Categories: Health

കൊറോണ വൈറസിന് ജനിതക മാറ്റം: പ്രതിരോധ ശക്തിയെ ആദ്യം നശിപ്പിക്കും, 10 മടങ്ങ് അപകടകാരി; ഫെബ്രുവരി മുതല്‍ യൂറോപ്പില്‍ വ്യതിയാനം പ്രകടമായെന്ന് ഗവേഷകര്‍

മഹാമാരിയുടെ തുടക്കം മുതല്‍ സാര്‍ കോവ്2 വൈറസിന്റെ ജീവോം സീക്വന്‍സുകളില്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡി614 ജി എന്ന് വ്യതിയാനം സംഭവിച്ചതായാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Published by

ന്യൂയോര്‍ക്ക് : കോറോണ വൈറസ് രോഗബാധയ്‌ക്ക് ജനിതക മാറ്റം സംഭവിച്ചതായി റിപ്പോര്‍ട്ട്. കൊറോണയ്‌ക്ക് കാരണമാകുന്ന സാര്‍സ് കോവ്2 എന്ന വൈറസിനാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. ജനിതക മാറ്റം വൈറസ് ബാധ കൂടുതല്‍ വ്യാപകമാകാന്‍ കാരണമാകുമോയെന്ന് പരീക്ഷിച്ചു വരികയാണ്.

മഹാമാരിയുടെ തുടക്കം മുതല്‍ സാര്‍ കോവ്2 വൈറസിന്റെ ജീവോം സീക്വന്‍സുകളില്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡി614 ജി എന്ന് വ്യതിയാനം സംഭവിച്ചതായാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഫെബ്രുവരിയോടെ യൂറോപ്പില്‍ ഈ മാറ്റം വന്നതായും ഇവര്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം കൊറോണ വ്യാപകമാകാന്‍ കാരണം ഈ ജനിതക മാറ്റം ആണോയെന്ന് വ്യക്തമല്ല.  

വൈറസിന്റെ പുറംചട്ടയിലുള്ള സ്‌പൈക് പ്രോട്ടീനുമേലാണ് പരിണാമം സംഭവിച്ചത്. മനുഷ്യരിലെ കോശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ വൈറസിനെ സഹായിക്കുന്നത് ഈ സ്‌പൈക് പ്രോട്ടീനുകളാണ്. ഈ വ്യതിയാനം മൂലം അണുബാധയുണ്ടാകുന്ന ഭാഗങ്ങളില്‍ വളരെ ശക്തമായി പറ്റിപ്പിടിച്ചിരിക്കാന്‍ വൈറസിനു സാധിക്കും. രോഗബാധ വ്യാപിപ്പിക്കാനും. ഓരോ ജനിതക വ്യതിയാനവും 10 മടങ്ങ് അധികം അപകടകാരിയാണെന്നും ഈ വൈറസാണ് യൂറോപ്പിലും യുഎസിലും ലാറ്റിന്‍ അമേരിക്കയിലും രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നാണ് ഗവേഷകര്‍ പറയുന്നത്.  

സാര്‍സ് കോവ്2 പ്രോട്ടീനുകളിലെ ഒആര്‍എഫ്3ബി ജീനുകളിലും വ്യത്യാസം കാണുന്നതായി കഴിഞ്ഞമാസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. മനുഷ്യ ശരീരത്തിലെ പ്രതിരോധ ശക്തിയെയാണ് ഈ ജീന്‍ ആദ്യം നശിപ്പിക്കുന്നത്. ഈ ജീനുമായി വൈറസ് ശരീരത്തില്‍ കയറുമ്പോള്‍ നമ്മുടെ പ്രതിരോധ ശേഷിയെ ഇല്ലാതാക്കി ശരീരത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കും. ഇവ ബാധിക്കുന്ന ആളുകള്‍ക്ക് മരുന്നുകളോട് തുടക്കത്തില്‍ പ്രതികരിക്കാനും സാധ്യത കുറവാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by