രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ അഭൂതപൂര്‍വ്വമായ മാറ്റമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൈവന്നിട്ടുളളതെന്ന് വ്യക്തമാകും. വിവിധ മേഖലകളിലായി 30 കോടിയിലധികം വിദ്യാര്‍ത്ഥികളാല്‍ സമ്പന്നമാണ് നമ്മുടെ ഭാരതം. കേന്ദ്ര സര്‍വ്വകലാശാലകള്‍, സംസ്ഥാന സര്‍വ്വകലാശാലകള്‍, ഡീംഡ് സര്‍വ്വകലാശാലകള്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍ എന്നിങ്ങനെ ആകെ 935 സര്‍വ്വകലാശാലകളാണുളളത്. മാനവവിഭവശേഷി മന്ത്രായത്തിന്റെ കീഴിലുളള യുജിസി (യൂണിവേഴ്സ്റ്റി ഗ്രാന്റ്‌സ് കമ്മീഷന്‍) ക്കാണ് ഇപ്പറഞ്ഞ സര്‍വ്വകലാശാലകളുടെ നിയന്ത്രണം. യുജിസി ഏറ്റവും കൂടുതല്‍ റെഗുലേഷനുകള്‍ പുറപ്പെടുവിച്ച വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. രാജ്യത്തിന്റെ വളര്‍ച്ചയെ മുന്‍നിര്‍ത്തി, വിദ്യാര്‍ത്ഥികളുടെ പഠന ഉന്നമന മാര്‍ഗ രേഖകള്‍ 2016, 2017, 2019 വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ചത് മുന്നിലുണ്ട്.
ഇതില്‍ 2019ലെ യുജിസി റെഗുലേഷന്‍ ഏറ്റവും ദീര്‍ഘ വീക്ഷണത്തോടെയുളളതാണെന്നു പറയാം. ഇതുവരെ നാം കണ്ടിരുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ മാനദണ്ഡം എന്തെന്നാല്‍ സര്‍വ്വകലാശാലകളില്‍ ഓരോ കോഴ്‌സിന്റെയും ദൈര്‍ഘ്യം, അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപക വിദ്യാര്‍ത്ഥി അനുപാതം, റിസര്‍ച്ച് മെത്തഡോളജി ഇവയൊക്കെയാണ്. കോഴ്‌സ് പഠിച്ചിറങ്ങിയാല്‍ സ്ഥാപനവും വിദ്യാര്‍ത്ഥിയുമായുളള ബന്ധം അതോടെ വിച്ഛേദിക്കപ്പെടുന്ന അവസ്ഥയാണ് ഇതുവരെ കണ്ടതെങ്കില്‍ ഇനി മുതല്‍ സര്‍വ്വകലാശാലകള്‍ ഓരോ വിദ്യാര്‍ത്ഥിയുടേയും പിന്നാലെ സഞ്ചരിക്കുകയും അവര്‍ക്ക് എംപ്ലോയ്‌മെന്റ് ലഭിക്കുന്നതുവരെ ആ ബന്ധം തുടരുകയും ചെയ്യും. ഈ ഉത്തരവാദിത്വവും സര്‍വ്വകലാശാലകളില്‍ നിക്ഷിപ്തമാണ്. പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ എത്രപേര്‍ക്ക് തൊഴില്‍ ലഭിച്ചു, സര്‍ക്കാര്‍/സ്വകാര്യ മേഖലയില്‍ എത്രപേര്‍ക്ക് അവസരം ലഭിച്ചു, സിവില്‍ സര്‍വീസ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികളുടെയെണ്ണം, ഉന്നത ബിരുദങ്ങളിലേക്ക് ചേര്‍ന്നവര്‍, എന്നിങ്ങനെ ഓരോ വിദ്യാര്‍ത്ഥിയുടെയും ഭാവി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വവും ഇനി മുതല്‍ സര്‍വ്വകലാശാലകള്‍ക്കാണ്.
തൊഴില്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കില്‍ ഡെവലപ്‌മെന്റ് (നൈപുണ്യ വികസനം) കോഴ്‌സുകളില്‍ തുടര്‍ പരിശീലനം ലഭ്യമാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. തൊഴില്‍ സാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കി പാഠ്യവിഷയങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തണം. സര്‍വ്വകലാശാലയിലെ ഓരോ വിഭാഗവും അതുമായി ബന്ധപ്പെട്ട വ്യാവസായിക സ്ഥാപനങ്ങളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സമയത്തു തന്നെ ഇന്റേണ്‍ഷിപ്പിനു നിര്‍ബന്ധ പരിശീലനവും 19-ാം റെഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്നു.
അക്രഡിറ്റേഷന്‍ ഏജന്‍സികളായ എന്‍എഎസി (നാഷണല്‍ അസ്സസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍), എന്‍ബിഎ തുടങ്ങിയവ ഒരു കാലത്ത് സര്‍വ്വകലാശാലകളുടെ പദവിക്ക് അലങ്കാരമായിരുന്നെങ്കില്‍ ഇപ്പോള്‍ അനിവാര്യമായ ഘടകങ്ങളായി മാറി. എന്‍എഎസി അതിസൂഷ്മമായ പരിശോധനയില്‍ സര്‍വ്വകലാശാലകളെ മെരിറ്റ് അടിസ്ഥാനത്തില്‍ തരം തിരിച്ചിരിക്കുന്നു. എന്‍എഎസി- എ ഗ്രേഡ് ആണ് നിലവിലുണ്ടായിരുന്ന ഉന്നത ഗ്രേഡെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓരോ പോയിന്റിനും, പരാമീറ്റേഴ്‌സിനും, കൃത്യമായ അവലോകനത്തില്‍ എ+, ഗ്രേഡഡ് അട്ടോണമി സ്റ്റാറ്റസ്, ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനന്‍സ് പദവി തുടങ്ങി പല ഗ്രേഡുകളിലായി തരം തിരിക്കപ്പെടുന്നു. ഏത് കാറ്റഗറി സര്‍വകലാശാല ആയാലും ഗുണമേന്മയുളള വിദ്യാഭ്യാസം കാഴ്ചവയ്‌ക്കുന്നവര്‍ക്കു മാത്രമേ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കാന്‍ കഴിയുകയുളളൂ എന്ന ധീരമായ തീരുമാനം നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിനു സാധിച്ചു.
കോവിഡ് മഹാമാരി കടന്നുപോകുന്ന ഈ സമയത്ത് യുജിസി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇത്തരം പദ്ധതികളെക്കുറിച്ച് സര്‍വ്വകലാശാലകളുമായി സംവദിക്കുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യരംഗത്തും ശക്തമായ നിലപാടുകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കപ്പെട്ടത്. ഓരോ സംസ്ഥാനത്തിന്റെയും, സര്‍വ്വകലാശാലകളുടെയും വ്യത്യസ്ത എന്‍ട്രന്‍സുകളെല്ലാം നിര്‍ത്തലാക്കി. ഏകജാലക പ്രവേശനത്തിലൂടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന നീറ്റ് സമ്പ്രദായവും, തുടര്‍ അലോട്ട്‌മെന്റുമെല്ലാം ഈ സര്‍ക്കാരിന്റെ ശക്തമായ തീരുമാനങ്ങളായിരുന്നു. ഇതുവഴി മെഡിക്കല്‍ കോളേജില്‍ നിന്നും പ്രഗത്ഭരായ ഡോക്ടര്‍മാരെ രാജ്യത്തിന് ലഭ്യമാക്കുമെന്ന് ഉറപ്പ് വരുത്തി. ആരോഗ്യമേഖലയിലെ ആയുഷ്മാന്‍ ഭാരത് രാജ്യത്തെ റൂറല്‍-അര്‍ബന്‍ മേഖലകളിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. സര്‍ക്കാര്‍ ആതുരാലയങ്ങളും, കാന്‍സര്‍ ചികിത്സാ ആശുപത്രികളും പല ഗ്രാമീണ മേഖലകളിലും ആരംഭിക്കുന്നു.
വിറകു കത്തിച്ച് പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക നിത്യേന ശ്വസിച്ച് ശ്വാസകോശ രോഗത്തിന് അടിമകളാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നെന്ന മെഡിക്കല്‍ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ദ്രുത ഗതിയില്‍ ജനങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ ഉജ്ജ്വല-യോജന ലക്ഷക്കണക്കിനു വീട്ടമ്മമാര്‍ക്ക് ആശ്വാസം പകരുന്നു. മെഡിക്കല്‍ പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡോര്‍ പൊല്ലൂഷന്‍ വഴിയുളള ശ്വാസകോശ രോഗങ്ങളില്‍ ഗണ്യമായ കുറവു കണ്ടെത്താനായി.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും വിജയകരമായ കാല്‍വയ്പായിരുന്നു പാരമ്പര്യ ഊര്‍ജ്ജ മേഖലകളില്‍ നാം കണ്ടത്. വ്യാവസായിക മേഖലയില്‍ പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ പ്രസക്തി എത്രമാത്രമെന്നതിന്റെ തെളിവാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് 35,000 മെഗാ വാട്ട് സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തിലേക്ക് രാജ്യം ഉയര്‍ന്നതില്‍ നിന്നും മനസ്സിലാക്കാവുന്നത്. സര്‍ക്കാരിന്റെ പ്രചോദനത്തില്‍ ആകൃഷ്ടനായ വ്യക്തിയെന്ന നിലയില്‍ ഞങ്ങള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ കാത്ത് ലാബും, ഹൃദയ ശസ്ത്രക്രിയാ യൂണിറ്റും പൂര്‍ണമായും സോളാര്‍ വൈദ്യുതിയിലാക്കി. ഏഷ്യയിലെ ആദ്യ സോളാര്‍ കാത്ത്‌ലാബായി ഈ പദ്ധതി തെരഞ്ഞെടുക്കപ്പെടുകയും യുഎന്‍ എനര്‍ജി സംഘം നേരിട്ടെത്തി പദ്ധതി അവലോകനം ചെയ്യുകയുമുണ്ടായി. 2015 ലോക എനര്‍ജി ഉച്ചകോടിയില്‍ ലോകത്തെ നാലാമത്തെ ശ്രേഷ്ഠ പദ്ധതിയായി ഐക്യരാഷ്‌ട്രസഭ ഈ പദ്ധതിയെ തെരഞ്ഞെടുത്തു. ഭാരതത്തെ പ്രതിനിധാനം ചെയ്ത് ഐക്യരാഷ്‌ട്ര ജനറല്‍ അസംബ്ലിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രബന്ധം അവതരിപ്പിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. കോവിഡ് മഹാമാരി രാജ്യത്തെ പ്രതികൂലമായി പിടിച്ചു കുലുക്കുന്ന ഈ വേളയിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ നവീന ആശയങ്ങള്‍ ലോകരാജ്യങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ONE SUN, ONE WORLD, ONE GRID (OSOWOG) സൂര്യാസ്തമയം ലോകത്തിന്റെ ഒരു കോണിലാണെങ്കില്‍ മറ്റൊരുഭാഗത്ത് സൂര്യോദയം ആണല്ലോ? ഇന്ത്യ, ലോകരാജ്യങ്ങളുമായി കൈകോര്‍ത്തുകൊണ്ട് 24 മണിക്കൂറും സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്ന മഹത്തായ പദ്ധതി ആവിഷ്‌കരിക്കാന്‍ തയാറെടുക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ ‘വസുധൈവ കുടുംബകം’ എന്ന ദര്‍ശനം ഈ പദ്ധതിയിലൂടെ ഭാരതത്തിന് ലോകരാജ്യങ്ങളോടു ബോധ്യപ്പെടുത്താന്‍ സാധിക്കും.
കോവിഡാനന്തര ഭാരതം ലോകം അതീവ ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍, പരിപോഷിപ്പിച്ചും, സ്വദേശി ഉത്പന്നങ്ങളെ രാജ്യാന്തര വേദികളിലെത്തിച്ചും സ്വദേശി വ്യവസായികളേയും, സംരംഭകരെയും തൊഴിലാളികളെയും കൈപിടിച്ചുയര്‍ത്താനും ഓരോരുത്തരും മുന്നോട്ടു വരണം. BE INDIAN, BUY INDIAN എന്ന വാക്യം ഓരോരുത്തരും ജീവിതത്തിന്റെ ഭാഗമാക്കണം.
എം.എസ്. ഫൈസല്‍ഖാന്‍
(നൂറുല്‍ ഇസ്ലാം ഡീംഡ് സര്‍വ്വകലാശാലയുടെ പ്രൊ. ചാന്‍സലറും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയുടെ ഭരണ സമിതി അംഗവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: