വളാഞ്ചേരിയിലെ വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്തതല്ല, മരണത്തിലേയ്ക്ക് എടുത്തെറിയപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ ജൂണ്‍ ഒന്നിനു മുന്‍പു തന്നെ ഈ പദ്ധതിയിലെ പോരായ്മകളും കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടുത്തി, വിശദമായ കത്ത് സര്‍ക്കാരിന് നല്‍കിയതാണ്. എന്നാല്‍ ക്യാബിനറ്റിനോടു പോലും അഭിപ്രായം ആരായാത്ത പിണറായി സര്‍ക്കാര്‍ ആ നിര്‍ദ്ദേശങ്ങളോട് മുഖം തിരിച്ചു നില്‍ക്കുകയാണ് ചെയ്തത്. മിടുക്കിയായിരുന്നു ദേവിക. എ.പി.ജെ അബ്ദുള്‍ കലാമിനെപ്പോലെയും കെ.ആര്. നാരായണനെപ്പോലെയും ഉയരങ്ങള്‍ താണ്ടണമെന്ന് സ്വപ്നം കണ്ടവള്‍.
പ്രതിമാസം ലഭിക്കേണ്ട സ്റ്റൈപ്പന്റ് കിട്ടിയിരുന്നുവെങ്കില്‍, 270 രൂപകൊടുത്ത് കേബിള്‍ റീചാര്‍ജ് ചെയ്തിരുന്നുവെങ്കില്‍, ആ പെണ്‍കുട്ടി ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. അവകാശപ്പെട്ട സ്റ്റൈപ്പന്റ് പോലും നല്‍കാതെ, ആ കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത് സര്‍ക്കാരല്ലേ? അമേരിക്കയില്‍ കൊലചെയ്യപ്പെട്ട ജോര്‍ജ് ഫ്ളോയ്ഡിന്റെ കഴുത്തിലമര്ന്നത് പോലെ, സര്‍ക്കാരിന്റെ അദൃശ്യമായ കാല്‍മുട്ടുകള്‍ ആ പെണ്‍കുട്ടിയുടെ കഴുത്തിലമര്ന്നിട്ടുണ്ട്. ഇതൊരു കൊലപാതകത്തിനു തുല്യമായ ഭരണകൂട ക്രൂരതയാണ്. സംസ്ഥാന സര്‍ക്കാരിനെ പ്രതിയാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും, കേന്ദ്ര പട്ടികജാതി കമ്മീഷനും കേസെടുക്കണം.
ഇന്ത്യന്‍ ഭരണഘടനയുടെ 21 എ വകുപ്പനുസരിച്ച്, 6 മുതല്‍ 14 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിതവും, സൗജന്യവുമായ വിദ്യാഭ്യാസം മൗലികാവകാശമാണ്. അത് നല്കാന് സര്‍ക്കാരിന് ബാധ്യസ്ഥതയുമുണ്ട്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണല്ലോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവില്‍ വരുന്നത്. കേരള സര്‍ക്കാര്‍ ഏറെ കൊട്ടിഗ്ഘോഷിച്ചു നടപ്പാക്കിയ ഓണ്‍ലൈന്‍ പാഠ്യപദ്ധതി, ഈ ചിന്തകളെയെല്ലാം തകിടം മറിച്ചു. ജൂണ്‍ ഒന്നിന് ആരംഭിച്ച, ഓണ്‍ലൈന്‍ ക്ലാസുകളില്‍ മികച്ചുനി
ല്ക്കുന്നത്, ഈ പ്രത്യേക സാഹചര്യത്തില്‍ ‘ഓണ്‍ലൈന്‍ പഠനം’ എന്ന ആശയവും, അദ്ധ്യാപകരുടെ കഴിവും മാത്രമാണ്. ഈ പദ്ധതിയുടെ മൊത്തമായ നടത്തിപ്പിലും, എല്ലാ വിഭാഗം ജനങ്ങളിലേയ്ക്ക് വിദ്യാഭ്യാസം എത്തിക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് പറയാതെ വയ്യ. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 45 ലക്ഷം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ പഠിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ കണക്ക് അനുസരിച്ച് തന്നെ രണ്ടരലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ ടെലിവിഷന്‍, സ്മാര്‍ട്ട്ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളില്ല. ഇവര്‍ സര്‍ക്കാര്‍ സ്കൂളും ഉച്ചക്കഞ്ഞിയും അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തവരാണ്.
വയനാട്ടിലെ 40% വിദ്യാര്‍ത്ഥികളില്‍ പലരും ഈ ഓണ്‍ലൈന്‍ ക്ളാസ്സിനേക്കുറിച്ച് അറിഞ്ഞിട്ടു കൂടിയില്ലായിരുന്നു. ഇടുക്കിയിലെയും വയനാട്ടിലെയും പാലക്കാട്ടെയുമെല്ലാം വിദൂര ഗ്രാമങ്ങളില്‍, ദളിതര്‍, ആദിവാസികള്‍ മറ്റ് പട്ടികവിഭാഗങ്ങള്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്. സാധാരണ അദ്ധ്യായന ദിനങ്ങളില്‍ ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പരമാവധി ഏഴ് മണിക്കൂറാണ് പഠനം. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും അങ്ങനെ തന്നെ. ഹൈസ്കൂള്‍ ആവുമ്പോള്‍ അഞ്ച് മണിക്കൂറായി മാറുന്നു. എന്നാല്‍ നിലവിലെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് രണ്ട് മണിക്കൂറാണ് ക്ലാസ് ലഭിക്കുക. അത് പത്താം ക്ലാസിലും ഹൈസ്കൂളിലും ആകുമ്പോള്‍ യഥാക്രമം ഒന്നര മണിക്കൂറും ഒരു മണിക്കൂറുമായി മാറുന്നു. പഠന സമയത്തിലെ ഈ വ്യത്യാസം മറികടക്കാന്‍ എന്ത് ഉപാധിയാണ് സര്‍ക്കാരിന് കൈവശം ഉള്ളത്?
45 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 10 ലക്ഷത്തോളം പേര് ഇംഗ്ലീഷ് മീഡിയം ആണ് പിന്തുടരുന്നത്. നിലവില്‍ മലയാളത്തില്‍ മാത്രമാണ് പാഠങ്ങള്‍ നല്കപ്പെടുന്നത്. പ്രവേഗം എന്നാല്‍ വെലോസിറ്റി ആണെന്നും ത്വരണം എന്നാല്‍ ആക്സിലറേഷന് ആണെന്നും മറ്റും ഈ പത്ത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ മനസ്സിലാവാനാണ്? മറ്റൊരു പ്രശ്നം ഇന്റര്‍നെറ്റിന്റെ ദൗര്‍ലഭ്യമാണ്.
ഇടതുപക്ഷവും ഇടത് സര്‍ക്കാരും അതിബുദ്ധിമാന്മാരാണ്. പ്രിവിലേജുകള്‍ക്കും അപ്പുറമുള്ള, പ്രതികരണശേഷിയൊട്ടുമില്ലാത്ത സംഘടിത വോട്ടു ബാങ്കല്ലാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ എക്കാലവും അവരുടെ പരിഗണനയ്ക്ക് അപ്പുറമാണ്. സര്‍ക്കാര്‍ കണക്കിലെ രണ്ടരലക്ഷം വിദ്യാര്‍ത്ഥികളെ നോക്കാം. കേരളത്തില്‍ 22,000 കുടുംബങ്ങളിലായി 81,000ല്‍ അധികം ആളുകള്‍ വനത്തിനുള്ളില്‍ മാത്രം താമസിക്കുന്നുണ്ട്. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെ എടുത്താല്‍ പോലും, 22,000 വിദ്യാര്‍ത്ഥികള്‍ വനത്തിനുള്ളില്‍ തന്നെയാണ്. വൈദ്യുതിയും മൊബൈല്‍ റേഞ്ചും ഇല്ലാത്തിടത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എങ്ങനെ ലഭ്യമാക്കാനാണ്? ഇടുക്കി ജില്ലയിലെ ഇടമലക്കുടി, തിരുവനന്തപുരത്തെ കോട്ടൂര്‍, ചേനാംപാറ, കാസര്‍കോട്ടെ ദേലംപാടി, വയനാട് ജില്ലയിലെ ചുരുളി, മുത്തങ്ങ ഇതൊക്കെ വൈദ്യുതി ലഭ്യമാവാത്ത, കേരളത്തിലെ ആദിവാസി പ്രദേശങ്ങളില്‍ ചിലതു മാത്രമാണ്. ഇനിയൊരു ദേവിക ഉണ്ടാവാതിരിക്കാന്‍, കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയെങ്കിലും തങ്ങളുടെ മൗലികാവകാശമായ വിദ്യാഭ്യാസം ലഭ്യമാക്കാന്‍, ഒരിക്കല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ വീണ്ടും സര്‍ക്കാരിന് മുന്നിലേക്ക് വയ്ക്കുന്നു.
വൈദ്യുതിയും മൊബൈല്‍ റേഞ്ചും ഉള്ള സ്ഥലങ്ങളില്‍ എത്രയും വേഗം വിദ്യാര്‍ത്ഥികള്‍ക്ക്, ടിവി, സ്മാര്‍ട്ട് ഫോണ്‍, കേബിള്‍ കണക്ഷന് എന്നിവ ലഭ്യമാക്കണം. സര്‍ക്കാരിന് കഴിയില്ലെങ്കില്‍ പൊതുജന പങ്കാളിത്തം ഉപയോഗപ്പെടുത്തണം.
വൈദ്യുതി കണക്ഷന് ഉള്ള പിന്നാക്ക, മേഖലകളില്‍ ക്ലബ്ബുകള്‍, കമ്യൂണിറ്റി ഹാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുക. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടാതിരിക്കാനും, സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കുക. സാനിറ്റൈസര്‍, മാസ്ക് എന്നിവ ലഭ്യമാക്കണം. യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ സഹകരണം ആവശ്യപ്പെടാം. വൈദ്യുതിയോ, മൊബൈല്‍ റേഞ്ചോ ഇല്ലാത്ത വനമേഖലകളില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കണം. ഇതിനായി വനത്തിനുള്ളിലെ ചില കേന്ദ്രങ്ങളില്‍ ടിവിയും ജനറേറ്ററും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കണം. ഇതിനുവേണ്ടി, പഠിപ്പിച്ചു കഴിഞ്ഞ പാഠങ്ങളുടെ വീഡിയോ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ സ്റ്റോര്‍ ചെയ്യണം.
ഇതിനും കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കുമായി, നോട്ടിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പിഡിഎഫ് കോപ്പികള്‍ ലഭ്യമാക്കണം.
വാശിയും വീമ്പും മാറ്റിവച്ച് വിദ്യാര്‍ത്ഥി, അദ്ധ്യാപക, യുവജന സംഘടനകളോട് കൂടിയാലോചിക്കാനും, പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: