കോട്ടയം ജില്ലയിലെ വലിയ വീട് ആയോധന, നൃത്ത കലകളുടെ സംഗമ വേദിയാണ്. ഇവിടെ എത്തുമ്പോള്‍ ഓര്‍മകളിലേക്ക് ഓടിയെത്തുക ജാക്കിച്ചാന്റെ സിനിമയിലെ രംഗങ്ങളാകും. ചിലനേരം ചിലങ്കയുടെ മനോഹര ശബ്ദത്താല്‍ ഇവിടം മുഖരിതമാകും. പതിമൂന്നാം വയസു മുതല്‍ കരാട്ടെ അഭ്യസിക്കുന്ന സെന്‍സെയ് അനീറ്റയും നര്‍ത്തകിയായ സഹോദരി റോസ് ലിജിയുമാണ് വലിയ വീടിനെ ശബ്ദമുഖരിതമാക്കുക.
കരാട്ടെയില്‍ മാസ്റ്റര്‍ എന്നര്‍ത്ഥം വരുന്ന ‘സെന്‍സെയ്’ എന്ന പദത്തോടെയാണ് അനീറ്റ അറിയപ്പെടുന്നതുതന്നെ. കൊച്ചിക്കാരായിരുന്ന ഇവര്‍ ഇപ്പോള്‍ കോട്ടയത്താണ് താമസം. വ്യവസായി ആയ അച്ഛന് മാനുവല്‍ ചവിട്ടുനാടക കലാപാരമ്പര്യമുളള കുടുംബത്തില്‍ നിന്നാണ്. അങ്കണവാടി അദ്ധ്യാപികയായ അമ്മ ത്രസ തയ്യലില്‍ മികവ് പുലര്‍ത്തുന്നു. കുട്ടികള്‍ നന്നെ ചെറുപ്പത്തില്‍ സ്വന്തം ഭാവി കണ്ടെത്തിയത് അച്ഛനമ്മമാരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ്. പെണ്‍കുട്ടികളെ സ്വതന്ത്രരായി വളര്‍ത്തണമെന്ന ചിന്തയ്ക്ക് പല ഭാഗത്തുനിന്നും എതിര്‍പ്പുകളും പരിഹാസങ്ങളും ഉണ്ടായെങ്കിലും മക്കള്‍ക്ക് തുണ നല്കുന്നതില് നിന്ന് അവര്‍ പന്മാറിയില്ല. അനീറ്റയും റോസും അവര്ക്കഭിമാനമായി.
ബ്ലാക് ബെല്‍റ്റ് അനീറ്റ
അനീറ്റ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന കരാട്ടെ റഫറിയും പരിശീലകയുമാണ്. ചെറുപ്രായത്തില്‍ തന്നെ ശരീരത്തെ കരാട്ടെക്കായി പാകപ്പെടുത്തി. സ്കൂള്‍ പഠനം കഴിഞ്ഞാണ് കരാട്ടെ പരിശീലിച്ചിരുന്നത്. കൊച്ചിന് ആര്‍ട്സ് ക്ലബിലായിരുന്നു ആദ്യ പഠനം. ഇതിനുശേഷം രാത്രിയിലാണ് വീട്ടിലെത്തിയിരുന്നത്. സ്വയംപര്യാപ്തത നേടാന്‍ പരിശീലനം തുണയായി. സുപ്രീം സെന്‍സായി ഹാന്‍ഷി ഷെംപോ ഷിമാബുക്കറോയില് നിന്നാണ് ബ്ലാക് ബെല്‍റ്റിലെ ഒന്നാം ഡിഗ്രിയായ ‘ഷോഡാന്‍’ അനീറ്റ നേടിയത്. ജപ്പാന്‍കാരനായ അദ്ദേഹം ഒക്കിനാവന്‍ ഷോറിന് റിയൂവിന്റെ ലോകത്തിലെ ആദ്യ മാസ്റ്റര്‍ ആണ്. അനീറ്റ ഇപ്പോള്‍ ബ്ലാക് ബെല്‍റ്റ് ഡിഗ്രി നാലാം ഘട്ടത്തിലാണ്. കൊല്‍ക്കത്തയിലെ ടോളിഗന്ജ് എന്ന സ്ഥലത്തെ ബ്രീട്ടിഷ് ക്ലബ്ബില്‍ എട്ടു വര്‍ഷത്തോളം ഫിറ്റ്നസ് ഇന്‍സ്ട്രക്ടറായി ജോലി നോക്കിയിട്ടുള്ള അനീറ്റ ഖത്തറില്‍ അറബ് സ്ത്രീകള്‍ക്കായി പരിശീലനവും നടത്തിയിരുന്നു.
യോഗയില്‍ ടിടിസി നേടിയിട്ടുള്ള അനീറ്റ ജര്‍മനിയില്‍ യോഗയുടെ ഇന്റര്‍നാഷണല്‍ സെമിനാറുകളും നടത്തിയിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയില്‍ വുമന്‍ ഫിറ്റ്നസ് സെന്റര്‍ പരിശീലകയായിരുന്നു. ഇപ്പോള്‍ മാന്നാനം കെഇ സ്കൂളിലും ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്കൂളിലും കരാട്ടെ ക്ലാസും, എംജി യൂണിവേഴ്സിറ്റിയില്‍ സുംബ ക്ലാസും എടുക്കുന്നു. ഇന്ത്യയുടെ ടെക്നിക്കല്‍ ഡയറക്ടറായ ക്യോഷി പി.ആര്. രത്നപാല, രാംദയാല്‍ സെന്സായിമാരാണ് അനീറ്റയ്ക്ക് റഫറി ക്ലാസുകള്‍ എടുത്തിരുന്നത്. ഒക്കിനാവന്‍ ഷോറിന് റിയൂ സ്റ്റൈലില്‍ മുന്പില് നില്ക്കുന്ന പരിശീലകയാണ്് അനീറ്റ. ലൈഫ് കീ സൊസൈറ്റി ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് എന്ന ചാരിറ്റബിള്‍ സൊസൈറ്റിയും അവര്‍ രൂപീകരിച്ചിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും, വര്‍ക്ക്ഷോപ്പുകളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്. അടുത്തുതന്നെ പ്രായമായവര്‍ക്കായി ഒരു ചിരിക്ലബും ആരംഭിക്കുന്നുണ്ട്.
ഒരു കരാട്ടെ കുടുംബം
ഡാന്‍സ്, മ്യൂസിക്, കരാട്ടെ എന്നിവ ചേര്‍ത്ത് സ്ത്രീകള്‍ക്കായി ‘കെയ്ബോ’ എന്ന ‘സെന്റര്‍ ഫോര്‍ മാര്‍ഷല്‍ ആര്‍ട്സ് ആന്റ്ഫിറ്റ്നസ്’ എന്ന പുതിയൊരു സംരംഭത്തെക്കുറിച്ചും അനീറ്റ ആലോചിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് മാനസികോല്ലാസത്തോടൊപ്പം ഫിറ്റ്നസ് എന്നതാണ് ഇതിന്റെ ലക്ഷ്യം. സിവില്‍ എന്‍ജീനിയറിങ് ബിരുദ ധാരിയായ അനീറ്റ പഠന ശേഷം ദുബായിയില്‍ കുറച്ചുനാള്‍ ജോലി നോക്കിയിരുന്നു. ജോലി സ്ഥലത്ത് ചില മോശം അനുഭവങ്ങള്‍ ഉണ്ടായതോടെ അവിടം വിട്ടു.
വീട്ടിലെ ആറു പേരും കരാട്ടെ പഠിക്കുന്നുണ്ട്. മകള്‍ മിലേന ബ്രൗണ്‍ ബെല്‍റ്റാണ്, സഹോദരി സിജി അജുവിന്റെ മകളായ ഇസ ബ്രൗണ്‍ ബെല്‍റ്റാണ്. അഞ്ചര വയസ്സുകാരി ഇയോനയ്ക്ക് പര്‍പ്പിള്‍ ബെല്‍റ്റുണ്ട്. കരാട്ടെയില്‍ നിലവില്‍ ഇന്ത്യന്‍ ചീഫായ ക്യോഷി പി.ആര് രത്നപാലയും കേരള ചീഫായ സ്പാര്ക് ഡേവിഡ് സെന്സായിയുമാണ് അനീറ്റയുടെ കുട്ടികള്‍ക്കായി ഗ്രേഡിങ് ടെസ്റ്റുകള്‍ നടത്തുന്നത്. കോട്ടയം ജില്ലയില്‍ ഷോറിന് റിയൂ സ്റ്റൈലിലെ ഏക വനിതാ പരിശീലകയാണ് അനീറ്റ. ഇരുപത്തഞ്ച് വര്‍ഷത്തോളമായി അനീറ്റ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മോദി സര്‍ക്കാരിന്റെ ഫിറ്റ്നസ് ചലഞ്ചും അനീറ്റയ്ക്ക് പ്രചോദനം നല്‍കുന്നുണ്ട്.
നൃത്തം ജീവിതമാക്കി റോസ്
ചേച്ചി കരാട്ടെയിലേക്ക് തിരിഞ്ഞപ്പോള്‍ അനിയത്തി റോസ് ലിജിയ തിരഞ്ഞെടുത്തത് ഡാന്‍സായിരുന്നു. റോസിലെ നര്‍ത്തകിയെ ആദ്യം കണ്ടെത്തിയത് അമ്മയായിരുന്നു. അമ്മയും ചേച്ചിമാരും ചേര്‍ന്ന് തയ്യാറാക്കിയ ഒരു ചെറിയ നൃത്തമായിരുന്നു റോസ് ആദ്യം വേദിയില്‍ അവതരിപ്പിച്ചത്. റോസിന്റെ നൃത്തപാരമ്പര്യം അച്ഛനില്‍ നിന്നാണ്. ഫോര്‍ട്ടുകൊച്ചി ജനത ക്ലബിലായിരുന്നു ആദ്യപഠനം. പിന്നീട് വീട്ടിലായി. പത്താം ക്ലാസോടെ റോസ് തീരുമാനിച്ചു; നൃത്തമാണ് തന്റെ വഴിയെന്ന്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രീയ നൃത്തത്തില്‍ ബിരുദവും, ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഡാന്‍സും തീയേറ്ററും ഒന്നിച്ചുകൊണ്ടുപോവുക എന്നതായിരുന്നു താല്പര്യം. അതിനാല്‍ എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന് തീയേറ്ററില്‍ എംഫില്‍ ചെയ്തു. പൗരസ്ത്യ നര്‍ത്തകി എന്ന വിഷയത്തില്‍ ഭരതനാട്യത്തില്‍ എം.ജി സര്‍വ്വകലാശാലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടി.
മനു മാഷിന്റെ ശിഷ്യ
റോസിന്റെ പ്രബന്ധം എംജി യൂണിവേഴ്സിറ്റിയിലെ റഫറന്‍സ് ഗ്രന്ഥമാണിപ്പോള്. പി.ജി ജനാര്ദ്ദനന് മാഷില്‍ നിന്നാണ്് ഭരതനാട്യത്തിന്റെ പഴയരീതികളുടെ ആദ്യപാഠം പഠിച്ചത്. നൃത്തത്തിന് നഷ്ടപ്പെട്ടുപോയ അന്തഃസത്ത എങ്ങനെ കണ്ടുപിടിക്കാം എന്നുളളതായിരുന്നു അന്വേഷണം. അതെത്തിയത് താന്ത്രിക് നൃത്ത വിദഗ്ദ്ധന് മനു മാഷിലായിരുന്നു. അദ്ദേഹം തന്ത്രവും നൃത്തവും തമ്മിലുളള ബന്ധത്തെക്കുറിച്ചുള്ള ഗവേഷകനായിരുന്നു. നൃത്തത്തിന്റെ ജീവന് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഇദ്ദേഹത്തില്‍ നിന്ന് തഞ്ചാവുര് രീതിയിലുളള ഭരതനാട്യം മനസ്സിലാക്കി. ഇപ്പോഴും മനു മാഷിന്റെ ശിക്ഷണത്തിലാണ് റോസ് ഭരതനാട്യം അഭ്യസിക്കുന്നത്. നൃത്തത്തിന് അതിന്റെ സൗന്ദര്യം തിരിച്ചുകൊണ്ടുവരികയെന്നത് മനസ്സിലാക്കാന്‍ സഹായിച്ചത് മനു മാഷാണ്.
ഭരതനാട്യത്തില്‍ മാത്രമല്ല, സമകാലീന നൃത്തത്തിലും റോസ് സ്വന്തം നില കണ്ടെത്തിയിരുന്നു. ബിരുദാനന്തര ബിരുദം കഴിഞ്ഞ ശേഷം കുറച്ചുനാള്‍ റോസ് സമകാലീന നൃത്തത്തില്‍ പരീക്ഷണം നടത്തിയിരുന്നു. അലക്സാന്‍ഡ്രോ കര്‍ബോണി എന്ന കലാകാരനെ പരിചയപ്പെട്ടത് റോസിന്റെ കലാ ജീവിതത്തില്‍ വഴിത്തിരിവായി. അദ്ദേഹം ഇംഗ്ലണ്ടില്‍ സെന്റ് മാര്ട്ടിന് കോളജില്‍ അസി. പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു. ഒപ്പം ഗവേഷണവും ചെയ്്തിരുന്നു. അതിന്റെ ഭാഗമായി കേരളത്തിലും വന്നു. റോസും അദ്ദേഹവും ചേര്‍ന്ന് സമകാലീന നൃത്തത്തിന്റെ ഒരു പ്രോജക്ട് ചെയ്തു. സാമുവല്‍ ബക്കറ്റിന്റെ എബിക്യൂ എന്ന കണക്ക് സംബന്ധിച്ച ആശയമാണ് ചെയ്തത്. ഭരതനാട്യവും സമകാലീന നൃത്തവും തമ്മിലുളള ബന്ധവും മുദ്രകളിലെ പ്രയോഗ വ്യത്യാസവും എങ്ങനെ ആവിഷ്കരിക്കാം എന്നിവയായിരുന്നു പ്രോജക്ടിലെ വിഷയം. റോസിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു പ്രോജക്ടായിരുന്നു ഇത്. നൃത്തത്തെ ആധികാരികമായി പഠിക്കാനും, ഒരു ഗുരുവും ശിഷ്യയും തമ്മിലുളള അത്മബന്ധം എന്തെന്ന് മനസ്സിലാക്കാനും ഈ പ്രോജക്ടിലൂടെ സാധിച്ചു.
നൃത്തത്തെ അറിഞ്ഞ യാത്രകള്‍
രാജ്യത്തിനകത്തും പുറത്തുമായി നൃത്തത്തിന്റെ ഭാഗമായി റോസ് ധാരാളം യാത്രകള്‍ നടത്തിയിരുന്നു. ഇന്ത്യയിലെ പല സംസ്കാരിക സവിശേഷതകള്‍ മനസ്സിലാക്കാനും, ഡാന്‍സുമായി അവയ്ക്കുള്ള ബന്ധത്തെക്കുറിച്ച് അറിയാനും ഇതിലൂടെ സാധിച്ചു. പല സ്ഥലങ്ങളിലെ നൃത്തരൂപങ്ങള്‍ കണ്ടു. അവ എങ്ങനെ ഭരതനാട്യവുമായി ബന്ധിപ്പിക്കാമെന്നും റോസ് യാത്രകളിലൂടെ മനസ്സിലാക്കി. അബുദാബിയിലെ സാംസ്കാരിക മന്ത്രാലയം നടത്തിയ സാംസ്കാരികോത്സവത്തില്‍ വിധികര്‍ത്താവായിരുന്നു. താന്‍ കാണാത്തതും അനുഭവിക്കാത്തതുമായ പല കാഴ്ചകളുടെയും ഭാഗമാകാന്‍ സാധിച്ചതായി റോസ് പറയുന്നു. പല നാട്യജീവിതത്തെ അടുത്തറിയാനും, നൃത്തം അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചെന്നു മനസ്സിലാക്കാനും യാത്രകളിലൂടെ റോസിന് സാധിച്ചു. ഭാവിയില്‍ സാമൂഹിക പ്രതിബദ്ധതയുളള കലാ പരിപാടികള്‍ അവതരിപ്പിക്കാന്‍ നൃത്തത്തില്‍ മാനുഷിക മൂല്യങ്ങള്‍ കൊണ്ടുവരണം എന്നാണ് റോസിന്റെ ആഗ്രഹം. നൃത്തം ആര്‍ക്കും പഠിക്കാം എന്ന നിലയിലാക്കുക, സ്ത്രീകളെ കൂടുതലായി നൃത്തപഠനങ്ങളിലേക്ക് എത്തിക്കുക, നൃത്തത്തിനു വേണ്ടി ഗവേഷണ കേന്ദ്രം തുടങ്ങുക തുടങ്ങിയവയാണ് കാലടിയില്‍ ഗസ്റ്റ് അദ്ധ്യപികയായി ജോലി ചെയ്യുന്ന റോസിന്റെ സ്വപ്നങ്ങള്‍.
ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇത്തരം കലകള്‍ അപ്രാപ്യമാണ്. ഇതിനാല്‍ റോസ് കുറച്ചുനാള്‍ അവരുടെ ഇടയില്‍ പോയി താമസിക്കുകയും അവരുടെ കലകളെക്കുറിച്ച് മനസിലാക്കുകയും, അത് സമൂഹത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ചേച്ചി അനീറ്റയോടൊപ്പം ലൈഫ് കീ, കെയ്ബോ എന്നീ സൊസൈറ്റികളിലും റോസ് പ്രവര്‍ത്തിക്കുന്നുണ്ട്. ശരീരത്തിനും മനസ്സിനും ഒരു വ്യായാമം എന്ന നിലയില്‍ ഡാന്‍സിനെ എങ്ങനെ മാറ്റാം, ഡാന്‍സിലൂടെ ശരീരത്തിന്റെയും മനസ്സിന്റെയും പിരിമുറുക്കങ്ങളെ എങ്ങനെ ഇല്ലാതാക്കും, ഡാന്‍സും കരാട്ടെയും കൂട്ടിച്ചേര്‍ത്ത് എങ്ങനെ അവതരിപ്പിക്കാം എന്നൊക്കെ പഠനം നടത്തി വരുന്ന റോസിന് ഡാന്‍സ് തെറാപ്പിയായി ചെയ്യണമെന്ന ആഗ്രഹവുമുണ്ട്.
സകലകലാ വല്ലഭ
നാടകമാണ് റോസിന്റെ അടുത്ത താല്പര്യം. ഇന്ത്യയിലെ പല സ്ഥലങ്ങളിലും റോസ് നാടകം ചെയ്തിട്ടുണ്ട്. ദേശീയ ഫെസ്റ്റിന്റെ ഭാഗമായി ഡറാഡൂണ്‍, വാരണാസി, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. സൂര്യ ഫെസ്റ്റില്‍ റോസ് ഒരു ഏകാങ്ക നാടകവും അവതരിപ്പിച്ചിട്ടുണ്ട്. എം.ജി യൂണിവേഴ്സിറ്റിയില്‍ സ്്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ പി.സി ഹാരിസിനൊപ്പം ഞാനും ഞാനും എന്ന നാടകരൂപം അവതരിപ്പിച്ചു. പി.സി ഹാരിസിന്റെ അവസാന നാടകമായിരുന്നു അത്. ഒരു ലാറ്റിന്‍ കാത്തലിക് കുടുംബത്തില്‍ നിന്ന് ഡാന്‍സില്‍ ഡോക്ടറേറ്റ് നേടിയ റോസിനെപ്പൊലുളളവര് മറ്റുളളവര്‍ക്ക് പ്രചോദനം തന്നെയാണ്. ഡാന്‍സല്ലാതെ മോഡലിങ്, പാട്ട്, ക്രാഫ്റ്റ് വര്‍ക്ക്, ഫോട്ടോഗ്രഫി എന്നിവയിലും റോസ് തല്‍പ്പരയാണ്. കോട്ടയത്തെ വലിയ വീട്ടില്‍ നിന്ന് റോസ്, അനീറ്റ സഹോദരിമാരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് കര്‍മരംഗത്തെ നിശ്ചയദാര്‍ഢ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: