മണിച്ചിത്രത്താഴില്‍ നാഗവല്ലിയായും ഗ്രാമീണ സുന്ദരി ഗംഗയായും മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രി ശോഭന പകര്‍ന്നാടിയപ്പോള്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമാണ് ലഭിച്ചത്. നടന്‍ വിനീതിന്റെ വേറിട്ട മുഖത്തിലൂടെ ശ്രദ്ധേയമായ ‘മാനത്തെ വെള്ളിത്തേരിലെ’ മെര്‍ലിന്‍ ഫെര്‍ണാണ്ടസ് ഈ കഥാപാത്രങ്ങളുടെയെല്ലാം വസ്ത്രാലങ്കാരത്തിന് വേലായുധന്‍ കീഴില്ലം സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡു നേടി.
പത്മരാജന്‍, ഭരതന്‍, ഫാസില്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, സിദ്ദിഖ് ലാല്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, ലോഹിതദാസ്, രഞ്ചിത്ത്… ഇന്നത്തെ ന്യൂജെന്‍ സിനിമകളില്‍ വരെ വ്യത്യസ്ത വേഷവിധാനമൊരുക്കിയ പ്രതിഭാധനന്‍ വേലായുധന്‍ കീഴില്ലം മലയാള സിനിമാലോകത്തെയാകെ ദുഃഖത്തിലാഴ്‌ത്തി കടന്നുപോവുകയായിരുന്നു ഇക്കഴിഞ്ഞ ഏപ്രില്‍ 28 ലെ ഞായറാഴ്ച. അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ച ബിഗ് ബ്രദര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ലൊക്കേഷനില്‍ തന്റെ കലാജീവിതത്തെക്കുറിച്ച് ആ നന്മയുള്ള കലാകാരന്‍ പറയുന്നു.
പ്രേംനസീര്‍ കാലം മുതല്‍ ഇന്നോളം മലയാള സിനിമയില്‍ മറ്റാര്‍ക്കും കൊടുക്കാന്‍ പറ്റാത്ത വേഷവിധാനമായിരുന്നു താങ്കളുടേത്?
ബാലചന്ദ്രമേനോന്റെ ഷാനവാസ് ചിത്രം പ്രേമഗീതങ്ങളായിരുന്നു ഞാന്‍ സ്വതന്ത്ര വസ്ത്രാലങ്കാരകനായ ആദ്യ ചിത്രം. പത്താംതരം കഴിഞ്ഞ് സ്വയം തൊഴില്‍ കണ്ടെത്തി ജീവിതത്തിലേക്കിറങ്ങിയപ്പോള്‍ സിനിമയെക്കുറിച്ച്, അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഉണ്ണിച്ചേട്ടന്റെ തയ്യല്‍ കടയില്‍ പോയിരുന്ന് സൂചിക്ക് നൂല്‍ കോര്‍ക്കുന്ന ഏകാഗ്രമായ വിദ്യ അഭ്യസിച്ചു. അങ്ങനെ തയ്യല്‍ കടകളില്‍ ജോലിക്കാരനായി അമ്മയോടൊപ്പം കഴിയുന്ന കാലം. അക്കാലത്ത് നാട്ടില്‍ ഒരു ഷൂട്ടിങ് നടന്നപ്പോള്‍ അവരിലൊരാള്‍ ഞാന്‍ ജോലി ചെയ്തിരുന്ന ഷോപ്പില്‍ ഒരു തയ്യല്‍ക്കാരനെ തിരക്കി വന്നു. ”നിങ്ങള്‍ക്ക് വിശ്വസിച്ചേല്‍പ്പിക്കാന്‍ പറ്റിയ ഒരാളുണ്ട്, വേലായുധന്‍. നാളെ വന്നാല്‍ കാണാം.” കടയുടമ പറഞ്ഞു. ”ഞങ്ങള്‍ക്ക് ഇത്തരം ഡ്രസ്സുകളാണ് ആവശ്യം” അവര്‍ പറഞ്ഞു, എങ്ങനെ ചെയ്യും? സിനിമയിലെ രീതി അറിയില്ല എനിക്ക്. എന്നാല്‍ എല്ലാം ആത്മാര്‍ത്ഥമായി ചെയ്തുതരാം എന്നുപറഞ്ഞ് ഞാനാ മേഖലയിലേക്ക് കാല്‍വക്കുകയായിരുന്നു. നമ്മള്‍ ആഗ്രഹിക്കുന്ന വഴിയേ ദൈവം കൊണ്ടുവിടുക, അതായിരുന്നു എന്റെ ജീവിതം.
ഫാസില്‍, സിദ്ധിക്-ലാല്‍ ചിത്രങ്ങളിലെ സ്ഥിരം കോസ്റ്റൂമറായിരുന്നു?
സിദ്ധിക്-ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രം പപ്പന്‍ പ്രിയപ്പെട്ട പപ്പനില്‍ ഞാന്‍ സിദ്ധിക്-ലാലിനെ പരിചയപ്പെടുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ഫാസില്‍ ചിത്രത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സിദ്ധിക്-ലാല്‍ അതില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. തുടര്‍ന്ന് അവരുടെ എല്ലാ ചിത്രങ്ങളിലും എനിക്ക് അവസരം കിട്ടി. റാംജിറാവ് സ്പീ
ക്കിങ്ങിനുശേഷം മലയാള സിനിമയില്‍ കളര്‍ഫുള്‍ കോസ്റ്റ്യൂംസ് ട്രന്റ് കടന്നുവരികയായിരുന്നു. ജോണ്‍ ഹോനായ്, അഞ്ഞൂറാന്‍ എന്നീ കഥാപാത്രങ്ങളുടെ മികവും ഇന്‍ഡസ്ട്രിയില്‍ എന്നെ ശ്രദ്ധേയനാക്കി. സിദ്ധിക്ക് വിജയ് ടീമിന്റെ ഫ്രണ്ട്‌സ്, കാവലന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ഞാന്‍ തന്നെ വര്‍ക്ക് ചെയ്തു. ഫാസില്‍ സാറിന്റെ മണിച്ചിത്രത്താഴ്, മാനത്തെ വെള്ളിത്തേര് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളും എനിക്ക് കിട്ടി. ആത്മാര്‍ത്ഥമായ ജോലിയും വിനയവും കൊണ്ടുകൂടിയാണ് ഈ മഹാരഥന്മാരുടെ ചിത്രങ്ങളില്‍ തുടര്‍ച്ചയായി സഹകരിക്കാന്‍ ഭാഗ്യമുണ്ടായത് എന്നും ഞാന്‍ മനസ്സിലാക്കുന്നു.
ശിഷ്യ സമ്പത്ത്?
ശിഷ്യന്മാരെ സൃഷ്ടിക്കാനുള്ള പാണ്ഡിത്യമൊന്നും എനിക്കില്ല. ഞാനെന്നും എന്റെ മേഖലയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. ചെറുതും വലുതുമായ എല്ലാ മേഖലകളെയും കുറിച്ച് നോക്കി മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഇന്ന് ഇന്‍ഡസ്ട്രിയില്‍ തിളങ്ങുന്ന ഒട്ടു മുക്കാല്‍ പേരും എനിക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്, ഇന്ദ്രന്‍സ് ഉള്‍പ്പെടെ. വേലായുധനുമൊന്നിച്ച് വര്‍ക്ക് ചെയ്തവരാണെങ്കില്‍ കഠിനാദ്ധ്വാനികളായിരിക്കുമെന്ന് പല സംവിധായകരും പറയുന്നത് സന്തോഷത്തോടെ ഞാനും കേട്ടിട്ടുണ്ട്.
നാലു വര്‍ഷം മുന്‍പ് അകാലത്തില്‍ മരണമടഞ്ഞ ശാന്തകുമാരിയാണ് ഭാര്യ. ആ ആഘാതം കുറച്ചൊന്നുമല്ല ഈ സൗമ്യ ഹൃദയനെ വേദനിപ്പിച്ചത്. കുറച്ചുകാലം സിനിമയില്‍നിന്ന് വിട്ടുനിന്നു. വൈശാഖ് മകനും പ്ലസ്ടു വിദ്യാര്‍ത്ഥിനി അശ്വതി മകളും.
വേലായുധന്‍ കീഴില്ലത്തിന്റെ സ്‌നേഹഭാഷണത്തിനിടയില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷംസുദ്ദീന്‍ കടന്നുവരികയായിരുന്നു സച്ചിദാനന്ദന് വേഷവിധാനം നിര്‍വഹിക്കാന്‍. സംഭാഷണത്തിന് ഇടവേളയിട്ട് മോഹന്‍ലാലിന്റെ കാരവനിനകത്തേക്ക് വേലായുധന്‍ കീഴില്ലം നടന്നകന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: