Categories: Literature

നഷ്ടബോധം

Published by

ഒരുപാട്ടുപാടിത്തുടങ്ങിയെന്റെ  

ശ്രുതിയാകെ വികൃതമായിപ്പോയിരുന്നു  

ഇരുവരിയെങ്കിലും പൂര്‍ത്തിയാക്കാന്‍  

കഴിയാതെയിന്നും നടന്നിടുന്നു  

ഒരുവീണക്കമ്പി ചലിപ്പിക്കുവാന്‍  

വിരലുകളെന്നും തുടിച്ചിരുന്നു  

ഒരുസ്വരംപോലും വായിച്ചിടാന്‍  

ഇതുവരേക്കും കഴിഞ്ഞതില്ല  

ഒരുതാള ബോധമുദിച്ചിരുന്നു  

ഹൃദയത്തിന്‍ തന്ത്രികള്‍ മീട്ടുവാനായി  

അകതാരിലാനന്ദമായിടുമ്പോള്‍  

അവതാളമായിപ്പോയിരുന്നു  

ഒരു കവിയായി മാറുവാനാഗ്രഹിച്ചു  

ഇരുകരയും കവിയാതെ  

നോക്കിടാനായി  

ഉലകത്തില്‍ നോക്കാന്‍  

തുടങ്ങിടുമ്പോള്‍  

മതിയാക ജീവിതമെന്നു കണ്ടു  

ഒരു ഖണ്ഡമെങ്കിലുമാസ്വദിപ്പാന്‍  

ഇതിഹാസ കാവ്യം കരുതിവെച്ചു  

ഒരു വരിപോലും മനസ്സിലാക്കാന്‍  

ഇനിയുമെനിക്കതിനാവതില്ല  

ഒരവധൂതനാകാന്‍ കിണഞ്ഞു നോക്കി  

ഗതിയേകാന്‍ ഗുരുവേ  സ്മരിച്ചു നിത്യം  

അകമേയുറച്ചതാം ബന്ധങ്ങളാല്‍  

ഗതിയില്ലാതലയുന്നു ഉടലുമായി  

അവസാനമെന്നില്‍  വെളിവു വീണു  

തെളിമയാം ജീവിതമാണുപോലും

പരമാണുവിങ്കലണയുവാനായി  

മനുജന് തുണയായി വേണ്ടതെന്ന്.  

എം. രാജഗോപാല്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts