നിങ്ങളൊരു രാഷ്ട്രീയത്തടവുകാരനല്ല എന്നുള്ളത് എത്ര തവണ സവര്‍ക്കറുടെ ചെവിയില്‍ ജയിലറും സൂപ്രണ്ടും അടിച്ച് കയറ്റിയിട്ടുണ്ടെന്നറിയില്ല. സ്വാതന്ത്ര്യ വീര വിനായക ദാമോദര സവര്‍ക്കറെ ബ്രിട്ടീഷ് ഭരണകൂടം ഭയപ്പെട്ടതുപോലെ ഇന്നോളം ലോകചരിത്രത്തില്‍ ഒരു തടവുകാരനെയും ഒരു ഭരണകൂടവും ഭയപ്പെട്ടിട്ടുണ്ടാവുകയില്ല. ബ്രിട്ടണ് എത്രത്തോളം സവര്‍ക്കറെ ഭയന്നിരുന്നുവോ അതിന്റെ ഇരട്ടിയിലധികം നരകയാതനകള്‍ സവര്‍ക്കര്‍ അനുഭവിച്ചു. ആ ക്രൂരതകളുടെയും അതിജീവനത്തിന്റെയും എഴുത്താണ് 1927 – ല്‍ പുറത്തിറങ്ങിയ മറാഠ ഭാഷയില്‍ മൂലകൃതിയുള്ള ‘എന്റെ ജയില്‍ ജീവിത ചരിതം.’
നിണ്ട 92 വര്‍ഷത്തിനു ശേഷമാണ് ഈ കൃതി മലയാളത്തില്‍ വരുന്നത്. രണ്ട് ഭാഗമായിട്ടാണ് രചന. ഒന്നാം ഭാഗത്തില്‍ രാഷ്ട്രീയത്തടവുകാരേപ്പറ്റിയാണ് മുഖ്യമായും പറയുന്നത്. രണ്ടാം ഭാഗത്തില്‍ ഇസ്ലാംമതവിശ്വാസികളായ ജയിലധികൃതരാല് മതപരിവര്ത്തനപ്പെട്ട ഹിന്ദുതടവുകാരെ തിരികെക്കൊണ്ടു വന്ന ഘര്‍വാപസി, ഇവരുടെ ചരിത്രം, ജയില്‍ ഗ്രന്ഥശാലയുടെ നിര്‍മാണം, ജയിലിലെ പന്തിഭോജനം, സവര്‍ക്കറുടെ അനാരോഗ്യം, രത്നഗിരി, യര്‍വാദ ജയിലേക്കുള്ള മാറ്റം, മോചനം എന്നിവയാണ്. ഗ്രന്ഥം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് പ്രമുഖ പത്രപ്രവര്‍ത്തകനായ പി. നാരായണനാണ്.
സാധാരണ കാളകളെയാണ് കൊലു എന്നു പേരുള്ള എണ്ണച്ചക്കില്‍ കെട്ടുന്നത്. എന്നാല്‍ ആന്‍ഡമാനിലെ തടവറകളില്‍ മനുഷ്യരെയാണ് ഇതിന് ഉപയോഗിച്ചിരുന്നത്. ഏറ്റവും ക്രൂരമായ ശിക്ഷ. ഒരു ദിവസം വിശ്രമമില്ലാതെ കൊലുവില്‍ പണിയെടുക്കുന്നയാള്‍ 30 പൗണ്ട് എണ്ണ വീതം തികയ്ക്കണം. മൃഗങ്ങള്‍ക്കുപോലും സാധിക്കാത്തത്. 30 പൗണ്ട് എന്ന അളവ് രാഷ്ട്രീയത്തടവുകാര്‍ വൈകുന്നേരം തികയ്ക്കുമായിരുന്നു. അപ്പോഴേക്കും പനിയും ഛര്‍ദ്ദിയും വരും. എല്ലാ രാഷ്ട്രീയത്തടവുകാരുടെയും അവസ്ഥ ഇതുതന്നെയാണ്. സവര്‍ക്കര്‍ കൊലുവില്‍ ബന്ധിക്കപ്പെട്ടപ്പോള്‍ ആശ്വാസത്തിനായി അടുത്തെത്തിയ രാഷ്ട്രീയത്തടവുകാര്‍ക്ക് നിരാശകൂപത്തില്‍ നിന്ന് പുനര്‍ജനിക്കാന്‍ ലോകചരിത്രം പറഞ്ഞുകൊടുത്ത് അവരെ കര്മോന്മുഖരാക്കി.
തടവുകാര്‍ അനുഭവിച്ച കൊടും ക്രൂരതകള്‍, അതിനിടയില്‍ അവരുടെ ശാസ്ത്രസാഹിത്യ ഭാഷാ പഠനം. 1914 ആകുമ്പോഴേക്കും പകുതിയിലധികം രാഷ്ട്രീയത്തടവുകാര്‍ പൊയ്ക്കഴിഞ്ഞിരുന്നു. സവര്‍ക്കര്‍ ഉള്‍പ്പടെ ഏതാനും ജീവപര്യന്തത്തടവുകാര്‍ മാത്രമായി പിന്നീട്. യാതൊരുവിധത്തിലും സവര്‍ക്കര്‍ക്ക് ദയാദാക്ഷണ്യം നല്‍കരുത് എന്ന ബ്രിട്ടന്റെ ഓര്‍മപ്പെടുത്തലോടെ ഒന്നാം ഭാഗം അവസാനിക്കുന്നു.
ആന്‍ഡമാനിലെ രാഷ്ട്രീയത്തടവുകാരില്‍ ഏറെയും ഹിന്ദുക്കളായിരുന്നു. പെറ്റി ഓഫീസര്‍മാര്‍, ജാമേദര്മാര്, വാര്‍ഡര്‍മാര്‍ എന്നിവര്‍ ഏറെയും മുസ്ലിങ്ങളും. ഇതിനാല്‍ത്തന്നെ ഹിന്ദുവിന്റെ ഒരാഘോഷവും ജയിലിനുള്ളില്‍ നടന്നിരുന്നില്ല. എന്നാല്‍ മുസ്ലിംമതാചാരപ്രകാരമുള്ള എല്ലാവിധ ആഘോഷങ്ങളും നടന്നിരുന്നു. മാത്രമല്ല ഈ അധികാരികളാല്‍ നിരവധി ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാനും സാധിച്ചു. ഹിന്ദുവിന്റെ ആചാരങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരെ കൊലുവില്‍ കെട്ടി ക്രൂരമായി ശിക്ഷിക്കുമായിരുന്നു.
രാഷ്ട്രീയ/രാഷ്ട്രീയേതര തടവുകാരായി എത്തുന്ന പക്വതവന്നിട്ടില്ലാത്ത പയ്യന്മാരെ പെറ്റി ഓഫീസര്‍മാരൊ ജാമേദര്മാരൊ വാര്ഡര്മാരൊ നോട്ടംവച്ച് കൊലുവില്‍ കെട്ടും. ഈ പണിയില്‍ നിന്ന് മുക്തമാക്കാം, ഇസ്ലാംമതം സ്വീകരയ്ക്കുകയാണങ്കില് എന്നുപറയും. കൊലുവില്‍ നിന്നുള്ള മോചനത്തിനായി അവര്‍ മതംമാറാന്‍ മടിക്കുകയില്ല. സവര്‍ക്കര്‍ ഇതിനെതിരെ പൊരുതി. ജയിലില്‍ മതംമാറ്റം നിരോധിക്കുവാനും കഴിഞ്ഞു. മതമാറ്റത്തെചൊല്ലി നിരവധി തവണ ജയിലില്‍ കലാപങ്ങള്‍ നടന്നുവെന്ന് ഗ്രന്ഥകാരന് പറയുന്നു.
ഈയവസരത്തില്‍ മലബാര്‍ കലാപം സവര്‍ക്കര്‍ പരാമര്‍ശിക്കുന്നുണ്ട്. അവ നാം വിചിന്തനം ചെയ്യേണ്ടത് പുതുതലമുറയ്ക്ക് ചരിത്രബോധമുണ്ടാവാന് ആവശ്യമാണ്. ഗ്രന്ഥശാലപ്രവര്ത്തനത്തിലൂടെ രാഷ്ട്രീയത്തടവുകാരുടെ ബൗദ്ധിക നിലവാരം ഉയര്‍ത്തുവാന്‍ വലിയൊരളവില്‍ കഴിഞ്ഞു എന്നുള്ളത് സാവര്‍ക്കറുടെ മറ്റൊരു വിജയമായിരുന്നു. ജയിലില്‍വച്ചാണ് താന്‍ ഖുറാന് പഠിച്ചതെന്നും ഗ്രന്ഥകാരന് പറയുന്നു.
തുടര്‍ച്ചയായ കഠിനശിക്ഷാമുറകളാലും, ശിക്ഷാകാലത്തിലെ ആദ്യഘട്ടത്തില്‍ ശരിയായ സമയത്ത് മരുന്നോ ആശുപത്രി സേവനമോ ലഭ്യമാകാത്തതിനാലും, മതിയായ പോഷകാഹാരക്കുറവിനാലും ആരോഗ്യം മോശമായി എട്ടാം വര്‍ഷം സവര്‍ക്കര്‍ ആശുപത്രിയിലാകുന്നു. മലമ്പനിയും വയറിളക്കവും രക്തംപോക്കും ശരീരത്തിന് തൊട്ടരികില്‍ മരണത്തെ ഇരുത്തി. ഈ ഭാഗത്തെ വിവരണങ്ങള്‍ ആ ശരീരത്തിന്റെ ആരോഗ്യാവസ്ഥയ്ക്കു നേരെ പിടിച്ച കണ്ണാടിയാണ്. ജയില്‍ കമ്മീഷന് ആന്‍ഡമാന്‍ സന്ദര്‍ശിക്കുന്നു. എല്ലാ രാഷ്ട്രീയത്തടവുകാരും വിടുതല്‍ ന്യായങ്ങള്‍ നിരത്തി നിവേദനം അയയ്ക്കുന്നു. സവര്‍ക്കറും അയച്ചു. ഈ കത്ത് നിലവില്‍ ലണ്ടനിലെ ആര്‍ക്കൈവ്സില്‍ കാണാം. ഇതിനെയാണ് ചിലര്‍ സവര്‍ക്കര്‍ മാപ്പെഴുതിയെന്ന് ചിത്രീകരിക്കുന്നത്.
1921ല്‍ സവര്‍ക്കറെ ആന്‍ഡമാനില്‍ നിന്നും രത്നഗിരിയിലേക്ക് മാറ്റുന്നു. ഇവിടത്തെ സംഭവങ്ങള്‍ ഗ്രന്ഥകര്‍ത്താവ് എഴുതുന്നില്ല. കാരണമായി പറയുന്നത് ഈ ഗ്രന്ഥരചനയുടെ വളരെയടുത്താണല്ലോ അത് എന്നാണ്. രത്നഗിരി ജയിലിലും ഹിന്ദു-മുസ്ലിം കലാപം നടന്നു. അവിടെനിന്ന് യര്‍വാദ ജയിലേക്ക് മാറ്റപ്പെടുന്നു. യര്വാദയില്നിന്ന് 1924 മെയ് 6 ന് സവര്‍ക്കര്‍ സ്വതന്ത്രനാകുന്നു. അങ്ങനെ 1910ല്‍ ദോംഗ്രി ജയിലില്‍ അഴിച്ചെടുത്ത സവര്‍ക്കറുടെ സ്വന്തം വസ്ത്രങ്ങള്‍ 1924 മെയ് ആറിന് അണിയാനായി നല്കി. മോചിതനായ സവര്‍ക്കര്‍ തുറന്ന വാതിലിലുടെ 50 വര്‍ഷത്തെ ജയിച്ച് പുറത്തേക്ക്.
നിരവധി ചരിത്ര രചനകള്‍ മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ള കോഴിക്കോട് ഇന്തോളജിക്കല്‍ ട്രസ്റ്റാണ് ഗ്രന്ഥം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രമുഖ ചിന്തകനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാറാണ് അവതാരിക എഴുതിയിട്ടുള്ളത്. രാഷ്ട്രസ്നേഹികള്‍ക്ക് ഏറേ പ്രചോദനകരമായ ഗ്രന്ഥം ഇക്കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: