കുവൈറ്റ് സിറ്റി – ജോലിയും വരുമാനവുമില്ലാതായ വിദേശ തൊഴിലാളികള്‍ രണ്ടര ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. ചെറിയ വരുമാനക്കാരായ അവിദഗ്ദ്ധ തൊഴിലാളികളാണ് അധികവും. സ്വകാര്യ മേഖലയിലും കമ്പനികള്‍ അടച്ചതോടെ തൊഴില്‍ നഷ്ടമായി. വരുമാനമില്ലാത്തവര്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ രാജ്യത്ത് കുടിയേറ്റ നിയമം ലംഘിച്ചു തതാമസിക്കുന്ന ഒന്നര ലക്ഷം പേര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങി പോകുന്നതിനുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ജനസംഘ്യയില്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാകുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
കൊറോണ വ്യാപനത്തിന്റെ ഉറവിട കേന്ദ്രങ്ങളായി മാറി കൊണ്ടിരിക്കുന്ന ഫര്‍വാനിയയിലും ഖൈത്താനിലും സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ആഭ്യന്തര മന്ത്രി അനസ് അല്‍ സലേഹ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. കൂടാതെ പ്രതിരോധ മന്ത്രാലയത്തിന്റ മൂന്നു ക്വാറന്റൈന് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ ജലീബിലും, മഹ്ബൂലയില്‍ വിദേശികള്‍ക്കായി പോളി ക്ലിനിക്കുകളും ഫീല്‍ഡ് ഹോസ്പിറ്റലും സജ്ജമായതായി മന്ത്രാലയം അറിയിച്ചു.
വിസ കാലാവധി തീരുന്നതിനും ഒരുമാസം മുന്‍പ് മാത്രമേ പുതുക്കാന്‍ കഴിയുള്ളുവെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മൂന്ന് മാസം കഴിയുന്നതിന് മുന്‍പ് വിസ പുതുക്കിനല്കുമായിരുന്നു. അതേ സമയം രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഭാഗിക കര്‍ഫ്യു ലംഘിച്ച നാല്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ചിലരെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണും കര്‍ഫ്യുവും ലംഘിക്കുന്നവര്‍ക്ക് മാപ്പു നല്‍കില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: