ആഴമില്ലാത്ത സാമൂഹ്യ ചിത്രങ്ങളെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഒരു സാഹിതിക്കും ഏറെക്കാലം കഴിയാന്‍ നിര്‍വാഹമില്ല. ആധുനിക കാലഘട്ടത്തില്‍ ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദാര്‍ശനികന്മാരില്‍ ഒരാളും, സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനജേതാവുമായ ആല്‍ബേര്‍ കമ്യു പറഞ്ഞതിങ്ങനെയാണ്: ”കലാപകാരിയായ എഴുത്തുകാരന്‍ ആദ്യം നടത്തുന്ന കലാപം സ്വന്തം പൈതൃകത്തോടാണ്.” നോവല്‍ സാഹിത്യത്തില്‍ പുതിയ വഴികള്‍ വെട്ടിയൊരുക്കാന്‍ തകഴിക്കും ദേവിനും പൊറ്റക്കാടിനും കഴിഞ്ഞത് ജഡീഭവിച്ച പൈതൃകത്തിനെതിരെ കലാപമുണ്ടാക്കിയതുകൊണ്ടാണ്. എഴുത്തുകാരന്‍ സ്വന്തം പൈതൃകത്തോട് നടത്തുന്ന കലാപത്തിന്റെ പ്രവാചക ശബ്ദമാണ് ബഷീറില്‍ കാണുന്നത്.
മാധുര്യമിറ്റുവീഴുന്ന പദബന്ധവും, പട്ടുടയാടയണിഞ്ഞ ഭാഷയും കണ്ടാല്‍ പൈങ്കിളിയെന്ന് വിളിക്കുക പതിവായിരുന്നു. ദേവും തകഴിയും ചെറുകാടും പൊറ്റക്കാടും എഴുതിയ നോവലുകളില്‍നിന്ന് സാഹിത്യ ചരിത്രപരമായ കൗതുകം മാറ്റി നിര്‍ത്തി, അനന്യമായ കലാസങ്കല്‍പങ്ങളോടുകൂടി വിലയിരുത്തിയാല്‍ എത്ര കൃതികള്‍ തിരഞ്ഞെടുക്കാനാവും? കാരൂര്‍ എന്ന കഥാകൃത്തിന്റെയും ബഷീര്‍ എന്ന കഥാകൃത്തിന്റെയും നോവലിസ്റ്റിന്റെയും വിജയം ഇവിടെയാണ്. ഈ രണ്ട് എഴുത്തുകാരും പൊള്ളയായ കമിറ്റ്‌മെന്റിന്റെ പേരില്‍ സമൂഹത്തെ മാറ്റിമറിക്കാം എന്ന വ്യാമോഹത്തോടെ ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങള്‍ അവതരിപ്പിച്ചില്ല.
സാഹിത്യത്തിന്റെ ജൈവവികാസത്തിനാവശ്യമായ സൗന്ദര്യപരമായ മെറ്റബോളിസം ബഷീറിനോളം കൈമുതലായുള്ള മറ്റ് നോവലിസ്റ്റുകള്‍ ഒ.വി. വിജയനും ഉറൂബുമൊക്കെയാണ്. എംടിയും മാധവിക്കുട്ടിയും സമൂഹത്തിന്റെ പരന്ന ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ വ്യക്തിയിലേക്ക്, അവനവനെ ചൂഴുന്ന പ്രശ്‌നങ്ങളിലേക്ക്, പശ്ചാത്തലങ്ങളിലേക്ക് കടന്ന് ഭാവഗീതത്തിന്റെ ഏകാഗ്രമായ ആഴവും താളവും സൃഷ്ടിച്ച് രചനകളെ കലാപരമായി ഉയര്‍ത്തി. സാമൂഹ്യ പ്രതിബദ്ധതയല്ല, കലാപരമായ കമിറ്റ്‌മെന്റാണ് എംടിയേയും കോവിലനേയും മികച്ച എഴുത്തുകാരാക്കി മാറ്റിയത്.
കഥാശില്‍പത്തെ ആവുന്നത്ര പരുഷമാക്കുന്നതില്‍ ബഷീര്‍ എപ്പോഴും ഒന്നാം സ്ഥാനത്താണ്. ലാവണ്യത്തികവുകൊണ്ട് പൊതിഞ്ഞു മേനികൂട്ടി നിര്‍ത്തിയ സാമൂഹ്യ സ്ഥാപനങ്ങളെ വിവസ്ത്രയാക്കുന്നതില്‍ മാധവിക്കുട്ടിയും എംടിയും വഹിച്ച പങ്ക് ചെറുതല്ല. മോര്‍ച്ചറിയുടെ രൂക്ഷഗന്ധമുള്ള അന്തരീക്ഷത്തില്‍ കണ്ടുമുട്ടുന്ന ജീവിതമാണ് ബഷീര്‍ ‘ശബ്ദങ്ങള്‍’ എന്ന നോവലിലും, കോവിലന്‍ ‘ഏഴാമെടങ്ങള്‍’ എന്ന നോവലിലും, എംടിയുടെ കാലം, അസുര വിത്ത് തുടങ്ങിയ നോവലുകളിലും അവതരിപ്പിച്ചത്. ഇതാണ് ക്രൂരവും പരുഷവുമായ സത്യത്തെ ഭയാനകമായി ആധുനിക എഴുത്തുകാരായ ഒ.വി. വിജയനും ആനന്ദിനും കാക്കനാടനും മറ്റും അവതരിപ്പിക്കാന്‍ പ്രേരണയായത്.
മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള വേവലാതികള്‍ ബുദ്ധിപരമായ ഒരു വിനോദമല്ല, അന്തരിന്ദ്രിയങ്ങള്‍ തപിപ്പിച്ച് ഉയരുന്ന നിലവിളി ആണെന്ന് എംടിയുടെ പള്ളിവാളും കാല്‍ചിലമ്പും, ഷെര്‍ലക്ക് തുടങ്ങിയ കഥകളും, വിലാപയാത്ര, വാരാണസി തുടങ്ങിയ നോവലുകളും വ്യക്തമാക്കുന്നു. എംടിയുടെ മഞ്ഞ് വേറിട്ട് നില്‍ക്കുന്ന ഒരു കൃതിയാണ്. നായര്‍ തറവാടുകളുടെ തകര്‍ച്ച ചിത്രീകരിക്കുന്ന നോവലുകളുടെ ലോകത്ത് നിന്ന് ഭാവകാവ്യ സദൃശമായ ഒരു വികാര തരളിത നോവലാണ് മഞ്ഞ്. പ്രണയ പ്രതിജ്ഞ ചെയ്ത് അനുരാഗ മാധുര്യം ഒന്നിച്ച് നുകര്‍ന്ന ശേഷം പോയ് മറഞ്ഞ കമിതാവിനെ കാത്തിരിക്കുന്ന വിമലയുടെ മനസ്സിന്റെ നൊമ്പരമാണ് ഈ നോവല്‍ വായനക്കാരന് നല്‍കുന്നത്.
വിമലയുടെ ഏകാന്തത അസ്തിത്വദുഃഖം പേറുന്ന നോവലുകളുടെ ഏകാന്തതയല്ല. കാതരത, കാത്തിരിപ്പ് ഇവയെല്ലാം എംടിയുടെ മിക്ക കഥകളുടേയും മുദ്രകളാണ്. കാല്‍പനികതയുടെ തമ്പുരാനാണ് എംടി. ദാര്‍ശനികതയുടെ കടലിരംബം എംടിയില്‍ കാണാന്‍ കഴിയില്ല. എംടിയുടെ മഞ്ഞ് എന്ന നോവലിനെ വ്യത്യസ്തമായ രീതിയില്‍ സമീപിച്ച കെ.പി.അപ്പന്‍ എഴുതിയ ‘സമയതീരത്തെ സംഗീതം’ ഈ നോവലിന്റെ ഭാഷാപരമായ പ്രത്യേകതകളും കാല സങ്കല്‍പവും അപഗ്രഥിക്കുന്നു.
നാലുകെട്ട്, അസുരവിത്ത് തുടങ്ങിയ നോവലുകള്‍ ദേശത്തിന്റെ കഥയും, ഒരു പ്രദേശത്തെ മനുഷ്യാവസ്ഥയുടെ സ്ഥിതി ചരിതവും കടന്ന് യൂണിവേഴ്‌സല്‍ തലത്തിലേക്ക് ഉയര്‍ത്താന്‍ എംടിക്ക് കഴിയാതെ വരുന്നു. എംടിയെ വിജയനെപ്പോലെ ഒരു യൂണിവേഴ്‌സല്‍ വിഷനുള്ള എഴുത്തുകാരനായി ആരും കാണാറില്ല. എംടിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാലുകെട്ടില്‍ നാടകമാര്‍ഗ്ഗമാണ് അവലംബിച്ചിട്ടുള്ളത്. കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം, അവരെല്ലാം അവരുടെ വഴി കണ്ടുപിടിക്കുന്നു.
നാലുകെട്ട് അപ്പുണ്ണിയുടെ കഥ പറയുന്ന ഒരു ശരാശരി നോവലാണ്. തറവാട്ടില്‍ കാരണവര്‍ നിശ്ചയിച്ച കല്യാണത്തിന് വഴങ്ങാതെ കാമുകന്റെ അടുത്തേക്ക് വീട് വിട്ടുപോയ ഒരു സ്ത്രീയുടെ മകനാണ് അപ്പുണ്ണി. പൊതുവേ നാലുകെട്ട് കഥകളില്‍ വീട് വിട്ട് ഇറങ്ങിപ്പോകുന്ന സ്ത്രീകളെ കാണുന്നു. ‘നാലുകെട്ടി’ലെ പാറുക്കുട്ടി ‘ശാരദ’യിലെ കല്യാണിയമ്മ, രാജലക്ഷ്മിയുടെ ‘ഞാനെന്ന ഭാവ’ത്തിലെ അമ്മിണി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം നാലുകെട്ടിലെ ഇരുള്‍ മൂടിയ വഴിയില്‍നിന്ന് പുറത്തുകടന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക