ന്യൂദല്‍ഹി: യുദ്ധങ്ങള്‍ നടക്കുന്നത് അതിര്‍ത്തിയില്‍ മാത്രമല്ല. ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെയും ഭരണാധികാരികളുടെയും മനസ്സില്‍ കൂടിയാണ്. ശത്രുരാജ്യത്തെ ജനങ്ങളുടെ മേല്‍ മാനസികാധിപത്യം സ്ഥാപിക്കുകയെന്ന യുദ്ധതന്ത്രത്തെ വിശേഷിപ്പിക്കുന്നത് സൈക്കോളജിക്കല്‍ ഓപ്പറേഷന് (സൈഓപ്പ്) എന്നാണ്. ചൈനീസ് മാധ്യമങ്ങള്‍ ഈ ജോലി ആരംഭിച്ചു.
ഇന്ത്യയിലെ ഒരു വിഭാഗം മാധ്യമങ്ങളാണ് ചൈനീസ് സൈഓപ്പിന്റെ ആദ്യ ഇരകള്‍. ചൈന പുറത്തുവിടുന്ന വാര്‍ത്തകള്‍ ആധികാരികമായി ഇന്ത്യന്‍ പൗരന്മാരിലെത്തിക്കുകയെന്ന അബദ്ധമാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ചിലരെങ്കിലും ആരംഭിച്ചതെന്നാണ് യുദ്ധരംഗത്തെ വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നത്.
മലയാള മാധ്യമങ്ങളില്‍ ചൈനീസ് സൈന്യത്തെയും ചൈനീസ് സര്‍ക്കാരിനെയും അനുകൂലിക്കുന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ ഇതിനകം തന്നെ ലഡാക്ക് വിഷയത്തില്‍ വന്നത് ഇതിനുദാഹരണം. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനമടക്കം ഇത്തരം വാര്‍ത്തകളുടെ പിന്നിലുണ്ട്.
അതിര്‍ത്തിയിലെ സൈനിക സ്ഥാനങ്ങളും വീഡിയോകളും ശത്രുരാജ്യത്തെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി അവിടത്തെ രാഷ്ട്രീയ ഭിന്നതകള്‍ ശക്തിപ്പെടുത്തുകയെന്നതാണ് സൈഓപ്പിന്റെ ഒരു തന്ത്രം. ശത്രുസൈന്യത്തിന്റെ ആയുധവിന്യാസത്തില് അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെതന്നെ പ്രചരിപ്പിക്കുകയെന്നതും ഇതിന്റെ ഭാഗമാണ്. യുദ്ധത്തില്‍ ഒരിക്കല്‍പോലും ഉപയോഗിച്ചിട്ടില്ലാത്ത ആയുധങ്ങളെപ്പറ്റിപോലും അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകള്‍ ശത്രുരാജ്യത്തെ ജനങ്ങളില്‍ ഭീതി പടര്‍ത്തും.
അതിന്റെ ഭാഗമായി ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ടൈംസ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ആയിരക്കണക്കിന് പട്ടാളക്കാര്‍ നീങ്ങിയിട്ടുണ്ടെന്നും പാരാട്രൂപ്പേഴ്സിനെ വിന്യസിച്ചതായും കാണിക്കുന്ന വീഡിയോ സഹിതമുള്ള പ്രചാരണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: