രാഗങ്ങളെ പരിചയപ്പെടുത്തുന്ന ഈ പംക്തിയില്‍ ആദ്യത്തെ രാഗം മായാമളവഗൗളയാകട്ടെ. കര്‍ണാടകസംഗീതത്തിലെ പ്രാഥമിക പാഠങ്ങളും സ്വരാവലികളും ചിട്ടപ്പെടുത്തിയിരിക്കുന്നത് മായാമാളവ ഗൗളരാഗത്തിലാണ്. കര്‍ണാടക സംഗീത പിതാമഹന്‍ എന്ന് വിശേഷിപ്പിക്കുന്ന പുരന്ദരദാസരാണ് മായാമാളവഗൗളയെ സംഗീതാഭ്യസനത്തിന++ുള്ള അടിസ്ഥാന രാഗമായി പ്രയോഗത്തില്‍ കൊണ്ടുവന്നത്. കര്‍ണാടകസംഗീതത്തിലെ അടിസ്ഥാന രാഗങ്ങളായ 72 മേളകര്‍ത്താരാഗങ്ങളില്‍ 15-ാമത്തേതാണ് മായാമാളവഗൗള. മാളവഗൗള എന്നായിരുന്നു മുന്‍പ് ഈ രാഗം അറിയപ്പെട്ടിരുന്നത്. 72 മേളകര്‍ത്താരാഗ പട്ടികയില്‍ ക്രമം സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോര്‍മുലയനുസരിച്ച് 15-ാമത്തെ മേളമായി ഈ രാഗം വരുന്നതിനായാണ് ‘മായാ’ എന്ന കൂട്ടിച്ചേര്‍ക്കല്‍ വന്നത്. 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാഗ്ഗേയകാരന്‍ അന്നമാചാര്യ, മാളവി ഗൗള എന്നാണ് ഈ രാഗത്തെ വിശേഷിപ്പിക്കുന്നത്
ആരോഹണം: സരിഗമപധനിസ
അവരോഹണം: സനിധപമ ഗരിസ
ഇതൊരു സമ്പൂര്‍ണ്ണ രാഗമാണ്. ഷഡ്ജ-പഞ്ചമ സ്വരങ്ങള്‍ കൂടാതെ ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയാണ് ഈ രാഗത്തിലുപയോഗിക്കുന്ന സ്വരങ്ങള്‍. കരുണ, ഭക്തി എന്നിവയാണ് രാഗത്തിന്റെ സ്ഥായീഭാവം. ഗാന്ധാരം, നിഷാദം എന്നീ സ്വരങ്ങള്‍ ഇതിന്റെ ജീവസ്വരങ്ങളാണ്. ഇതിന് സമാനമായ ഹിന്ദുസ്ഥാനിസംഗീതത്തിലെ രാഗമാണ് ‘ഭൈരവ്’.
മൂന്ന് സ്ഥായിയിലും ആലപിക്കാന്‍ കഴിയുന്നതും സാര്‍വകാലികവുമായ രാഗമാണ് മായാമാളവഗൗള. സ്വരമേള കലാനിധി എന്ന ലക്ഷണ ഗ്രന്ഥത്തിന്റെ കര്‍ത്താവായ രാമാമാത്യന്‍ മായാമാളവ ഗൗളയെ ഉത്തമോത്തമരാഗമായും മംഗള രാഗവുമായി വിശേഷിപ്പിക്കുന്നു. 90-ഓളം ജന്യരാഗങ്ങള്‍ ഈ മേള രാഗത്തിലുണ്ട്. സാരംഗ ദേവന്റെ സംഗീത രത്‌നാകരം, വെങ്കടമഖിയുടെ ചതുര്‍ദണ്ഡി പ്രകാശിക, പൊലുരി ഗോവിന്ദമാത്യയുടെ രാഗതാളചിന്താമണി, നാട്ടിയ ശാസ്തിറം (തമിഴ്) തുടങ്ങിയ പ്രാചീന സംഗീതലക്ഷണ ഗ്രന്ഥങ്ങളില്‍ ഈ രാഗത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
ദേവദേവകലയാമി (സ്വാതിതിരുനാള്‍), തുളസീദള (ത്യാഗരാജന്‍), ശ്രീനാഥാദി ഗുരുഗുഹ (ദീക്ഷിതര്‍), മേരുസമാന (ത്യാഗരാജന്‍) മായാതീത സ്വരൂപിണി (തഞ്ചാവൂര്‍ പൊന്നയ്യ പിള്ള), നീലായതാക്ഷി (ശ്യാമാ ശാസ്ത്രി) എന്നിവ ഈ രാഗത്തിലെ ചില പ്രധാന കൃതികളാണ്.
ഒരു ചിരികണ്ടാല്‍ (പൊന്‍മുടിപ്പുഴയോരം), പവനരച്ചെഴുതുന്നു കോലങ്ങളിന്നും (വിയറ്റ്‌നാം കോളനി), കേണുമയങ്ങിയോ (കല്ലുകൊണ്ടൊരു പെണ്ണ്), വിജനതീരം (അന്‍വര്‍) എന്നിവ മായാമാളവ ഗൗളയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള മലയാള സിനിമാ ഗാനങ്ങളാണ്. സ്വത്ത് എന്ന ചിത്രത്തിലെ ‘മായാമാളവ ഗൗള രാഗം’ എന്ന രാഗമാലികയിലുള്ള ഗാനത്തിന്റെ ആദ്യ ഭാഗവും ഭരതത്തിലെ ‘ധ്വനിപ്രസാദം’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ആദ്യ ഭാഗവും മായാമാളവ ഗൗള രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇളയരാജ ചിട്ടപ്പെടുത്തിയ മധുര മാരിക്കൊഴുന്ത് വാസം (എങ്ക ഊര് പാട്ട്ക്കാരന്‍) ഇതേ രാഗത്തിലുള്ള തമിഴ് ഗാനമാണ്.
കര്‍ണാടക സംഗീതത്തിലെ പ്രധാനപ്പെട്ട രാഗങ്ങളിലൊന്നാണ് ശങ്കരാഭരണം. 72 മേളകര്‍ത്താ പദ്ധതിയിലെ 29ാമത് മേളരാഗമാണിത്. ധീര ശങ്കരാഭരണം എന്നാണ് മേളപദ്ധതിയില്‍ ഈ രാഗത്തിന്റെ പേര്. 72 മേളകര്‍ത്താരാഗ പട്ടികയില്‍ ക്രമം സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോര്‍മുലയനുസരിച്ച് 15ാമത്തെ മേളമായി ഈ രാഗം വരുന്നതിനായാണ് ‘ധീര’ എന്ന കൂട്ടിച്ചേര്‍ക്കല്‍ വന്നത്. ശങ്കരന് ആഭരണമായിട്ടുള്ള രാഗം എന്ന നിലയ്‌ക്കാണ് ഇതിന് ശങ്കരാഭരണം എന്ന പേര് വന്നതെന്ന് അഭിപ്രായമുള്ളവരും കുറവല്ല.
ആരോഹണം: സരിഗമപധനിസ
അവരോഹണം: സനിധപമഗരിസ
ഇതൊരു സമ്പൂര്‍ണ്ണ രാഗമാണ്. ഷഡ്ജപഞ്ചമ സ്വരങ്ങള്‍ കൂടാതെ ചതുര്‍ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധമധ്യമം, ചതുര്‍ശ്രുതി ധൈവതം, കാകളി നിഷാദം എന്നിവയാണ് ഈ രാഗത്തിലുപയോഗിക്കുന്ന സ്വരങ്ങള്‍. ഇതിലെ എല്ലാ സ്വരങ്ങളും രാഗച്ഛായാ സ്വരങ്ങളാണ്. ‘സനിപ’ എന്നത് ഒരു വിശേഷ പ്രയോഗമാണ്. ഋഷഭം, ധൈവതം എന്നിവ ദീര്‍ഘമായി പ്രയോഗിക്കുന്നതും കമ്പിതസ്വരങ്ങളുമാണ്. ഇതൊരു സാര്‍വകാലികരാഗമാണെങ്കിലും സായാഹ്നമാണ് പാടുന്നതിന് അനുയോജ്യമായ സമയം. ശൃംഗാരം, വീരം എന്നീ രസങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന രാഗമാണിത്.
ഇതൊരു മൂര്‍ച്ഛനാകാരകമേളം കൂടിയാണ്. ഈ രാഗത്തിന്റെ രി, ഗ, മ, പ, ധ എന്നീ സ്വരങ്ങള്‍ ആധാരഷഡ്ജമാക്കി ഗ്രഹഭേദം ചെയ്താല്‍ യഥാക്രമം ഖരഹരപ്രിയ, തോടി, കല്യാണി, ഹരികാംബോജി, നീംഭൈരവി എന്നീ മേള രാഗങ്ങള്‍ ലഭിക്കും. പ്രാചീന തമിഴ് സംഗീതത്തിലെ പഴംപഞ്ജൂരം, ഹിന്ദുസ്ഥാനി സംഗീതത്തിലെ ബിലാവല്‍ ഥാട്ട്, പാശ്ചാത്യ സംഗീതത്തിലെ മേജര്‍ ഡയാടോണിക് സ്‌കെയില്‍ എന്നിവ ശങ്കരാഭരണത്തിന് സമാനമായ രാഗങ്ങളാണ്.
സാരംഗ ദേവന്റെ സംഗീത രത്‌നാകരം, നാരദന്റെ സംഗീത മകരന്ദം, പാര്‍ശ്വദേവന്റെ സംഗീതസമയസാരം, പല്‍ക്കുര്‍കി സോമനാഥ കവിയുടെ പണ്ഡിതാരാധ്യ ചരിത്രം, ഭവഭട്ടരുടെ അനൂപ സംഗീതവിലാസം, വിദ്യാരണ്യയുടെ സംഗീതസാരം, ലോചന കവിയുടെ രാഗതരംഗിണി, തുളജന്റെ സംഗീത സാരാമൃതം, വെങ്കിടമഖിയുടെ ചതുര്‍ദണ്ഡി പ്രകാശിക തുടങ്ങിയ സംഗീതലക്ഷണഗ്രന്ഥങ്ങളിലെല്ലാം ഈ രാഗത്തേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
തഞ്ചാവൂരെ ശരഭോജി രാജാവിന്റെ സഭയിലെ 360 വിദ്വാന്‍മാരില്‍ പ്രമുഖനായിരുന്ന നരസയ്യ ഈ രാഗം പാടുന്നതില്‍ അദ്വിതീയനായിരുന്നതിനാല്‍ ശങ്കരാഭരണം നരസയ്യ എന്ന പേരില്‍ പ്രസിദ്ധനായിരുന്നു.
സ്വരരാഗസുധ, എന്തുകുപെദ്ദല, മനസുസ്വാധീന (ത്യാഗരാജന്‍), അക്ഷയലിംഗ, ശ്രീ ദക്ഷിണാമൂര്‍ത്തേ (ദീക്ഷിതര്‍), സരോജദളനേത്രി, ദേവീ മീനനേത്രി (ശ്യാമാ ശാസ്ത്രി), ദേവീ ജഗദ്ജനനീ, ഭക്തപാരായണ (സ്വാതി തിരുനാള്‍), ബാഗുമീര (വീണ കുപ്പയ്യര്‍) എന്നിവ ഈ രാഗത്തിലെ പ്രസിദ്ധങ്ങളായ കൃതികളാണ്. ഈ രാഗത്തില്‍ മാത്രം 35ഓളം കൃതികള്‍ ത്യാഗരാജസ്വാമികളുടേതായുണ്ട്.
കേരളം കേരളം (മിനിമോള്‍), അലിയാമ്പല്‍ (റോസി), അനഘ സങ്കല്‍പ്പഗായികേ (അണിയറ), എന്നുവരും നീ (കണ്ണകി), ആയിരം കണ്ണുമായ് (നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്), ഹിമശൈല സൈകത (ശാലിനി എന്റെ കൂട്ടുകാരി), രഘുവംശപതേ (ഭരതം), മാണിക്യവീണയുമായെന്‍ (കാട്ടുപൂക്കള്‍), പൊന്‍വെയില്‍ മണിക്കച്ച (നൃത്തശാല), ഓംകാര നാദാനു (ശങ്കരാഭരണം) തുടങ്ങി ഈ രാഗത്തിലുള്ള നിരവധി ചലച്ചിത്രഗാനങ്ങളുണ്ട്.
9447817033
(തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍
അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക