Categories: Entertainment

ഭാരതീയമായ ആഖ്യാനങ്ങളാകുന്ന സിനിമ എന്ന ലക്ഷ്യവുമായി ‘ഭാരതീയ ചിത്ര സാധന’

സിനിമ ഒരു സാര്‍വലൗകിക കലയാണ്. ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായുള്ള മനുഷ്യാവസ്ഥകളെ ആവിഷ്‌കരിക്കുന്ന നിരവധി സിനിമകള്‍ ഏതേത് രാജ്യങ്ങളില്‍ നിര്‍മിക്കപ്പെട്ടു എന്ന കാര്യം ഗൗനിക്കാതെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികള്‍ ആസ്വദിച്ചിട്ടുണ്ട്. ഇന്നും ആസ്വദിക്കുന്നു.

സിനിമ ഒരു സാര്‍വലൗകിക കലയാണ്. ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായുള്ള മനുഷ്യാവസ്ഥകളെ ആവിഷ്‌കരിക്കുന്ന നിരവധി സിനിമകള്‍ ഏതേത് രാജ്യങ്ങളില്‍ നിര്‍മിക്കപ്പെട്ടു എന്ന കാര്യം ഗൗനിക്കാതെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികള്‍ ആസ്വദിച്ചിട്ടുണ്ട്. ഇന്നും ആസ്വദിക്കുന്നു. എന്നാല്‍ വ്യത്യസ്ത ദേശീയതകള്‍ വിവിധ രാജ്യങ്ങളിലെ സിനിമകളെ ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. ഇന്ത്യയിലും അത്തരം ചിത്രങ്ങള്‍ നിരവധിയുണ്ടായി. നൂറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ബോധപൂര്‍വമായ പ്രത്യയ ശാസ്ത്ര ഇടപെടലുകളുണ്ടായിട്ടുമുണ്ട്. എന്നാല്‍ അത്തരം ഇടപെടലുകളുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഭാരതീയമായ ആഖ്യാനങ്ങളാകുന്ന  സിനിമ എന്ന ബോധപൂര്‍വമായ ലക്ഷ്യവുമായി പുതിയൊരു ചലച്ചിത്ര പ്രസ്ഥാനം അടുത്തിടെ ഉടലെടുത്തത്. ‘ഭാരതീയ ചിത്ര സാധന’ എന്നാണ് ആ പ്രസ്ഥാനത്തിന്റെ പേര്.

ആധുനികവും പൗരാണികവുമായ ഭാരതീയ മൂല്യസങ്കല്‍പങ്ങളെ മുന്‍നിര്‍ത്തിയുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനു 2016ലാണ് ഭാരതീയ ചിത്രസാധന രൂപംകൊണ്ടത്. മൂല്യങ്ങളെ തിരിച്ചുപിടിക്കാനും സമൂഹത്തെ നവീകരിക്കാനുംകെല്‍പുള്ള മാധ്യമമാണ് സിനിമ. രാഷ്‌ട്രവിരുദ്ധ ആശയങ്ങളുടെ വാഹകരായി മാറിയ ചിലരുടെ കൈകളില്‍ ഇന്ത്യന്‍ സിനിമ പെട്ടുപോകുന്ന അപകടകരമായ സാഹചര്യത്തിലാണ് ഭാരതീയ ചിത്രസാധന രൂപം കൊണ്ടത്. ഭാരതീയ മൂല്യങ്ങളിലധിഷ്ഠിതമായ സ്വതന്ത്ര ചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന സിനിമകള്‍ നിര്‍മിക്കാന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കുകയും അതിനവരെ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രസ്ഥാനമുണ്ടാക്കിയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ചിത്രഭാരതി നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അതിന്റെ പ്രധാന പരിപാടികളിലൊന്നാണ്. 2016ല്‍ ഇന്‍ഡോറിലായിരുന്നു ആദ്യത്തെ ചലച്ചിത്രോത്സവം. രണ്ടാമത്തേത് 2018ല്‍ ദല്‍ഹിയിലും മൂന്നാമത്തേത് 2020 ഫിബ്രവരി അവസാനം അഹമ്മദാബാദിലും നടന്നു.

ഭാരതീയ സംസ്‌കാരവും മൂല്യങ്ങളും, നിര്‍മ്മാണാത്മകത, ഭാരതീയ കുടുംബ സങ്കല്‍പം, സാമൂഹ്യസമരസത, നാടോടി സംസ്‌കാരം, പരിസ്ഥിതി, സ്ത്രീശാക്തീകരണം, ദേശീയ സുരക്ഷ, രാഷ്‌ട്ര നിര്‍മിതിക്കായുള്ള വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലുള്ള ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളുമാണ് ചിത്രഭാരതി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വിദ്യാഭ്യാസ വിചക്ഷണനും ഹരിയാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും മഖന്‍ലാല്‍ ചതുര്‍വേദി ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ദേശീയ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. ബി.കെ. കുട്ട്യാലയാണ് ചിത്രസാധനയുടെ ചെയര്‍മാന്‍. പ്രമുഖ ചലച്ചിത്ര നിരൂപകന്‍ രാകേഷ് മിട്ടല്‍ സെക്രട്ടറി. ചലച്ചിത്ര-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ട്രസ്റ്റിലെ അംഗങ്ങളാണ്.

അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വകലാശാല ക്യാംപസ്സില്‍ നടന്ന മൂന്നാമത് ചിത്രഭാരതി ചലച്ചിത്രോത്സവം സംഘാടനമികവു കൊണ്ടും പങ്കാളിത്തം കൊണ്ടും മികവുറ്റതായി. ബോളിവുഡിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി ഈ മേള. സുഭാഷ് ഘായ്, അബ്ബാസ് മസ്താന്‍, അഭിഷേക് ജെയിന്‍, ആരതി പട്ടേല്‍, അഭിഷേക് ഷാ, പ്രസൂണ്‍ ജോഷി, ദിലീപ് ശുകഌ മിഹിര്‍ ഭൂട്ട തുടങ്ങി ഇന്ത്യന്‍ സിനിമാ രംഗത്തെ സംവിധായകരും തിരക്കഥാ കൃത്തുക്കളും അഭിനേതാക്കളുമൊക്കെയായ നിരവധി പേര്‍ മേളയില്‍ പങ്കെടുത്തു.

ഭാരതത്തിലെ ഇരുപത്തിയഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ്റിയമ്പതോളം ഹൃസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളുമാണ് നാല് സ്‌ക്രീനുകളിലായി മൂന്നു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. വിവിധ മേഖലകളിലായി ഇരുപത്തിയെട്ടോളം പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, അനിമേഷന്‍, ക്യാംപസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഏഴോളം മലയാളം ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയത് കേരളത്തില്‍ നിന്നുള്ള ചിത്രമാണ്. കേസരി വാരികയുടെ പത്രാധിപരും എഴുത്തുകാരനുമായ ഡോ. എന്‍.ആര്‍. മധു സംവിധാനം ചെയ്ത ‘ഓര്‍മ മരം’ എന്ന ഡോക്യുമെന്ററിക്കാണ് പുരസ്‌കാരം ലഭിച്ചത്. ആര്‍എസ്എസ് പ്രചാരകായിരിക്കെ സിപിഎമ്മുമാര്‍ കോളജ് ക്യാംപസ്സില്‍ വെട്ടിക്കൊലപ്പെടുത്തിയ ദുര്‍ഗാദാസിന്റെ ജീവിതകഥയെ ആധാരമാക്കി കേരളത്തിലെ കമ്യൂണിസ്റ്റ് കൊലപാതക രാഷ്‌ട്രീയത്തെ തുറന്നുകാട്ടുന്നതായിരുന്നു ഓര്‍മമരം. ഒഡിഷയില്‍ നിന്നുള്ള അശുതോഷ് പട്‌നായിക്കിന്റെ ശ്രീക്ഷേത്ര രു സാഹുജാത എന്ന ചിത്രത്തിനാണ് ഡോക്യുമെന്ററിയില്‍ ഒന്നാം സ്ഥാനം. ശ്രീവാന്‍ഷ് ഖന്നയുടെ കശ്മീര്‍ കീ വിരാസാത്ത് എന്ന ചിത്രം മൂന്നാം സ്ഥാനം നേടി.

രാജീവ് ഉപാദ്ധ്യായ സംവിധാനം ചെയ്ത ഏക് കദം, നിതീഷ് ശ്രീധറിന്റെ അനാവരണ, ആഷിഷ് കുമാറിന്റെ കിത്‌നാ പാനി എന്നിവ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ടാക് ടു മി പ്രിഷ്യസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുബ്രിവാസന്‍ ഷണ്‍മുഖമാണ് മികച്ച സംവിധായകന്‍.  

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ബോളിവുഡ് സംവിധായകന്‍ സുഭാഷ് ഘായും ചേര്‍ന്നാണ് മേള ഉദ്ഘാടനം ചെയ്തത്. ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് പുറമേ മാസ്റ്റര്‍ കഌസ് എന്ന പേരില്‍ പുതിയ തലമുറയിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും സംവദിക്കാനുള്ള അവസരം മൂന്നുദിവസവും ഉണ്ടായിരുന്നു. സുഭാഷ് ഘായ്, അബ്ബാസ് മസ്താന്‍, ദിലീപ് ശുകഌ മിഹിര്‍ ഭൂട്ട തുടങ്ങിയവരുമായുള്ള സംവാദം സിനിമാ നിര്‍മാണത്തിന്റെയും ചലച്ചിത്ര രചനയുടെയും അഭിനയത്തിന്റെയുമൊക്കെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി.

ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍കുമാര്‍, സഹപ്രചാര്‍ പ്രമുഖ് നരേന്ദ്രകുമാര്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മുതിര്‍ന്ന സംഘപ്രചാരകന്‍ മധുഭായ് കുല്‍ക്കര്‍ണി തുടങ്ങിയവര്‍ മേളയെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.

ദൈര്‍ഘ്യമേറിയ സിനിമകള്‍ കാണാന്‍ സമയമില്ലാത്ത പുതിയ കാലത്ത് ഹൃസ്വ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ പ്രസക്തിയെന്ന് സുഭാഷ് ഘായ് പറഞ്ഞു. സിനിമയെ കേവലം എന്റര്‍ടെയിന്‍മെന്റ് എന്ന നിലയില്‍ കാണരുതെന്നും വ്യക്തിനിര്‍മാണത്തില്‍ വലിയ പങ്ക് വഹിക്കാന്‍ സിനിമയ്‌ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് ചുരുക്കം ചില ആളുകളുടെ മാത്രം വേദിയായിരുന്നു സിനിമാ ലോകമെന്നും, ഇന്ന് സിനിമ ജനകീയവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു എന്നുമാണ് ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പറഞ്ഞത്. അതെ, ഇന്ന് സിനിമ ആരുടെയും കുത്തകയല്ല. സൂപ്പര്‍ താരങ്ങളില്ലാതെ, കോടികളുടെ മുതല്‍ മുടക്കില്ലാതെ, വലിയ സെറ്റുകളില്ലാതെ ആര്‍ക്കും സിനിയെടുക്കാവുന്ന കാലമാണിത്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആരുമറിയാതെ കഴിയുന്ന പ്രതിഭാധനരായ ചലച്ചിത്ര പ്രവര്‍ത്തകരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുമ്പോള്‍ മാത്രമേ ഇന്ത്യന്‍ സിനിമയുടെ യഥാര്‍ത്ഥ കരുത്ത് നമുക്ക് സ്വായത്തമാകുകയുള്ളൂ. അതിനുവേണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് ഭാരതീയ ചിത്രസാധന നേതൃത്വം നല്‍കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക