ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം കടുപ്പിച്ച് ഇന്ന് രാജ്യത്ത് ജനതാ കര്‍ഫ്യൂ. രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ ആരും വീടുവിട്ട് പുറത്തിറങ്ങില്ല. ട്രെയിനുകളടക്കം രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളും ഇന്ന് പ്രവര്‍ത്തിക്കില്ല. കൊറോണാ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കൊറോണയ്ക്കെതിരായ ഇന്ത്യന്‍ ജനതയുടെ ഒറ്റക്കെട്ടായ യുദ്ധ പ്രഖ്യാപനമായി ജനതാ കര്‍ഫ്യൂ മാറും.
സാമൂഹ്യവ്യാപനം തടയാന്‍ സാധിച്ചാല്‍ കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ വലിയൊരളവ് മുന്നോട്ട് പോകാന്‍ രാജ്യത്തിന് സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ. ലോക രാജ്യങ്ങള്‍ക്ക് കൊറോണയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ലെന്നും ഇന്ത്യക്ക് ഒന്നും സംഭവിക്കില്ല എന്നത് തെറ്റായ ധാരണയാണെന്നും പ്രധാനമന്ത്രി രാജ്യത്തോടായുള്ള അഭിസംബോധനയില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് പുറമേ സ്വകാര്യ ബസ്സുകള്‍, ടാക്സികള്‍, ഓട്ടോ റിക്ഷകള്‍ തുടങ്ങിയവയും ഇന്ന് പരിമിത സര്‍വീസുകളേ നടത്തൂ. രാജ്യത്തെ കടകളടക്കം അടഞ്ഞുകിടക്കും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇന്ന് അനുമതി.
ദല്‍ഹിയില്‍ ഇന്ത്യാ ഗേറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ പ്രവേശന വിലക്ക് നിലവില്‍ വന്നു കഴിഞ്ഞു. ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ സ്ഥാപനങ്ങള്‍ ഇന്ന് അടച്ചിടും.
വൈകിട്ട് 5 ന് സൈറണ്‍ മുഴങ്ങും
ജനത കര്‍ഫ്യൂ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സൈറണ്‍ മുഴങ്ങും. നഗരസഭകള്‍, പഞ്ചായത്തുകള്‍, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, വ്യാവസായികസ്ഥാപനങ്ങള് എന്നിവ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് സൈറണ്‍ മുഴക്കണമെന്ന് കേന്ദ്രആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നിര്‍ദ്ദേശിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനായി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് രാജ്യത്തെ എല്ലാ പൗരന്മാരും വീടുകളുടെ വാതിലുകളിലും ബാല്‍ക്കണികളിലും നിന്ന് കൈകള്‍ കൊട്ടുകയോ മണി മുഴക്കുകയോ ചെയ്യണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: