Categories: Main Article

അമ്മമാരെ ഏറെ അടുത്തറിഞ്ഞ കാലം

ലോക്ഡൗണിലെ വീട്ടു തടങ്കല്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ആദ്യം എന്തുചെയ്യും? ഇങ്ങനെ ഒരു ചോദ്യത്തിന് കിട്ടിയ ഉത്തരങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു: അമ്മയെ കൂട്ടി ഒരു യാത്ര പോകും. ചിന്തിപ്പിക്കുന്ന, വേദനിപ്പിക്കുന്ന, തിരിച്ചറിവു നല്‍കുന്ന ഉത്തരമായിരുന്നു അത്.  അടച്ചിടലിന്റെ ദുരിതം എത്ര വലുതെന്ന് അന്നോളം അനുഭവിക്കാത്ത ഒരു മകന്‍, വീടിന്റെ അകത്തളങ്ങളില്‍ മാത്രമായി സ്വജീവിതം ചുരുങ്ങിപ്പോയപ്പോള്‍ അയാള്‍ അറിയുകയായിരുന്നു തന്റെ അമ്മയുടെ ജീവിതം. തനിക്ക് വേണ്ടി, കുടുംബത്തിന് വേണ്ടി വര്‍ഷങ്ങളോളം ‘സ്വയം ക്വാറന്റൈനില്‍” കഴിഞ്ഞ അമ്മയെ അടുത്തറിഞ്ഞപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ലോകം അല്ലാതെ മറ്റെന്താണ് ആ മകന്‍ സമ്മാനമായി നല്‍കുക…

അമ്മ, എല്ലാ വിശേഷണങ്ങള്‍ക്കും അതീതമായ പദം. ത്യാഗത്തിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ എല്ലാം പര്യായം. ജീവിതത്തില്‍ അമ്മ പുലര്‍ത്തുന്ന ഉത്തരവാദിത്വങ്ങളോളം വരില്ല മറ്റൊന്നും. ഉണരും മുതല്‍ രാവേറും വരെ ഏതെതെല്ലാം ജോലികളിലാണ് അവര്‍ വ്യാപൃതരായിരിക്കുന്നത്. എന്നാല്‍, ന്യൂജെന്‍ അമ്മമാര്‍ ഇങ്ങനെയൊന്നും അല്ല എന്നൊരു പക്ഷമുണ്ട്. പക്ഷേ, നാം എന്നും ഇഷ്ടത്തോടെ ഓര്‍ക്കുന്ന അമ്മ സങ്കല്‍പം അന്നും ഇന്നും പഴയതുതന്നെ. അമ്മ കേന്ദ്രീകൃതമായ കുടുംബ വ്യവസ്ഥിതിയുടെ ഭാഗമായിരുന്നവര്‍ക്ക് ആ ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു ഈ ലോക്ഡൗണ്‍ കാലം. പുതുതലമുറയ്‌ക്ക് അമ്മയെ കൂടുതല്‍ അടുത്തറിയുന്നതിനുള്ള അവസരവും. പുരുഷന് സ്വന്തം അമ്മയെ മാത്രമല്ല, തന്റെ കുഞ്ഞുങ്ങളെ എല്ലാ തിരക്കുകള്‍ക്കിടയിലും പരിപാലിക്കുന്ന ഭാര്യയേയും തിരിച്ചറിയാനുള്ള അവസരമായിരുന്നു കഴിഞ്ഞുപോയ ഈ രണ്ട് മാസം. ഇത് പുരുഷന്മാരുടെ കാര്യം. എന്നാല്‍ ഒരു സ്ത്രീ അമ്മയെ അറിയുന്നത് അവളിലൂടെ തന്നെയാണ്. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക്, കുഞ്ഞുങ്ങളുടെ പരിപാലനത്തിലേക്ക് അവള്‍ സ്വയം സമര്‍പ്പിക്കപ്പെടുന്നതിലൂടെ.

തിരക്കിന്റെ ലോകത്തു നിന്നാണ് കൊറോണ കാലം നമ്മെ വലിച്ചിറക്കിയത്. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുന്നില്ലെന്ന് ആത്മാര്‍ത്ഥമായി പരിതപിച്ചവര്‍ക്ക് ഇഷ്ടം പോലെ സമയം. രാവിലെ ജോലിക്കായിറങ്ങിയാല്‍ അന്തികഴിഞ്ഞ് ഒരു നേരത്ത് വീട്ടിലെത്തുന്നവര്‍ക്ക്, പകല്‍ നേരങ്ങളിലെ വീട്ടുകാര്യങ്ങളും അറിയാന്‍ കഴിഞ്ഞു. ഒഴിവുദിവസങ്ങളില്‍ പോലും വീട്ടിലിരിക്കാന്‍ ഇഷ്ടപ്പെടാത്തവരും വീട്ടിലെ മറ്റ് അംഗങ്ങളോടൊപ്പം സമയം പങ്കിട്ടു. അതിന്റെ ആനന്ദം അനുഭവിച്ചു.  

കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം എന്നത് ഒരു സൃഷ്ടിക്കലാണ്. അതിന്റെ സ്രഷ്ടാക്കളാണ് വീട്ടിലെ ഓരോരുത്തരും. അതിന്റെ ആണിക്കല്ല് എപ്പോഴും കുടുംബനാഥയായിരിക്കും. അവരിലൂടെയാണ് കുടുംബത്തിന്റെ അച്ചുതണ്ട് കറങ്ങുന്നത്. പണ്ട്, സൂര്യനെപ്പോലും കാണാതെ ‘കുടിയിരുത്തപ്പെടുന്ന’ ‘വേളി’കളെക്കുറിച്ച് വി.ടി. ഭട്ടതിരിപ്പാട് പറഞ്ഞു. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് അവരെ ഇറക്കാന്‍ പറഞ്ഞു. അവരുടെ ‘ലോക്ഡൗണ്‍ ജീവിതം’ എന്തായിരുന്നുവെന്ന് ഇന്ന് നാമോരോരുത്തരും അറിയുന്നു. അവരെപ്പോലെ വീട്ടിലൊതുങ്ങുന്നവരുടെ ത്യാഗത്തിന്റെ വിലയറിഞ്ഞു. വീട്ടകങ്ങളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞ കുടുംബിനികളില്‍ നിന്ന് ഇന്ന് ഏത് രംഗത്തും സാന്നിധ്യമാകുന്ന നിലയിലേക്കുള്ള അവളുടെ വളര്‍ച്ചയ്‌ക്ക് പിന്നില്‍ അതിജീവനത്തിന്റെ ഒരുപാട് കഥകളുണ്ട്. അതിനുള്ള കരുത്ത് നേടിയതും അബലയെന്ന് മുദ്രകുത്തപ്പെട്ട അവളുടെ പൂര്‍വ്വികരില്‍ നിന്നുമാണ്.

ഓരോ വ്യക്തിയേയും ഉള്‍ക്കരുത്തുള്ളവരാക്കി തീര്‍ക്കുന്നതില്‍ പ്രധാന പങ്ക് അമ്മയ്‌ക്കാണ്. ലോകത്തിലേക്ക് അമ്മ തുറന്നുവച്ച കണ്ണുകളിലൂടെയാണ് ഓരോരുത്തരും ലോകം കാണുന്നതും അറിയുന്നതും. ഈ ലോക് ഡൗണ്‍ കാലം ആ മാതൃവാത്സല്യം ആവോളം നുകരാന്‍ ഭാഗ്യം കിട്ടിയവര്‍ നിരവധിയുണ്ടാകും. അമ്മയില്ലല്ലോ കൂടെ എന്ന് നൊമ്പരപ്പെട്ടവരും ഏറെ. മക്കളെ കാണാതെ ഒറ്റപ്പെട്ട അമ്മമാരും, മക്കളെ കണ്‍കുളിര്‍ക്കെ കാണാന്‍ സാധിച്ചവരുമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. അമ്മ കേന്ദ്രീകൃതമായ ആ പഴയ കുടുംബ വ്യവസ്ഥിതിയുടെ മഹിമയാണ് ഇപ്പോള്‍ പലര്‍ക്കും അനുഭവിച്ചറിയാന്‍ സാധിച്ചത്. മൊബൈല്‍ ഫോണും ടെലിവിഷനും കൊണ്ട് പുതുലോകം തീര്‍ത്ത്, തിരക്കില്‍ നിന്ന് തിരക്കിലേക്ക് പാഞ്ഞ ഇന്നത്തെ യുവതലമുറ കുടുംബം തന്നെയാണ് ഏറ്റവും വലിയ ശക്തിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച്, നാട്ടുവര്‍ത്തമാനങ്ങളും തമാശകളും പറഞ്ഞ്, പഴയകാല കളികള്‍ തിരിച്ചുപിടിച്ച് അങ്ങനങ്ങനെ…

ലോക്ഡൗണിന്റെ തുടക്കത്തില്‍ വിരസമാകും തുടര്‍ന്നുള്ള ദിവസങ്ങള്‍ എന്ന് കരുതിയവര്‍ പോലും വീട്ടകങ്ങളില്‍ മറ്റൊരു ലോകം തീര്‍ത്തു. ആ പഴയ കുടുംബ വ്യവസ്ഥിതിയെ തിരികെ പിടിച്ചു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. തീര്‍ച്ചയായും നേരം പുലരുമ്പോള്‍ മുതല്‍ രാത്രിയാകും വരെ കുടുംബാംഗങ്ങളുടെ ഇഷ്ടമറിഞ്ഞ് പ്രവര്‍ത്തിച്ച ആ സ്ത്രീ സാന്നിധ്യം തന്നെയാണ് അവിടെ താരം. അത് അമ്മയാകാം, ഭാര്യയാകാം, മകളാകാം, സഹോദരിയാവാം. കാരണം ഓരോ സ്ത്രീയിലും സ്വയം ത്യജിക്കാന്‍ സന്നദ്ധമാക്കുന്ന ഒരു മാതൃഭാവമുണ്ട്. ആ മാതൃഭാവത്തെയാണ് മാതൃദിനമായ ഇന്ന് മാത്രമല്ല എന്നും ആദരിക്കേണ്ടതും. അമ്മമാരെ, അമ്മമ്മമാരെ, അവര്‍ക്കും അമ്മയെ..

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: mother