മനോമയകോശ വിവരണം തുടരുന്നു.
ശ്ലോകം 179
അദ്ധ്യാസദോഷാത് പുരുഷസ്യ സംസൃതിഃ
അദ്ധ്യാസ ബന്ധസ്ത്വമുനൈവ കല്പിതഃ
രജസ്തമോ ദോഷവതോളവിവേകിനോ
ജന്മാദി ദുഃഖസ്യനിദാനമേതത്
മനുഷ്യര്‍ സംസാരത്തില്‍ പെട്ട് പോകാന്‍ കാരണം അദ്ധ്യാസ ദോഷമാണ്. അദ്ധ്യാസ ബന്ധനം മനസ്സ് കൊണ്ട് മാത്രം കല്‍പ്പിക്കപ്പെട്ടതാണ്. അവിവേകികള്‍ക്ക് രജസ്സിന്റെയും തമസ്സിന്റെയും ദോഷബാധ മൂലമാണ് ജന്മം മുതലായ ദുഃഖങ്ങള്‍ ഉണ്ടാകുന്നത്.
അനാത്മ വസ്തുക്കളില്‍ ആത്മ ബുദ്ധിയുണ്ടാകുമ്പോള്‍ അത് ജനനമരണ പ്രവാഹത്തിന് കാരണമാകുന്നു. അദ്ധ്യാസവും അവിവേകവും മൂലം ദുഃഖപരമ്പര തുടരും. അദ്ധ്യാസം കൊണ്ടാണ് സംസാര ബന്ധനമെന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുണ്ടാകും എന്താണ് ഈ അദ്ധ്യാസം. ഉള്ള വസ്തുവിനെ കാണാനാകാതെ മറ്റൊന്നിനെ അതില്‍ കാണുന്നതിനെയാണ് അദ്ധ്യാസം എന്ന് പറയുന്നത്. വാസ്തവം ഒട്ടും ഇല്ലാത്ത മിഥ്യാബോധമാണിത്.
ഒരു വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപം വേണ്ട പോലെ കാണാന്‍ കഴിയാതെ വരുമ്പോള്‍ ആ സ്ഥാനത്ത് അന്യവസ്തുവിനെ കാണുന്നു. ഇത് മനസ്സിന്റെ ഒരു ജാലവിദ്യയാണ്. അതസ്മിന്‍ തത്ബുദ്ധി. ഒന്നിനെ മറ്റൊന്നായി തോന്നിപ്പിക്കുക. അരണ്ട വെളിച്ചത്തില്‍ കയറ് കണ്ട് പാമ്പ് എന്ന് കരുതല്‍. തൂണോ, മരക്കുറ്റിയോ കണ്ട് ആളാണെന്ന് തെറ്റിദ്ധരിക്കല്‍ തുടങ്ങി അങ്ങനെ പലതും അദ്ധ്യാസത്തിന് ഉദാഹരണങ്ങളാണ്.
വഴിയില്‍ കിടന്നത് കയറാണ് എന്നറിയാതെ പാമ്പാണെന്ന് തെറ്റിദ്ധരിക്കുന്നു. അങ്ങനെയുണ്ടാകുമ്പോള്‍ യഥാര്‍ത്ഥ വസ്തുവായ കയര്‍ മറയുന്നു. പകരം പാമ്പിനെ കാണുന്നു. മറയെ ആവരണമെന്നും കാണിക്കുന്നതിനെ വിക്ഷേപമെന്നും വിളിക്കും. ബുദ്ധിയിലാണ് ആവരണം സംഭവിക്കുന്നത്. വിക്ഷേപങ്ങള്‍ മനസ്സിലും. ഉള്ളതിനെ ഉള്ള പോലെ കാണാന്‍ കഴിയാത്തതാണ് പ്രശ്‌നം. അജ്ഞാനമാണ് കാരണം. അതാണ് മറ തീര്‍ക്കുന്നത്. അജ്ഞാനത്തെ തുടര്‍ന്ന് അന്യഥാ ജ്ഞാനമുണ്ടാകും. മറ്റൊന്നായി കാണലാണ് ഇത്. വിക്ഷേപമെന്നത് ഇത് തന്നെ. വിക്ഷേപത്തെ തുടര്‍ന്നാണ് സകല അനര്‍ത്ഥങ്ങളും സംഭവിക്കുന്നത്. അന്യഥാ ജ്ഞാനം ദുഃഖത്തിലേക്ക് നയിക്കും.
സത്യത്തെ മിഥ്യയാക്കി കാട്ടുക എന്നത് മാത്രമല്ല അപകടം. മിഥ്യയാണ് സത്യമെന്ന് തോന്നിപ്പിക്കും. അതിനെ ബലപ്പെടുത്തും.മിഥ്യയുടെ പ്രതീതി ഉണ്ടാകണമെങ്കില്‍ സത്യമായ ഒരു ആധാരം വേണം. കയറോ വെള്ളച്ചാലോ അതുപോലെ സമാനമായ ഏതെങ്കിലും കണ്ടാല്‍ മാത്രമേ അത് പാമ്പ് ആണെന്ന് തോന്നുകയുള്ളൂ.
കയറിനെ കാണാതെ പാമ്പിന്റെ ഗുണങ്ങളെ കാണുമ്പോള്‍ വലിയ പ്രശ്‌നമായി. പകുതി കയറിനേയോ പകുതി പാമ്പിനെയോ കാണാന്‍ കഴിയില്ല. കയറിനെ കയറായി കാണാന്‍ കഴിഞ്ഞാല്‍ കുഴപ്പമില്ല. പക്ഷേ അതിന് അവിടെ വെളിച്ചം വരണം. അതു വരെ പാമ്പ് തന്നെയെന്ന അബദ്ധ ധാരണയുണ്ടാകും. തമോഗുണമാണ് ബുദ്ധിയില്‍ മറതീര്‍ക്കുന്നത്. രജോഗുണമാണ് മനസ്സില്‍ വിക്ഷേപമുണ്ടാക്കുന്നത്. അതുകൊണ്ടായി മറ്റൊന്നായി കാണല്‍ നടക്കുന്നത്.രജസ്സും തമസ്സും അവിവേകികളെയാണ് ബാധിക്കുക. ജനനം മുതലായ സകല അനര്‍ത്ഥങ്ങള്‍ക്കും കാരണം ഇവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: