തിരുവനന്തപുരം: ജീവിത ചക്രം തിരിക്കാന്‍ തയ്യല്‍ മെഷീന്റെ യന്ത്രം ചവിട്ടുന്നവര്‍ക്കും കൊറോണ സമ്മാനിക്കുന്നത് ദുരിതകാലം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ തയ്യല്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ഏപ്രില്‍ മെയ് മാസത്തില്‍ ഇവര്‍ക്ക് സീസണ്‍ സമയമാണ്. എന്നാല്‍ കടകള്‍ തുറക്കാന്‍ സാധിക്കാതായതോടെ ഇവരുടെ ജീവിതങ്ങളും ചക്രത്തിനിടയില്‍ പെട്ടതുപോലെയായി.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നതിന് മുന്‍പ് വരെ ഏവരും ആശ്രയിച്ചിരുന്നത് തയ്യല്‍ കടകളെയായിരുന്നു. പുതിയ തരം ഫാഷന്‍ രീതിലുള്ള വസ്ത്രങ്ങളിലേയ്‌ക്ക് യുവാക്കള്‍ ശ്രദ്ധപതിപ്പിച്ചതോടെ 40 വയസ്സിന് മുകളിലുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ തയ്യല്‍കടകളിലേയ്‌ക്ക് അധികമായി എത്തുന്നത്. അതിനാല്‍ സ്‌കൂള്‍ തുറക്കുന്ന സമയം, ഓണം തുടങ്ങിയ വിശേഷപ്പെട്ട സമയങ്ങളിലാണ് ഇവര്‍ക്ക് ജോലി കൂടുതലായി ലഭിക്കുന്നത്.
നൂറുകണക്കിന് വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ ഓരോ മാസവും സംസ്ഥാനത്തുടനീളം ആരംഭിക്കുമ്പോള്‍ അതിന് അനുബന്ധമായി തയ്യല്‍ കടകള്‍ ആരംഭിക്കാറുണ്ട്. ഒരു ഷര്‍ട്ടിന് 270 രൂപ മുതലും പാന്റ്‌സിന് 400 രൂപ വരെയുമാണ് പല നഗരങ്ങളിലും തയ്യല്‍ കൂലിയായി ഈടാക്കുന്നത്. ഗ്രാമങ്ങളില്‍ ഇതില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും.
പല ടെയിലറിംഗ് കടകളിലും ഒന്നിലധികം തൊഴിലാളികളുണ്ട്. തുന്നല്‍ കൂലിയില്‍ പകുതിയോളം തുക തൊഴിലാളികള്‍ക്ക് നല്‍കണം. ബാക്കി വരുന്ന തുകയില്‍ നിന്ന് നൂല്‍, കാന്‍വാസ്, ബട്ടന്‍, കട വാടക, വൈദ്യുതി ബില്ല് എന്നിവയും കട ഉടമ നല്‍കണം. ബാക്കി വരുന്ന തുച്ഛമായ പണം മാത്രമാണ് കട ഉടമയ്‌ക്ക് ലഭിക്കുന്നത്.
തയ്യല്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് വഴി ആയിരം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പണം എന്ന് ലഭിക്കുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതോടൊപ്പം നൂലുകളും മറ്റും വില്‍ക്കുന്ന കടകള്‍ തുറന്നാല്‍ മാത്രമേ തയ്യല്‍ കടകള്‍ക്കും തുറക്കാന്‍ സാധിക്കൂ. അല്ലാത്തപക്ഷം തുറന്നിട്ടും കാര്യമില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
തയ്യല്‍ കടകള്‍ക്ക് എന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാം എന്നതിനെകുറിച്ച് സര്‍ക്കാര്‍ ഇപ്പോഴും വ്യക്തമായ ഒരു അറിയിപ്പും നല്‍കിയിട്ടില്ല. ലോക്ഡൗണ്‍ കഴിയുന്നതോടെ തയ്യല്‍ മെഷീന്റെ യന്ത്രം ചവിട്ടുന്നതിന്റെ വേഗത കൂട്ടിയാല്‍ മാത്രമേ ജീവിതത്തിന്റെ ചക്രം ഇവര്‍ക്ക് സുഗമമായി ചലിപ്പിക്കാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: