കോട്ടയം: മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ അവസ്ഥയാണ് ആ മണ്ണിന്… സംസ്ഥാന സ്കൂള്‍ കായിക മേളകള്‍ക്ക് ആതിഥേയത്വം വഹിച്ച കോട്ടയം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് ഒളിമ്പ്യന്‍ രഞ്ജിത് മഹേശ്വരിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. തെളിഞ്ഞ വെട്ടമില്ല, വെള്ളക്കെട്ട്, മുട്ടോളംപുല്ല്, ഇരിപ്പിടങ്ങളില്‍ വിള്ളല്‍ ഇന്നത്തെ കോട്ടയം ജവഹര്‍ലാല്‍ സ്റ്റേഡിയത്തിന്റെ അവസ്ഥ ഇതാണ്. ലോക്ഡൗണായതോടെ പതിവ് പരിശീലകരും കളമൊഴിഞ്ഞപ്പോള്‍ സ്റ്റേഡിയത്തില്‍ ഇപ്പോള്‍ ശ്മശാനമൂകതയാണ്. ഇനി ഇവിടെ കായിക വസന്തമെത്തുമോ എന്ന കാര്യം പോലും സംശയമാണ്.
2008, 2014 ഒളിമ്പിക്സുകളില്‍ ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച രഞ്ജിത്തിന്റെ വളര്‍ച്ചയുടെ തുടക്കം ഈ സ്റ്റേഡിയത്തില്‍ നിന്നായിരുന്നു. കോട്ടയം ചാന്നാനിക്കാട് സ്വദേശിയായ രഞ്ജിത് സ്റ്റേഡിയത്തില്‍ പകലും രാത്രിയും ചിട്ടയോടെ പരിശീലനം നടത്തി. സ്കൂള്‍ കായിക മേളയില്‍ രണ്ട് തവണ ഇതേ സ്റ്റേഡിയത്തില്‍ മത്സരിച്ചു. രാജ്യം ആദരിക്കുന്ന അത്ലറ്റുകളില് പലരും കോട്ടയം സ്റ്റേഡിയത്തില്‍ ഓടിപഠിച്ചവരാണ്. ഒരു മഴ പെയ്താല്‍ ചെളിയുടെ കൂമ്പാരം ഉണ്ടാകുന്നതും മൂന്നടി വരെ വെള്ളം കെട്ടികിടക്കുന്നതും സ്റ്റേഡിയത്തില്‍ നിന്നും ആളൊഴിയാന്‍ കാരണമായി. 2008 ബീജിങ് ഒളിമ്പിക്സിന് ശേഷം ഒരാഴ്ച ട്രെയിനിങ്ങിനായി കോട്ടയം സ്റ്റേഡിയത്തിലെത്തിയ താരം ഈ ഭാഗത്തേക്ക് പിന്നീട് പരിശീലനത്തിനായി എത്തിയിട്ടില്ല. അന്നത്തെ അവസ്ഥ പരമ ദയനീയമായിരുന്നെന്നാണ് രഞ്ജിത്തിന് പറയാനുള്ളത്. ജമ്പിങ് പ്രാക്ടീസ് ചെയ്യാനാണ് എത്തിയത്. പക്ഷെ ഓടാന്‍ പോലും സാധിച്ചില്ല. ഒരു റൗണ്ട് നടന്നപ്പോള്‍ കാലിന് അടിയില്‍ ചെളി ഒട്ടിപ്പിടിച്ച് തെന്നുന്ന അവസ്ഥയായി. തന്റെ ഓര്‍മയില്‍ കോട്ടയം സ്റ്റേഡിയത്തെ ഇതിന് മുമ്പ് ഈ അവസ്ഥയില്‍ കണ്ടിട്ടില്ല.
എംഡി സെമിനാരി സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോട്ടയത്തെ സ്റ്റേഡിയത്തില്‍ ആദ്യമായി കായികമേളയ്ക്ക് ഇറങ്ങുന്നത്. പിന്നീട് പ്ലസ് വണ്‍ കാലത്തും കോട്ടയത്തെ മണ്ണില്‍ മത്സരിച്ചു. അന്ന് വെള്ളി മെഡല്‍ നേടി. അതേ മീറ്റിലാണ് നൂറ് മീറ്ററില്‍ ഷമീര്‍ മോന് മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടുന്നത്. ഒരിക്കല്‍ മീറ്റ് റെക്കോഡിട്ട കോട്ടയത്തെ ട്രാക്ക് ഇന്ന് ചെളികൂമ്പാരമാണ്. കോട്ടയം സ്റ്റേഡിയത്തിന് സായ് പ്രത്യേക പരീശലകനെ അടക്കം നിയോഗിച്ച കാലത്തായിരുന്നു രഞ്ജിത്തിന്റെ വരവ്. ചിത്ര കെ. സോമന്, പത്മിനി തോമസ്, അജിത കുമാരി എന്നീ അത്ലറ്റുകളെല്ലാം പ്രതാപ കാലത്ത് ഇതേ സ്റ്റേഡിയത്തില്‍ ഓടിതുടങ്ങിയവരാണ്. കെയര്‍ ടേക്കറും പരീശലകരും മത്സരങ്ങളുമായി സ്റ്റേഡിയം എന്നും തിരക്കിലായിരുന്നു. ഇന്നതല്ല സ്ഥിതി. ഗ്രൗണ്ട് മണ്ണിട്ട് അഞ്ചടിവരെ ഉയര്‍ത്തേണ്ടതുണ്ട്. ഇരിപ്പിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്തണം. സിന്തറ്റിക്ക് ട്രാക്ക് ഒരുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കോട്ടയം മുനിസിപ്പാലിറ്റി വേണ്ടെന്നുവച്ചെന്ന ആക്ഷേപം പരക്കെയുണ്ട്. അന്ന് കോട്ടയത്തൊരുങ്ങേണ്ട സിന്തറ്റിക് ട്രാക്കാണ് പിന്നീട് പാലായിലേക്ക് പോയത്. കണ്‍വെന്‍ഷനും യോഗങ്ങളുമാണ് കോട്ടയം സ്റ്റേഡിയത്തിലെ പ്രധാന പരിപാടി. കോട്ടയം മുനിസിപ്പാലിറ്റി സ്റ്റേഡിയം സ്പോര്‍ട്സ് കൗണ്‍സിലിന് നല്‍കണമെന്ന വാദവും ശക്തമാണ്.
മോടിപ്പിടിപ്പിച്ചാല് കേരളത്തിലെ മികച്ച സ്റ്റേഡിയമായി കോട്ടയം സ്റ്റേഡിയം മാറുമെന്നും രഞ്ജിത് പറഞ്ഞു. റെയില്‍വേ സ്റ്റേഷനും, ബസ് സ്റ്റാന്‍ഡും ഒരു ചുറ്റളവില്‍ ലഭ്യമായതിനാല്‍ കായിക മേളകളില്‍ ആര്‍ക്കും ബുദ്ധിമുട്ടേണ്ടിവരില്ല. താമസസൗകര്യം ഉള്‍പ്പെടെയുള്ളവ ഒരുക്കി വരും തലമുറയ്ക്ക് സ്റ്റേഡിയം മികച്ച വേദിയാക്കി മാറ്റണമെന്നും ഒളിമ്പ്യന്‍ രഞ്ജിത് ആവശ്യപ്പെട്ടു.
2016ല്‍ ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ താരം സ്വര്‍ണം നേടിയിരുന്നു. നിലവില്‍ റെയില്‍വേ ഉദ്യോഗസ്ഥനാണ് രഞ്ജിത് മഹേശ്വരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: