ജപ്പാന്‍കാരനായാണ് കാക്കാ മുറാദ് ജനിച്ചത്. പക്ഷേ ജീവിച്ചതും മരിച്ചതും അഫ്ഗാന്‍കാരനായും. അഫ്ഗാനിസ്ഥാനിലെ സുസ്ഥിര കൃഷിയുടെ ആചാര്യനായി മാറിയ കാക്കാ മുറാദ് ജലാലാബാദിനെ കൃഷി സമൃദ്ധിയുടെ നാടാക്കി മാറ്റി. അവിടത്തെ ഗംബോരി മരുഭൂമിയെ കാടും തോടും ഗോതമ്പ് പാടങ്ങളും കൊണ്ടു നിറച്ചു. ജലാലാബാദിലെ ജനങ്ങളെ ബാധിച്ച പോഷാകാഹാരക്കുറവിനെ ഇല്ലായ്മ ചെയ്തു. ഉന്നംപിഴയ്ക്കാത്ത വെടിയുണ്ടകള്‍ തേടിയെത്തുന്നതുവരെ അദ്ദേഹം തന്റെ നിയോഗം തുടര്‍ന്നു. ജപ്പാന്റെയും അഫ്ഗാനിസ്ഥാന്റെയും പൗരനായ കാക്കാ മുറാദിനെ ഭാരതം പത്മശ്രീ നല്കി ആദരിച്ചു.
ഒന്നാംതരം അലോപ്പതി ഡോക്ടറായിരുന്നു മുറാദ്. പക്ഷേ കനാലുകള്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമെന്നാണ് ലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അവികസിതമായ നാട്ടില്‍ നൂറ് ഡോക്ടര്‍മാരെക്കാളും ആവശ്യം ഒരു ജലസേചന കനാലാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഒരു ആശുപത്രി രോഗികളെ ഒന്നൊന്നായി ചികിത്സിക്കുമ്പോള്‍ ഒരു കനാല്‍ ഒരു ഗ്രാമത്തെയപ്പാടെ ആരോഗ്യത്തിലേക്കും സമൃദ്ധിയിലേക്കും ഉയര്‍ത്തുന്നു. ആ കാഴ്ചയുടെ ഭംഗി അപാരമാണെന്ന് കാക്കാ മുറാദ് ലോകത്തോട് പറഞ്ഞു.
തെറ്റ്സു മ കാമുറ എന്ന കാക്കാമുറാദ് ജപ്പാനിലെ ഫുക്കുവോക്ക ഗ്രാമത്തില്‍ 1946 സെപ്തംബര്‍ 15 നാണ് ജനിച്ചത്. ഡോക്ടര്‍ പരീക്ഷ പാസായിക്കഴിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ലക്ഷ്യം കുഷ്ഠരോഗികളുടെ പുനരധിവാസമായിരുന്നു. അങ്ങനെയാണ് ജപ്പാന് സമാധാന മെഡിക്കല്‍ സംഘത്തിന്റെ തലവനായി 1984ല്‍ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെടുന്നത്. അഭയാര്‍ത്ഥികളുടെ ഇടയില്‍ പടര്‍ന്നുപിടിച്ച കുഷ്ഠരോഗം ചികിത്സിച്ചു ഭേദമാക്കുകയെന്നതായിരുന്നു ഡോക്ടറുടെ ദൗത്യം. സ്വന്തം കണ്‍സല്‍ട്ടിങ് റൂമില്‍ ഒതുങ്ങാനായിരുന്നില്ല അദ്ദേഹത്തിന്റെ താല്‍പ്പര്യം; മറിച്ച് ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായിരുന്നു…. അതിന് പഷ്തോ ഭാഷ നന്നായി പഠിച്ചു. താലിബാന് ഭീകരതയില്‍ വെറുങ്ങലിച്ചു കിടന്ന ഗ്രാമങ്ങളും മലമടക്കുകളും നടന്നു കണ്ടു. അടിസ്ഥാന സൗകര്യങ്ങള്‍പോലും കിട്ടാക്കനിയായ ജനപദങ്ങള്‍ സന്ദര്‍ശിച്ചു. അങ്ങനെയാണ് അദ്ദേഹം ഒരു കാര്യമറിഞ്ഞത്. കുഷ്ഠരോഗമല്ല നാട്ടുകാരുടെ മുഖ്യ പ്രശ്നം; പോഷകാഹാരക്കുറവും അതുമൂലമുണ്ടാകുന്ന രോഗങ്ങളുമാണ്.
അതിന് കൃഷിയില്‍ സമൃദ്ധിയുണ്ടാവണം. കൃഷി വിജയിക്കാന്‍ ആവശ്യത്തിന് വെള്ളം വേണം. വരള്‍ച്ച ആവര്‍ത്തിക്കാതിരിക്കണം. അതിന് പണവും സാങ്കേതിക വിദ്യയും വേണം. ഫുക്കുവോക്ക ഗ്രാമത്തില്‍ തന്റെ പൂര്‍വ ഗാമികള്‍ വെട്ടിയ കനാലുകളും കൃഷി രീതികളും അഫ്ഗാനില്‍ പ്രയോഗിക്കാനായിരുന്നു ഡോക്ടറുടെ തീരുമാനം.
ജലാലാബാദ് നഗരത്തിന്റെ സമീപത്തുള്ള ഗംബേരി മരുഭൂമിയായിരുന്നു ഡോക്ടറുടെ പരീക്ഷണശാല. മരുഭൂമിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സമൃദ്ധമായി ഒഴുകുന്ന കുനാര്‍ നദിയായിരുന്നു അദ്ദേഹത്തിന്റെ ഭാഗ്യമുദ്ര. ഖേവാ ജില്ലയില്‍ തലങ്ങും വിലങ്ങും കനാലുകള്‍ വെട്ടാനും തകര്‍ന്നു കിടക്കുന്ന കനാലുകള്‍ ശരിയാക്കാനും മുറാദ് തീരുമാനിച്ചു. ഭീകരര്‍ക്ക് തീരെ ദഹിക്കാത്ത കാര്യമായിരുന്നത്. പണമില്ലാത്തതിനാല്‍ സര്‍ക്കാരിന് താല്പര്യവുമില്ല. പക്ഷേ കൈക്കോട്ടുമായി ഡോക്ടര്‍ മുന്നിട്ടിറങ്ങി. കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി ഗ്രാമീണര്‍ ഒപ്പം നിന്നു.
ആഴ്ചകള്‍ മാസങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ കുനാര്‍ നദിയില്‍ തീര്‍ന്നത് 11 തടയണകള്‍. ഡോക്ടറും കൂട്ടുകാരും ചേര്‍ന്ന് വെട്ടിയൊതുക്കിയ 480 കിലോമീറ്റര്‍ കനാലുകളിലൂടെ കുനാറിലെ ജലം ജലാലാബാദിലേക്ക് കുതിച്ചൊഴുകി. കനാല്‍ ഓരത്ത് ഗ്രാമ ഗ്രാമാന്തരങ്ങളിലായി 1600 കിണറുകള്‍ കുത്തി. അതിലൊക്കെ വെള്ളം കണ്ടു. ഗംബേരി മരുപ്രദേശത്തെ 16000 ഹെക്ടര്‍ സ്ഥലത്ത് ഗോതമ്പുപാടങ്ങള്‍ തളിര്‍ത്തു. ആറ് ലക്ഷം വീട്ടുകാര്‍ക്ക് ജീവിതം മടക്കിക്കിട്ടി. ഭക്ഷ്യഭദ്രത ഉണ്ടായതോടെ പോഷകാഹാരക്കുറവും അനുബന്ധ പ്രശ്നങ്ങളും ജലാലാബാദുകാര്ക്ക് അന്യമായി. അന്ന് കുനാര്‍ നദിയിലെ ആദ്യ വെള്ളത്തുള്ളികള്‍ ജലാലാബാദിലെത്തിയപ്പോള് പ്രവിശ്യയിലെ ഗവര്‍ണറാണ് വരവേല്‍ക്കാനെത്തിയത്. അദ്ദേഹം ജനങ്ങളുടെ ഡോക്ടറെ എടുത്തുയര്‍ത്തി ആലിംഗനം ചെയ്തു. അഫ്ഗാന് പ്രസിഡന്റ് ഓണററി പൗരത്വം നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. ആറ് വര്‍ഷംകൊണ്ട് മരുഭൂമിയില്‍ വസന്തമെത്തിച്ച ആ ഡോക്ടറെ അന്ന് നാട്ടുകാര്‍ സ്നേഹപൂര്‍വം വിളിച്ച പേരാണ് ‘കാക്കാ മുറാദ്’.
പട്ടിണിയും വരള്‍ച്ചയും മരുന്നുകൊണ്ട് മാറ്റാനാവില്ലെന്ന് കാക്കാമുറാദ് ആവര്‍ത്തിച്ചു പറഞ്ഞു. ജലസമൃദ്ധിയിലൂടെ കൃഷി സമൃദ്ധിയും കൃഷി സമൃദ്ധിയിലൂടെ പോഷക സമൃദ്ധിയുമാവണം ലക്ഷ്യം. പക്ഷേ ജലാലാബാദിലെ ഗ്രാമങ്ങളുടെ വികസനം ഭീകരര്‍ക്ക് സഹിക്കാവുന്നതിലേറെയായിരുന്നു. വികസനം ഭീകരവാദത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുമെന്ന് അവര്‍ ഭയന്നു. ഒരുവട്ടം ഭീകരരുടെ യന്ത്രത്തോക്കിന്റെ ലക്ഷ്യത്തില്‍നിന്ന് കാക്കാമുറാദ് കഷ്ടിച്ചു രക്ഷപ്പെട്ടു. മറ്റൊരിക്കല്‍ അദ്ദേഹത്തിന്റെ ഉറ്റമിത്രമായ കനാല്‍ നിര്‍മാണ വിദഗ്ദ്ധന് കസൂയ ഇറ്റോയെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നു. അതുകൊണ്ടൊന്നും 74 കാരനായ ആ ഡോക്ടര്‍ ഭയന്നില്ല. അദ്ദേഹം പറഞ്ഞു: ”ഈ മണ്ണില്‍ മരിച്ചുവീഴുന്നതാണ് എനിക്കിഷ്ടം!”
ഒടുവില്‍ അതുതന്നെ സംഭവിച്ചു. അഫ്ഗാന്കാരുടെ പ്രിയപ്പെട്ട കാക്കാ മുറാദിനെ ജലാലാബാദില്‍ വച്ച് ഭീകരര്‍ വെടിവെച്ചു കൊന്നു. 2019 ഡിസംബര്‍ നാലിനായിരുന്നു അത്. മുറാദിനൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന അഞ്ചുപേരും ഭീകരരുടെ മിന്നല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാക്കാമുറാദിന്റെ മരണം ഒരു രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തി. അഫ്ഗാന് പതാകയില്‍ പൊതിഞ്ഞ് ജന്മനാടായ ഫുക്കുവോക്കയിലേക്ക് പുറപ്പെട്ട കാക്കാ മുറാദിന്റെ ശവമഞ്ചം വിമാനത്തിലേക്ക് ചുമന്നു കയറ്റിയവരില്‍ ഒരാള്‍ ആ രാജ്യത്തിന്റെ പ്രസിഡന്റ് അഷ്റഫ് ഗനി ആയിരുന്നു.
ഇന്ന് കാക്കാ മുറാദ് ആവേശം പകരുന്ന ഓര്‍മയാണ് ജലാലാബാദിലെ ഗ്രാമീണര്‍ക്ക്. ഗംബേരിയിലെ കനാലുകളില്‍ ഒഴുകുന്ന തെളിനീരും കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ഗോതമ്പു വയലുകളും അവയുടെ ഓരങ്ങളിലാകെ പടര്‍ന്നുകിടക്കുന്ന കാടുകളും അവരെ കാക്കാ മുറാദിനെ ഓര്‍മിപ്പിക്കുന്നു. പരമ്പരാഗത കൃഷിയുടെ രീതി ശാസ്ത്രത്തിലേക്ക് തങ്ങളെ കൂട്ടിക്കൊണ്ടുപോയ ആ വലിയ ഡോക്ടറുടെ വാക്കുകള്‍ അവര്‍ എന്നും സ്മരിക്കുന്നു-നിങ്ങള്‍ ലോകത്തിന്റെ ഏത് മൂലയിലായിരുന്നാലും അവിടെ പ്രകാശം പരത്തുക…
പ്രതികരിക്കാൻ ഇവിടെ എഴുതുക: