ഇന്ത്യയും നേപ്പാളും തമ്മില്‍ കുടുംബ ബന്ധമാണ് ഉള്ളതെന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്. ശ്രീരാമന്റെ ധര്‍മപത്നിയായ സീതാദേവിയുടെ ജന്മസ്ഥലവും നേപ്പാളാണെന്നാണ് അവിടത്തുകാര്‍ വിശ്വസിക്കുന്നത്. ഇപ്പോഴും രണ്ടു രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ വിവാഹബന്ധങ്ങള്‍ പോ
ലും ഉണ്ടാകുന്നത് വളരെ സാധാരണയാണ്, അതിനാലാണ് രാജ്നാഥ് സിംഗ് ആ ബന്ധത്തെപ്പറ്റി അങ്ങനെ പറഞ്ഞത്. നേപ്പാളും ഇന്ത്യയും തമ്മില്‍ സാമ്പത്തിക ബന്ധത്തിനപ്പുറം അഭേദ്യമായ ഒരു സാംസ്കാരിക ബന്ധവും നിലനില്‍ക്കുന്നുണ്ട്. പക്ഷെ അമ്പതു കൊല്ലമായി അതിനു വിള്ളല്‍ വീണുകൊണ്ടിരിക്കുകയായിരുന്നു എന്നതാണ് വാസ്തവം. രാജഭരണം ഉള്ളപ്പോഴും പലപ്പോഴും ഇന്ത്യയുമായി അവര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ടായിരുന്നു. പക്ഷെ അവ ഒരിക്കലും ഒരു തീവ്ര അഭിപ്രായവ്യത്യാസത്തിലേക്കു പോകാന്‍ ഇരുകൂട്ടരും അനുവദിച്ചില്ല. രാജഭരണം നിലച്ചതിനു ശേഷമാണ് ഈ വിള്ളല്‍ വളരാന്‍ തുടങ്ങിയത്. അവിടുത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ തീവ്ര ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ചു കൊണ്ടിരുന്നു. രാജഭരണത്തോടുള്ള എതിര്‍പ്പ് അവര്‍ ഇന്ത്യവിരുദ്ധമാക്കി എന്നുള്ളതാണ് സത്യം. അതില്‍ ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്കും സോഷ്യലിസ്റ്റുകള്‍ക്കും വലിയ പങ്കുണ്ട്. അതുപോലെ ഇന്ദിരാഗാന്ധിക്ക് ശേഷം വന്ന സര്‍ക്കാരുകളും നേപ്പാളിന് അര്‍ഹിക്കുന്ന ബഹുമാനവും അംഗീകാരവും കൊടുക്കുന്നില്ല എന്നുള്ള അവരുടെ പരാതിക്ക് അര്‍ഹിക്കുന്ന പരിഗണനയും കൊടുത്തിരുന്നില്ല. രാജീവ് ഗാന്ധിയുടെ ചില നയങ്ങളും അതിനു ശേഷം വന്ന സര്‍ക്കാരുകളുടെ ചിറ്റമ്മനയവും നേപ്പാളിനെ ചൈനയോട് അടുപ്പിച്ചു.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷമാണ് അതിനൊരു വ്യത്യാസം വരുത്താനുള്ള ശ്രമം നടത്തിയത്. പക്ഷെ, അപ്പോഴേക്കും ഗംഗയില്‍ വളരെയധികം ജലം ഒഴുകിപോയിരുന്നു. ഇന്ത്യയിലെ ഇടതുപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാവോയിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് പാകപ്പെടുത്തിയ തീവ്ര ഇന്ത്യാവിരോധം നേപ്പാളിന്റെ രാഷ്ട്രീയ മുദ്രാവാക്യം ആയി മാറി. ഇപ്പോഴുള്ള നേപ്പാള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ശര്‍മ്മ ഒലി ചൈനയോട് വളരെആഭിമുഖ്യം കാണിക്കുന്നു. മാത്രമല്ല, നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ പറയുന്നതുപോലെയാണ് അദ്ദേഹം തീരുമാനം എടുക്കുന്നതെന്നും പല നേപ്പാള്‍ വിദഗ്ദ്ധരും പറയുന്നു. ഒലിയുടെ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നമ്മളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. എന്നിട്ടും ഇന്ത്യ വളരെ സംയമനത്തോടാണ് പെരുമാറിയത്. ഇന്ത്യക്ക് ഈ ബന്ധം എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു മനസിലാക്കണം. പരസ്യ പ്രസ്താവന നടത്തിയില്ലെങ്കിലും ഇന്ത്യയുടെ അസംതൃപ്തി കാഠ്മണ്ഡുവിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലും പല നയതന്ത്ര വിദഗദ്ധരും നമ്മുടെ രാജ്യവും നേപ്പാളുമായുള്ള ബന്ധം ഉടച്ചുവാര്‍ക്കണം എന്ന് ആവശ്യപെടുന്നു.
ഇതിനിടയിലാണ് നേപ്പാള്‍, അവരുടെ പുതിയ മാപ്പിനെ അംഗീകരിച്ചുകൊണ്ട് ഒരുഭരണഘടനാ ഭേദഗതി ബില്‍ അവിടുത്തെ പാര്‍ലമെന്റില്‍ പാസ്സാക്കിയത്. അതുപ്രകാരം ഇന്ത്യയുടെ ഭാഗങ്ങളായ ലിപുലേഖ്, ലിമ്പിയഥുരാ, കാലാപാനി എന്നീ സ്ഥലങ്ങള്‍ നേപ്പാളിന്റെ ഭാഗമായി. ഇത് നേപ്പാളുമായി എന്നും ഒരു സംഘര്‍ഷത്തിനുള്ള ആയുധമായിട്ടാണ് കാണുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചൈനയുടെ ഇന്ത്യാ വിരുദ്ധ നയമാണ്. ഇന്ത്യയെ അയല്‍രാജ്യങ്ങളുമായി തെറ്റിച്ചു പ്രശ്നങ്ങളിലേക്ക് വലിച്ചിടുക എന്നതാണ് ചൈനീസ് തന്ത്രം. നേപ്പാളിനെ അതിന് അവര്‍ ആയുധമാക്കി. നേപ്പാള്‍ ഇന്ത്യയുമായി ചര്‍ച്ച ആവശ്യപെടുന്നുണ്ടെങ്കിലും ആദ്യം അതിനുപറ്റിയ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇന്ത്യയുടെ നയം.
സാഹചര്യം ഇങ്ങനെയൊക്കെ ആണെങ്കിലും നേപ്പാളിന് ഒരിക്കലും ഇന്ത്യക്കു പകരമാവില്ല ചൈന. ഇന്ത്യയും നേപ്പാളും തമ്മില്‍ മറ്റൊരു രാജ്യവുമായിട്ടും ഇല്ലാത്തതുപോലെ ഒരു പ്രത്യേക ബന്ധമാണ് ഉള്ളത്. അതില്ലാതാക്കിയാല്‍ വലയുന്നതും നേപ്പാള്‍ ആയിരിക്കും. 20 ലക്ഷത്തോളം നേപ്പാളി പൗരന്മാര് ഇന്ത്യയില്‍ ജോലി ചെയുകയും പഠിക്കുകയും ചെയ്യുന്നു. അവര്‍ക്കു ഇവടെ ഏതു ജോലിക്കപേക്ഷിക്കാനും അര്‍ഹത ഉണ്ട്. ഇന്ത്യയില്‍ നിന്നും നേപ്പാളികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന തുക ഏതാണ്ട് നേപ്പാളിന്റെ ദേശീയ വരുമാനത്തിന്റെ 5 ശതമാനത്തോളും വരും. അതിലൊക്കെയുപരി ഇന്ത്യ ഈ ബന്ധം ഉപേക്ഷിച്ചാല്‍ ഇന്ത്യയിലെ ഗോര്‍ഖ റെജിമെന്റുകള്‍ നിര്‍ത്തേണ്ടി വരും. ഈ സവിശേഷ ബന്ധം പ്രധാന ഘടകവുമാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഏകദേശം 2500 കോടിയോളും രൂപയാണ് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളായി നേപ്പാളി വിമുക്തഭടന്മാര്ക്ക് നല്‍കിയത്.
നേപ്പാളിന്റെ 60 ശതമാനം കയറ്റുമതിയും ഇന്ത്യയിലേക്കാണ്. ചൈനയിലേക്ക് വെറും രണ്ടു ശതമാനം മാത്രമാണ് അയക്കുന്നത്. അവരുടെ ഇറക്കുമതിയുടെ മൂന്നില്‍ രണ്ടും ഇന്ത്യയില്‍ നിന്നുമാണ്. വെറും 14 ശതമാനം മാത്രമേ ചൈനയില്‍ നിന്നുള്ളൂ. നേപ്പാളിന്റെ മൂന്നു ഭാഗവും ഇന്ത്യയാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. ഒരു ഭാഗം ഹിമാലയന്‍ പര്‍വത നിരകളും. നേപ്പാള്‍, ചൈനയില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്താല്‍ പോലും അവ കൊണ്ടുവരാന്‍ ഇന്ത്യയെ ആശ്രയിക്കേണ്ടി വരും. കാരണം നേപ്പാളിന്റെ ഏറ്റവും അടുത്തുള്ള തുറമുഖം ഇന്ത്യയിലാണ്.
അതുകൊണ്ടു നേപ്പാളിന് ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടത് അവരുടെ തന്നെ ആവശ്യമാണ്. നേപ്പാളിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യാവിരുദ്ധ നിലപാട് കടുപ്പിക്കുമ്പോഴും പിന്‍വാതിലിലൂടെ ചര്‍ച്ചനടത്താണ് താല്‍പ്പര്യം. ഈ ഇരട്ടത്താപ്പ് മോദി അംഗീകരിക്കില്ല. ഇന്ത്യ നിലപാട് കടുപ്പിച്ചിട്ടുണ്ടെങ്കിലും പരസ്യമായി വളരെ അനുതാപ പരമായിട്ടാണ് പെരുമാറിയത്. നേപ്പാള്‍, ചൈനയുടെ ഒരു സാമന്ത രാജ്യമാവുകയാണെങ്കില്‍ ഇന്ത്യയ്ക്കും വഴി മാറി ചിന്തിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: