അയോധ്യ
ശ്രീരാമദേവനുമപ്പോളുരചെയ്തു:
‘തേരില്‍ കരേറുക സീതേ!വിരവില്‍ നീ
നേരമിനിക്കളഞ്ഞീടരുതേതുമേ’
സുന്ദരിവന്ദിച്ചു തേരില്‍ക്കരേറിനാ-
ളിന്ദിരാവല്ലഭനാകിയ രാമനും
മാനസേ ഖേദം കളഞ്ഞു ജനകനെ
വീണു വണങ്ങി പ്രദക്ഷിണവും ചെയ്തു
താണുതൊഴുതുടന്‍ തേരില്‍ കരേറിനാന്‍;
ബാണചാപാസി തൂണീരാദികളെല്ലാം
കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാന്‍
ലക്ഷ്മണനപ്പോള്‍, സുമന്ത്രരുമാകുലാല്‍
ദു:ഖേന തേര്‍ തെളിച്ചീടിനാന്‍, ഭൂപനും
നില്‍ക്കുനില്‍ക്കെന്നു ചൊന്നാന്‍ ,രഘുനാഥനും
ഗച്ഛഗച്ഛേതിവേഗാലരുള്‍ ചെയ്തിതു:
നിശ്ചലമായിതു ലോകവുമന്നേരം
രാജീവലോചനന്‍ ദൂരെ മറഞ്ഞപ്പോള്‍
രാജാവു മോഹിച്ചുവീണിതേ ഭൂതലേ
സ്ത്രീബാലവൃദ്ധാവധി പുരവാസികള്‍
താപം മുഴുത്തു വിലപിച്ചു പിന്നാലെ
‘തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ!
ദശരഥന്റെ കല്പനപ്രകാരം സുമന്ത്രര്‍ രഥം തയ്യാറാക്കി. ശ്രീരാമനും സീതയും ലക്ഷ്മണനും തേരില്‍ കയറിയപ്പോള്‍ ദശരഥന്‍, ”നില്‍ക്കൂ നില്‍ക്കൂ” എന്ന് വിളിച്ചു പറഞ്ഞു. ”പോകൂ, പോകൂ” എന്ന് ശ്രീരാമനും. രഥം അതിവേഗത്തില്‍ പാഞ്ഞു. ”ഹേ പ്രഭോ, നില്‍ക്കൂ, അങ്ങയെക്കാണാതെ ഞങ്ങള്‍ ജീവിക്കുന്നതെങ്ങനെ”യെന്നു പറഞ്ഞ് ജനങ്ങളെല്ലാം കരഞ്ഞുകൊണ്ട് പിന്നാലെ ഓടി. ‘ അന്ന് വൈകുന്നേരം അവര്‍ തമസാനദിയുടെ തീരത്തെത്തി. രാത്രി ജലം മാത്രം കഴിച്ച് ഉപവസിച്ചുകൊണ്ട് അവിടെ വസിച്ചു. അയോദ്ധ്യാവാസികളും ഉറക്കമായി. നേരം പുലരാറായപ്പോള്‍ ഉറങ്ങുന്ന അയോദ്ധ്യാവാസികള്‍ ഉണരുന്നതിനുമുമ്പ് രഥം തയ്യാറാക്കാന്‍ രാമന്‍ ആവശ്യപ്പെട്ടു. ഈ പാവങ്ങള്‍ കൂടെവന്നാല്‍ വളരെ കഷ്ടപ്പെടും. രഥത്തില്‍ രാമലക്ഷ്മണന്മാരും സീതയും കയറി. ആദ്യം അയോദ്ധ്യയുടെ നേര്‍ക്ക് ഓടിച്ചു. പിന്നെ തിരിച്ച് കാട്ടിലേക്കുള്ള വഴിയേ അതിവേഗം പായിച്ചുവിട്ടു.
പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങളും അവകാശവാദങ്ങളും കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും അയോധ്യ ശാന്തമാണ്. സാധാരണ ക്ഷേത്ര നഗരങ്ങളിലെ ആത്മീയ ശാന്തത. ശ്രീരാമ ജന്മത്താല്‍ പുണ്യമായ സാകേതിനെ തഴുകി ഒഴുകുന്ന സരയൂ തീരത്തെ സ്ഥാനഘട്ടങ്ങള്‍, ഇനിയും പണി പൂര്‍ത്തിയാകാത്ത രാമജന്മഭൂമി ക്ഷേത്രം, ലക്ഷ്മണ ഗഡീ , ഹനുമാന്‍ ഗഡി, കനകഭവന്‍ , സീതാരസോയി, തീര്‍ത്ഥ് കാ താകൂര്‍ എന്നിവ രാമന്റെ സ്മരണ തുടിക്കുന്നതാണ്. പൂര്‍വ്വ വൈഭവത്തിന്റെ നിഴല്‍ മാത്രമാണ് ഇന്ന് അയോധ്യ. എങ്കിലും ആയിരക്കണക്കിന് സഞ്ചാരികളെയും തീര്‍ത്ഥാടകരെയും ഈ പുണ്യ നഗരി ആകര്‍ഷിക്കുന്നു.
സാക്ഷാല്‍ മനു മഹാരാജാവ് സ്ഥാപിച്ചതാണ് കോസല രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന അയോധ്യ. സൂര്യവംശ ചക്രവര്‍ത്തിമാരുടെ തലസ്ഥാനം.അയോധ്യ എന്ന വാക്കിന്റെ അര്‍ത്ഥം ആര്‍ക്കും ആക്രമിക്കാനാകാത്തതും ആര്‍ക്കും ജയിക്കാനാകാത്തതും എന്നാണ്. രാമപുത്രന്‍ ലവന്‍ ആണ് ഇവിടെ രാമജന്മഭൂമി ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീടത് വിക്രമാദിത്യനും ഗാഡ്വാള്‍ രാജാക്കന്മാരും പുനര്‍ നിര്‍മിച്ചു. 1528 ല്‍ ബാബര്‍ എന്ന മുഗള്‍ ആക്രമണകാരി അത് തകര്‍ത്ത് അടിമത്ത സ്മാരകം പണിതു. നീണ്ട കാലത്തെ യുദ്ധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ലക്ഷകണക്കിന് ബലി ദാനങ്ങള്‍ക്കും ശേഷം 1992 ല്‍ കര്‍സേവകന്മാര്‍ ആ ദേശീയ കളങ്കം തുടച്ചുമാറ്റി. താല്‍കാലിക രാമജന്മഭൂമി ക്ഷേത്രത്തില്‍ പൂജയും ആരാധനയും ദര്‍ശനവും മുടങ്ങാതെ നടക്കുന്നു.
തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ് ഹനുമാന്‍ ഗര്‍ഹി. അയോധ്യ നഗരത്തിന്റെ മധ്യ ഭാഗത്തായാണ് നാലുവശങ്ങളും ചുറ്റപ്പെട്ട കോട്ടക്കുള്ളിലെ ഹനുമാന്‍ക്ഷേത്രം.
76 പടികള്‍ കയറിയാല്‍ പ്രധാന ക്ഷേത്രത്തിന്റെ മുന്നില്‍ എത്താം. ഹനുമാന്റെ മാതാവായ അഞ്ജനയുടെ വലിയ പ്രതിമ. അവരുടെ മടിയില്‍ ഇരിക്കുന്ന പുത്രനായ ഹനുമാന്‍. അയോധ്യയെ സംരക്ഷിക്കുവാനായി ഹനുമാന്‍ ഇവിടെ ക്ഷേത്രത്തിനുള്ളിലെ ഗുഹയില്‍ ആണ് താമസിച്ചിരുന്നത്. ഇപ്പോഴും ഇവിടെ ഹനുമാന്‍ സാന്നിധ്യം ഉണ്ടന്ന് സങ്കല്പം.
ശ്രീരാമന്‍ പ്രസിദ്ധമായ അശ്വമേഥ യാഗം നടത്തിയ ഇടമാണ് തീര്‍ത്ഥ് കാ താകൂര്‍. സരയൂ നദിയുടെ തീരത്താണ് കറുത്ത കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം. രാമന്റെയും സഹോദരന്‍മാരായ ലക്ഷമണന്‍, ഭരതന്‍, സുശ്രുതന്‍ തുടങ്ങിയവരുടെ അനേകം പ്രതിഷ്ഠകള്‍ കാണാന്‍ സാധിക്കും.
രാമന്റെ വളര്‍ത്തമ്മയായ കൈകേയി സീതാ ദേവിക്ക് സമ്മാനമായി നിര്‍മ്മിച്ച് നല്കിയ കനക് ഭവന്‍ ആണ് മറ്റൊരു കേന്ദ്രം.. അയോധ്യയിലെ ഏറ്റവും പഴയ ക്ഷേത്രമാണ് കനക്ഭവന്‍. സ്വര്‍ണ്ണ കിരീടം ധരിച്ച രാമന്റെയും സീതയുടെയും മനോഹര ചിത്രങ്ങള്‍ കനക് ഭവനില്‍ കാണാന്‍ കഴിയും.
രാമനുമായി ബന്ധപ്പെട്ട അയോധ്യയിലെ മറ്റൊരു സ്ഥലമാണ് ഗുപ്തര്‍ ഘട്ട്. ഇവിടെ വെച്ചാണ് രാമന്‍ സരയുവിന്റെ ആഴങ്ങളിലേക്ക് പോയതും സ്വര്‍ഗ്ഗാരോഹണം നടത്തിയതും. അതുകൊണ്ടു തന്നെ ചെയ്ത തെറ്റുകളില്‍ നിന്നും മോചനം നേടി മോക്ഷഭാഗ്യം ആഗ്രഹിച്ചാണ് വിശ്വാസികള്‍ ഈ പവിത്രമായ സ്ഥലത്ത് എത്തുക. സരയൂ നദീതീരത്തെ മറ്റൊരു ക്ഷേത്രമാണ് നാഗേശ്വര്‍ നാഥ്. ശ്രീരാമ പുത്രന്‍ കുശന്‍ നാഗകന്യകയക്കായി പണികഴിപ്പിച്ച ക്ഷേത്രം. മണിപര്‍വതമാണ് അയോധ്യയിലെ മറ്റൊരു ആകര്‍ഷക കേന്ദ്രം. സ്വയം വര സമയത്ത് ജനക മഹാരാജാവ് നല്‍കിയ സ്വര്‍ണ്ണങ്ങളും രത്നങ്ങളും ഉള്‍പ്പെടെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ഒരു മലയോളം ഉണ്ടായിരുന്നു. അതാണ് 65 അടി ഉയരമുള്ള മണി പര്‍വതം എന്നാണ് വിശ്വാസം. മലമുകളില്‍ ചെറിയൊരു ക്ഷേത്രവുമുണ്ട്്്. വര്‍ഷകാലത്ത് രാമനും സീതയും മലമുകളിലെത്തി ഊഞ്ഞാലാടുമെന്നും കരുതുന്നു. രാമജന്മ ഭൂമി ക്ഷേത്രത്തിന് സമീപമാണ് സീതാ കീ രസോയി. വിവാഹശേഷം സീത രാമനു വേണ്ടി ആദ്യമായി ഭക്ഷണം പാകം ചെയ്തത് ഇവിടെ വച്ചാണ് . സരയൂ നദിയിലെ കുളിക്ക ടവുകളായ രാം കീ പൈദിയും സന്ദര്‍ശിക്കാവുന്നതാണ്.. രാമന്റെ പുത്രനായ കുശന്‍ നിര്‍മ്മിച്ചതായി കരുതപ്പെടുന്ന നാഗേശ്വര്‍നാഥ് ക്ഷേത്രം, ചക്രഹര്‍ജി വിഷ്ണു ക്ഷേത്രം, രാമായണത്തിന് പുതിയ ഭാഷ്യം രചിച്ച തുളസിദാസിന്റെ സ്മരണയ്‌ക്കായി നിര്‍മ്മിച്ച തുളസി സ്മാരക് ഭവന്‍ തുടങ്ങി നിരവധി കാഴ്ചകള്‍ അയോധ്യ ഒരുക്കിവച്ചിട്ടുണ്ട്
അയോധ്യയില്‍നിന്ന് പുറപ്പെട്ട രാമന്‍ ആദ്യ ദിവസം തങ്ങിയ തമസാനദിയുടെ തീരത്താണ്. നദിയുടെ ഇപ്പോഴത്തെ പേര് മന്ദാ. അയോധ്യയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ. രാമന്‍ അന്തിയുറങ്ങിയ തീരം ഇന്ന് ഗൗരവ് കുണ്ടാണ്. രാമന്‍, ഒപ്പം എത്തിയ അയോധ്യ വാസികള്‍ ഉറങ്ങി കിടന്നപ്പോള്‍ അവരെ ഉപേക്ഷിച്ച് യാത്ര തുടര്‍ന്നു. പൂര്‍വ ചക്കിയ എന്നറിയുന്ന അവിടെ ചെറിയൊരു കാണിക്ക മണ്ഡപം കാണം. ഉണര്‍ന്നപ്പോള്‍ രാമനെ കാണാതിരുന്ന അയോധ്യവാസികള്‍ ഒരിടത്ത്് ഒത്തുചേര്‍ന്ന്് അലറി കരഞ്ഞു. ”ടാഹിതി’ എന്ന ഇവിടെ രാമനും ലക്ഷ്മണനും പ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ട്. അവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സൂര്യ കുണ്ഠ്. പ്രഭാത സ്നാനത്തിനുശേഷം രാമ ലക്ഷ്മണന്മാരും സീതയും സൂര്യദേവനെ വന്ദിച്ച സ്ഥലമാണിത്. തമസാ നദിക്കരയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് വേദശ്രൂതി നദി. ഇപ്പോഴത്തെ പേര് വിഷുഹി. ഇവിടെ രാമന്‍ നദി മറികടന്ന സ്ഥലത്തും മനോഹരമായ ചെറു ക്ഷേത്രമുണ്ട്.
അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദ് ജില്ലയിലാണ് ഈ സ്ഥലങ്ങളെല്ലാം. ഗോമതി തീരത്ത് വാല്മീകി അശ്രമം സുല്‍ത്താന്‍ പൂര്‍ ജില്ലയിലാണ്. അടുത്ത ജില്ലയായ പ്രതാപ് ഘട്ട്. കടന്നാണ് രാമന്‍ പ്രയാഗയിലെത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക