നിര്‍മ്മലമായ ഭക്തിഭാവം തുളുമ്പുന്ന ആശയങ്ങളും രസഭാവങ്ങളും അടങ്ങുന്ന ‘നന്ദനാര്‍ ചരിത്രം’ എന്ന നൃത്തനാടകം രചിച്ച വിഖ്യാത കവിയും സംഗീതജ്ഞനുമാണ് ഗോപാലകൃഷ്ണ ഭാരതി. പത്തൊമ്പതാം നൂറ്റാണ്ടിലെ ആരംഭത്തില്‍ നാഗപട്ടണം താലൂക്കിലെ നരിമനത്താണ് അദ്ദേഹം ജനിച്ചത്.
ത്യാഗരാജസ്വാമിയുടെ സമകാലീകനായിരുന്നു. അദ്ദേഹത്തിന്റെ കൃതികളെല്ലാം തെലുങ്കിലും സംസ്കൃതത്തിലുമാണുള്ളത്. കര്‍ണാടകസംഗീതത്തില്‍ തമിഴ് കൃതികള്‍ ആദ്യമായി രചിച്ചു തുടങ്ങിയത് ഗോപാലകൃഷ്ണ ഭാരതിയാണ്. ഗോവിന്ദശിവമായിരുന്നു ആദ്യഗുരു. ഗുരുവില്‍ നിന്ന് വേദശാസ്ത്രങ്ങളും യോഗാഭ്യാസവും ഹൃദിസ്ഥമാക്കി. തമിഴിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി.
ഉത്തരഭാരതത്തില്‍ സംഗീതജ്ഞനായിരുന്ന രാംദാസ് ആയിരുന്നു ആദ്യ സംഗീത ഗുരു. ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പാണ്ഡിത്യം നേടി. പിന്നീട് ഘനം കൃഷ്ണയ്യരുടെ കീഴില്‍ സംഗീതം അഭ്യസിച്ച് സംഗീതത്തിന്റെ എല്ലാവശങ്ങളും പാടാനുള്ള കഴിവ് സ്വായത്തമാക്കി. ഒരു ഹരികഥ കാലക്ഷേപകാരനായും അദ്ദേഹം അറിയപ്പെടുന്നു.
ചിദംബരേശ്വരനായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട ദേവത. അത്യധികം ഭക്തിയോടെ അദ്ദേഹം നടരാജ മൂര്‍ത്തിയെ ആരാധിച്ചുപോന്നു. ഭഗവാനോട് ഉള്ള യാചനാഭാവത്തില്‍ രചിച്ച കൃതിയാണ് ‘എന്നേരമും ഉന്തന് സന്നിധിയില്‍ നാന് ഇരുക്കവേണ്ടും അയ്യാ’ എന്നത്. ആകസ്മികമായൊരു പ്രചോദനത്താലാണ് അദ്ദേഹം ‘നന്ദനാര്‍ ചരിത്രം’ എഴുതിയത്. വളരെ ഭക്തിയോടെയായിരുന്നു രചന. ഹൃദയസ്പര്‍ശിയായ സംഗീതവും നന്ദനാരുടെ കഷ്ടാനുഭവങ്ങളും ഭക്തിയും ഇതില്‍ പ്രകടമാകുന്നു.
ഗോപാലകൃഷ്ണഭാരതിയുടെ കൃതികള്‍ സംഗീത കച്ചേരികളില്‍ ധാരാളമായി ആലപിച്ചു വരുന്നു. ജോണ്‍പുരി രാഗത്തിലുള്ള ‘എപ്പൊ വരുവാറോ…,’ വസന്ത രാഗത്തിലുള്ള ‘നടനം ആടിനാര്‍…’, കാംബോജി രാഗത്തിലുള്ള ‘തിരുവടി ശരണം…’, കമാസ് രാഗത്തിലുള്ള ‘കനകസഭേശന് ചേവടി…’, ആഭോഗി രാഗത്തിലുള്ള ‘സഭാപതിക്കു വേറെ ദൈവം സമാനമാകുമാ…,’ നാട്ട രാഗത്തില്‍ ‘ഹര ഹര ശിവ ശങ്കര…’, വരാളി രാഗത്തിലുള്ള ‘ആടിയ പാദമേ ഗതി…’, ദര്‍ബാര്‍ രാഗത്തിലുള്ള ‘ആടിയ പാദ ദരിശനം…’, സുരുട്ടി രാഗത്തിലുള്ള ‘തില്ലൈയമ്പലത്താനൈ…’, ഗൗള രാഗത്തില്‍ ഉള്ള ‘ശരണാഗതി…’ ഇതെല്ലാം അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. പ്രണതാര്ത്തിഹര ക്ഷേത്രദര്‍ശനത്തിനിടെയാണ് ഗോപാലകൃഷ്ണ ഭാരതി ആഭോഗി രാഗത്തിലുള്ള ‘സഭാപതിക്കു വേറെ ദൈവം സമാനമാകുമാ’ എന്ന കൃതി രചിച്ചത്.
അണ്ണാമല സര്‍വകലാശാലയുടെ ‘തമിഴ് ഇശൈ’ പരമ്പരയില്‍ 6 വാല്യത്തിലായി അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സ്വരപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിത്യബ്രഹ്മചാരി ആയിരുന്നു ഗോപാലകൃഷ്ണ ഭാരതി. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഈശ്വര ചിന്തയിലും സംഗീത സൃഷ്ടിയിലും മുഴുകി. ഹരികഥാ പ്രസംഗത്തില്‍ നിന്നും ലഭിച്ച തുകയത്രയും അദ്ദേഹം പൊതുജന നന്മയ്ക്ക് ഉപയോഗിച്ചു. തൊണ്ണൂറ്റിയഞ്ചാം വയസില്‍, ഒരു ശിവരാത്രി നാളിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: