ആലപ്പുഴ: ഊര്‍ജമേഖലയില്‍ കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യത്തെ മൂന്ന് തന്ത്രപ്രധാന സംഭരണികളിലായി അഞ്ചു മില്യന്‍ മെട്രിക് ടണ്‍ (എംഎംടി) ക്രൂഡ് ഓയില്‍ ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിശാഖപട്ടണം, മംഗലാപുരം, ഉഡുപ്പിക്കടുത്ത പാഡൂര്‍ എന്നിവിടങ്ങളിലെ ഭൂഗര്‍ഭ അറകളിലാണ് സംഭരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് വിപുലമായി ഇത്തരത്തിലൊരു ക്രൂഡ് ഓയില്‍ സംഭരണ പ്രക്രിയ.
നിലവില്‍ എണ്ണക്കമ്പനികളുടെ പക്കലുള്ള ക്രൂഡ് ഓയിലിനും പെട്രോളിനും പുറമെയാണിത്. അസംസ്കൃത എണ്ണയുടെ ക്ഷാമം ഉണ്ടായാല്‍ അതിനെ നേരിടാനാണ് കരുതല്‍ ശേഖരം. ഈ മാസം പതിനഞ്ചോളം കപ്പലുകളിലായി ക്രൂഡ് ഓയില്‍ മംഗലാപുരത്ത് എത്തിച്ചേരും. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലാണ് എണ്ണ എത്തുക. 21ന് ആദ്യ കപ്പല്‍ എത്തും.
സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയുടെ വിലകുറഞ്ഞ സാഹചര്യം പ്രയോജനപ്പെടുത്തി സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വുകള്‍ നിറയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപഭോഗം കുറഞ്ഞതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ആഗോള വില 40 ശതമാനത്തോളം കുറഞ്ഞിരുന്നു. എണ്ണവില ഉയരുന്നതിന് മുമ്പ് സ്ട്രാറ്റജിക്ക് പെട്രോളിയം റിസര്‍വുകള്‍ നിറയ്ക്കുമ്പോള്‍ രാജ്യത്തിന് 5000 കോടി ലാഭിക്കാന്‍ കഴിയും. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന്(പെസൊ) സംഭരിണിക്ക് ലൈസന്‍സ് നല്കി.
ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസേര്‍വ്സ് ലിമിറ്റഡിനാണ് സംഭരണ ചുമതല. സംഭരണ അറയുടെ രൂപകല്‍പ്പന പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു അനുമതി. ഭൂഗര്‍ഭ അറകളില്‍ ക്രൂഡ് ഓയില്‍ സംഭരിക്കുന്നത് ഏറ്റവും സുരക്ഷിത മാര്‍ഗമാണെന്ന് പെസൊ കേരളാ ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സ് ഡോ.ആര്. വേണുഗോപാല്‍ പറഞ്ഞു. ഭൂമിക്കടിയില്‍ പാറ തുരന്ന് അറകള്‍ നിര്‍മിക്കുന്നതിനാല്‍ സുരക്ഷിതത്വം കൂടുതലാണ്. ക്രൂഡ് ഓയില്‍ സംഭരണത്തിന് നേരത്തേ പദ്ധതി തയാറാക്കിയിരുന്നതിനാല്‍ അറകളുടെ നിര്‍മാണവും ആരംഭിച്ചിരുന്നു.
ഭൂഗര്‍ഭ അറകള്‍ സമുദ്ര നിരപ്പില്‍നിന്ന് 100-120 മീറ്റര്‍ താഴെയായിരിക്കും. ഭീകരാക്രമണം, യുദ്ധം, ബോംബ് സ്ഫോടനം, കൊടുങ്കാറ്റ് ഭൂകമ്പം, പ്രളയം സുനാമി, തീപിടിത്തം എന്നിവയെ അതിജീവിക്കാനും കഴിയും. ഏറ്റവും ലാഭകരവുമാണ്. കപ്പലില്‍നിന്ന് എണ്ണ പെട്ടെന്ന് ഇറക്കാന്‍ കഴിയും. ബാഷ്പീകരണ ത്തോത് വളരെ കുറവായിരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: