മുഖ്യമന്ത്രിയും ധനമന്ത്രിയും തുടര്‍ച്ചയായി വിമര്‍ശിച്ചതിന്റെ ഫലമായാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി കൂട്ടിയത് എന്ന് മലയാളം മാധ്യമങ്ങള്‍. കടമെടുപ്പ് പരിധി സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 5 ശതമാനം വരെയാക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള മുഖ്യമന്ത്രി ആണെന്ന് കേരളത്തിന്റെ ധനമന്ത്രി അഭിമാനത്തോടെ പറയുന്നു.
തീര്‍ച്ചയായും ഓരോ മലയാളിയും ഈ നേട്ടത്തില്‍ അഭിമാനം കൊള്ളണം. ചെലവ് നടത്താന്‍ കൂടുതല്‍ കടം കിട്ടുന്നു എന്നത് വലിയ നേട്ടം തന്നെയാണ്. ഡിസംബര്‍ മാസം ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളത്തിന്റെ പൊതുകടം 1.50 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 2.50 ലക്ഷം കോടി രൂപയാണ്. ആളോഹരി കടം 46,078 രൂപയില്‍ നിന്ന് 72,430 രൂപയില്‍ എത്തി.
വിദേശത്തു നിന്ന് മസാല ബോണ്ട് വഴി 2150 കോടി രൂപ കിഫ്ബി വായ്പ എടുത്തത് 9.73 ശതമാനം പലിശയ്ക്കാണ്. ആ സമയത്ത് ഇന്ത്യയിലെ ബാങ്കുകള്‍ 8 – 8.5 ശതമാനം പലിശയ്ക്ക് വായ്പ കൊടുക്കുന്നുണ്ടായിരുന്നു എന്നോര്‍ക്കണം. നബാര്‍ഡില്‍ നിന്ന് 565 കോടി രൂപ 9.30 ശതമാനം പലിശക്ക്, എസ്ബിഐ 1000 കോടി രൂപ 9.15 ശതമാനം, ഇന്ത്യന്‍ ബാങ്ക് 500 കോടി രൂപ 9.15 ശതമാനം പലിശയ്ക്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 500 കോടി 8.95 ശതമാനം പലിശയ്ക്ക്…അതൊരു നീണ്ട പട്ടികയാണ്.
2017-18 ല്‍ നമ്മുടെ റവന്യു ചെലവിന്റെ 25 ശതമാനവും ചെലവഴിച്ചത് കടം എടുത്ത വായ്പകളുടെ പലിശ അടയ്ക്കാന്‍ മാത്രമായിരുന്നു. ബാക്കി റവന്യു ചെലവിന്റെ 50 – 55 ശതമാനം പോകുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനും. 2017-18 ല്‍ അതായിരുന്നു അവസ്ഥ എങ്കില്‍ ഇപ്പോള്‍ അത് എത്രയാകും എന്നൂഹിക്കാമല്ലോ. കിഫ്ബി വായ്പകളുടെ കൊള്ള പ്പലിശ അടച്ചു തീര്‍ക്കാന്‍ തന്നെ വേറെ കടം എടുക്കേണ്ടിവരും.
കടം എടുക്കുന്നതിനെക്കുറിച്ചു അല്ലാതെ വേറെ ഒന്നിനെക്കുറിച്ചും സംസാരമില്ല. കേരളത്തിലേക്ക് പുതിയ വ്യവസായ സ്ഥാപനങ്ങളെ കൊണ്ടുവരുന്നതിനെക്കുറിച്ചോ, ടൂറിസം പോലുള്ള മേഖലകളില്‍ വന്‍ മുതല്‍മുടക്ക് നടത്തണം എന്നോ, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നോ, നികുതി വരുമാനം വര്ധിപ്പിക്കണമെന്നോ ഒന്നും ആരും പറയുന്നില്ല. അതേസമയം ചൈനയില്‍ നിന്നും നിക്ഷേപം ഇന്ത്യയിലേക്ക് വരുന്നത് ഇന്ത്യയിലെ തൊഴിലാളികളെ ചൂഷണം ചെയ്യാനാണെന്ന് സഖാക്കള്‍ കണ്ടെത്തിക്കഴിഞ്ഞു
കടം എടുക്കണം, അത്രതന്നെ. കേന്ദ്രം കടമെടുപ്പ് പരിധി കൂട്ടിയപ്പോള്‍ വീണ്ടും കേരളത്തിന്റെ ചെലവ് വര്‍ധിക്കുകയാണ്. ഈ കടം എടുക്കുന്ന പണം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പ്രളയ വായ്പ കൈകാര്യം ചെയ്ത രീതിയില്‍ നിന്ന് തന്നെ ഊഹിക്കാം.
നമ്മള് കൊടുക്കുന്ന നികുതിയൊക്കെ എങ്ങോട്ടാണ് പോകുന്നത്? ഭൂനികുതി, കെട്ടിടനികുതി, വാറ്റ്, സെസ്, പ്രൊഫഷണല്‍ ടാക്സ്, റോഡ് നികുതി, രജിസ്ട്രേഷന് നികുതി, മറ്റു നികുതികള്‍ എന്നിവയൊക്കെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് പോകുന്നത്. സര്‍ക്കാര്‍ നല്കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസും ഈടാക്കുന്നുണ്ട്.
മദ്യത്തിന് 230% വരെ നികുതി, ലോട്ടറി എന്നിവയില്‍ നിന്നെല്ലാം സംസ്ഥാന സര്‍ക്കാരിന് വരുമാനം ലഭിക്കുന്നു. അതോടൊപ്പം ജിഎസ്ടി വിഹിതം, ഗ്രാന്റുകള്‍ എന്നിവ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നു. അതുകൂടാതെ ഇന്‍കം ടാക്സ്, കോര്‍പ്പറേറ്റ് ടാക്സ് തുടങ്ങിയവയുടെ വിഹിതവും ഫിനാന്‍സ് കമ്മീഷന് നിശ്ചയിക്കുന്ന അനുപാതത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. നിലവില്‍ 42 ശതമാനമാണ് ആണ് ഈ നിരക്ക്.
എന്തായാലും അടുത്ത ആറ് മാസത്തേക്ക് ഈ കടം കൊണ്ട് ശമ്പളവും, പെന്‍ഷനും, വായ്പയുടെ പലിശയും എല്ലാം കൊടുക്കാം. അതുകഴിഞ്ഞോ? അപ്പോഴേക്കും തിരിച്ചടക്കേണ്ട പലിശ ഇപ്പോള്‍ അടയ്ക്കുന്നതിന്റെ എത്രയോ അധികമാകും?
അപ്പോള്‍ നേരെ പോസ്റ്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് ചെയ്യും. അവിടെ കുത്തിയിരുന്നു കടം തരാത്ത കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കും. തൊഴിലില്ലായ്മയ്ക്കെതിരെ നേതാക്കള്‍ ആഞ്ഞടിക്കും അതാണല്ലോ ആകെ അറിയാവുന്ന പരിഹാരം. കടം വാങ്ങിച്ച് ചെലവ് നടത്തുന്ന, പണം ഇല്ലെങ്കില്‍ കമ്മട്ടം എടുത്ത് അടിച്ചിറക്കണം എന്ന് പറയുന്ന ഇതുപോലുള്ള ധനകാര്യ മാനേജ്മന്റ് വേറെ എവിടെയാണ് ഉണ്ടാകുക?
കേരളത്തിലെ മാധ്യമങ്ങള്‍ ഈ കടമെടുപ്പ് പരിധി വര്‍ധിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി കണ്ട് ആഘോഷിക്കുകയാണ്. പ്രതിപക്ഷം ആകട്ടെ ഇതൊക്കെ തുറന്നുകാട്ടാന്‍ പോലുമാകാതെ ഇരുട്ടില്‍ തപ്പുന്നു. കടം വാങ്ങിച്ചു ചെലവ് നടത്താന്‍ ആണെങ്കില്‍ പിന്നെന്തിനാണ് ഇതുപോലുള്ള ഭരണം? കുറച്ചു ഉദ്യോഗസ്ഥരുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.
എന്തായാലും ആഘോഷം നടക്കട്ടെ. വല്ലാത്ത ഒരു അവസ്ഥതന്നെയാണ് ഇത്. അടുത്ത തിരഞ്ഞെടുപ്പ് സമയം വരെ ചിന്തിക്കാനുള്ള ശേഷിയുള്ള ഭരണാധികാരികളാണ് നമ്മുടെ ശാപം. നാട് മുന്നേറണം എങ്കില്‍ ദീര്‍ഘവീക്ഷണം ഉള്ള ആളുകള്‍ അധികാരത്തില്‍ ഇരിക്കണം. അതിന് ആദ്യം വോട്ട് ചെയ്യുന്നവര്‍ക്ക് തിരിച്ചറിവ് ഉണ്ടാകണം. അതല്ലാതെ ഭരണാധികാരികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: