ന്യൂദല്‍ഹി: വന്ദേഭാരത് മിഷന് അടുത്തയാഴ്ച മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം. കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, റഷ്യ, ജര്‍മ്മനി, സ്പെയിന്, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മെയ് 15 മുതല്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ പറക്കുന്നത്. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും യു.കെ, യുഎസ്, സിംഗപ്പൂര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കുമാണ് മിഷന്റെ ഭാഗമായി വിമാനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇന്നലെ മിഷന്റെ ഭാഗമായി അഞ്ച് വിമാനങ്ങളിലായി 911 പ്രവാസികള്‍ രാജ്യത്ത് മടങ്ങിയെത്തി. സിംഗപ്പൂരില്‍ നിന്ന് 243 യാത്രക്കാരുമായി രാവിലെ 11.30ന് ദല്‍ഹിയില്‍ ആദ്യ വിമാനമെത്തി. റിയാദ്-കോഴിക്കോട് വിമാനം രാത്രി എട്ടു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. ഈ വിമാനത്തില്‍ 84 ഗര്‍ഭിണികളും, 22 കുട്ടികളുമടക്കം 152 പ്രവാസികളാണ് തിരിച്ചെത്തിയത്, 167 പേരുമായി ധാക്ക-ശ്രീനഗര്‍ വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്കും എത്തി. മനാമ-കൊച്ചി വിമാനം രാത്രി വൈകി പതിനൊന്നരയോടെയാണ് ലാന്‍ഡ് ചെയ്തത്. 177 യാത്രക്കാരുമായി ദുബായ്-ചെന്നൈ വിമാനം രാത്രി എട്ടരയ്ക്കും എത്തി. ഇന്നും ദുബായില്‍ നിന്ന് ചെന്നൈയ്ക്ക് പ്രത്യേക വിമാന സര്‍വീസുണ്ട്.
കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയത് നാലു കൈകുഞ്ഞുങ്ങളും പത്തു വയസിനു താഴെയുള്ള 15 കുട്ടികളും 49 ഗര്‍ഭിണികളും ഉള്‍പ്പെടെ 181 പേരാണ്. ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലുണ്ട്.
ഞായറാഴ്ച ദോഹയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് ഇതില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: