തിരുവനന്തപുരം: രക്താതിമര്‍ദ്ദത്തിനു മരുന്നു കഴിക്കുന്നവരെ കോവിഡ്19 ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ മരുന്നുകള്‍ മുടക്കരുതെന്നും കേരളത്തിലേതടക്കം രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ആഗോള പൊതുജനാരോഗ്യവിദഗ്ധരും പ്രമുഖ സ്ഥാപനങ്ങളിലെ മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും വ്യക്തമാക്കി
രക്താദിമര്‍ദമുള്ളവര്‍ക്ക് കൊറോണ വൈറസ് ബാധയിലൂടെ മരണമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നതുകൊണ്ട് മരുന്നുകള്‍ മുടക്കുന്നത് അപകടകരമാണെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. ഇന്ത്യയിലെ ജനങ്ങളില്‍ 30 ശതമാനം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരാണെന്നതിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാരുടെ ഈ മുന്നറിയിപ്പ്.
ചികിത്സാക്രമം പാലിക്കാത്തത് അപകടകരമാണെന്നും രക്താതിമര്‍ദ്ദത്തിന് (ബിപി) മരുന്നുകഴിക്കുന്ന കോടിക്കണക്കായ രോഗികള്‍ പെട്ടെന്ന് മരുന്നുകള്‍ നിര്‍ത്തുന്നത് കോവിഡിനേക്കാള്‍ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും പ്രശസ്ത ഹൃദ്രോഗവിദഗ്ധനായ ഡോ ടൈനി നായര്‍ പറഞ്ഞു. യൂറോപ്യന്‍ സൊസൈറ്റി ഓഫ് ഹൈപ്പര്‍ടെന്‍ഷന്‍, യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷന്‍, ഹൈപ്പര്‍ടെന്‍ഷന്‍ കാനഡ, ദ റെനല്‍ അസോസിയേഷന്‍ യുകെ, കനേഡിയന്‍ കാര്‍ഡിയോവാസ്‌കുലര്‍ സൊസൈറ്റി എന്നിവയുള്‍പ്പെടെ അഞ്ച് പ്രമുഖ സ്ഥാപനങ്ങള്‍ കോവിഡിന്റെ ആവിര്‍ഭാവത്തിന്റെ പശ്ചാത്തലത്തില്‍ രക്താതിസമ്മര്‍ദ്ദം ബാധിച്ച രോഗികള്‍ക്കുള്ള പ്രധാന മരുന്നുകള്‍ തടയാനുള്ള ആധികാരിക വിവരങ്ങളില്ലെന്ന് വ്യക്തമാക്കിയതായും തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവി കൂടിയായ അദ്ദേഹം വ്യക്തമാക്കി.
ബിപി രോഗികള്‍ ദൈനംദിന മരുന്നുകള്‍ കഴിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നാണ് ലോകമെമ്പാടും നിന്ന് ശേഖരിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് വൈറ്റല്‍ സ്ട്രാറ്റജി സംരംഭമായ റിസോള്‍വ് ടു സേവ് ലൈവ്‌സ് സിഇഒയും പ്രസിഡന്റുമായ ഡോ ടോം ഫ്രീഡന്‍ പറഞ്ഞു. രക്താതിമര്‍ദ്ദവും മറ്റ് ഗുരുതര ജീവിതശൈലീ രോഗങ്ങളും ഉള്ളവര്‍ രോഗബാധിതരാകാനും വൈറസ് ബാധിച്ച് മരിക്കാനുമുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ലോകമെമ്പാടുമുള്ള ഇത്തരം ആളുകള്‍ക്ക് ടെലിമെഡിസിനിലൂടെയോ മറ്റുമാര്‍ഗങ്ങളിലൂടെയോ വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഡോ. ഫ്രീഡന്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരിയില്‍ വുഹാനില്‍ മരിച്ച 170 രോഗികളില്‍ 50 ശതമാനത്തിനും രക്താതിമര്‍ദ്ദമോ മറ്റ് പകര്‍ച്ചേതര രോഗങ്ങളോ ഉണ്ടെന്ന മാധ്യമവാര്‍ത്തകള്‍ക്ക് ശാസ്ത്രീയമായ തെളിവില്ലെങ്കിലും മരിച്ചവരില്‍ 50% പേരും രക്താതിമര്‍ദ്ദം ഉള്ളവരാണെന്ന് വുഹാനിലെ മികച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ബിപി രോഗികള്‍ ജനസംഖ്യയുടെ 30 ശതമാനത്തോളം വരും. നിര്‍ദേശിച്ച പ്രകാരമുള്ള ചികിത്സാക്രമം ഇവര്‍ പാലിച്ചില്ലെങ്കില്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സങ്കീര്‍ണമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ വഷളാകും.
ആഗോളതലത്തില്‍ മികച്ച ചികിത്സാക്രമങ്ങള്‍ ബിപിക്ക് നിലവിലുണ്ടെന്നും വ്യക്തിയുടെ പ്രായം, രക്താതിമര്‍ദ്ദം വന്നതിന്റെ ദൈര്‍ഘ്യം, മറ്റു രോഗാവസ്ഥകളുടെ നിലനില്‍പ്പ് എന്നിവയെ ആശ്രയിച്ചാണ് ചികിത്സയെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്റെ തിരഞ്ഞെടുക്കപ്പെട്ട ദേശീയ പ്രസിഡന്റ് പ്രൊഫ. സുനീല ഗാര്‍ഗ് പറഞ്ഞു. മരുന്നുകള്‍ക്ക് പുറമേ യോഗ, സ്‌ട്രെസ് മാനേജ്‌മെന്റ്, കുറഞ്ഞ കലോറിയുള്ള ഭക്ഷണ ഉപഭോഗം എന്നിവയിലൂടെ രക്താതിമര്‍ദ്ദം നിയന്ത്രിക്കാനാകുമെന്നും മൗലാന ആസാദ് മെഡിക്കല്‍ കോളേജ് & അസോസിയേറ്റഡ് ഹോസ്പിറ്റലുകളുടെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസറും മേധാവിയുമായ ഡോ. ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം എന്നിവയുള്ള കോവിഡ്19 രോഗികള്‍ക്ക് യഥാക്രമം 8.4%, 13.2%, 9.2%, 8%, 7.6% എന്നിങ്ങനെയാണ് മരണനിരക്കെന്ന് ചണ്ഡിഗഡിലെ പിജിഐഎംആര്‍ കാര്‍ഡിയോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. യഷ് പോള്‍ ശര്‍മ്മ പറഞ്ഞു. നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ഇതിനകം തന്നെ കോവിഡ് 19 ല്‍ ശ്രദ്ധയൂന്നിയിരിക്കുന്നതിനാല്‍ ബിപി രോഗികള്‍ മരുന്നുകള്‍ ഒഴിവാക്കുന്നത് വലിയ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചണ്ഡിഗഡിലെ കമ്മ്യൂണിറ്റി മെഡിസിന്‍, സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് വിഭാഗം പ്രൊഫസര്‍ ഡോ. സോനു ഗോയലും കോവിഡ് പശ്ചാത്തലത്തില്‍ പുകയില ഉപയോഗം പോലുള്ള മറ്റ് അപകട ഘടകങ്ങള്‍ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.
ബിപി രോഗികള്‍ ഫാര്‍മസിയിലേക്കുള്ള പതിവ് സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും 90 ദിവസത്തെ മരുന്നുകള്‍ സൂക്ഷിക്കണമെന്നും ഉപഭോക്തൃ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ വോയ്‌സിന്റെ സിഇഒ ആഷിം സന്യാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: