(ആരോഗ്യ ഭാരതി സംസ്ഥാന സെക്രട്ടറി)
എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും അവയെക്കുറിച്ച് അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് 1972 മുതല്‍ ഐക്യരാഷ്‌ട്രസഭ ഈ ദിനാചരണം ആരംഭിച്ചത്. 2018ലെ പരിസ്ഥിതി സന്ദേശം പ്ലാസ്റ്റിക് മലിനീകരണം തടയുക എന്നതും 2019ലെ വായു മലിനീകരണം പ്രതിരോധിക്കുക എന്നതുമായിരുന്നു. ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശം ടൈം ഫോര്‍ നേച്ചര്‍ (പ്രകൃതിക്കു വേണ്ടി സമയം) എന്നതാണ്.
ആരോഗ്യവാനായ വ്യക്തി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ശാരീരികവും മാനസികവും സാമാജികവും ആദ്ധ്യാത്മികവുമായി പൂര്‍ണ്ണമായ അവസ്ഥയിലുള്ള ആളാണ് എന്നതാണ്. വ്യക്തികള്‍ ആരോഗ്യമുള്ളവരായിരിക്കാന്‍ സമാജത്തില്‍ രണ്ടു തരത്തിലുള്ള വ്യവസ്ഥകള്‍ ആവശ്യമാണ്. ഒന്നാമത്തേത് സുരക്ഷാത്മക വ്യവസ്ഥ. രണ്ടാമത്തേത് ശുശ്രൂഷാത്മക വ്യവസ്ഥ. വ്യക്തികളുടെ ആരോഗ്യത്തിന് ഗുണകരമായതും രോഗം വരാതെ സൂക്ഷിക്കുന്നതുമായ കാര്യങ്ങളാണ് സുരക്ഷാത്മക വ്യവസ്ഥയില്‍ വരുന്നത്. വൃത്തിയുള്ള ആഹാരം, പാര്‍പ്പിടം, ശുദ്ധജലം, ശുദ്ധവായു, ശുദ്ധമായ അന്തരീക്ഷം ഇവ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളാണ്.
പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ മാറ്റങ്ങളും മനുഷ്യമനസുകളെ ആശങ്കയിലും ഭീതിയിലുമാക്കുന്നു. പ്രകൃതിക്കെതിരെ നിരന്തരമായി മനുഷ്യന്‍ നടത്തുന്ന സ്വാര്‍ത്ഥപരവും വിവേകശൂന്യവുമായ പ്രവൃത്തികള്‍ ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായി മാറിക്കഴിഞ്ഞു. വീണ്ടുവിചാരമില്ലാത്ത പ്രകൃതി ചൂഷണം കാരണം പ്രകൃതി തന്നെ നശിച്ചു തുടങ്ങി. വായുവും വെള്ളവും ഭൂമിയും വിഷമയമായി തീര്‍ന്നു.
സ്വന്തം മാതാവിനെ പോലെ പ്രകൃതി മാതാവിനെ പരിരക്ഷിക്കാന്‍ കടപ്പെട്ടവരാണ് നമ്മള്‍. പൂര്‍വികര്‍ നമുക്ക് നല്‍കിയ മനോഹരമായ ഈ ലോകം അതുപോലെ ഭാവി തലമുറക്ക് കൈമാറാന്‍ നാം ബാദ്ധ്യസ്ഥരാണ് എന്നോര്‍ക്കുക. പ്രകൃതി സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – പച്ചപ്പുകള്‍ സംരക്ഷിക്കുക, ജലാശയങ്ങള്‍ ശുചിയായി സൂക്ഷിക്കുക, കീടനാശിനികള്‍ ഉപേക്ഷിക്കുക, ജൈവവളം ഉപയോഗിക്കുക, മഴവെള്ളം സംഭരിക്കുക, പച്ചക്കറി കൃഷിയും പൂന്തോട്ടവും നിര്‍ബന്ധമാക്കുക, അന്തരീക്ഷ മലിനീകരണം തടയുക, പ്രകൃതിയെ സംരക്ഷിക്കാനായി വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുക.
ആരോഗ്യമുള്ള വ്യക്തി, കുടുംബം, ഗ്രാമം, രാഷ്‌ട്രം എന്നതിലേക്കായി ആരോഗ്യ സംരക്ഷണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രോഗങ്ങളിലേക്ക് നയിക്കുന്നു. ഔഷധ സസ്യങ്ങള്‍ നടുന്നത് ആത്മീയ പ്രാധാന്യമുള്ളതും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതും സര്‍വോപരി സാമൂഹിക സേവനത്തിന്റെ ഭാഗവുമാണ്. ‘പ്രകൃതി സംരക്ഷണം’ എന്നത് ‘ജീവിതശൈലി’ ആയി മാറട്ടെ.
(ആരോഗ്യ ഭാരതി സംസ്ഥാന സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക