യാവന്നൈവ പ്രവിശതി ചരന്
മാരുതോ മധ്യമാര്ഗേ
യാവദ് ബിന്ദുര്‍ ന ഭവതി ദൃഢഃ
പ്രാണ വാത പ്രബന്ധാത്
യാവദ് ധ്യാനേ സഹജ സദൃശം
ജായതേ നൈവ തത്വം
താവജ്ജ്ഞാനം വദതി തദിദം
ദംഭ മിഥ്യാ പ്രലാപഃ 4 114
വായു മധ്യമാര്‍ഗത്തില്‍ പ്രവേശിക്കാതെ പ്രാണവായുവിന്റെ ബന്ധനത്താല്‍ ബിന്ദു ദൃഢമാവാതെ, ചിത്തം സഹജമായ ധ്യാനത്തില്‍ മുഴുകാതെ ജ്ഞാനം വിളമ്പുന്നത് പൊങ്ങച്ചം പറച്ചില് മാത്രമാണ്.
സ്വാത്മാരാമന്‍ ശരിക്കും പ്രായോഗിക വാദിയാണ്. ശക്തിയും ബോധവും ഉണരാതെ, സാക്ഷാത്കാരം നേടാതെ ജ്ഞാനം ലഭിക്കില്ല. ഹഠയോഗത്തിന്റെയും തന്ത്രത്തിന്റെയും മുദ്രാവാക്യം ‘അഭ്യസിക്കുക, സാക്ഷാത്കരിക്കുക’എന്നതാണ്; പ്രസംഗവും തത്വം പറച്ചിലുമല്ല.
സുഷുമ്നയിലൂടെ സഞ്ചരിച്ച് ബ്രഹ്മരന്ധ്രത്തില്‍ പ്രവേശിക്കാതെ പ്രാണന് സിദ്ധി കൈവരില്ല. അമൃതസിദ്ധിയില് പറയുന്നു: യാവദ് ഹി മാര്ഗഗോ വായുഃ(അവിടെയുമിവിടെയും സഞ്ചരിക്കുന്ന വായു എപ്പോഴാണോ) നിശ്ചലോ നൈവ മധ്യഗഃ (നിശ്ചലമായി സുഷുമ്നയില്‍ ഗമിക്കാതിരിക്കുന്നത്) അസിദ്ധം തം വിജാനീയാത് (അവന് സിദ്ധി ലഭിച്ചില്ല എന്നറിയണം)
പ്രാണയതി ജീവയതി ഇതി
പ്രാണഃ (ജീവിപ്പിക്കുന്നതാണ് പ്രാണന്) എന്നാണ്. അങ്ങിനെയുള്ള വാതമാണ്, പ്രാണവാതം, പ്രാണവായു. അതിനെ ബന്ധിക്കുന്നത് കുംഭകം. അതില്‍ നിന്നാണ് ബിന്ദു അഥവാ വീര്യം ദൃഢമാകുന്നത്; സ്ഥിരമാകുന്നത്.
ഇതേ അധ്യായത്തില്‍ തന്നെ ശ്ലോകം 28 ല്‍ ‘മനഃ സ്ഥൈര്യേ സ്ഥിരോ വായുഃ(മനസ്സ് സ്ഥിരമായാല് വായു സ്ഥിരമാവും) തതോ ബിന്ദുഃ സ്ഥിരോ ഭവേത് ‘(അപ്പോള്‍ ബിന്ദു സ്ഥിരമാവും) എന്നു പറഞ്ഞിട്ടുണ്ട്. മനസ്ഥൈര്യമില്ലെങ്കില് സിദ്ധിയില്ല എന്നു താല്പര്യം.
അമൃതസിദ്ധിയില് പറയുന്നു :
‘യദാസൗ വായുഃ മധ്യമാം ശ്രിയതേ’ (പ്രാണന് സുഷുമ്നയെ ആശ്രയിക്കുമ്പോള്‍) തദാ ബിന്ദുശ്ച ചിത്തം ച വായുനാ സഹ മ്രിയതേ (ബിന്ദുവും ചിത്തവും വായുവിനോടൊപ്പം മരിക്കുന്നു). തുടര്‍ന്നു പറയുന്നു, ബാഹ്യവും ആന്തരികവുമായ വസ്തുക്കളില്‍ ചിത്തം രമിച്ചാല്‍ സിദ്ധി കിട്ടില്ല.
ധ്യേയ ചിന്തനം തന്നെ ധ്യാനം. ധ്യാനത്തില്‍ പ്രാണ ബന്ധനത്താല്‍ ധ്യേയാകാര വൃത്തി പ്രവാഹം സാധ്യമാവണം. തത്വമെന്നാല്‍ ഇവിടെ ചിത്തം തന്നെ. ചിത്തം ധ്യാനത്തില്‍ ഇത്തരത്തില്‍ ‘സഹജ സദൃശ’മായിത്തീരാതെ വെറുംവായ കൊണ്ടുള്ള ‘ജ്ഞാനം പറച്ചില്’ പൊങ്ങച്ചം മാത്രമാണ്. ‘ഞാന്‍ അറിവുള്ളവനാണ്, ലോകരെല്ലാം എന്നെ പൂജിക്കും’ എന്നുള്ള ധാരണയില്‍ അസത്യം പുലമ്പല്‍ മാത്രമാണ്.
പ്രാണ ബിന്ദു ചിത്തങ്ങളുടെ ജയം ഉണ്ടായില്ലെങ്കില്‍ സംസാരത്തില്‍ നിന്ന് മോചനമില്ല. ചലത്യേഷ യദാ വായുഃ( പ്രാണന് ചലിക്കുമ്പോള്‍) ബിന്ദുഃ ചലഃ സ്മൃതഃ( ബിന്ദു ചലിക്കും) ബിന്ദുഃ ചലതി യസ്യാംഗേ (ബിന്ദു ചലിച്ചാല്‍) ചിത്തം തസസൈ്യവ ചഞ്ചലം (മനസ്സും ചലിക്കും) ചലേ ബിന്ദൗ ചലേ ചിത്തേ ചലേ വായൗ (ബിന്ദുവും ചിത്തവും വായുവും ചലിച്ചാല്‍) സര്‍വദാ ജായതേ മ്രിയതേ ലോകഃ (അവന് ജനനമരണ ചക്രത്തില്‍ പെട്ടുപോവുകയേ ഉള്ളൂ)’ എന്ന് പ്രാചീനമായ’അമൃത സിദ്ധി’എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ‘യഥാ അവസ്ഥാ ഭവേദ് ബിന്ദോഃ’ (ബിന്ദുവിന്റെ സ്ഥിതി പോലെയാണ്) ‘ചിത്താവസ്ഥാ തഥാ തഥാ’ (ചിത്തത്തിന്റെ സ്ഥിതി)
യോഗ ബീജത്തില്‍ പറയുന്നു: ചിത്തം പ്രനഷ്ട യദി (മനസ്സ് നഷ്ടമായാല്‍) തത്ര മരുതോപി നാശഃ( പ്രാണനും നശിക്കും) പ്രാണ ബിന്ദു മനസ്സുകളുടെ ജയത്താല്‍ ജ്ഞാനവും അതില്‍ നിന്ന് മുക്തിയും ലഭിക്കുമെന്നാണ് സൂചന.
ഇവിടെ സ്വാത്മാരാമന്‍ തന്റെ വ്യാഖ്യാനത്തില്‍ ഒരു പൂര്‍വ പക്ഷം ഉന്നയിക്കുന്നു. ഭാഗവതത്തില്‍ (തക 206) ‘യോഗ ത്രയോ മയാ പ്രോക്താ ( മൂന്നു യോഗങ്ങള്‍ ഞാന്‍ പറഞ്ഞു) നൃണാം ശ്രേയോ വിധിത്സയാ (മനുഷ്യരുടെ ശ്രേയസ്സിനായി) ജ്ഞാനം കര്‍മ ചഭക്തിശ്ച(ജ്ഞാന യോഗവും കര്‍മയോഗവും ഭക്തിയോഗവും) ന ഉപായഃ അന്യഃ അസ്തി കുത്രചിത് ‘(മറ്റൊരു പ്രായവും എവിടെയും ഇല്ല.) ഇങ്ങനെ ഭഗവാന് തന്നെ ജ്ഞാനകര്‍മ ഭക്തി യോഗങ്ങളെ മോക്ഷോപായങ്ങളായി പറഞ്ഞ സ്ഥിതിക്ക് എന്തിനാണ് രാജ (അഷ്ടാംഗ)യോഗത്തെ ന്യായീകരിക്കുന്നത്?
ബൃഹദാരണ്യക ഉപനിഷത്തില്‍ ‘ആത്മാ വാ അരേ ദ്രഷ്ടവ്യഃ മന്തവേ്യാ നിദിദ്ധ്യാസിതവ്യഃ ‘(245) എന്നിങ്ങനെ ആത്മസാക്ഷാത്കാരത്തിന് ശ്രവണ മനന നിദിദ്ധ്യാസനങ്ങളെ ഉപായമായി പറഞ്ഞു. ശ്രവണ മനനങ്ങളെ ‘നിയമ’ ങ്ങളിലൊന്നായ സ്വാധ്യായത്തില്‍ പെടുത്താം. യോഗയാജ്ഞവല്ക്യത്തില് ‘സിദ്ധാന്തശ്രവണം പ്രോക്തം വേദാന്ത ശ്രവണം ബുധൈഃ’എന്നിങ്ങനെ ശ്രവണത്തെ നിയമത്തില്‍ സ്പഷ്ടമായി ചേര്‍ത്തിട്ടുണ്ട്. വേദ പുരാണ ഇതിഹാസ പീനവും നിരന്തരാഭ്യാസവും ജപമാണ്, മനനവുമാണ്. ഇതും സ്വാധ്യായത്തില്‍, നിയമത്തില്‍ പെടും.
ചിന്താവിഷയത്തിലെ വിജാതീയമായ ഭാഗങ്ങള്‍ ഉപേക്ഷിച്ച് സജാതീയ പ്രത്യയങ്ങളുടെ പ്രവാഹ രുപത്തിലാണ് നിദിധ്യാസനം. അതു തന്നെ ധ്യാനം. ധ്യാനത്തിന്റെ പരിപാകമാണ് സമാധി. അതില്‍ നിന്ന് ആത്മസാക്ഷാത്കാരം ലഭിക്കും. ഈശ്വരാര്‍പ്പണബുദ്ധ്യാ നിഷ്കാമ കര്‍മം അനുഷ്ഠിക്കുന്നതാണ് കര്‍മയോഗം. തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം ഇവയെ ക്രിയാ യോഗമായി പതഞ്ജലി (21) പറയുന്നു.
ചന്ദ്രായണാദി ഉപവാസങ്ങളിലൂടെ ശരീര ശോഷണമാണ് തപസ്സ്. ഉപനിഷത്ത്, രുദ്രം, പ്രണവം മുതലായവയുടെ ജപം സ്വാധ്യായമാണ്. മനസാ വാചാ കര്‍മണാ ഉള്ള പൂജകള്‍, സ്തുതി, സ്മരണ ഇവയാല്‍ അചഞ്ചലമായ ഭക്തിയുണ്ടാക്കുന്നതാണ് ഈശ്വരപ്രണിധാനം. ഈ ക്രിയായോഗത്തിലൂടെ സമാധിഭാവനയും ക്ലേശ നാശനവുമുണ്ടാകും. ഭഗവാന്റെ ആകാരം അന്തക്കരണത്തില്‍ നിറക്കല്‍ തന്നെ ഭക്തി. ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം,വന്ദനം, ദാസ്യം, സഖ്യം, ആത്മ നിവേദനം എന്നിങ്ങനെ ഭാഗവതത്തില്‍ (7523) 9 തരം ഭക്തിയെ പറയുന്നുണ്ട്. ഇവയും ഈശ്വരപ്രണിധാനമെന്ന നിയമത്തില്‍ അടങ്ങിയിട്ടുണ്ട്.’ഈശ്വരപ്രണിധാനാദ്വാ’123)എന്ന് സമാധി ലാഭത്തിന് നേരിട്ടുള്ള ഉപായമായും പ്രേമഭക്തിയെ പതഞ്ജലി പറഞ്ഞിട്ടുണ്ട്. അഷ്ടാംഗ യോഗത്തില്‍ എല്ലാ പുരുഷാര്‍ഥ സാധനങ്ങളും അടങ്ങിയിരിക്കുന്നുണ്ടെന്നു ചുരുക്കം.
ഹഠയോഗ പ്രദീപികയുടെ പഠനം ഇവിടെ പൂര്‍ണമാകുന്നു.
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ്
ആന്റ് റിസര്‍ച്ച് സെന്റര്‍
അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: