പതിവ് മൂകാംബിക ദര്‍ശനത്തിനു ശേഷം സമീപസ്ഥങ്ങളായ കുടജാദ്രിയിലോ ഉഡുപ്പിയിലോ ആണ് സാധാരണയായി പോവുക. ഒരു തവണ ശൃംഗേരിയിലും മുരുഡേശ്വറിലും ഗോകര്‍ണത്തിലും പോവുകയുണ്ടായിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമായി ഇത്തവണ ഒന്ന് ചിന്തിച്ചു പോയി. കുറെക്കാലമായി നഷ്ട പ്രതാപത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന ഹംപിയും ബേലൂരും ഹാലേബീഡും മാടിവിളിക്കുന്നു. പല കാരണങ്ങളാലും സ്ഥായിയായ അവധാനത മൂലവും അത് അകന്നുമാറിക്കൊണ്ടേ ഇരുന്നു. ആയതിനാല്‍ പതിവ് മുന്നൊരുക്കങ്ങളില്ലാതെ വിഷു അവധിക്കു സകുടുംബം യാത്രയ്ക്ക് തയ്യാറായി.
അഞ്ജലീബദ്ധനായി ആ ദേവി ശ്രീലകത്തിനു സമക്ഷം നിരുപാധിക പ്രാര്‍ത്ഥനകളോടെ മരുവുമ്പോള്‍ അപരിമേയമായ സ്വസ്തിയുടെ ഉത്കടമായ അവസ്ഥ സാംഗോപാംഗങ്ങളില്‍ അനുഭവവേദ്യമാകാറുണ്ട്. ഉദ്വിഗ്നതകളെല്ലാം അകന്നു നിര്‍മല ചിത്തനായി ഊര്‍ജഭരമായ ദേഹിയായാണ് അവിടെനിന്നു നിഷ്ക്രാന്തനായത്. ബസ്സില്‍ മംഗലാപുരത്തു എത്തുമ്പോള്‍ ഉച്ചയായിരുന്നു. ബേലൂര്‍ വഴി ഹാസ്സനിലേക്കു ബസ്സുകള്‍ പരിമിതമാണ്. ഭാഗ്യവശാല്‍ അതും ഏറെ വൈകാതെ തരമായി. പന്ത്രണ്ടരയോടെ പുറപ്പെടുന്ന ബസ്സിന്റെ മുന്‍നിരയില്‍ അരികുപറ്റി സ്ഥാനം പിടിച്ചു.
മംഗലാപുരത്തുനിന്ന് ബേലൂരിലേക്കു 150 കിലോമീറ്റര്‍ ദൂരമുണ്ട്. ഏതാണ്ട് നാലര മണിക്കൂര്‍ സമയം എടുക്കുമെന്ന് കണ്ടക്ടര്‍ അറിയിച്ചിരുന്നു. മാഗസിനിലെ വര്‍ണാഭമായ ചിത്രങ്ങളിലൂടെയും ആഷാ മേനോന്റെ പുസ്തകത്തിലൂടെയും മാത്രം അറിഞ്ഞ ശില്പസൗന്ദര്യങ്ങളുടെ ഒളി പലപ്പോഴായി അന്തരംഗത്തിലൂടെ മിന്നിമറഞ്ഞു. മംഗലാപുരം നഗരത്തെ വലംവച്ചു പുറത്തുകടന്ന് ഗ്രാമങ്ങളിലൂടെ പശ്ചിമഘട്ടത്തിന്റെ മാറിലൂടെ ഞങ്ങള്‍ സാവധാനം നീങ്ങി. ഗ്രാമീണര്‍ കുടകളും കാര്‍ഷിക വിളകളുമായി ബസില്‍ കയറിയും ഇറങ്ങിയും യാത്രയെ സജീവമാക്കി. മുറുക്കാന്‍ കറ വീണ പല്ലുകളുടെ കൂടെ മോണയും പുറത്തുകാട്ടി ചിരിതൂകി താന്താങ്ങളുടെ പരാധീനതകള്‍ പുറത്തു പ്രകടിപ്പിക്കാതെ അവര്‍ അപരിചിതരായ ഞങ്ങളോട് സംവദിക്കാന്‍ ശ്രമിച്ചിരുന്നു.
മലയിറങ്ങിയ ബസ് നീണ്ടുകിടക്കുന്ന കാപ്പിത്തോട്ടത്തിലൂടെ മുന്നോട്ടു നീങ്ങി. തോട്ടം മുഴുവന്‍ സ്പ്രിംഗഌ മുഖേനയാണ് ജലസേചനം ചെയ്തിരുന്നത്. ഏതാണ്ട് അഞ്ചുമണിയോടെ ബേലൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നു. അപരിചിതത്വം തുളുമ്പുന്ന വഴിയിലൂടെ ക്ഷേത്ര പരിസരത്തിലെ ലോഡ്ജ് അന്വേഷിച്ചു നടന്നു. നിരത്തുകളില്‍ മുഴുവന്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂട്ടിയിട്ടിരിക്കുന്നു. ഈച്ചയും പൊടിയും പരസ്പരം കിണഞ്ഞു മത്സരിക്കുന്നുണ്ട്. ക്ഷേത്രപരിസരത്തു തന്നെയുള്ള പര്യടന്‍ ലോഡ്ജില്‍ മുറി എടുത്ത് ക്ഷണത്തില്‍ കുളിച്ച് ക്ഷേത്രത്തിലേക്ക് നീങ്ങി. ദീപാലങ്കാരങ്ങളാല്‍ ഗോപുരവും ക്ഷേത്ര സമുച്ചയവും ഏറെ വര്‍ണാഭമായിരുന്നു. ഗോപുരത്തിന് ഒരു തമിഴ് ക്ഷേത്ര സാദൃശ്യം തോന്നാതിരുന്നില്ല.
ബേലൂരിലെ ചെന്ന കേശവ ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്തായി വലതുവശത്തു കൊത്തുപണികളോട് കൂടെയുള്ള ദാരുശില്‍പ്പങ്ങളാല്‍ അലംകൃതമായ തേര് കാണപ്പെട്ടു. വിസ്താരമിയന്ന കരിങ്കല്പാളികള് പാകിയ ഉയര്‍ന്ന വിതാനത്തിലുള്ള ക്ഷേത്ര പരിസരം ഗതകാല പ്രൗഢിയുടെ നിസ്വനങ്ങള്‍ വിളിച്ചോതി. മണ്മറഞ്ഞ പടഹ ധ്വനികളുടെയും കുതിരക്കുളമ്പടികളുടെയും ശംഖ് നാദങ്ങളുടെയും ആയുധങ്ങളുടെ സീല്‍ക്കാരങ്ങളുടെയും ആരവങ്ങള്‍ അവിടെ പ്രതിധ്വനിക്കുന്നുണ്ടോ എന്ന് പലപ്പോഴും തോന്നിപ്പോയി. വന്ധ്യമായ പ്രതീക്ഷകള്‍ക്ക് ഇവിടെ ചിറകുകള് മുളക്കുന്നില്ല. ഗോപുരം കടന്നു ക്ഷേത്ര പരിസരത്തു എത്തുമ്പോള്‍ ഏറെ വിസ്മയകഞ്ചുകിതനായി. കാരണം കണ്മുന്നില് എതിര്പാര്ക്കുന്നതു ഉണ്മയോ അതോ മിഥ്യയോ എന്നു തിരിച്ചറിയാന്‍ ഏറെ പണിപ്പെട്ടു.
കന്നഡ മഹാകവിയും ജേതാവുമായ ‘കൂവെമ്പ്’ പറഞ്ഞപോലെ നതമസ്തകരായി തൊഴുകൈകളോടു കൂടി മാത്രമേ ഹൊയ്സാല ക്ഷേത്രത്തിലേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. ഇതു ഒരു ക്ഷേത്രം മാത്രമല്ല ക്ഷേത്രസമുച്ചയം തന്നെയാണ് എന്നത് അര്‍ത്ഥഗര്‍ഭമാണ്. നട അടയ്ക്കുവാനുള്ള സമയമായതിനാല്‍ ക്ഷേത്രദര്‍ശനം മാത്രം സാധ്യമാക്കി. വിസ്മയക്കാഴ്ചകള്‍ പകല്‍ വെളിച്ചത്തില്‍ വിശദമായി കാണാം എന്നുകരുതി മുറിയിലേക്ക് മടങ്ങുമ്പോഴും അന്യംനിന്നുപോയ ആ മഹസ്സായ സംസ്കാരത്തിന്റെ സ്പന്ദനങ്ങളില്‍ നിന്ന് മുക്തനാവാന്‍ ഏറെ സമയമെടുത്തു.
ചെന്ന കേശവ ക്ഷേത്രം കര്‍ണാടകയിലെ ഹാസന് ജില്ലയില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഹൊയ്സാല രാജാവായ വിഷ്ണുവര്ധനന് തലക്കാട് യുദ്ധത്തില്‍ ചോളന്മാരെ പരാജിതരാക്കിയ സ്മരണക്ക് പണിതുയര്‍ത്തിയതാണ്. ആയതിനാല്‍ വിജയനാരായണ ക്ഷേത്രം എന്നും ഇതു അറിയപ്പെടുന്നു. വേളാപുരി എന്നുകൂടി അറിയപ്പെടുന്ന ബേലൂര്‍ യാഗാച്ചി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് ഈ നദി മറ്റു നദികളെപ്പോലെ ഏറെക്കുറെ നാമാവശേഷമായി കഴിഞ്ഞിരിക്കുന്നു. വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണവും വന്‍തോതിലുള്ള മാലിന്യ നിക്ഷേപവും അതിനു ഹേതുകമായി ഭവിക്കുന്നു.
മൂന്നു തലമുറകളായി പണിത ക്ഷേത്രം പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 103 വര്‍ഷങ്ങള്‍ എടുത്തതായി ചരിത്ര രേഖകളില്‍ കാണാന്‍ കഴിയും. നിരവധി തവണ അക്രമികളാല്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തെങ്കിലും ആവര്‍ത്തിച്ച് പുനര്‍നിര്‍മിക്കപ്പെട്ട് ഇന്ന് ഈ കാണുന്ന അവസ്ഥയില്‍ അവശേഷിക്കുന്നു. അങ്ങിങ്ങായി അതിന്റെ ക്ഷതങ്ങള്‍ പേറിയാണെങ്കിലും ഹാസന് പട്ടണത്തില്‍നിന്നും 25 കിലോമീറ്ററും ബെംഗളൂരുവില്‍നിന്ന് 200 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
ചെന്ന കേശവന് എന്നാല്‍ സുന്ദരനായ കേശവന് എന്നാണത്രേ അര്‍ത്ഥം. പ്രസിദ്ധ ശില്പി ജഗനാചാരിയുടെ മേല്‍നോട്ടത്തില്‍ ആണ് ഈ ക്ഷേത്രം പണിതീര്‍ത്തത്. സോപ്പ് സ്റ്റോണില്‍ പണി തീര്‍ത്ത ഈ ക്ഷേത്ര സമുച്ചയം സിമന്റ് ഉപയോഗിക്കാതെ പൂര്‍ണമായും ഇന്റര്‍ലോക്കിങ് സംവിധാനത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. വിഷ്ണുവര്‍ധനന്റെ കാലഘട്ടത്തിലാണ് ക്ഷേത്രനിര്‍മാണം ആരംഭിച്ചതെങ്കിലും പൂര്‍ത്തീകരിച്ചത് അദ്ദേഹത്തിന്റെ പൗത്രന് ആയ വീര ബല്ലാലന് ആയിരുന്നു. ഹോയ്സാല വാസ്തു ശില്പങ്ങള് എന്നുപറയുമ്പോള്‍ നാഗര, ദ്രാവിഡ രീതികളുടെ ഒരു മിശ്രണം ആണെന്ന് കാണാന്‍ കഴിയും. പൂര്വ്വദിക്കിലാണ് ഗോപുരം സ്ഥിതിചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ബല്ലാല രണ്ടാമന് ഇതു നിര്‍മിച്ചത്. ഉത്തുംഗമായ പീതവര്ണാങ്കിതമായ ഗോപുരം ബാലാര്‍ക്ക രേണുക്കളുടെ കുങ്കുമച്ഛവി കൂടി ഏറ്റുവാങ്ങിയപ്പോള്‍ കാഴ്ച ഏറെ മനോജ്ഞമായിരുന്നു. പിന്നീട് ഷംസുദ്ദീനാല് തകര്‍ക്കപ്പെട്ട ഈ ഗോപുരം 1397 ല്‍ പുനര്‍നിര്‍മിക്കുകയും, കൂടുതല്‍ സുരക്ഷയ്ക്കായി കനത്ത ചുറ്റുമതിലും നിര്‍മ്മിക്കുകയുണ്ടായി.
രാജഗോപുരത്തിലൂടെ അകത്തേക്ക് പ്രവേശിച്ചാല്‍ വെട്ടിത്തിളങ്ങി നില്ക്കുന്ന കൊടിമരവും, തൊട്ടുതാഴെയായി കൂപ്പുകൈകളായി കേശവനെ കണ്ട നിര്‍വൃതിയില്‍ എന്നു തോന്നും വിധം ഭക്തിപുരസ്സരം മതിമറന്നു നില്ക്കുന്ന ഗരുഡനെയും കാണാം. ദീര്‍ഘദൂരം അനന്ത വിഹായസ്സിലൂടെ പറന്നു വന്നതിന്റെതാണോ എന്നു തോന്നുംവിധം നിശ്വാസത്തിന്റെ ആവേഗം വൈനതേയന്റെ ശില്പത്തില് കണ്ടാല്‍ നാം അതിശയിക്കേണ്ടതില്ല. ജീവന്റെ തുടിപ്പുകള്‍ അത്രമേല്‍ ഹൃദയസ്പൃക്കായി അതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. വിഷ്ണുസഹസ്രനാമത്തിന്റെയും ചെന്ന കേശവ സുപ്രഭാതത്തിന്റെയും ഭക്തിസാന്ദ്രമായ ആലാപനം നമ്മെ ഭക്ത്യുന്മുഖരാക്കാതിരിക്കുകയില്ല. ഗരുഡനെ വണങ്ങി മുന്നോട്ടു നീങ്ങിയാല്‍ നക്ഷത്ര ആകൃതിയിലുള്ള, വൈവിധ്യമിയന്ന കൊത്തുപണികളാല്‍ സംപു
ഷ്ടമായ ക്ഷേത്ര സമീപത്തേക്കാണ് നാം എത്തിച്ചേരുക. അദ്ഭുത പരതന്ത്രരായോ വിസ്മയ കുഞ്ചുകിതരായോ നാം സ്ഥലജലഭ്രാന്തിയില്‍ ഉന്മാദാവസ്ഥയില് ആയാല്‍ ആശങ്കപ്പെടേണ്ടതില്ല. സ്വയം മറന്ന് ഇന്ദ്രസഭയിലോ വൈകുണ്ഠത്തിലോ ചെന്നെത്തിയാലത്തെ അവസ്ഥയില്‍ നാം മുഗ്ധമാനസരായേക്കാം.
ക്ഷേത്രത്തിന്റെ പുറം ചുമരില്‍ ഏതാണ്ട് അറുനൂറിലധികം ജീവസ്സുറ്റ വശ്യമനോഹരങ്ങളായ ശില്പങ്ങള് നമ്മെ വിസ്മയത്തിന്റെ പരകാഷ്ടയില് കൊണ്ടെത്തിക്കും. കുറെയെല്ലാം കാലവിളംബംകൊണ്ടും നൃശംസരായ അക്രമികള്‍ ധ്വംസിച്ചതിനാലും ക്ഷതി നേരിട്ടുണ്ടെങ്കിലും അവശേഷിച്ചതും ബാക്കിവെച്ചവയും നമ്മെ ആ പ്രൗഢമായ സംസ്കാരത്തിന്റെ മഹിമയിലേക്കു വെളിച്ചം വീശുവാന്‍ ഏറെ ഉപയുക്തമാവും. ഹംപിയില്‍ ഇത്രകൂടി ബാക്കിവയ്ക്കുക ഉണ്ടായില്ലല്ലോ. ഇതു ഒരു ഒറ്റപ്പെട്ട അധിനിവേശത്തിന്റെയോ യുദ്ധവിജയത്തിന്റെയോ പരിണതി അല്ല തന്നെ. തകര്‍ക്കാന്‍ കഴിയാത്തവ ഡയനാമിറ്റ് വച്ചോ മെഷീന് ഗണ്‍ വച്ചോ തകര്‍ത്ത അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ ഗാന്ധാര ശില്പങ്ങളെക്കൂടി ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്. ഒരു ശില്പത്തെയോ സമുച്ചയത്തെയോ തകര്‍ക്കുക എന്നതിലുപരി ഒരു മഹസ്സായ സംസ്കൃതിയെ തകര്‍ത്തു നാമാവശേഷമാക്കുക എന്നതുതന്നെയല്ലേ അതിന്റെ പിന്നിലെ ഗൂഢലക്ഷ്യം.
അസഹിഷ്ണുതയുടെ ഉച്ചസ്ഥായിയില്കൂടിയാണല്ലോ ഇന്ന് മാനവരാശി കടന്നുപോവുന്നത്. പകയുടെയും വിദേ്വഷത്തിന്റെയും വിത്തുകള്‍ വെള്ളവും വളവും കൊടുത്തു മാറിമാറി പോഷിപ്പിച്ചതിനാല്‍ പൊട്ടാന്‍ തയ്യാറായ ആറ്റംബോംബ് കണക്കെ ഭീകരരൂപം ആര്‍ജിച്ചു നിലകൊള്ളുന്നു. ഭൗതിക തലത്തില്‍നിന്ന് ആത്മീയമായ ഔന്നത്ത്യത്തിലേക്ക് എത്തിച്ചേരുക എന്ന ദാര്‍ശനികമായ സന്ദേശമാണ് ഈ ശില്പ ശ്രേണികളെ അനുധാവനം ചെയ്യുമ്പോള്‍ നമ്മെ തെര്യപ്പെടുത്തുക. പ്രവേശന ദ്വാരത്തിലെ വരവര്ണിനികളായ ശിലാ ബാലികമാരുടെ അംഗലാവണ്യവും ആകാരവടിവും ഗന്ധര്‍വ്വ ലോകത്തിലെ നൃത്തസഭയിലെന്നപോലെയുള്ള മായികവും കാല്പനികവും ആയ ലോകത്തിലാണ് നാം എന്ന പ്രതീതിയാണ് ഉളവാക്കുക.
ക്ഷേത്ര പ്രവേശന ദ്വാരത്തില്‍ ഒരു ബാലന് ക്രുദ്ധനായ സിംഹത്തിനെ എതിരിടുന്ന ശില്പമുണ്ട്. ഇതാണ് ഹൊയ്സാല രാജവംശത്തിന്റെ രാജമുദ്ര. ഇതിനു പിന്നില്‍ ഒരു വീരകഥയുണ്ട്. പത്താം നൂറ്റാണ്ടില്‍ സുദത്ത മുനിയെന്ന പേരില്‍ ഒരു സംന്യാസിയുണ്ടായിരുന്നു. ഗുരുകുല സമ്പ്രദായ പ്രകാരം കുട്ടികളെ ഇദ്ദേഹം വിദ്യ അഭ്യസിപ്പിച്ചിരുന്നു. ഒരു ദിവസം സമീപസ്ഥലങ്ങളായ വനത്തില്‍നിന്ന് ഇറങ്ങിവന്ന സിംഹം രൗദ്രമൂര്‍ത്തിയായി ഗുരുകുലത്തെ ആക്രമിക്കുകയും, ഗര്‍ജ്ജനം കേട്ട കുട്ടികള്‍ പരിഭ്രാന്തരായി നാലുപാടും ചിതറി ഓടുകയും ചെയ്തു. എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് സാല എന്ന പിഞ്ചുബാലന് ധീരനായി സിംഹത്തിന്റെ നേര്‍ക്ക് നിരായുധനായി കുതിക്കുകയും ചെയ്തു. ശിഷ്യന്റെ അസാമാന്യ ധീരപ്രവൃത്തി കണ്ട് ആകൃഷ്ടനായ ഗുരു ഒരു വാള് എറിഞ്ഞുകൊണ്ട് ”ഹോയ് സാല (മൃഗത്തിനെ കൊല്ലൂ സാല) എന്ന് ആക്രോശിച്ചു. അവസാനം ധീരനായ ബാലന് സിംഹത്തിനെ കൊല്ലുകയും ചെയ്തു. ഈ ബാലനത്രേ പിന്നീട് ഹൊയ്സാല രാജവംശം സ്ഥാപിച്ചത്. പിന്നീട് ഈ സംഭവം രാജമുദ്രയായി തീരുകയും ചെയ്തു.
വീണ്ടും മുന്നോട്ടു നീങ്ങുമ്പോള്‍ ക്ഷേത്ര കവാടത്തിന്റെ വാതിലിന്റെ ഇരുപാളികളിലുമായി രതി മന്മഥന്മാരെ പകുത്തു തരണം ചെയ്യണം. ഇതുവഴി ഇന്ദ്രിയ കാമനകളെ നിരാസം ചെയ്തു വേണം അകതാരെന്ന ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ എന്ന ആധ്യാത്മിക തത്വചിന്തയെയാണ് അത് ദ്യോതിപ്പിക്കുന്നത്. പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും നിരവധി കഥാസന്ദര്‍ഭങ്ങള്‍ക്ക് ഇവിടെ ശില്പങ്ങളിലൂടെ ജീവനും മിഴിവും ഏകുന്നു. മുകളില്‍ അഞ്ജലീബദ്ധനായി ഗുരുഡനും, പിളര്‍ന്ന വക്ഷസില്നിന്നും കുടല്‍മാല എടുത്തു ആഭരണമാക്കിയ നരസിംഹവും. ഈ നരസിംഹമത്രേ ഹൊയ്സാലരുടെ പരദേവതയും. അഷ്ടദിക് പാലകന്മാരും അവരവരുടെ വാഹനങ്ങളില്‍ ആരൂഡരായി വന്നിരിക്കുന്നു. ഒറ്റക്കല്ലില്‍ ഇത്രയും സംഗതികള്‍ അത്രമേല്‍ സൂക്ഷ്മമായുള്ള ശില്പ അപാരത നമ്മെ ഏറെ വിനമ്രരാക്കുക തന്നെ ചെയ്യും. കിഴക്കേ നടയിലൂടെ പ്രവേശിച്ചു ദര്‍ശനം കഴിഞ്ഞ് തെക്കേ നടയിലൂടെയാണ് പുറത്തുകടക്കുക. വടക്കേ നട സ്വര്‍ഗത്തിലേക്കുള്ള കവാടം ആയാണ് കരുതപ്പെടുന്നത്. വൈകുണ്ഠ ഏകാദശി നാളില്‍ ഭക്തജന സഹസ്രങ്ങള്‍ ഇതിലൂടെ ദര്‍ശനം നടത്തി സായുജ്യം അടയുന്നു. ഹൊയ്സാലന് ശില്പങ്ങളില് നരസിംഹത്തിന് അദ്വിതീയമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അതും വിവിധ രൂപഭേദ ഭാവങ്ങളില്‍.
കര്‍ണാടകത്തിന്റെ വളരെ വിസ്തൃതമായ ഭൂഭാഗം പത്താം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുംഇടയിലാണ് ഹൊയ്സാലര്‍ ഭരിച്ചിരുന്നത്. വിഷ്ണുവര്ധനനായിരുന്നു അതില്‍ ഏറ്റവും പ്രധാനി. ആ കാലഘട്ടമാണ് ഹൊയ്സാലരുടെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്നത്. ബെറ്റി ദേവന് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേര്. തികഞ്ഞ ജൈന മതവിശ്വാസിയായിരുന്നു അദ്ദേഹം. വൈഷ്ണവാചാര്യനായിരുന്ന രാമാനുജാചാര്യയുടെ സ്വാധീനത്തിലും അദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ ആകൃഷ്ടനായും വിഷ്ണുവര്ധനന് എന്ന നാമം സ്വീകരിക്കുകയും, ഹിന്ദു മതാചാരങ്ങളില്‍ അതീവ പ്രതിപത്തി വളരുകയും ചെയ്തു. അതിനുശേഷമാണ് തലക്കാട് വച്ച് നടന്ന യുദ്ധത്തില്‍ അതിശക്തരായ ചോളരെ തോല്‍പ്പിച്ച് സാമ്രാജ്യം വികസിപ്പിക്കുന്നത്. ആ അവിസ്മരണീയ വിജയത്തിന്റെ സ്മരണാര്‍ത്ഥമായാണ് ചെന്ന കേശവ ക്ഷേത്രം പണികഴിപ്പിക്കുന്നത്.
സുകുമാര കലകള്‍ക്കു ഏറെ പ്രാധാന്യം നല്കിയ രാജാവായിരുന്നു അദ്ദേഹം. കര്‍ണാടകത്തിലുടനീളം 90-ല്‍ അധികം ക്ഷേത്രങ്ങള്‍ ഈ കാലഘട്ടത്തില്‍ നിര്‍മിക്കുകയുണ്ടായി. ജഗനാചാരിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച രാജസഭയുടെ ശില്പത്തില് രാജാവും രാജ്ഞിയും രാജഗുരുവും അമാത്യന്മാരും ശിഷ്യഗണങ്ങളും പ്രജകളും അതത് ഇടങ്ങളില്‍ ആസനസ്ഥരായി മരുവുന്ന ശില്പം അതിന്റെ പ്രൗഢിയെ വിളിച്ചറിയിക്കുന്നതാണ്. ശില്പസൗന്ദര്യത്തിന്റെ മൂര്‍ധന്യാവസ്ഥയിലൂടെ, തുംഗാനുഭവത്തിലൂടെ ആകും ഈ ഘട്ടങ്ങളില്‍ നാംചരിക്കുക.
ദര്‍പ്പണസുന്ദരി, ശുകഭാഷിണി, കീരവാണി, ബസന്ദക്രീഡ, കേശ ശൃംഗാരം, മയൂരശിഖ, കുറവഞ്ചി, നര്‍ത്തകി, അശ്വകോശി, പദാംഗുലി, ഗാനമഞ്ജിറ, തില്ലാന, നൃഭംഗി നര്‍ത്തന, കപാലഭൈരവി, വേണുഗോപാല, ഗായകി, നാട്യസുന്ദരി, രുദ്രവീണ, കുടിലകുന്തള, വനറാണി, വികടനര്‍ത്തന, ചന്ദ്രിക, മോഹിക, രേണുക, ജയനിഷാദ, ഭസ്മാസുരമോഹിനി, അധ്യാപിക, വിഷകന്യക, ശകുനശാരദ, നാഗവീണ, സുന്ദരി, ഗര്‍വിഷ്ഠ, നാട്യശാന്തള, സമദൂരഭാഷിണി, ഗന്ധര്‍വകന്യക, രുദ്രിക, നാഗവീണസുന്ദരി, കോടികുപിത എന്നിങ്ങനെയുള്ള മുപ്പത്തിയെട്ട് ശിലാബാലികമാരെ വിന്യസിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയം ശില്പ മികവിന്റെ ഉച്ചസ്ഥായിയില്‍ വിരാജിക്കുന്നു. ആകാരവടിവിന്റെയും മേനിയഴകിന്റെയും പൂര്‍ണത വിളിച്ചോതുന്നവ തന്നെയാണ് ഈ മദനികമാര്. വൈവിധ്യങ്ങളായ കേശാലങ്കാരങ്ങളാലും ആടയാഭരണങ്ങളാലും വടിവൊത്ത അംഗോപാംഗങ്ങളാലും ഏറെ വശ്യമാണ്. ആദി യോഗിയായ ശങ്കരന് എങ്ങനെ ഭസ്മാസുരമോഹിനിയില് അനുരക്തനായിത്തീര്‍ന്നു എന്നതിന് നിദാനമാണ് ഈ ശില്പസൗകുമാര്യം.
യുദ്ധത്തില്‍ താന്‍ വീരചരമം പൂകിയാല്‍ വിവാഹം കഴിക്കുന്ന സ്ത്രീ വൈധവ ദുഃഖം അനുഭവിക്കേണ്ടിവരുംഎന്ന ആശങ്കയില്‍ അതിനു വൈമനസ്യം പ്രകടിപ്പിച്ച രാജാവിന്റെ മനം മാറ്റുവാനായി രാജമാതാവ് സുന്ദരിയും നര്‍ത്തകിയും ആയ ശാന്തള ദേവിക്ക് ക്ഷേത്രത്തില്‍ വന്നു രാജസമക്ഷം നൃത്തം ചെയ്യുവാന്‍ അവസരം നല്കുകയുണ്ടായി. ദേവിയുടെ നടന വൈഭവത്തിലും രൂപലാവണ്യത്തിലും ആകഷ്ടനായ രാജാവ് അവരെ പരിണയിക്കുകയും ചെയ്തു. ചെന്നകേശവനു സമീപമായി സൗമ്യനായകി, രംഗനായകി, ശ്രീദേവി, ഭൂദേവി എന്നീ ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചത് രാജ്ഞിയാണെന്ന് പറയപ്പെടുന്നു. പല ശില്പങ്ങളുടെയും സൗന്ദര്യമികവിന് പ്രചോദനമേകിയത് രാജ്ഞിയുടെ കൂടി രൂപലാവണ്യം കൂടിയാണെന്നും ശ്രുതിയുണ്ട്. പുറം ചുമരുകളില്‍ ഒന്നിനൊന്നു വ്യത്യസ്തമായി 644 ആനകളെയും അത്രതന്നെ കുതിരകളെയും സിംഹങ്ങളെയും നിരനിരയായി അണിനിരത്തിയിരിക്കുന്നു. ഒന്നിനൊന്നു വൈവിധ്യമിയന്ന ഈ ശില്പ ശ്രേണികള്‍ ഏറെ പരാമര്‍ശിക്കേണ്ടവ തന്നെയാണ്. ഇത്രയും ആനകളാകാം പുരാതന കാലത്ത് ഈ നി
ര്‍മിതിക്ക് ഏറെ ഉപയോഗയോഗ്യമായിത്തീര്ന്നത്. അതിനുള്ള നന്ദിസൂചകങ്ങള് ആയിക്കൂടെന്നില്ല ഇൗ ശില്പ സൂചികകള്‍. ഇന്നത്തെ ആധുനിക സംവിധാനങ്ങള്‍ ഒന്നും നിലവിലില്ലാത്ത ഒരു കാലഘട്ടത്തില്‍ എത്രയെത്ര മാനുഷികവും അമാനുഷികവും നൈരന്തര്യവുമായ കഠിന പ്രയത്നങ്ങളുടെ ഫലം കൂടിയായിരിക്കും അല്ലേ ഈ പൂര്‍ത്തീകരണം. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: