ഇടുക്കി: കൊറോണയുമായി ബന്ധപ്പെട്ട് മൃഗങ്ങളെ ഉപദ്രവിക്കുന്നത് വിലക്കി ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും ബോര്‍ഡ് ചെയര്‍മാന്‍ സര്‍ക്കുലര്‍ അയച്ചു.
വൈറസ് ബാധയുമായി ബന്ധപ്പെട്ട് വളര്‍ത്ത് മൃഗങ്ങള്‍ക്കും മറ്റും ക്രൂരപീഡനം ഏല്‍ക്കേണ്ടിവരുന്നതായി ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വൈറസ് പകരുമെന്ന കാരണത്താല്‍ ഉടമസ്ഥര്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണമോ, അഭയകേന്ദ്രമോ നല്‍കാതെ അവയെ പൊതുഇടങ്ങളില്‍ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മൃഗങ്ങളെ സംരക്ഷിക്കണമെന്നും അവയ്‌ക്ക് വൈറസ് പകര്‍ത്താനാവില്ലെന്നും വ്യക്തമാക്കി ബോര്‍ഡ് സര്‍ക്കുലര്‍ ഇറക്കിയത്.
നായ, പൂച്ച തുടങ്ങിയ മൃഗങ്ങളിലൂടെ ഇപ്പോഴത്തെ കൊറോണ വൈറസ് പകരുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന 1960ലെ നിയമപ്രകാരം ഇത്തരം ചെയ്തികള്‍ കുറ്റകരമാണ്. ഇതിന് പുറമെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മൃഗങ്ങളെ പിടികൂടി സുരക്ഷിത താവളങ്ങളിലെത്തിക്കാനുള്ള നടപടികള്‍ പ്രാദേശിക ഭരണകൂടം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 2018 ജൂലൈയില്‍ നിര്‍ദ്ദേശം നല്‍കിയതാണ്. ഇത്തരത്തിലുള്ള നിയമങ്ങളും അനുശാസനങ്ങളും നിലനില്‍ക്കെ കൊറോണ വൈറസ് പകര്‍ത്തുമെന്ന കാരണത്താല്‍ മൃഗങ്ങളെ ഉപദ്രവിച്ചാലോ ഉപേക്ഷിച്ചാലോ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കരുതെന്നും ഇവയെ ഉപദ്രവിക്കരുതെന്നും മൃഗങ്ങള്‍ക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ ഉടമസ്ഥര്‍ തയാറാകണമെന്നുമുള്ള ബോധവത്കരണ പരിപാടികള്‍ അധികാരികള്‍ സംഘടിപ്പിക്കണമെന്നും പൊതുസമൂഹത്തിന് ഇത് വ്യക്തമാക്കി കൊടുക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വേണ്ട നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: