ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് പിന്നില്‍ ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ മുന്നൂറിലേറെപ്പേരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദല്‍ഹി കലാപം വളരെ വേഗത്തില്‍ അടിച്ചമര്‍ത്താന്‍ സാധിച്ചു. 36 മണിക്കൂറിനുള്ളില്‍ ദല്‍ഹി ശാന്തമായി. ദല്‍ഹി പോലീസിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം നല്‍കിയിരുന്നതായും ഫെബ്രുവരി 25ന് ശേഷം കലാപമുണ്ടായിട്ടില്ലെന്നും ഷാ ലോക്സഭയെ അറിയിച്ചു. സഭയിലെ പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോളിക്ക് ശേഷം ചര്‍ച്ച നടത്താമെന്ന് പറഞ്ഞത് ദല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ പൂര്‍ണമായും അവസാനിക്കട്ടെയെന്ന് കരുതിയാണ്. ദല്‍ഹി ശാന്തമായെന്ന് ഉറപ്പാക്കിയ ശേഷമാണ് സഭയില്‍ സംസാരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങള്‍ക്ക് കയറാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള ചെറിയ ഇടവഴികള്‍ നിരവധിയുള്ള പ്രദേശങ്ങള്‍ പോലീസിന്റെ ജോലി കഠിനമാക്കി. എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയാക്കാന്‍ പോലീസിന് സാധിച്ചു.
24ന് രാത്രി യുപി അതിര്‍ത്തി ദല്‍ഹി പോലീസ് അടച്ചു. എന്നാല്‍, അതിന് മുമ്പ് തന്നെ അക്രമികളില്‍ വലിയൊരു വിഭാഗം സംസ്ഥാനത്തെത്തി. കലാപത്തെ രാഷ്ട്രീയവത്കരിക്കാന്‍ വലിയ തോതില്‍ ശ്രമം നടന്നു. കലാപം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതില്‍ ദല്‍ഹി പോലീസ് വിജയിച്ചു.
കലാപമുണ്ടായ ആദ്യ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം സ്വന്തം മണ്ഡലത്തിലായതിനാലാണ് ദല്‍ഹിയില്‍ ഉണ്ടാവാതിരുന്നത്. രണ്ടാം ദിവസം ട്രംപ് ദല്‍ഹിയിലെത്തിയെങ്കിലും എല്ലാ പരിപാടികളും മാറ്റിവച്ച് ദല്‍ഹി പോലീസിനൊപ്പമായിരുന്നു താനെന്നും ഷാ വ്യക്തമാക്കി.
ഫെബ്രുവരി 27 മുതല്‍ ഇന്നുവരെ 700 കേസുകളാണ് എടുത്തിട്ടുള്ളത്. നാല്‍പ്പത് സംഘങ്ങളാണ് അന്വേഷണത്തിന് രൂപീകരിച്ചത്. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 1,100 പേരെ തിരിച്ചറിഞ്ഞു. കലാപത്തിന് ധനസഹായം നല്കിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു.
പാര്‍ലമെന്റിന്റെ വാതിലുകള്‍ അടച്ചിട്ടല്ല പൗരത്വ നിയമ ഭേദഗതി പാസാക്കിയത്. സുതാര്യമായാണ് ഇരുസഭകളിലും നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് ഷാ ഓര്‍മ്മിപ്പിച്ചു. ആരുടെയും പൗരത്വം എടുത്തുകളയാന്‍ പൗരത്വ നിയമഭേദഗതിക്ക് അധികാരമില്ലാതിരുന്നിട്ടും നിരവധി വ്യാജ പ്രചാരണങ്ങളാണ് നടത്തിയത്.
വീടുകളില്‍ നിന്ന് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയാണെന്ന് ഷാ ഓര്‍മ്മിപ്പിച്ചു. നിരവധി പ്രകോപനപരമായ പ്രസംഗങ്ങളാണ് നേതാക്കള്‍ നടത്തിയത്. 22ന് ആരംഭിച്ച് 24ന് അപ്രത്യക്ഷമായ ചില സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവരെയെല്ലാം അന്വേഷിച്ച് കണ്ടെത്തും.
52 പേര് കൊല്ലപ്പെട്ടു. മതം തിരിച്ച് കണക്ക് പറയാനില്ല. 52 ഇന്ത്യക്കാരാണ് ദൗര്‍ഭാഗ്യകരമായ ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തു. പള്ളി മാത്രമല്ല, ക്ഷേത്രവും തകര്‍ക്കപ്പെട്ടു. ഐബി ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ നാനൂറിലേറെ കുത്തുകളേറ്റു. രാജ്യത്തുണ്ടായ കലാപങ്ങളില്‍ 76 ശതമാനവും കോണ്‍ഗ്രസ് ഭരിക്കുന്ന കാലയളവിലാണെന്നും അമിത് ഷാ സഭയെ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: