തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ ഓരോ മേഖലയും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. പ്രളയത്തില്‍ ഏറ്റവും അധികം പ്രതിസന്ധികള്‍ നേരിട്ട നിര്‍മാണ മേഖലയില്‍ തന്നെയാണ് കൊറോണയും പിടിമുറുക്കിയിരിക്കുന്നത്. ജില്ലയിലെ ഒട്ടുമിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണിപ്പോള്‍. ജോലിക്കാരില്ല, അവശ്യസാധനങ്ങള്‍ എത്തുന്നില്ല തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ചെറിയ ഇളവുകള്‍ ലഭിച്ച സ്ഥലങ്ങളില്‍ പോലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിന് കാരണം.
ഇപ്പോഴത്തെ ഈ പ്രതിസന്ധിയില്‍ നിന്നും കരകയാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് തലസ്ഥാനത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ ഒന്നായ ജാനകി കണ്‍സ്ട്രക്ഷന്‍സിന്റെ ഉടമ പ്രതീപ് കുമാര്‍ പറയുന്നത്. ഇതുവരെയും ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി തങ്ങള്‍ക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നാണ് പ്രതീപ് പറയുന്നത്. കമ്പി, മണല്‍, സിമന്റ് തുടങ്ങി നിര്‍മാണമേഖലയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിന് ലഭ്യമല്ല. ഇതിന്റെ കൂടെ പലതിന്റെയും വിലയും വര്‍ധിച്ചു. 350 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന സിമന്റിന് ഇപ്പോള്‍ 400 കഴിഞ്ഞു. ഇത് ഇനിയും കൂടാനാണ് സാധ്യത.
മേസ്തിരിമാര്‍ക്കും ആശാരിപ്പണി ചെയ്യുന്നവര്‍ക്കും ഒരു ദിവസത്തെ കൂലി 1000 രൂപയാണ്. മേസ്തിരിമാരെ സഹായിക്കുന്ന ഹെല്‍പ്പര്‍മാര്‍ക്ക് 900 രൂപയാണ് കൂലി. ഹെല്പ്പമാര് അധികവും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരില്‍ പലരും നാടുകളിലേയ്ക്ക് പോയി. മലയാളികളായ ഹെല്‍പ്പര്‍മാരെ സമീപിക്കുമ്പോള്‍ ഇനി ഇവര്‍ക്ക് കൂലി അധികമായി നല്‍കണം. കൃത്യസമയത്ത് പണികള്‍ പൂര്‍ത്തിയാകുകയുമില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചാല്‍ തന്നെ തൊഴിലാളികളുടെ കുറവും സാധനങ്ങളുടെ അമിതവിലയും മേഖലയെ വലിയ രീതില്‍ തന്നെ ബാധിക്കുമെന്നാണ് പ്രതീപ് കുമാര്‍ പറയുന്നത്.
15 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതീപ് എട്ട് വര്‍ഷമായി സ്വന്തമായാണ് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നത്. നിരവധി ഇരുനില വീടുകളുടെ നിര്‍മാണമാണ് ജാനകി കണ്‍സ്ട്രക്ഷന്‍സിന്റെ കീഴില്‍ മാത്രം നിര്‍ത്തിവച്ചിരിക്കുന്നത്. നാലു ഇരുനില വീടുകളുടെ നിര്‍മാണം ആരംഭിക്കാനുമുണ്ട്. നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ ഇനിയും വില്‍ക്കാനുണ്ട്. അന്‍പതിലധികം സ്ഥിരം ജോലിക്കാരാണ് ഇവര്‍ക്ക് വിവിധ മേഖലകളിലായി ഉള്ളത്. ഇവരുടെ ദിവസശമ്പളത്തിന് തന്നെ വന്‍തുക വേണം. പലതരം വായ്പയെടുത്താണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
സാധാരണ ഗതിയില്‍ അഞ്ചും ആറും മാസമെടുത്താണ് ഒരു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഉടനെ ഇത് വിറ്റുപോകുമായിരുന്നു. എന്നാല്‍ ഇനി അത് നടക്കാന്‍ സാധ്യതയില്ല. ലോക്ഡൗണ്‍ ആരംഭിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. സേവാഭാരതി പോലുള്ള സന്നദ്ധ സംഘടനകള്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും കുടുംബത്തോടൊപ്പം അധികസമയം ചെലവഴിക്കുകയുമാണ് ഈ ലോക്ഡൗണ്‍ കാലത്ത് പ്രതീപ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: