ആത്മാവിനെ അന്തരാത്മാവെന്ന് വിശേഷിപ്പിച്ചത് ഓരോരുത്തരുടേയും ഉള്ളിലുള്ള അത്യന്തസൂക്ഷ്മമായ സത്ത എന്ന അര്‍ത്ഥത്തിലാണ്. ഉള്ളില്‍ എന്ന് പറഞ്ഞാല്‍ വളരെ സൂക്ഷ്മം എന്നറിയണം. എത്രകണ്ട് സൂക്ഷ്മമാണോ അത്രകണ്ട് വ്യാപനശേഷിയുണ്ടാകും. അതിനാല്‍ അന്തരാത്മാവ് എന്നാല്‍ സര്‍വവ്യാപിയാണ്.
സത്തയാകുന്ന അഥവാ ഉണ്‍മയാകുന്ന ഏക രൂപത്തോടു കൂടിയതാണ് ആത്മാവ്. എപ്പോഴും സത്തായി ഒരു മാറ്റവുമില്ലാതെ ഒരുപോലെയിരിക്കുന്നതിനാല്‍ സദൈകരൂപനാണ്. അസ്തിത്വം തന്നെയാണ് ആത്മസ്വരൂപം. അത് ഒന്നു മാത്രമായതിനാല്‍ സദാ ഏക രൂപന്‍ എന്നും പറയുന്നു.
ഒരോന്നിനേയും തിരിച്ചറിയുന്നത് ബോധം കൊണ്ടാണ്. ആ വസ്തുവിനെ അറിവില്‍ നിന്ന് നീക്കിയാല്‍ പിന്നെ ശുദ്ധ ബോധമായിരിക്കുന്ന ആത്മാവ് മാത്രമാണ് ബാക്കിയാകുന്നത്. വസ്തു രഹിത ബോധം എന്ന് ഇതിനെ പറയാം. ഈ ബോധമാണ് എല്ലാ അന്തഃകരണ പ്രവര്‍ത്തനങ്ങള്‍ക്കും ആധാരമായിരിക്കുന്നത്. മനസ്സിന്റെയും ബുദ്ധിയുടേയും ചിത്തത്തിന്റെയും അഹംകാരത്തിന്റെയും വൃത്തികളില്‍ ഇത് നിരന്തരം പ്രതിബിംബിക്കുന്നു. പത്ത് ഇന്ദ്രിയങ്ങളും പഞ്ചപ്രാണന്‍മാരും നന്നായി പ്രവര്‍ത്തിക്കുന്നതും ആത്മസാന്നിദ്ധ്യം ഒന്ന് കൊണ്ട് മാത്രമാണ്.
ശ്ലോകം 132
അത്രൈവ സത്വാത്മനി ധീഗുഹായാം
അവ്യാകൃതാകാശ ഉരുപ്രകാശഃ
ആകാശ ഉച്ചൈ രവിവത് പ്രകാശതേ
സ്വതേജസാ വിശ്വമിദം പ്രകാശയന്‍
ഇവിടെ ഈ ദേഹത്തില്‍ സ്വത്വികമായ മനസ്സിലും ബുദ്ധി ഗുഹയിലും അവ്യാകൃതം എന്ന ആകാശത്തിലും നന്നായ് വിളങ്ങുന്നവനാണ് ആത്മാവ്.ആകാശത്തിന്റെ ഉച്ചിയില്‍ കത്തിജ്വലിക്കുന്ന സൂര്യനെപ്പോലെ തന്റെ തേജസ്സുകൊണ്ട് ഈ വിശ്വമെല്ലാം പ്രകാശിപ്പിച്ചിരിക്കുന്നു. ആത്മാവ് എവിടെയാണ് കുടികൊള്ളുന്നത് എന്ന് വ്യക്തമാക്കുകയാണ് ഇവിടെ.അതിനെ അന്വേഷിച്ച് ഒരു തീര്‍ത്ഥ കേന്ദ്രത്തിലേക്കും പോകേണ്ട. സത്വഗുണം നിറഞ്ഞ മനസ്സില്‍, ബുദ്ധി ഗുഹയില്‍ അവ്യാകൃത ആകാശത്തിലാണ് ആത്മാവ് വിളങ്ങുന്നത്.
മനസ്സ് ശാന്തമാകുമ്പോള്‍ അതിനെ ഹൃദയഗുഹയില്‍ ദര്‍ശിക്കാം. എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്ന ഗുണങ്ങള്‍ക്കപ്പുറമുള്ള പ്രകാശമായി അതിനെ പറയാം. ആത്മാവിന്റെ സ്ഥാനം എത്ര കണ്ട് വലുതാണ് എന്ന് ബോധിപ്പിക്കാനാണ് ആകാശത്തിന്റെ അത്യുച്ചത്തില്‍ ജ്വലിക്കുന്ന സൂര്യനെ പോലെ എന്ന് പറഞ്ഞത്.
സൂര്യന്‍ ഉയരത്തിലിരുന്ന് എല്ലാറ്റിനേയും പ്രകാശിപ്പിക്കും പോലെ ഹൃദയാകാശത്തിലിരുന്ന് ആത്മ സൂര്യന്‍ എല്ലാ അനുഭവങ്ങളേയും പ്രകാശിപ്പിക്കുന്നു. സൂര്യനിലേക്ക് നോക്കിയാല്‍ മറ്റൊന്നിനേയും കാണാനാകില്ല. വസ്തുക്കളിലേക്ക് നോക്കിയാല്‍ സൂര്യനേയും കാണില്ല. ഇതുപോലെ ആത്മതത്വത്തില്‍ ശ്രദ്ധ വെച്ചാല്‍ വിഷയ, വികാരവിചാരങ്ങളോട് കൂടിയ ജഗത്തിനോട് താല്പര്യമുണ്ടാകില്ല. ജഗത്തിലേക്ക് ശ്രദ്ധ പോയാല്‍ ആത്മതത്വം അനുഭവിക്കാനുമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: