തമിഴിലെ പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനും ഗായകനുമായിരുന്നു പാപനാശം ശിവന്‍. തഞ്ചാവൂര്‍ ജില്ലയിലെ നന്നിലം താലൂക്കിലെ പോലകം ഗ്രാമത്തില്‍ 1890 ലാണ് അദ്ദേഹം ജനിച്ചത്. രാമയ്യന്‍ എന്നായിരുന്നു പേര്. ദേഹം മുഴുവനും ഭസ്മം പൂശി നടന്നിരുന്നതുകൊണ്ട് ശിവന്‍ എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. പിന്നീട് പാപനാശം ശിവന്‍ എന്ന പേരില്‍ പ്രസിദ്ധനായി.
സിനിമാ ഗാനങ്ങള്‍, ഭജനകള്‍, കീര്‍ത്തനങ്ങള്‍ നൃത്ത ഗാനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 2500ല്‍ അധികം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. തമിഴിനു പുറമേ മറ്റനേകം ഭാഷകളിലും കൃതികള്‍ രചിച്ചു. ഭക്തിഗാനങ്ങളാണ് ഏറെയും. ഹരികഥാ കാലക്ഷേപവും സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നാടകങ്ങളും നാടകഗാനങ്ങളുമെല്ലാം പുരാണ കഥകളുമായി ബന്ധപ്പെട്ടതായിരുന്നു.
‘എന്നതവം ചെയ്തനെ’ (കാപ്പി രാഗം) ‘ഞാനൊരു വിളയാട്ടു ബൊമ്മയാ’ (നവരസ കന്നഡ) ‘ഗജ വദന കരുണ സദന'(ശ്രീരഞ്ജിനി) ‘കാവാവാ’ (വരാളി) ‘ശരണമയ്യപ്പാ'(മുഖാരി) ‘ദേവി നീയേ തുണയ്’ (കീരവാണി) ‘ശരവണഭവ എന്നും'(ഷണ്മുഖപ്രിയ) ‘സാമഗാന ലോലനെ സദാശിവ'(ഹിന്ദോളം)’ശരവണഭവ ഗുഹനെ’ (മദ്ധ്യമാവതി) ‘ഗുരുവായൂരപ്പാ’ (ചക്രവാകം) തുടങ്ങിയവ പാപനാശം ശിവന്റെ വിഖ്യാത കൃതികളാണ്.
അമ്മയുടെ മരണത്തോടെ ഭക്തനും വിരക്തനുമായി മാറിയ ശിവന്‍ 12 വര്‍ഷത്തോളം സംഗീതവും സംഗീത രചനയുമായി അലഞ്ഞു. നീലകണ്ഠ ശിവന്റെ ഭജനകളില്‍ അദ്ദേഹം ചെറുപ്പത്തിലെ പങ്കെടുക്കുമായിരുന്നു. ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഭജനകള്‍ പാടുന്നതും പതിവായിരുന്നു. പാപനാശത്തെ ക്ഷേത്രങ്ങളില്‍ അദ്ദേഹം കൂടെക്കൂടെ ഭജനകള്‍ നടത്തി. മലയാളത്തിലും സംസ്‌കൃതത്തിലും പാണ്ഡിത്യം നേടിയിട്ടുണ്ട്. വ്യാകരണത്തില്‍ ബിരുദവും സമ്പാദിച്ചു. നൂറണി മഹാദേവ ഭാഗവതര്‍ ആയിരുന്നു ഗുരു. മഹാദേവ ഭാഗവതരില്‍ നിന്നും സ്വരജ്ഞാനവും ലയജ്ഞാനവും നേടിയശേഷം കച്ചേരി വിദഗ്ധനായിരുന്ന കോണേരി രാജപുരം വൈദ്യനാഥ അയ്യരുടെ ശിഷ്യനായി .
ഭജനകളില്‍ നിന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീതജീവിതം ഉജ്ജ്വലനായൊരു ഗായകനോളം വളര്‍ന്നു. അധ്യാത്മ ചിന്തകളും ഭക്തിയും ഇതിനകം മനസ്സില്‍ വേരുറച്ചിരുന്നു. ഭക്തി പ്രചരണത്തിനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന് സംഗീതം. ഭക്തിസാന്ദ്രമായ ഭജനകളില്‍ തന്നെയായിരുന്നു എന്നും താല്പര്യം. ഉത്സവങ്ങളോടനുബന്ധിച്ച് ഭജന പ്രദക്ഷിണങ്ങള്‍ നടത്തി. തഞ്ചാവൂരിലെ സദ്ഗുരു സ്വാമി മഠത്തിലെ അന്തേവാസി ആയിരുന്നതിനാല്‍ അവിടെവച്ച് അദ്ധ്യാത്മിക വിഷയത്തിലും ഭജനപദ്ധതിയിലും കൂടുതല്‍ ജ്ഞാനം നേടാനായി.
ഭക്തകുചേലന്‍ എന്ന സിനിമയിലും പാപനാശം ശിവന്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് ഗാനങ്ങളെഴുതി. അവയിലും സ്ഫുരിച്ചത് ആദ്ധ്യാത്മിക ചൈതന്യമായിരുന്നു. സിനിമകളിലൂടെ അദ്ദേഹം ധാരാളം ധനം സമ്പാദിച്ചെങ്കിലും ശാന്തിയും സമാധാനവുമറിഞ്ഞത് ഭജനകളിലൂടെയും ക്ഷേത്രസന്ദര്‍ശങ്ങളിലൂടെയുമാണ്. ജന്മദേശമായ പോലകം ഗ്രാമത്തിലെ ക്ഷേത്രവും ക്ഷേത്രക്കുളവും നന്നാക്കാന്‍ സിനിമയില്‍ നിന്നും ലഭിച്ച വരുമാനം മുഴുവനും അദ്ദേഹം വിനിയോഗിച്ചു.
അദ്ദേഹത്തിന്റെ 100 കൃതികള്‍ സ്വരപ്പെടുത്തി ചിട്ടപ്പെടുത്തി ‘കീര്‍ത്തന മാല’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകദേശം 75 ല്‍ പരം രാഗങ്ങള്‍ അദ്ദേഹംഉപയോഗിച്ചു.മദ്രാസ് മ്യൂസിക് അക്കാദമിയുടെ ‘സംഗീത കലാനിധി’ബിരുദം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1973 ലായിരുന്നു പാപനാശം ശിവന്റെ ദേഹവിയോഗം.
(നാളെ: ഭജനയിലെ സംഗീതം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: