കാലിന് പരിക്കേറ്റപ്പോള്‍ ഒളിമ്പിക്സ് പ്രതീക്ഷകള്‍ക്ക് അല്‍പ്പം മങ്ങലേറ്റിരുന്നു. എങ്കിലും തിരിച്ചുവരുമെന്ന ദൃഢനിശ്ചയവുമായാണ് അമേരിക്കയില്‍ നിന്നും വിമാനം കയറിയത്. രണ്ട് മാസം വിശ്രമിക്കാം, പിന്നീട് ഒളിമ്പിക്സിനായി ഒരുങ്ങാം. ട്രാക്കിലേക്ക് മടങ്ങിയെത്താനായി ബെംഗളൂരുവിലെ ക്യാമ്പില്‍ പരിശീലനത്തിനെത്തിയ ഇന്ത്യയുടെ മിന്നും താരം ജിന്സണ് ജോണ്സണ് ഒളിമ്പിക്സ് മാറ്റിവച്ച വാര്‍ത്ത ഏറെക്കുറെ ലോട്ടറിയാണ്.
ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി തകര്‍പ്പന്‍ പരിശീലനത്തിലായിരുന്നു ജിന്സണ്. അമേരിക്കയിലെ പ്രമുഖ അക്കാദമിയില്‍ ഓടിപഠിച്ചു. പുത്തന്‍ സാങ്കേതിക വിദ്യകള്‍ അടുത്തറിഞ്ഞു. അപ്പോഴാണ് പരിക്ക് വില്ലനായി എത്തി ജിന്‍സന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. പരിശീലനം നടത്താന്‍ വയ്യാത്ത നിലയിലെത്തി. വൈകാതെ അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്ന് ഏറെ വിഷമിച്ചെങ്കിലും അമേരിക്ക വിട്ട കഥ ഇപ്പോള്‍ ജിന്സണ് തമാശയാണ്. കൊറോണ പടര്‍ന്ന് പിടിക്കുന്ന അമേരിക്കയില്‍ താന്‍ പരിശീലനം തുടര്‍ന്നിരുന്നെങ്കില്‍ പെട്ടുപോയേനെയെന്ന് ജിന്സണ് ജന്മഭൂമിയോട് പറഞ്ഞു. നിലവില്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ട സമയമാണ്. സുരക്ഷിതമായി ഇരിക്കണം. അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഏറെ വിഷമിക്കേണ്ടി വന്നേനെ. അന്ന് പരിക്കേറ്റത് ഇന്ന് ആശ്വാസമായി. ഇനി അമേരിക്കയിലേക്ക് ഇല്ലെന്നാണ് ജിന്സണ് പറയുന്നത്. നാട്ടില്‍ പരിശീലനം നടത്തും. അന്തിമ തീരുമാനം കൊറോണയുടെ കാലം കഴിഞ്ഞ് തീരുമാനിക്കും. എങ്കിലും അമേരിക്കയിലേക്ക് ഇനി മടങ്ങില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ല.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബെംഗളൂരുവിലെ ക്യാമ്പിലാണ് ജിന്സണ് ഇപ്പോള്‍. നാട്ടിലേക്ക് സുരക്ഷിതമായ ശേഷം മടങ്ങാനാണ് തീരുമാനം. കോഴിക്കോട് ചക്കിട്ടപാറയില്‍ കുടുംബം സുരക്ഷിതമാണ്. നിലവില്‍ പ്രധാന ടൂര്‍ണമെന്റുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നീണ്ട പരിശീലന ഘട്ടത്തിലേക്ക് കടക്കുന്നില്ല. എങ്കിലും ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമങ്ങള്‍ ചെയ്യണം.
ഫുട്ബോള്‍ താരങ്ങള്‍ക്കടക്കം പല കായിക താരങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്യാമ്പില്‍ തങ്ങള്‍ക്ക് മികച്ച കരുതല്‍ കിട്ടുന്നുണ്ടെന്നും ജിന്സണ് വ്യക്തമാക്കി. 2018 ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം നടത്തിയ ജിന്സണ് 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടി നാടിന്റെ അഭിമാനമായിരുന്നു.
ചിന്തിക്കുന്നതിലും വലിയ വിപത്താണ് കൊറോണ വൈറസ് എന്നും സുരക്ഷയോടെ ഇരിക്കണമെന്നുമാണ് ജിന്‍സണിന്റെ അഭിപ്രായം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കൊറോണ ഇന്ത്യയിലെത്തുന്ന സമയത്ത് ക്യാമ്പില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ അവസരം കിട്ടിയിരുന്നു. നാട്ടിലേക്ക് മടങ്ങാതിരുന്നത് കൊറോണയുടെ തീവ്രത മനസിലാക്കിയിട്ടാണ്. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം എല്ലാം ശാന്തമായിട്ട് മടങ്ങുമെന്നും താരം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: