Categories: Samskriti

വാല്‍സല്യ ബുദ്ധിയില്‍ വിശ്വാമിത്ര മഹര്‍ഷി

ഈ ഘട്ടത്തില്‍ രോഹിതന്‍ തന്നെ ഒരു ബലിമൃഗത്തെ കണ്ടെത്തി അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടു ചെന്നു എന്നാണ് ഭാഗവതത്തില്‍ പറയുന്നത്.

അനേകം പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, അപൂര്‍വമായി കിട്ടുന്നൊരു അവസരമാണിത്. മഹാത്മാക്കളില്‍ പലര്‍ക്കും ആ ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് ദേവേന്ദ്രന്‍ പറഞ്ഞാണ് രോഹിത രാജകുമാരന്‍ മനസ്സിലാക്കിയത്. ഏതായാലും ഈ അവസരം ഉപയോഗിക്കുക തന്നെ. അനേകം ക്ഷേത്രങ്ങള്‍, പുണ്യതീര്‍ഥങ്ങള്‍ ഇവ ദര്‍ശിക്കാനായി വനത്തില്‍ നിന്നും രോഹിത രാജകുമാരന്‍ യാത്രയായി.  

കൊട്ടാരത്തിലെ കാര്യങ്ങളെല്ലാം ഇടയ്‌ക്കിടയ്‌ക്ക് ദേവേന്ദ്രന്‍ അറിയിക്കുന്നുണ്ട്. അവിടെ രോഹിതന് പകരമായി മറ്റാരെയെങ്കിലും ബലി കൊടുക്കാനുള്ള ശ്രമത്തിലാണത്രേ. വരുണശാപത്താല്‍ എല്ലാവര്‍ക്കും മഹോദരം ബാധിച്ചതാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനത്തിന് കാരണം. രോഹിതന് വിഷമമായി. താന്‍ അവിടെ നിന്നും ഓടിപ്പോന്നതാണ് ഇപ്പോള്‍ ഈ ദുഃഖത്തിന് കാരണം. വീടിനും നാടിനും ഗുണമില്ലാതെ എല്ലാവര്‍ക്കും ഭാരമായിക്കൊണ്ടുള്ള തന്റെ ജീവിതക്രമത്തെക്കുറിച്ചോര്‍ത്തപ്പോള്‍ തിരിച്ചു കൊട്ടാരത്തിലേക്ക് ചെല്ലുന്നതു തന്നെ ശരിയെന്ന് രോഹിതന് തോന്നി. തന്റെ അപ്പൂപ്പന്‍ സത്യവ്രതന്‍ ഇങ്ങനെ എത്രകാലം വീടും നാടും വിട്ട് കഷ്ടപ്പെട്ടിട്ടുണ്ട്. കടുത്ത ദാരിദ്ര്യദുഃഖത്തില്‍ പട്ടിണിയും പരിവട്ടവുമായി ചണ്ഡാലവൃത്തി പോലും ചെയ്ത് കഴിയേണ്ടി വന്നു. ചിന്തകള്‍ പിന്നെയും കാടുകയറുകയാണ്.  

ഈ ഘട്ടത്തില്‍ രോഹിതന്‍ തന്നെ ഒരു ബലിമൃഗത്തെ കണ്ടെത്തി അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടു ചെന്നു എന്നാണ് ഭാഗവതത്തില്‍ പറയുന്നത്. എന്നാല്‍ ഹരിശ്ചന്ദ്ര നരേശനും പരിവാരങ്ങളും കൂടി ബലിമൃഗമായി ഒരു ബ്രാഹ്മണകുമാരനെ കണ്ടെത്തി വിലയ്‌ക്കു മേടിച്ചു എന്നാണ് ദേവീഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത്.

ഏതായാലും അജീഗര്‍ത്തനെന്ന ദരിദ്രബ്രാഹ്മണന്റെ പുത്രന്‍ ശുനഃശേഫനെ ബലിമൃഗമാക്കി യാഗം നടത്തി വരുണ ശാപത്തില്‍ നിന്നും മോചനം നേടാന്‍ രാജാ ഹരിശ്ചന്ദ്രന്‍ തയാറായി. ദാരിദ്ര്യദുഃഖം കൊണ്ട് സ്വന്തം പുത്രനെ ബലിമൃഗമാക്കാനായി വില്‍ക്കേണ്ടി വന്ന അജീഗര്‍ത്തന്റെ ദുഃഖത്തെക്കുറിച്ചായിരുന്നു വിശ്വാമിത്രന്റെ ചിന്ത. ഒരു ഘട്ടത്തില്‍ കടുത്ത പട്ടിണി താങ്ങാനാവാതെ തന്റെ ഭാര്യയും മകനെ വില്‍ക്കാനൊരുങ്ങിയതാണ്. അന്ന് ഹരിശ്ചന്ദ്രന്റെ അച്ഛന്‍ സത്യവ്രതനാണ് ആ മകനെ രക്ഷിച്ചത്. ഈ വിവരമറിഞ്ഞപ്പോള്‍ താന്‍ എത്ര വിഷമിച്ചു എന്ന് വിശ്വാമിത്ര മഹര്‍ഷി ആലോചിച്ചു.

എല്ലാ അച്ഛനമ്മമാരുടെയും അവസ്ഥ ഇതു തന്നെ ആയിരിക്കില്ലേ? അച്ഛനമ്മമാരുടെ ഉള്ളിലെ വാല്‍സല്യം ഒന്നു തന്നെയല്ലേ? ഇതെല്ലാം ആലോചിച്ചപ്പോള്‍ മഹര്‍ഷി വിശ്വാമിത്രന് ശുനഃശേഫനോട് ഒരു കരുണ. അവനെ ബലി നല്‍കാതെ രക്ഷിക്കണം എന്ന് മഹര്‍ഷി നിശ്ചയിച്ചു.  

നരബലി ഒഴിവാക്കണമെന്ന് വിശ്വാമിത്ര മഹര്‍ഷി രാജാഹരിശ്ചന്ദ്രനോടും കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അവരുടെ കാരുണ്യത്തിനായി അപേക്ഷിച്ചു. ജീവഭയത്തിനായി കരയുന്ന ശുനഃശേഫന്റെ കണ്ണീരു ചൂണ്ടിക്കാട്ടി അഭ്യര്‍ഥിച്ചു.  

മറുപടി പറയാനാവാതെ ഹരിശ്ചന്ദ്ര മഹാരാജാവ് കുഴങ്ങി. പക്ഷേ ബലികര്‍മം മുടക്കാനാവില്ലെന്ന് വസിഷ്ഠ മഹര്‍ഷി ശഠിച്ചു. കൊട്ടാരത്തെ വരുണ ശാപത്തില്‍ നിന്ന് മുക്തമാക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് കുലഗുരു ആവര്‍ത്തിച്ചു. പക്ഷേ ശുനഃശേഫനെ രക്ഷിക്കാന്‍ വിശ്വാമിത്ര മഹര്‍ഷി മാര്‍ഗം കണ്ടെത്തിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക