പത്തനംതിട്ട: ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവ് വരുത്തിത്തുടങ്ങിയതോടെ ജനങ്ങളുടെ അമിത ആത്മവിശ്വാസം അപകടകരമായ സാഹചര്യത്തിന് ഇടയാക്കുമെന്ന് ആശങ്ക ഉയരുന്നു. ജില്ലയിലും 24 മുതൽ ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവുകൾ വരാനിരിക്കെയാണ് ആശങ്കയ്‌ക്ക് ഇടയാക്കുന്നത്. ഇന്നലെ ഇളവുകൾ നടപ്പാക്കിയ ജില്ലകളിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയതും വാഹനത്തിരക്ക് നിയന്ത്രിക്കാൻ പോലീസിന് കഴിയാതിരുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പരക്കെ ആശയക്കുഴപ്പമുണ്ടാക്കി. ബാർബർ ഷോപ്പുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം പിന്നീട് തടയുകയും ചെയ്തു.
പത്തനംതിട്ടയിൽ പൊതുവെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നത് ആളുകളുടെ ഭീതിയും കുറച്ചിട്ടുണ്ട്. ഇതോടെ നിയന്ത്രണങ്ങൾ അവഗണിക്കാനുള്ള പ്രേരണയും വർധിക്കുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ എന്ന വ്യാജപ്രചരണത്തിൽപ്പെട്ട് വാഹനങ്ങളുമായി ആളുകൾ നഗരങ്ങളിലേക്ക് എത്തുന്നതും പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. കർശന ജാഗ്രതയും മികച്ച ചികിത്സയും കൈകോർത്തപ്പോൾ ജില്ലയിൽ കൊറോണ വ്യാപനത്തെ കാര്യക്ഷമമായി തടയാനായി. എന്നാൽ വലിയതോതിൽ ഇളവുകൾ നടപ്പാക്കിയാൽ തിരിച്ചടിയാകുമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ഇതുവരെയുള്ള പ്രയത്‌നങ്ങൾ ഇതോടെ വൃഥാവിലാകുമെന്നാണ് ആരോഗ്യപ്രവർത്തകരുടെയും ഭീതി.
ജില്ലയിലെ രോഗ ബാധിതരിൽ ബഹുഭൂരിപക്ഷവും വിദേശത്തു നിന്നെത്തിയവരായിരുന്നു. പുതിയ സമ്പർക്ക രോഗികൾ പൂർണമായും ഇല്ലാതായത് ശുഭപ്രതീക്ഷയും നൽകുന്നു. മാർച്ച് 8ന് റാന്നിയിൽ നിന്നുള്ള ഇറ്റലി കുടുംബത്തിലെ 5 പേരുടെ കോവിഡ് സ്ഥിരീകരണത്തോടെ വിറങ്ങലിച്ചു പോയ ജില്ലയിൽ മാർച്ച് 10 ആയപ്പോഴേക്കും രോഗികളുടെ എണ്ണം 9 ആയി. കൊറോണ വൈറസ്, ജില്ലയെ വ്യാപകമായി പിടികൂടുമെന്ന കടുത്ത ആശങ്കയും ഉയർന്നു. എന്നാൽ സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശം ജനങ്ങൾ അനുസരിച്ചതോടെ വൈറസ് വ്യാപനം ക്രമേണ ഒതുങ്ങി.
മാർച്ച് എട്ടിന് 5 പേരിൽ തുടങ്ങിയ രോഗം പിന്നീട് ഒരിക്കലും ഇത്രയും ഉയർന്ന സംഖ്യയിലേക്ക് എത്തിയില്ല. 4 പേർക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ച മാർച്ച് 10നാണ് രണ്ടാമത്തെ ഉയർന്ന നിരക്ക്. പിന്നീടിങ്ങോട്ട് രോഗികളുടെ എണ്ണം പിടിച്ചു നിർത്താനായി. ഇതു വരെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 17 മാത്രം. ഇതിൽ 11 പേർ രോഗം ഭേദമായി വീടുകളിലേക്കു മടങ്ങി. ഇതിൽ 93, 89 വയസു പ്രായമുള്ള ദമ്പതികളും ഉൾപ്പെടും. ഇനി 6 പേർ മാത്രമാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷവും വിദേശത്ത് നിന്നെത്തിയവർ. ഒരാൾ മാത്രം ദൽഹിയിൽ പഠിക്കുന്ന വിദ്യാർഥിനിയും. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത് 6 പേർക്കു മാത്രമാണ്. ഇവരെല്ലാം ഇറ്റലി കുടുംബവുമായി സമ്പർക്കമുണ്ടായവരാണ്. ലോക്ഡൗണും കർശന ക്വാറന്റയിനും പ്രഖ്യാപിച്ച ശേഷം ഒരാൾക്കു പോലും സമ്പർക്ക രോഗം ഉണ്ടായില്ല. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 20 പേർ നിരീക്ഷണത്തിലുണ്ടെങ്കിലും ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട വെട്ടിപ്രം സ്വദേശി ദൽഹിയിൽ മരിച്ചിരുന്നു. എന്നാൽ, സ്രവ പരിശോധന നടത്താതെ സംസ്‌കാരം നടത്തിയതിനാൽ കാരണം വ്യക്തമായിട്ടില്ല. കോവിഡ് ബാധിച്ച് ജില്ലയിൽ ആരും മരിച്ചില്ല എന്നതാണ് ഏറെ ആശ്വാസകരം. അതേസമയം, ജില്ലയിൽപ്പെട്ട കുറേപ്പേർ വിദേശ രാജ്യങ്ങളിൽ മരണത്തിനു കീഴടങ്ങി. ഇവരിൽ ഏറെയും യുഎസിൽ താമസമാക്കിയവരാണ്. ലോക്ഡൗണിനുശേഷം ജില്ലയ്‌ക്കു പുറത്തേക്ക് യാത്ര നടത്തിയവരെ കൂടി നിരീക്ഷണത്തിലാക്കി കർശന നടപടികളാണ് ആരോഗ്യവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേന ശേഖരിച്ച കണക്കുകൾ പ്രകാരം 2166 പേരെയാണ് ഇത്തരത്തിൽ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ലോക്ഡൗൺ കാലയളവിൽ അന്തർ ജില്ലാ യാത്ര നിരോധിച്ചിട്ടുള്ളതിനാൽ ഇത്തരത്തിൽ ജില്ലയ്‌ക്കു പുറത്തേക്കു പോയവരും ഇവിടേക്കു വന്നവരും നിരീക്ഷണത്തിലാകുകയാണ്. ഇളവുകളുടെ പേരിൽ ജനങ്ങൾ കൂട്ടമായി വീടിന് പുറത്തേക്ക് എത്തുന്നതോടെ ഇതുവരെ കാട്ടിയ ജാഗ്രതയെല്ലാം തകിടം മറിയുമെന്ന ആശങ്കയാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: