ഷത്തുനിന്നാണ് കണ്ടതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.
ചൈനയെ വിശ്വസിക്കരുതെന്ന് ക്രാന്തദര്‍ശികള്‍ എല്ലാക്കാലവും നെഹ്റുവിന് മുന്നറിയിപ്പ് നല്കുന്നുണ്ടായിരുന്നു. 1951ല്‍ തന്നെ പൂജ്യനീയ ഗുരുജി പറഞ്ഞു. ”സാമ്രാജ്യ വിസ്തൃതിക്കായി മാത്രം പ്രയത്നിക്കുന്ന സ്വഭാവമാണ് ചൈനയ്ക്കുള്ളത്. അത് ഉടന്‍ തന്നെ ഭാരതത്തെ ആക്രമിക്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട്. ”ടിബറ്റിനെ ചൈനയ്ക്ക് സമ്മാനം നല്കിയതുപോലെ വിട്ടുകൊടുത്തത് തികഞ്ഞ മണ്ടത്തരമായിരുന്നു. ബ്രിട്ടീഷുകാര്‍ പോലും ചെയ്യാന്‍ മടിച്ച മണ്ടത്തരമാണ് സര്‍ക്കാര്‍ ചെയ്തത്”…ഗുരുജിയുടേതുള്പ്പെടെ എല്ലാ രാജ്യസ്നേഹികളുടെയും മുന്നറിയിപ്പ് പക്ഷേ നെഹ്റു അവഗണിച്ചു.
1954ല്‍ ടിബറ്റിനു മുകളിലുള്ള ഇന്ത്യയുടെ എല്ലാ അവകാശവും നിരുപാധികമായി ഇന്ത്യ ചൈനയ്ക്ക് വിട്ടുകൊടുത്തു. പിന്നീട് കപട പഞ്ചശീലങ്ങളുടെ കാലമായിരുന്നു. സമാധാനപരമായ സഹവര്‍ത്തിത്വം ഇന്ത്യയും ചൈനയും തമ്മിലുണ്ടാകുമെന്ന് നെഹ്റു കണക്കുകൂട്ടി. പക്ഷേ ചൈനയ്ക്ക് മറ്റു പലതുമായിരുന്നു ലക്ഷ്യം. ചൈന ലഡാക്കിലുള്‍പ്പെടെ ഇന്ത്യന്‍ അതിര്‍ത്തി കൈയ്യേറാന്‍ തുടങ്ങി. അപ്പോഴും ഭായി ഭായി വിളി ഒഴിവാക്കാന്‍ നെഹ്റു തയ്യാറായില്ല.
1959ല്‍ ചൈനാ സ്നേഹം കൊണ്ട് അന്ധനായ പണ്ഡിറ്റ് നെഹ്റുവിന് അഞ്ജനശലാകയായി ഒരു സംഭവമുണ്ടായി. നിയന്ത്രണരേഖയ്ക്കടുത്ത കോംഗാ ചുരത്തിനടുത്ത് ചൈന വന്‍ ഹൈവേകളും മറ്റു കെട്ടിടങ്ങളും നിര്മ്മിക്കുന്നതറിഞ്ഞ് നെഹ്റു ചൈനീസ് പ്രീമിയര്‍ ചൗ -എന്‍- ലായ്ക്ക് ഒരു സങ്കടഹര്ജിയയച്ചു. അന്നുവരെയുള്ള സകല പഞ്ചശീലതത്വവും കാറ്റില്‍പ്പറത്തി ചൗ-എന്‍-ലായി 1959 നവംബര്‍ ഏഴിന് നെഹ്റുവിനൊരു മറുപടിയയച്ചു. ‘ഇപ്പോഴുള്ള അതിര്‍ത്തികളൊന്നും ചൈന അംഗീകരിക്കുന്നില്ല. ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തികള്‍ പുനര്‍ നിര്‍ണ്ണയിക്കണം!’നെഹ്റുവിനിത് താങ്ങാവുന്നതിലധികമായിരുന്നു.
കൃഷ്ണമേനോനും ഇന്ത്യന്‍ സൈന്യവും
ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ട ആയുധങ്ങളും മറ്റു സാമഗ്രികളും അത്യാവശ്യമാണെന്നും ചൈനയുമായി ഒരു യുദ്ധമുണ്ടായാല്‍ നാം ഒട്ടും സജ്ജരല്ലാത്തവരാണെന്നും ജനറല്‍ കെ.എസ്. തിമ്മയ്യ നിരന്തരം കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ചൈനാ സഹോദരരെപ്പറ്റി അപവാദം പറയുന്ന പട്ടാളമേധാവിയെ നെഹ്റുവിനൊപ്പം കൃഷ്ണമേനോനും ശല്യമായിത്തോന്നി. കൃഷ്ണമേനോനും ജനറല്‍ കെ.എസ്. തിമ്മയ്യയുമായുള്ള ശീതയുദ്ധം ഇങ്ങനെയാണ് രൂക്ഷമായത്.
ലണ്ടന്‍ ഹൈക്കമ്മീഷനില്‍ നിന്ന് ഐക്യരാഷ്ട്രസഭ വഴി വി.കെ. കൃഷ്ണമേനോന് എത്തിച്ചേര്‍ന്നത് ഭാരത മന്ത്രിസഭയിലേക്കാണ്. നെഹ്റുവിനു ശേഷം രണ്ടാമനായിരുന്നു അദ്ദേഹമന്ന്. നെഹ്റുവിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരനായ കൃഷ്ണമേനോനാണ് അടുത്ത പ്രധാനമന്ത്രിയെന്ന് വരെ അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു.
ചൈനയുമായും സോവിയറ്റ് യൂണിയനുമായും അടുത്ത ബന്ധമുണ്ടായിരുന്ന കൃഷ്ണമേനോനായിരുന്നു നെഹ്റുവിന്റെ മിക്ക വിദേശനയങ്ങളുടേയും സൂത്രധാരന്‍. സഹപ്രവര്‍ത്തകരെന്നതിലുപരി അവര്‍ തമ്മില്‍ ആഴത്തിലുള്ള ഒരു ആത്മബന്ധവും നിലനിന്നിരുന്നു. നെഹ്റു കുടുംബത്തിലെ ഏറ്റവും അടുത്തയാളായിരുന്നു കൃഷ്ണമേനോന്. സ്വദേശികളായ അന്നത്തെ മറ്റു രാഷ്ട്രീയക്കാരുടെയിടയില്‍ ഇംഗ്ലീഷുകാരേക്കാള്‍ വലിയ ഇംഗ്ലീഷുകാരായി ജീവിക്കാന്‍ ശ്രമിച്ച നെഹ്റുവിനും കൃഷ്ണമേനോനും സമാനതകള്‍ അനവധിയായിരുന്നു.
1957ലാണ് അദ്ദേഹം രാജ്യരക്ഷാമന്ത്രിയായി ചുമതലയേറ്റത്. അന്ന് കരസേനാമേധാവിയായിരുന്ന ജനറല്‍ കെ.എസ്. തിമ്മയ്യ നിരന്തരം ചൈനയെപ്പറ്റി ആ സമയത്ത് സര്‍ക്കാരിനോട് മുന്നറിയിപ്പുകള്‍ നല്കിക്കൊണ്ടിരുന്നു. ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ട ആയുധങ്ങളും മറ്റു സാമഗ്രികളും അത്യാവശ്യമാണെന്നും ചൈനയുമായി ഒരു യുദ്ധമുണ്ടായാല്‍ നാം ഒട്ടും സജ്ജരല്ലാത്തവരാണെന്നും ജനറല്‍ നിരന്തരം കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ചൈനാ സഹോദരരെപ്പറ്റി അപവാദം പറയുന്ന പട്ടാളമേധാവിയെ നെഹ്റുവിനൊപ്പം കൃഷ്ണമേനോനും ശല്യമായിത്തോന്നിയതില് അത്ഭുതമില്ല. കൃഷ്ണമേനോനും ജനറല്‍ കെ.എസ്. തിമ്മയ്യയുമായുള്ള ശീതയുദ്ധം ഇങ്ങനെയാണ് രൂക്ഷമായത്.
ഈ സമയത്താണ് നെഹ്റുവിന്റെ ബന്ധുവായിരുന്ന കേണല്‍ ബ്രിജ് മോഹന്‍ കൗളിനെ സീനിയോറിറ്റികളെല്ലാം മറികടന്ന് ലഫ്റ്റനന്റ് ജനറല്‍ ആയി നിയമിക്കണമെന്ന് കൃഷ്ണമേനോന് ജനറല്‍ തിമ്മയ്യയോട് ആവശ്യപ്പെടുന്നത്. ബ്രിജ്മോഹന്‍ കൗള്‍ ഒരു സൈനികനെന്നതിലുപരി ഒരു നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു. സീനിയോറിറ്റി മറികടന്ന് അങ്ങനെയൊരാളെ ലഫ്റ്റനന്റ് ജനറലായി നിയമിക്കില്ലെന്ന് ജനറല്‍ കെ.എസ്. തിമ്മയ്യ കൃഷ്ണമേനോനെ അറിയിച്ചു.
തങ്ങളുടെ ചൈനാ പ്രേമത്തിന് ജനറല്‍ തിമ്മയ്യ എതിരാണെന്നും ചൈനയുടെ ദുഷ്ടബുദ്ധിയെപ്പറ്റി മുന്നറിയിപ്പുകള്‍ തരുന്ന ശല്യക്കാരനാണെന്നും കണ്ട് ജനറലിനെ പുകച്ചു പുറത്തുചാടിക്കാന്‍ നെഹ്റുവും കൃഷ്ണമേനോനും തീരുമാനിച്ചിരിക്കണം. ആ ഗൂഢാലോചനയുടെ ഫലമായി നെഹ്റുവിന്റെ മറ്റൊരു ബന്ധുവായ ലഫ്റ്റനന്റ് ജനറല്‍ പ്രാണ്‍ നാഥ് ഥാപ്പര്‍ ജനറല്‍ കെ.എസ്. തിമ്മയ്യക്കെതിരേ പതിമൂന്ന് പേജ് വരുന്ന പരാതി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. സീനിയോറിറ്റി വച്ചും കഴിവുകള്‍ കണക്കാക്കിയും അടുത്ത സൈനിക മേധാവിയായി നിയമിക്കാന്‍ ജനറല്‍ തിമ്മയ്യ ആവശ്യപ്പെട്ടിരുന്ന ലഫ്റ്റനന്റ് ജനറല്‍ ശങ്കര്‍ റാവു പാണ്ഡുരംഗ് പട്ടീല്‍ തൊറാറ്റിനെപ്പറ്റിയും ലഫ്റ്റനന്റ് ജനറല്‍ പ്രാണ്‍ നാഥ് ഥാപ്പര്‍ ഒരു അഞ്ചു പേജ് വരുന്ന പരാതി പ്രധാമന്ത്രിക്ക് ഔദ്യോഗികമായി അയച്ചു. ഈ ചതി ധീരസൈനികനായിരുന്ന ജനറല്‍ തിമ്മയ്യക്ക് സഹിച്ചില്ല. അദ്ദേഹം രാജി പ്രഖ്യാപിച്ചു.
ജനറല്‍ തിമ്മയ്യയെപ്പോലെ ഒരു ധീരനും ദേശാഭിമാനിയും കഴിവുറ്റയാളുമായ സൈനികന് രാജിവച്ചത് രാജ്യത്തുടനീളം പ്രതിഷേധത്തിന്റെ അലകളുയര്‍ത്തി. അതിശക്തമായ ജനവികാരം കണക്കിലെടുത്ത് നെഹ്റുവിന് ജനറലിനോട് രാജി പിന്‍വലിക്കാന്‍ അപേക്ഷിക്കേണ്ടി വന്നു. ജനറല്‍ തിമ്മയ്യ രാജി പിന്‍വലിച്ചു. വളരെക്കുറച്ചു മാത്രം ബാക്കിയുള്ള സര്‍വീസിന്റെ ശിഷ്ടകാലം കൃഷ്ണമേനോന്റേയും നെഹ്റുവിന്റേയും ഈ ചതിയുടെ അപമാനഭാരത്താല്‍ കഴിച്ചു.
ഡിഫന്‍സ് അറ്റാഷേ ആയി അമേരിക്കയില്‍ സുഖമായി തന്റെ സമയമെല്ലാം ചെലവഴിച്ചിരുന്ന നെഹ്റുവിന്റെ ബന്ധു ബ്രിജ്മോഹന്‍ കൗളിന് 1960ല്‍ രാജ്യത്തിന്റെ പരമവിശിഷ്ട സേവാ മെഡല്‍ നല്‍കിയെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അന്ന് വരെ ഒരൊറ്റ സൈനികനും നല്‍കാത്ത പരമവിശിഷ്ട സേവാമെഡലാണ് ബ്രിജ്മോഹന്‍ കൗളിന് നല്‍കിയത്.
ഇനി ജനറല്‍ തിമ്മയ്യയെ പുറത്തു ചാടിക്കാന്‍ പതിമൂന്ന് പേജുള്ള കള്ളപ്പരാതി എഴുതിനല്‍കിയ നെഹ്റുവിന്റെ അടുത്ത ബന്ധുവായ ലഫ്റ്റനന്റ് ജനറല്‍ പ്രാണ്‍ നാഥ് ഥാപ്പര്‍ ജനറല്‍ തിമ്മയ്യ വിരമിച്ച ശേഷം കരസേനാമേധാവിയായി. ചൈനയുമായുള്ള യുദ്ധത്തില്‍ ഭാരതം പരാജയപ്പെട്ടപ്പോള്‍ സര്‍വീസ് മുഴുമിപ്പിക്കാതെ രാജിവച്ചു. ഈ പ്രാണ്‍ നാഥ് ഥാപ്പറിന്റെ സഹോദര പുത്രിയാണ് റോമിലാ ഥാപ്പര്‍ എന്ന ഇംഗ്ലീഷുകാരേക്കാള്‍ ഇംഗ്ലീഷുകാരിയായ ഇടതുപക്ഷ ചരിത്രകാരി. പ്രാണ്‍ നാഥ് ഥാപ്പറിന്റെ മകനാണ് ഇപ്പോഴും പ്രശസ്തനായ മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപ്പര്‍. ഉപജാപകങ്ങള്‍ തലമുറകളിലൂടെയാണ് ഒഴുകുന്നത്. ഇവരെല്ലാം നെഹ്റു കുടുംബത്തിലെ അടുത്ത ബന്ധുക്കളുമാണ്.
യുദ്ധത്തിലെ പരാജയം നെഹ്റുവിനെ തകര്‍ത്തു. തന്റെ തെറ്റുകള്‍ കുറേയെങ്കിലും മനസ്സിലായാണ് അദ്ദേഹം അവശനായി ശരീരം വെടിഞ്ഞതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. തനിക്ക് പറ്റിയ തെറ്റുകള്‍ തിരുത്താന്‍ അല്‍പ്പമെങ്കിലും അദ്ദേഹം ശ്രമിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘത്തെ റിപ്പബ്ലിക് ദിന പരേഡിനു ക്ഷണിച്ചതും അതുകൊണ്ടാവാം. അവസാനകാലത്തെ ഒരു അഭിമുഖത്തില്‍ ചൈനയുടെ ചതിയെപ്പറ്റിയും ചൈനയുടെ സാമ്രാജ്യ സ്ഥാപന മോഹങ്ങളെപ്പറ്റിയും തുറന്ന് പറയുന്നുണ്ട്. ”ഏഷ്യയിലെ വമ്പന്മാര് തങ്ങളാണെന്ന് വരുത്താനാണ് അവര്‍ ഇന്ത്യയെ ആക്രമിച്ചത്. ആണവായുധങ്ങള്‍ വരെ കൈയ്യിലുള്ള അവര്‍ തികച്ചും അപകടകാരികളാണ്. നമ്മള് സ്വയം ശക്തരായി അവരെ നേരിടണം.”
എന്തൊക്കെപ്പറഞ്ഞാലും എത്രയൊക്കെ ‘ആംഗ്ലോഫൈല്‍’ ആയാലും ദേശ സ്നേഹമുണ്ടായിരുന്ന ആളായിരുന്നു പണ്ഡിറ്റ് നെഹ്റു. സത്യം സത്യമായി തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വളരെയേറെ താമസിച്ചുപോയെന്ന് മാത്രം.
പക്ഷേ ഇന്ന് ആ താമസമില്ല. ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നുമുള്ള ശത്രുക്കളെ വ്യക്തമായറിഞ്ഞ് അതിശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കപട ദര്‍ശനങ്ങളുടെ കണ്മറകള് നമുക്ക് തടസ്സമാകുന്നില്ല എന്ന ഭാഗ്യമുണ്ട്. ഏത് ചൈനയേയും തകര്‍ത്തെറിയാന്‍ സുസജ്ജമാണ് ഭാരതം. 1967ല്‍ നാഥുലായിലും ചോലായിലും ചൈനയെ തകര്ത്തോടിച്ചിട്ടുണ്ട് ഇന്ത്യന്‍ ചുണക്കുട്ടികള്‍. അധികം കളിച്ചാല്‍ ഇനിയും അതാവര്‍ത്തിക്കുമെന്ന് ചൈനയ്ക്ക് നന്നായറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: