Categories: Article

സ്വാതന്ത്ര്യത്തിന്റെ ഉപ്പ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായിരുന്നു ഉപ്പു സത്യഗ്രഹം. ബ്രിട്ടീഷുകാരുടെ കാടന്‍ നിയമത്തിനെതിരെ, ഒരു കൃശഗാത്രനായ മനുഷ്യന്റെ നേതൃത്വത്തില്‍ നടന്ന ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു അത്

Published by

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായിരുന്നു ഉപ്പു സത്യഗ്രഹം. ബ്രിട്ടീഷുകാരുടെ കാടന്‍ നിയമത്തിനെതിരെ, ഒരു കൃശഗാത്രനായ മനുഷ്യന്റെ നേതൃത്വത്തില്‍ നടന്ന ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു അത്. 1882ലെ ഉപ്പ് നിയമ പ്രകാരം ഇന്ത്യയിലെ ഉപ്പ് നിര്‍മാണത്തിന്റെ കുത്തകാവകാശം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. രാജ്യത്തെ നിര്‍ധന ജനതയെ ഏറ്റവും രൂക്ഷമായി ഈ നിയമം ബാധിച്ചു. വായുവും വെള്ളവും പോലെ ഏറ്റവും അനിവാര്യമായ ഉപ്പിനുവേണ്ടിയുള്ള പോരാട്ടം 1930 മാര്‍ച്ച് 12ന് ഗുജറാത്തിലെ സബര്‍മതിയില്‍ നിന്നും തുടങ്ങാന്‍ മഹാത്മാ ഗാന്ധി തീരുമാനിച്ചു.  ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിന് നാന്ദി കുറിക്കലായിരുന്നു ആ തീരുമാനം. സബര്‍മതി ആശ്രമത്തില്‍ നിന്ന് 384 കിലോമീറ്റര്‍ അകലെയുള്ള ദണ്ഡി കടപ്പുറത്തേക്ക് ഗാന്ധിജിയും 78 അനുയായികളും ശാന്തിയാത്ര നടത്തിയപ്പോള്‍ പിറന്നത് പുതു ചരിത്രം. അവര്‍ക്കൊപ്പം ഒരു ജനസമുദ്രം തന്നെ ദണ്ഡി കടപ്പുറത്തേക്ക് ഒഴുകിയെന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.  

ഇന്ത്യക്കാര്‍ക്ക് ഉപ്പ് നിര്‍മിക്കുന്നതിനോ വില്‍ക്കുന്നതിനോ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള 1882ലെ ഉപ്പ് നിയമം ലംഘിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത്, വരുംഭാവിയില്‍ വായുവിനും ആകാശത്തിനും വരെ ബ്രിട്ടീഷുകാര്‍ നികുതി ചുമത്തിയേക്കാം എന്ന ചിന്തയാണ്. ഉപ്പ് നിര്‍മിക്കുന്നതും വില്‍ക്കുന്നതും ബ്രിട്ടീഷുകാരുടെ കുത്തകയായി. തദ്ദേശീയര്‍ക്ക് കനത്ത ഉപ്പ് നികുതി ചുമത്തി. ഏറ്റവും അവശ്യമായിരുന്ന ഉപ്പ് ദരിദ്ര ജനതയ്‌ക്ക് കിട്ടാക്കനിയായി. ഈ അവസ്ഥയ്‌ക്ക് അറുതി വരുത്തുകയായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. സത്യഗ്രഹത്തിലൂടെ, അഹിംസാ മാര്‍ഗത്തിലൂടെ ഗാന്ധി ബ്രിട്ടീഷ് നിയമത്തിനെതിരെ പോരാടി.  

സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്കുള്ള യാത്രയ്‌ക്കായി 78 പുരുഷന്മാരെയാണ് ഗാന്ധിജി തിരഞ്ഞെടുത്തത്. അനുനയത്തിന്റെ പാതയാണ് ഉപ്പ് സത്യഗ്രഹത്തിന് മുമ്പായി ഗാന്ധിജി സ്വീകരിച്ചത്. 1930 മാര്‍ച്ച് രണ്ടിന് വൈസ്‌റോയി ഇര്‍വിന്‍ പ്രഭുവിന് ഉപ്പു നിയമം താനും സബര്‍മതി ആശ്രമത്തിലെ തന്റെ അന്തേവാസികളും ലംഘിക്കുമെന്ന് കത്ത് മുഖേന അറിയിച്ചിരുന്നു. ഇര്‍വിന്‍ പ്രഭു ആ മുന്നറിയിപ്പ് അവഗണിച്ചു. കത്തയച്ച് കൃത്യം 10-ാം ദിനം ഗാന്ധിജി അനുയായികളുമായി ദണ്ഡി കടപ്പുറത്തേക്ക് യാത്ര തിരിച്ചു. 24 ദിവസം നീണ്ടു നിന്ന ആ യാത്ര ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉറക്കം കെടുത്താന്‍ പോന്നതായിരുന്നു.  

ഏപ്രില്‍ അഞ്ചിന് യാത്ര ദണ്ഡി കടപ്പുറത്ത് സമാപിക്കുമ്പോള്‍ അതൊരു ജനമുന്നേറ്റമായി മാറിയിരുന്നു. പിറ്റേന്ന് ഗാന്ധിജി  പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. അതിനുശേഷം അദ്ദേഹം അനുയായികള്‍ക്കൊപ്പം കടല്‍ത്തീരത്തെത്തി. തീരത്തുനിന്ന് ഉപ്പുകലര്‍ന്ന ഒരുപിടി മണ്ണ് വാരിയെടുത്തു. അതിനുശേഷം അവിടെ ചിറകെട്ടി, ഉപ്പു കുറുക്കിയെടുത്തു. നിറതോക്കുമായി നിന്ന പോലീസുകാര്‍ക്ക് മുന്നില്‍ അദ്ദേഹം ബ്രിട്ടീഷുകാരന്റെ ഉപ്പ് നിയമം ലംഘിച്ചു. അവിടെ കൂടി നിന്നവരോടും അദ്ദേഹം നിയമ ലംഘനത്തിന് ആഹ്വാനം ചെയ്തു. മലയാളികളായ സി. കൃഷ്ണന്‍ നായര്‍, തേവര്‍തുണ്ടിയില്‍ ടൈറ്റസ്, രാഘവ പൊതുവാള്‍, ശങ്കര്‍ജി, തമിഴ്‌നാട്ടുകാരനായ തപ്പന്‍ നായര്‍ എന്നിവരും ഉപ്പ്  സത്യഗ്രഹത്തില്‍ ഗാന്ധിജിക്കൊപ്പം പങ്കെടുത്തു.  

രാജ്യമൊട്ടാകെ ജനങ്ങള്‍ കൂട്ടമായി നിയമ ലംഘനം നടത്തി. ഏകദേശം 60,000 പേര്‍ അറസ്റ്റിലായി. മെയ് അഞ്ചിന് ഗാന്ധി സ്വമേധയാ അറസ്റ്റ് വരിച്ചു. അദ്ദേഹത്തിന്റെ അഭാവം സത്യഗ്രഹത്തെ തെല്ലും ബാധിച്ചില്ല. ഇന്ത്യന്‍ ജനത ഒന്നാകെ ഗാന്ധിജിയുടെ ലക്ഷ്യ സാക്ഷാത്കാരത്തിനായി മുന്നിട്ടിറങ്ങി. മെയ് 21ന് സരോജനി നായിഡുവിന്റെ നേതൃത്വത്തില്‍ 2500 ഓളം പേര്‍ ധരാസന ഉപ്പ് നിര്‍മാണ ശാലയിലേക്ക് മാര്‍ച്ച് നടത്തി. സമാധാനപരമായി മാര്‍ച്ച് നടത്തിയവരെ പോലീസ് നിര്‍ദാക്ഷിണ്യം തല്ലിച്ചതച്ചു. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ വെബ് മില്ലര്‍ ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇന്ത്യയിലെ ബ്രിട്ടീഷ് നയങ്ങള്‍ക്കെതിരായി ലോകശ്രദ്ധ തിരിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു.  

വിചാരണ കൂടാതെ ജയിലില്‍ പാര്‍പ്പിച്ച ഗാന്ധിജിയെ 1931 ജനുവരിയിലാണ് മോചിപ്പിച്ചത്. ജയില്‍ മോചിതനായ അദ്ദേഹം ഇര്‍വിന്‍ പ്രഭുവുമായി കൂടിക്കാഴ്ച നടത്തി. 1931 സെപ്തംബറില്‍ ലണ്ടണില്‍ വച്ചു നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളാണ് പിന്നീട് 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നിയമം പാസാക്കുന്നതിന് പ്രേരകമായത്.  

ഉപ്പ് സത്യഗ്രഹം മലബാറിലും  

മലബാറില്‍ ഉപ്പ് സത്യഗ്രഹത്തിന്റെ സമര വേദിയായത് പയ്യന്നൂരായിരുന്നു. കോഴിക്കോട്, പാലക്കാട് തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സത്യഗ്രഹികള്‍ പയ്യന്നൂരെത്തി സമരത്തിന്റെ ഭാഗമായി. 1930 ഏപ്രില്‍ 13ന് കെ. കേളപ്പന്റെ നേതൃത്വത്തിലാണ് കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് ഉപ്പ് നിയമ ലംഘനത്തിനുള്ള സംഘം പുറപ്പെട്ടത്. ഗാന്ധിജി ഉപ്പു കുറുക്കി നിയമം ലംഘിച്ചതിന്റെ തുടര്‍ച്ചയായിരുന്നു കേരളത്തിലെ ഈ സമരം. പയ്യന്നൂര്‍ ഉളിയത്തുകടവില്‍ ആയിരുന്നു കേരളത്തില്‍ ആദ്യമായി ഉപ്പു കുറുക്കല്‍ സമരം നടന്നത്. നിയമം ലംഘിച്ചവര്‍ക്കു നേരെ അതിക്രൂരമായ ലാത്തിച്ചാര്‍ജ് നടന്നു. കേളപ്പജി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായി. അദ്ദേഹത്തിന് പുറമെ മുഹമ്മദ് അബ്ദുള്‍ റഹിമാന്‍, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കെ. മാധവന്‍ നായര്‍, പി. കൃഷ്ണപിള്ള, ആര്‍.വി. ശര്‍മ്മ തുടങ്ങിയവരും അറസ്റ്റിലായി. പക്ഷേ അതുകൊണ്ടൊന്നും ഇവിടുത്തെ അണികളുടെ സമരവീര്യം ചോര്‍ന്നില്ല.തയ്യാറാക്കിയത്: വി. വി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by