ന്യൂദല്‍ഹി: ഗല്‍വാന്‍വാലിയിലെ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ചൈനീസ് സൈന്യം വികൃതമാക്കി. പലരുടേയും കൈകളും കാലുകളും മുറിച്ചുമാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്ലുകൊണ്ടും ഇരുമ്പ് മുള്ളുകള്‍ ചുറ്റിയ വടികൊണ്ടും അടിച്ചുകൊലപ്പെടുത്തിയ ശേഷമായിരുന്നു ഈ നടപടി.
ഗല്‍വാന്‍ നദിയില്‍ നിന്ന് കണ്ടെടുത്ത സൈനികരുടെ മൃതദേഹ പരിശോധനയിലാണ് ചൈനീസ് സൈന്യത്തിന്റെ പ്രാകൃത നടപടി തിരിച്ചറിഞ്ഞത്. ചൈനീസ് സൈനികരില്‍ നിന്ന് പിടിച്ചെടുത്ത മാരകായുധങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
3,500 കിലോമീറ്റര്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ എല്ലാവര്‍ഷവും നിരവധി തവണ ഇരു സൈന്യവും മുഖാമുഖം സംഘര്‍ഷത്തിലേര്‍പ്പെടുന്നുണ്ട്. എന്നാല്‍ എത്ര പ്രകോപനമുണ്ടായാലും തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിക്കില്ല. 1996 നവംബറില്‍ ദേവഗൗഡ സര്‍ക്കാരും 2005ല്‍ മന്മോഹന് സര്‍ക്കാരും ചൈനയുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഈ ധാരണ.
മിക്ക സംഘര്‍ഷങ്ങളും പരമാവധി ഉന്തിലും തള്ളിലുമാണ് അവസാനിക്കുക. എന്നാല്‍ ഗല്‍വാന്‍വാലിയില്‍ അമ്പതോളം വരുന്ന ഇന്ത്യന്‍ പട്രോളിങ് പാര്‍ട്ടിയെ മറഞ്ഞിരുന്ന് ആക്രമിച്ച മുന്നൂറോളം വരുന്ന ചൈനീസ് സൈനികര്‍ മാരകായുധങ്ങളുമായി എത്തിയത് മുന്‍കൂട്ടി തയാറാക്കിയ ആസൂത്രണത്തോടെയായിരുന്നു.
മാരകായുധങ്ങളുമായി ആക്രമിച്ചിട്ടും ഇന്ത്യന്‍ സൈന്യം സൈനികകരാറുകളിലെ ധാരണ പാലിച്ച് ആയുധമെടുക്കാതെ കൈകളുപയോഗിച്ചാണ് പോരാടിയത്. അവസാന നിമിഷം വരെ കൈകള്‍ കൊണ്ട് ശത്രുവിനോട് പൊരുതിയാണ് നമ്മുടെ സൈനികര്‍ മരിച്ചു വീണതെന്ന് പ്രധാനമന്ത്രിയും വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: