ബേലൂരിലെപ്പോലെ കാഴ്ചകളുടെ പറുദീസ തന്നെയാണ് ഹാലേബീഡും. ബേലൂരില്‍നിന്ന് 16കിലോമീറ്റര്‍ ആണ് ഈ ക്ഷേത്രത്തിലേക്ക് ദൂരം. ഒരു ഓട്ടോറിക്ഷയില്‍ കയറി അവിടെയെത്തി. ദ്വാര സമുദ്ര എന്നായിരുന്നു ഹാലേബീഡ് അറിയപ്പെട്ടിരുന്നത്. ഇവിടം ആയിരുന്നു രാജ്യ തലസ്ഥാനവും. മാലിക് കഫുറിന്റെ നിരന്തര ആക്രമണത്തിനുശേഷമാണ് ഹാലേബീഡ് എന്ന പേര് വന്നത്. നശിക്കപ്പെട്ട നഗരം എന്നത്രേ ഭാഷാന്തരം. വിജനതയുടെയും മൂകതയുടെയും നഷ്ടപ്രതാപത്തിന്റെയും നൊമ്പരങ്ങള്‍ ഘനീഭവിച്ചു വര്‍ഷിക്കാന്‍ ആരുടെയോ ആജ്ഞ കാത്തുകിടക്കുന്ന ഒരു അന്തരീക്ഷം. യാത്രികരെ കാത്തിരിക്കുന്ന ഒന്നുരണ്ടു ഗൈഡുകള്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്താതെ തറയില്‍ ഇരിക്കുന്നു. വെട്ടിയൊരുക്കിയ വിശാലമായ പുല്‍മൈതാനവും, മതിലുകള്‍ തീര്‍ക്കുന്ന പൂച്ചെടികളും ആ സമുച്ചയങ്ങളെ ഏറെ ചേതോഹരമാക്കുന്നു. മൈതാനത്തിലെ വിജനതയില്‍ ചാരുബെഞ്ചിലിരുന്ന് പ്രണയത്തിന്റെ ആകുലതകള്‍ പങ്കുവയ്ക്കുന്ന യുവമിഥുനങ്ങള്‍ മൂകതയെ തെല്ലും ഭഞ്ജിക്കുന്നുമില്ല.
കോതമല്ലന് എന്ന അമാത്യനത്രേ ഈ ഇരട്ട ക്ഷേത്രങ്ങളുടെ നിര്‍മാണ ചുമതല നിര്‍വഹിച്ചത്. 1121 എ.ഡിയില്‍ ആണ് ഇത് പൂര്‍ത്തീകരിക്കുന്നതെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ക്ഷേത്രത്തിനുള്ളില്‍ രണ്ടു ഗര്ഭഗൃഹങ്ങളിലായി ഹൊയ്സാലേശ്വരനും ശാന്തളേശ്വരനുമായി സാക്ഷാല്‍ പരമശിവന് കുടികൊള്ളുന്നു. ബേലൂര്‍ ക്ഷേത്രത്തിലേതുപോലെ നക്ഷത്ര മാതൃകയിലാണ് ഈ ക്ഷേത്രവും നിര്‍മിച്ചിരിക്കുന്നത്. കരിങ്കല്‍ പാളികള്‍കൊണ്ട് ഉയര്‍ത്തിയ വിതാനം കണ്ണാടിയെ തോല്പ്പിക്കുംവിധം വെട്ടിത്തിളങ്ങുന്നു. കിഴക്കോട്ടു രണ്ടു പ്രവേശന ദ്വാരവും, ഉത്തര-ദക്ഷിണ ദിശയിലേക്കായി ഓരോ ദ്വാരവും ഇവിടെ കാണുന്നു.
ബേലൂരിലെ ശില്പവൈഭവം ക്ഷേത്ര അകത്തളങ്ങളില്‍ ആണെങ്കില്‍ ഇവിടെ അത് പുറം ചുമരുകളില്‍ ആണെന്ന് മാത്രം. രാമായണ മഹാഭാരത ഭാഗവത കഥാ സന്ദര്‍ഭങ്ങള്‍ ഇവിടെ ദൃശ്യാവിഷ്കാരങ്ങളായി ശില്പ്പങ്ങളിലൂടെ ജീവന് വയ്ക്കുന്നു. ധ്വംസനങ്ങളുടെ ആഘാതങ്ങളാല്‍ ഇടയ്ക്ക് ഇടിവ് ഏറ്റിട്ടുണ്ട് എങ്കിലും ബാക്കിയുള്ളവ പ്രൗഢമായ ദൃശ്യഗരിമയ്ക്കു ആക്കം കൂട്ടുന്നവ തന്നെയാണ്. അംഗഭംഗം വന്ന ശില്‍പ്പത്തിന്റെ മികവിനെയല്ല, മറിച്ച് അക്രമിയുടെ മനോനിലയെ ആണ് ഇവിടെ പ്രകടമാക്കുന്നത്. മദത്താല്‍ മനോനില തെറ്റിയ ചിലരുടെ വിക്രിയകള്‍ നമ്മെ വ്രണിത മാനസര്‍ ആക്കും. ക്ഷേത്രത്തിന് വെളിയിലായി കിഴക്കുവശത്തു ഒരു വലിയ ഗണേശ വിഗ്രഹം ഏറെ കൗതുകമുണര്‍ത്തുന്നു. അതിന്റെ ആകാരവും ചാരുതയും അംഗഭംഗങ്ങള്‍ ഏറ്റിട്ടുണ്ട് എങ്കിലും ഏറെ കമനീയമാണ്. രാജഭരണകാലത്തു രാജാവും രാജ്ഞിയും വിഘ്നേശ്വരന് അര്‍ഘ്യങ്ങള്‍ അര്‍പ്പിച്ചതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കുക പതിവുള്ളൂ. എപ്പോഴും അര്ഘ്യങ്ങള്ക്കു പ്രഥമ ഗണനീയന്‍ ഗണപതി തന്നെയാണല്ലോ. ഇപ്പോഴും ആ അര്ഘ്യങ്ങള്ക്ക് കാതോര്‍ത്തു ഇരിക്കുകയല്ലേ ഗണേശന് എന്ന് തോന്നിപ്പോകും ആ ഭാവം കണ്ടാല്‍.
ശൈവ ആചാരപ്രകാരം ആണ് വിഘ്നേശ്വരന് എങ്കില്‍ വൈഷ്ണവാചാര പ്രകാരം അത് നരസിംഹമത്രേ. കോതമല്ലന്റെ രാജഭക്തിയും ശൈവഭക്തിയും പരസ്പര പൂരകങ്ങളായി ഹോയ്സാലേശ്വരനായും ശാന്താളേശ്വരനായും നമ്മെ ഗതകാല പ്രൗഢിയുടെ നിസ്സീമതയിലേക്കു കൊണ്ടുചെന്നെത്തിക്കും. രണ്ടു ശ്രീകോവിലിനും മുന്നിലായി ജീവന് തുടിക്കുന്ന രണ്ടു കൂറ്റന്‍ നന്ദിയുടെ പ്രതിഷ്ഠയുണ്ട്.ഋഷഭദേവന്റെ സ്വതസിദ്ധമായ ഇരുപ്പും ഗന്ധംപോലും വമിക്കുന്നുണ്ടോ എന്ന് ആഷാമേനോന് പറഞ്ഞപോലെ മേല്‍ച്ചുണ്ടിലെ സ്വേദ കണങ്ങള്‍ കൂടി നാം അതില്‍ കണ്ടേക്കാം. ജപമാല കൈയിലേന്തി വിരിഞ്ചനും, രുദ്രാക്ഷമാലയണിഞ്ഞു ഡമരുവും ഏന്തി ശങ്കരനും, ശംഖ ചക്ര ഗദാ പങ്കജങ്ങളോടെ മഹാവിഷ്ണുവും ദ്വാരപാലക സമേതം വന്നു ഭക്തജനങ്ങളെ അനുഗ്രഹിക്കാനെന്നവണ്ണം നിലയുറപ്പിച്ചിരിക്കുന്നു. പൂര്‍ണതയുടെയും കൃത്യതയുടെയും കാര്യത്തില്‍ അദ്വിതീയമാണ് ഈ ത്രിമൂര്‍ത്തി ശില്പങ്ങള്.
പാരിജാത അപഹരണത്തോടനുബന്ധിച്ച് ദേവേന്ദ്രനും ശ്രീകൃഷ്ണനും ഐരാവത ഗരുഡാരൂഢരായി പത്നീസമേതം യുദ്ധത്തില്‍ ഏര്‍പ്പെടുന്നതും, ദശമുഖന്റെ കൈലാസോദ്ധാരണവും, ഭീതിപൂണ്ട പാര്‍വ്വതീ ദേവിയും മറ്റു ഭൂതഗണങ്ങളും മന്ദഹാസം പൊഴിക്കുന്ന മഹേശ്വരനും എല്ലാം ശില്പ സൗന്ദര്യത്തിന്റെ അവാച്യമായ അനുഭൂതിയിലേക്കു നമ്മെ കൊണ്ടുചെന്നെത്തിക്കും. ഉളിക്കു വഴങ്ങാത്ത കരിങ്കല്ലുകളാല്‍ ഇത്രയും ഗഹനമായ വിഷയങ്ങള്‍ ഇത്രയും കൃത്യതയോടെയും ചാരുതയോടെയും ആവിഷ്കരിച്ച ധിഷണാശാലികളായ ശില്പികളെ നമിക്കാതെ വയ്യ. ശ്രീകൃഷ്ണന്റെ ഗോവര്‍ദ്ധനോദ്ധാരണം ദൃശ്യഭംഗികൊണ്ടും മിഴിവുകൊണ്ടും ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. കണ്ണന്റെ കള്ളച്ചിരിയും, പര്‍വതത്തിനു താഴെ അഭയംപ്രാപിച്ച ഗോക്കളും ഗോപാലരും മറ്റു ഗോകുലവാസികളും എന്നുവേണ്ട സകല ജന്തുജാലങ്ങളും അവിടെ അഭയം തേടി വൃന്ദാവനത്തിന്റെ മധുര സ്മരണകള്‍ ഉണര്‍ത്താന്‍ പര്യാപ്തമാണ്.
ഗജത്തിന്റെ രൂപമെടുത്തു പരമേശ്വരനെ നിഗ്രഹിക്കാന്‍ ശ്രമിച്ച അസുരനെ വധിച്ച് തോലെടുത്ത് ഗജചര്മാംമ്പധാരിയായും, ഹിരണ്യാക്ഷനെ വധിച്ച് ധരിത്രിയെ രക്ഷിക്കുന്ന വരാഹമൂര്ത്തിയായും, ഹരിയും ഹരനും ചേര്‍ന്ന് ഹരിഹരനായും ഉള്ള നിരവധി അവതാര രഹസ്യങ്ങള്‍ ഇവിടെ ശില്പങ്ങളിലൂടെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സാങ്കല്പികവും ഭാവനാത്മകവുമായ മകരശാര്ദൂലം എന്ന ആറു മൃഗങ്ങളുടെ സംയോജനം ഇതില്‍ നമുക്ക് ദര്‍ശിക്കാം. ചക്രവ്യൂഹം ഭേദിച്ച് ഒന്‍പതു മഹാരഥന്മാരോട് (ശല്യര്‍, ശകുനി, ദുര്യോധനന്, ദുശ്ശാസനന്, അശ്വത്ഥാമാവ്, കൃപര്‍, കൃതവര്‍മാവ്, കര്ണന്, ദ്രോണര്) ഒരേസമയം യുദ്ധം ചെയ്യുന്ന ബാലകനായ അഭിമന്യുവും, രാമായണത്തിലെ സപ്തസാല ഭേദനവും എല്ലാം ഏറെ വിസ്മയജനകമാണ്. സീതാന്വേഷണം, പൂതനാമോക്ഷം, ശകടാസുരവധം അങ്ങനെ എത്രയെത്ര ശില്പ വിസ്മയങ്ങള്‍ വര്‍ണനകള്‍ക്കും കാലത്തിനും അതീതമായി ഇവിടെ നിലകൊള്ളുന്നു. ഈ പുരാണ ഇതിഹാസങ്ങളിലൂടെ യാത്ര ചെയ്ത അനുഭൂതി ആണ് നമുക്കിവിടെ അനുഭവവേദ്യമാവുക. ആ കാലഘട്ടങ്ങള്‍ ഇരുണ്ട യുഗങ്ങള്‍ അല്ല, സൗഭഗങ്ങളുടെ സുവര്‍ണയുഗം ആണെന്ന് അടിവരയിട്ടു പ്രസ്താവിക്കാന്‍ ഇതില്പരം തെളിവ് എന്ത് വേണം?
ഈ ശില്പ സമുച്ചയങ്ങള്‍ എല്ലാവിധ അധിനിവേശത്തിന്റെയും ഭര്‍ത്സനങ്ങള്‍ പേറി അതിജീവിച്ചവ മാത്രം. അവ കൂടി ഇന്ന് അന്യംനിന്ന് പോകാതെ പൂര്‍ണരൂപത്തില്‍ അവശേഷിച്ചിരുന്നു എങ്കിലോ? എന്തായിരിക്കും ആ കാലഘട്ടത്തിന്റെ യഥാര്‍ത്ഥ മുഖം എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഇതിനു പുറമെയാണ് സമീപസ്ഥമായ ഒരു ജൈന ക്ഷേത്രം. അങ്ങിങ്ങായി അപൂര്‍ണത അനുഭവപ്പെടുന്നുവെങ്കിലും മുഴുനീള പ്രതിമകള്‍ നിര്‍വാണത്തിന്റെ സാന്ത്വന സ്പര്‍ശവുമായി മരുവുന്നു. നിരവധി ശിലാലിഖിതങ്ങള്‍ ചുമരുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ലിഖിതങ്ങളിലൂടെ എന്ത് ശാന്തിമന്ത്രമായിരിക്കാം നമുക്കായി ആലേഖനം ചെയ്തിരിക്കുന്നത്. ശാസ്ത്രീയമായി പരിരക്ഷകളുടെ അഭാവം ഇവിടെ ഏറെ പ്രകടമാണ്. പുറമെ അല്പബുദ്ധികളായ യാത്രികരുടെ വിക്രിയകളും.
ഏതൊരു യാത്രികനും നിറഞ്ഞ മനസ്സുമായും എന്നാല്‍ അകതാരില്‍ നീറുന്ന നൊമ്പരങ്ങളുമായും കൂടിയാകും ഇവിടെനിന്നും മടങ്ങുക. ശില്പ്പങ്ങളില് ഏറ്റ ക്ഷതങ്ങള്‍ ആരുടെ ഹൃദയത്തിലും ചാട്ടുളിപോലെ തറഞ്ഞു വെന്തു നീറുകതന്നെ ചെയ്യും. വരും തലമുറയ്ക്കായി നാം എന്ത് സ്വരുക്കൂട്ടി വച്ചിട്ടുണ്ട് എന്ന ചോദ്യത്തിനു എന്ത് ഉത്തരം നല്‍കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: