ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നുള്ള മതപീഡനത്തിനു കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. ചൈനീസ് സര്‍ക്കാരിന്റെ മതപരമായ ഗ്രൂപ്പുകള്‍ക്കെതിരെയുള്ള പുതിയ നിയന്ത്രണം മതസ്വാതന്ത്ര്യത്തെ എങ്ങനെ കൂടുതല്‍ ഹനിക്കുമെന്ന് വിശദീകരിക്കുന്ന വസ്തുതാ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നവയാണ്. ഉയിഗാര്‍ വിഭാഗത്തിലും മറ്റു വിഭാഗങ്ങളിലും ഉള്ള ഇസ്ലാം മതവിശ്വാസികളെ ചൈനയിലെ സിങ് ജിയാങ് മേഖലയിലെ ഭരണകൂടം കൂട്ട തടവുകാരാക്കിയിരിക്കുകയാണ്. ഇവിടുത്തെ തടങ്കല്‍പ്പാളയങ്ങളില്‍ ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍’ നടക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ക്രൂരമായ മത പീഡനങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാരാണ് ഉത്തരവാദി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിങ് ജിയാങ് മേഖലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ചെന്‍ ക്വാന്‍ഗോ നേരിട്ട് ക്രൂരതയക്ക് കൂട്ടു നില്‍ക്കുന്നു. ഒരു കോടിയിലധികം വരുന്ന ഉയിഗാര്‍ മുസ്ലിം സമൂഹം ടര്‍ക്കിക് വംശജരാണ്. സിങ് ജിയാങ് മേഖലയില്‍ താമസിച്ചു വരുന്ന ഇവരെ പതിറ്റാണ്ടുകളായി ചൈനീസ് ഭരണകൂടം ക്രൂരമായ മത പീഡനത്തിന് ഇരയാകുകയാണ്.
മതപീഡനത്തിന് നേതൃത്വം കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേരിട്ട്
എന്നാല്‍ 2016ല്‍ ചെന്‍ ക്വാന്‍ഗോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിങ് ജിയാങ് മേഖലയിലെ ചീഫ് ആയി വന്നതിനു ശേഷം കൂടുതല്‍ കടുത്ത മത ദ്രോഹ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങി. ചെന്നിന് കീഴില്‍, 2017 ല്‍ ഭരണകൂടം തടങ്കല്‍ കേന്ദ്രങ്ങളുടെ ശൃംഖല വര്‍ദ്ധിപ്പിച്ചു. ഇന്ന്, ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ ജീവിതത്തിന്റെ ദൈനംദിന വശങ്ങള്‍ നിയന്ത്രിക്കുന്നതിനും സ്വത്വപ്രകടനങ്ങളെ തകര്‍ക്കുന്നതിനും ആധുനിക സാമൂഹിക സാങ്കേതിക നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. ഏകദേശം 10 ലക്ഷം ആളുകളെ ഭരണകൂടം തടവില്‍ ആക്കി. ചൈന നിര്‍മ്മിച്ച വന്‍ നിരീക്ഷണ, തടങ്കലില്‍ കേന്ദ്രങ്ങള്‍ ഉയ്ഗര്‍ ജനതയ്‌ക്ക് കാര്യമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അവരുടെ സാംസ്‌കാരികവും മതപരവുമായ സ്വത്വ ബോധത്തെ ഈ നടപടികള്‍ തകര്‍ക്കുന്നു.
വംശീയ ന്യൂനപക്ഷങ്ങളെ ഹാന്‍ ഭൂരിപക്ഷത്തിലേക്ക് സ്വാംശീകരിക്കാന്‍ മുന്‍ഗണന
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ചൈനീസ് ഭരണകൂടം കൊണ്ടുവന്ന നയങ്ങള്‍, ഉയ്ഗര്‍ ഉള്‍പ്പെടെയുള്ള വംശീയ ന്യൂനപക്ഷങ്ങളെ ഹാന്‍ ഭൂരിപക്ഷത്തിലേക്ക് സ്വാംശീകരിക്കാന്‍ മുന്‍ഗണന നല്‍കുന്നതായിരുന്നു. ഒപ്പം സംസ്ഥാനത്തിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തോടുള്ള കൂറ് പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്നതും. ചരിത്രപരമായി ഉയ്ഗര്‍ പ്രദേശങ്ങളായിരുന്നിടത്തേയ്‌ക്ക് ഹാന്‍ ചൈനീസ് വംശജരെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കി. 2009 ജൂലൈ മാസം ആയിരക്കണക്കിന് ഉയിഗര്‍ വംശജര്‍ സിങ് ജിങ് മേഖലയിയുടെ തലസ്ഥാനമായ ഉറുകുമിയില്‍ വലിയൊരു പ്രതിഷേധ പ്രകടനം നടത്തി. സര്‍ക്കാര്‍ പ്രകടനത്തെ അടിച്ചമര്‍ത്തി. 140 പര്‍ മരിക്കുകയും 828 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. ഈ സംഭവത്തിന് ശേഷം ഉയിഗര്‍ വംശജരെ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന കലാപകാരികളായിട്ടാണ് ചിത്രീകരിക്കുന്നത്. ചില ഉയ്ഗര്‍ നേതാക്കള്‍ ഒരു സ്വതന്ത്ര കിഴക്കന്‍ തുര്‍ക്കെസ്താനിനായി ദീര്‍ഘകാലമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഈ മേഖലയിലെ ദേശീയ സുരക്ഷയ്‌ക്കു ഇവര്‍ ഭീഷണിയാണെന്ന് സ്ഥാപിക്കാന്‍ ഭരണകൂടം ഈ അവകാശവാദങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു. 2014 ല്‍ ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗിക ഭീകരവിരുദ്ധ നടപടി ആരംഭിച്ചു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത് ‘സംസ്ഥാന സുരക്ഷ, വംശീയ ഐക്യം, സാമൂഹിക സ്ഥിരത’ എന്നിവയ്‌ക്ക് ഭീഷണിയായവരെ മാത്രമാണ് ലക്ഷ്യമിടുന്നത് എന്നാണ്.
‘വിശ്വാസയോഗ്യരല്ലാത്ത’ പൗരന്മാരായി മുദ്രകുത്തപ്പെടുന്ന ഉയ്ഗര്‍മാരെ അനിയന്ത്രിതമായി അറസ്റ്റുചെയ്യാനും തടങ്കലില്‍ വയ്‌ക്കാനും ഇടയാക്കി. ഉയ്ഗ്ര്‍മാരെ അടിച്ചമര്‍ത്തുന്നതിനായി സിന്‍ജിയാങ്ങിലുടനീളം ഭരണകൂട നിയന്ത്രണത്തിന്റെയും നിരീക്ഷണത്തിന്റെയും കേന്ദ്രങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തി. ഇസ്ലാമിക തീവ്രവാദത്തിനു എതിരായുള്ള പോരാട്ടമെന്ന പേരില്‍ വര്‍ഷങ്ങളായി ഉയിഗര്‍ വംശജരെ ക്രൂരമായ മതപീഡനത്തിനു ഇരയാക്കുകയാണ് ചൈനീസ് ഭരണകൂടം
നിലവിലെ വെല്ലുവിളികള്‍
സിന്‍ജിയാങ്ങിലെ ഉയിഗാര്‍ വംശജര്‍ക്കെതിരായ ചൈനീസ് ഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ ആസൂത്രിതമാണ്. കൂട്ട തടങ്കല്‍, നിര്‍ബന്ധിത തൊഴില്‍, വിവേചനപരമായ നിയമങ്ങള്‍ എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഭരണകൂടം ഇവരുടെ മേല്‍ പിടിമുറുക്കിയിരിക്കുന്നു. ഉയ്ഗര്‍ മുസ്ലിംകള്‍ക്ക് അവരുടെ മതം സ്വതന്ത്രമായി ആചരിക്കുന്നതിനും ഭാഷ സംസാരിക്കുന്നതിനും അവരുടെ സ്വത്വത്തിന്റെ മറ്റ് അടിസ്ഥാന ഘടകങ്ങള്‍ പ്രകടിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കകയാണ്. ഭീകരവാദ വിരുദ്ധ നിയമങ്ങളും ചട്ടങ്ങളും വസ്ത്രധാരണം, ഭാഷ, ഭക്ഷണക്രമം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട മതപരമായ ആചാരങ്ങളെ നിരോധിക്കുന്നു. മതസ്ഥാപനങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥിക്കുകയോ പള്ളിയില്‍ പോകുകയോ പോലുള്ള സാധാരണ പ്രവൃത്തികള്‍ പോലും അറസ്റ്റിനും തടങ്കലിനും അടിസ്ഥാനമായിരിക്കാം. മതം ആചരിക്കുക , വിദേശ പാശ്ചാത്യ രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിനു പോകുക എന്നീ നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് 10 ലക്ഷത്തോളം ഉയിഗര്‍ വംശജരെ തടങ്ങല്‍ കേന്ദ്രങ്ങളില്‍ തള്ളിയിരിക്കുന്നത്.
തടവറ ‘തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍’
അക്രമാസക്തമായ തീവ്രവാദത്തെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള ‘തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍’ എന്നാണ് ചൈനീസ് സര്‍ക്കാര്‍ ,ക്യാമ്പുകളെ കുറിച്ച് പറയുന്നത്. എന്നാല്‍ ചോര്‍ന്ന രേഖകള്‍ വെളിപ്പെടുത്തുന്നത് തൊഴില്‍പരിശീലം ഒന്നും അവിടെ നടക്കുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ മതാചാരപ്രകാരമുള്ള ജീവിതം നയിക്കുന്ന സാധുക്കളെയാണ് അവിടെ പീഡിപ്പിക്കുന്നത് എന്നും ആണ്. അതായത് പ്രാര്‍ത്ഥന നടത്തുക , താടി വളര്‍ത്തുക, കുടുംബ പശ്ചാത്തലം എന്നിവയാണ് ഉപദ്രവങ്ങള്‍ക്കു പിന്നിലെ മൂലകാരണം. ക്യാമ്പുകളുടെ നിര്‍മ്മാണം അടുത്ത കാലത്തായി ഗണ്യമായി വര്‍ദ്ധിച്ചു, മൊത്തം ക്യാമ്പുകളുടെ എണ്ണം 500 മുതല്‍ 1400 വരെയാണ്. സ്വന്തം വിശ്വാസത്തെ തള്ളിപ്പറഞ്ഞതിനു ശേഷം കമ്മ്യൂണിസ്റ്റ് രാജ്യത്തോട് കൂറ് പ്രഖ്യാപിക്കുവാനും ദേശഭക്തിഗാനങ്ങള്‍ പാടുവാനും നിര്‍ബന്ധിക്കുന്നു. ലൈംഗിക അതിക്രമങ്ങള്‍ക്ക് വരെ ഈ കേന്ദ്രങ്ങള്‍ വേദിയാകുന്നു.
തടങ്കല്‍ കേന്ദ്രങ്ങളില്‍ നിര്‍ബന്ധിതമായി തൊഴില്‍ ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. പരമ്പരാഗത സാംസ്‌കാരിക ബന്ധങ്ങള്‍ തകര്‍ക്കുന്നതിലൂടെ വിധേയത്വവും സ്വാംശീകരണവും നേടാനുള്ള ഗവണ്‍മെന്റിന്റെ ശ്രമത്തിന്റെ ഭാഗമാകാം ഇത്. തടവിലാക്കപ്പെട്ടവരെ അവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് വേര്‍പെടുത്തി, പലപ്പോഴും അവരുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കുന്നില്ല. തടവിലുള്ള മാതാപിതാക്കളുടെ കുട്ടികളെ സര്‍ക്കാര്‍ നടത്തുന്ന ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നു, ചിലപ്പോള്‍ അവരുടെ വീടുകളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും വളരെ അകലെയാണ് ഇങ്ങനെ പാര്‍പ്പിക്കുന്ന സ്ഥലങ്ങള്‍. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഉയിഗാര്‍ വംശജരെ സര്‍ക്കാര്‍ നിരന്തരം മുള്‍മുനയില്‍ നിര്‍ത്തി നിരീക്ഷിക്കുന്നു. മതവിശ്വാസം പ്രകടിപ്പിക്കുകയോ വിദേശ രാജ്യങ്ങളിലെ പൗരന്മാരുമായി ബന്ധപ്പെടുകയോ ചെയ്താല്‍ തടവിലാക്കും ‘ഒരു കുടുംബമായി ഒന്നിക്കുക’ പ്രോഗ്രാമിന് കീഴില്‍, നിര്‍ബന്ധിത ഹോംസ്‌റ്റേകള്‍ക്കായി ചൈനീസ് സര്‍ക്കാര്‍ ഉയിഗാര്‍ വീടുകളില്‍ 10 ലക്ഷം ഹാന്‍ ചൈനീസ് പൗരന്മാരെ നിയോഗിച്ചിട്ടുണ്ട്. വ്യക്തിഗത നിരീക്ഷണം ഉയിഗാര്‍ കുടുംബങ്ങള്‍ക്ക് നിരസിക്കാന്‍ കഴിയില്ല.
മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന മതപീഡനം
നമ്മുടെ രാജ്യത്തു നടക്കുന്ന ഏതു പ്രശ്‌നത്തെയും പര്‍വതീകരിക്കുകയും ചൈനയില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങളെക്കുറിച്ചു നിശബ്ദത പാലിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ചില മാധ്യമങ്ങളുടെ അജണ്ട ഇപ്പോള്‍ തുറന്നു കാണിക്കപ്പെടുകയാണ്. കോവിഡ് 19,ഈ ചൈനീസ് പാസ്‌പോര്‍ട്ട് സ്‌നേഹികളുടെ യഥാര്‍ത്ഥ മുഖം തുറന്നു കാണിച്ചു. ലോകം മുഴുവന്‍ ചൈനയെ ഒറ്റപ്പെടുത്താന്‍ വരുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കുള്ളിലെ ഈ ചൈന സ്‌നേഹികളെ നാം തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: