ന്യൂദല്‍ഹി: കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യയുടെ നിര്‍ണായക യുദ്ധപ്രഖ്യാപനം. മാര്‍ച്ച് 22ന് രാവിലെ ഏഴു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ രാജ്യത്ത് ജനതാ കര്‍ഫ്യൂവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. പൗരന്മാരെല്ലാം അവരവരുടെ വീടുകളില്‍ കഴിയണമെന്ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.
ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന കര്‍ഫ്യൂ ആണിത്. പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്ന് ഇന്നലെ രാത്രി എട്ടു മണിക്ക് രാജ്യത്തോടായുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. സാമൂഹ്യമായ അകലം എല്ലാവരും പാലിക്കണം.
കൊറോണ വ്യാപനത്തിന്റെ മൂന്നാംഘട്ടത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കാതെ വന്നതാണ് ചില ലോക രാജ്യങ്ങള്‍ക്ക് സംഭവിച്ച തിരിച്ചടിയെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ജനസംഖ്യ കുറഞ്ഞ രാജ്യങ്ങള്‍ ജനങ്ങളെ ഒറ്റയടിക്ക് നിയന്ത്രിച്ച് രോഗവ്യാപനം തടഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ 130 കോടി ജനങ്ങളാണുള്ളത്. കൊറോണ മൂലം ഇന്ത്യക്ക് ഒന്നും സംഭവിക്കില്ല എന്ന പ്രചാരണങ്ങള്‍ തെറ്റാണ്. ലോകം മുഴുവനുമുള്ള മനുഷ്യര്‍ പ്രതിസന്ധിയിലാണ്. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും ബാധിച്ച രാജ്യങ്ങളേക്കാള്‍ അധികമാണ് കൊറോണ ബാധിച്ച രാജ്യങ്ങളുടെ എണ്ണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വൈറസ് ബാധിക്കില്ലെന്ന ധാരണ വേണ്ട
കൊറോണ പ്രതിരോധിക്കാനായി ഇതുവരെ വാക്സിന് കണ്ടുപിടിച്ചിട്ടില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നമുക്ക് അസുഖം വരില്ല എന്ന തോന്നല്‍ ആര്‍ക്കും വേണ്ട. മാര്‍ക്കറ്റില്‍ പോകാനും പുറത്തിറങ്ങി നടക്കാനും തോന്നും. ഇതെല്ലാം തെറ്റാണ്. അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമേ വരും ദിവസങ്ങളില്‍ പുറത്തിറങ്ങാവൂ. ജോലികള്‍ വീടുകളിലിരുന്ന് ചെയ്യുക. അതിന്റെ പേരില്‍ ആരുടേയും ശമ്പളം വെട്ടിക്കുറയ്ക്കരുത്. സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ എന്നിവരൊഴികെയുള്ളവരെല്ലാം ജോലികള്‍ വീടുകളിലിരുന്ന് നി
ര്വഹിക്കണം. 65 വയസ്സിന് മുകളില്‍ പ്രായമായവര്‍ നിര്‍ബന്ധമായും വീടിന് പുറത്തിറങ്ങരുത്. ദിവസേനയുള്ള പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കി ഡോക്ടറോട് ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ തേടണം. അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ എല്ലാം നീട്ടിവയ്ക്കണം. പരിഭ്രാന്തരായി വീട്ടുസാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്നും എല്ലാം പതിവുപോലെ തന്നെ ലഭ്യമാകുമെന്നും മോദി അറിയിച്ചു.
വന്മതില് തീര്ത്തവര്ക്ക്നന്ദി പ്രകടിപ്പിക്കൂ
രണ്ടു മാസമായി നമുക്കും കൊറോണയ്ക്കും ഇടയില്‍ വന്മതില് തീര്‍ത്ത് ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. നമുക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവര്‍ക്കായി മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് 5 മണിക്ക് എല്ലാവരും അവരവരുടെ വീടിന് മുന്നിലോ ബാല്‍ക്കണിയിലോ നിന്ന് മണിമുഴക്കിയോ കൈകള്‍ കൊട്ടിയോ നന്ദി പ്രകടിപ്പിക്കാം. എല്ലാവരും കൊറോണ വൈറസിനെതിരായ യുദ്ധത്തിലേക്ക് കടക്കണം. നമുക്ക് ജയിക്കണം. മനുഷ്യ സമൂഹത്തിന് വിജയിച്ചേ പറ്റൂ. ഇന്ത്യക്കും ഈ പ്രതിസന്ധിയില്‍ വിജയിച്ചു കാണിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: