കുവൈറ്റ് സിറ്റി : കൊറോണ ദുരന്തത്തെക്കാള്‍ ട്യൂമര്‍ ഉണ്ടാക്കിയ വേദന അനുഭവിച്ച 6 വയസുകാരി സാദിക, ഇന്ത്യന്‍ പട്ടാളത്തോടൊപ്പം കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങി. കുവൈറ്റ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുമെത്തിയ വൈദ്യസംഘം നാട്ടിലേക്ക് മടങ്ങിയപ്പോള്‍ പാലക്കാട് കാരി സാദികയും അച്ഛന് രതീഷ്കുമാറും ഒപ്പം ഉണ്ടായിരുന്നു. ഒട്ടേറെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും മറികടന്നാണ് വേദനയോടെ വിഷമിച്ചിരുന്ന ഈ കുടുംബത്തിന് ആശ്വാസമായ നാട്ടിലേക്കുള്ള ഈ പറക്കല്‍.
ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കുവൈറ്റില്‍ വിമാനസര്‍വ്വീസ് നിര്‍ത്തിലാക്കുകയും ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തത്. ഇതോടെ ചികിത്സയ്ക്കായുള്ള നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിലാവുകയായിരുന്നു.
കുവൈറ്റിലെ പ്രമുഖ സന്നദ്ധ സംഘടനകളായ ബി.പി.പി. സേവാദര്‍ശന്‍ എന്നിവയുടെ സമയോജിത പ്രവര്‍ത്തനഫലമായിട്ടാണ് യാത്രയ്ക്കുള്ള അവസരമൊരുക്കിയത്. വിദേശകാര്യസഹമന്ത്രി വി.മുരളീധരനെ വിവരം അറിയിക്കുകയും ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുകയായിരുന്നു. സുരേഷ് ഗോപി എം.പി. മീനാക്ഷിലേഖി എം.പി, ആഭ്യന്തരമന്ത്രാലയം, ഇന്ത്യന്‍ എംബസി എന്നിവയുടെ സംയുക്ത തുടര്‍ പ്രവര്‍ത്തനത്തിലൂടെയാണ് കുവൈറ്റിലെത്തിയ ഇന്ത്യന്‍ വായുസേന വിമാനത്തില്‍ യാത്ര സാദ്ധ്യമായത്.
രണ്ടാഴ്ച നീണ്ട നിതാന്ത പരിശ്രമ ഫലമായിട്ടാണ് കുവൈറ്റിലെത്തിയ വൈദ്യ സംഘത്തിന്റെ പ്രത്യേക വിമാനത്തില്‍ സാദികക്കുള്ള യാത്രക്കുള്ള അനുമതി നേടിയെടുത്തത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈറ്റ് പ്രതിരോധവകുപ്പിന്റെ ആവശ്യം അനുസരിച്ചാണ് ഇന്ത്യയില്‍ നിന്നും എത്തിയ വൈദ്യ സംഘമെത്തിയത്. ഇവരോടൊപ്പം തിരിച്ച് ഡല്‍ഹിയിലെത്തുന്ന സാധിക തിങ്കളാഴ്ച ഏംയിസ് ആശുപത്രിയില്‍ ചികിത്സ തേടും.
അന്താരാഷ്ട്ര വിമാന സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിയ അര്ഹരായവരെപോലും നാട്ടിലെത്തിക്കുവാന്‍ ബുദ്ധിമുട്ടുകയാണ്. എങ്കിലും അവസരം പ്രയോജനപ്പെടുത്തി സാധ്യമായതൊക്കെ ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാണെന്നതിന്റെ ഒരു തെളിവുകൂടിയാണ് സാദികയുടെ നാട്ടിലേക്കുള്ള ഈ യാത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: