പതിനേഴാം വയസ്സില്‍, പാകമെത്താത്തൊരു പ്രണയത്തിന്റെ കൈപിടിച്ചിറങ്ങിയതാണ് സ്മിത. കൊട്ടാരക്കര നിന്ന് കോയമ്പത്തൂരേക്ക്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ പ്രണയത്തിലെ മധുരം മാഞ്ഞു. കണ്ണീരുപ്പ് നിറഞ്ഞു. കൂട്ടിനൊരു തണലുണ്ട്, തുണയുണ്ട് എന്നതൊക്കെ പേരിനുമാത്രം. പക്ഷേ ജീവിച്ചല്ലേ പറ്റൂ. ഒരു കൈത്തൊഴിലു പോലും അറിയില്ല. പിന്നീടങ്ങോട്ട് അതിജീവന യുദ്ധമാണ്. സഹനത്തിന്റെ എല്ലാ പരിധിയുമറിഞ്ഞ നാളുകള്‍. അതിന്റെയെല്ലാം പൊള്ളുന്ന ചിത്രങ്ങള്‍ മനസ്സിലങ്ങനെ ചിതറിക്കിടപ്പാണ്. എരിഞ്ഞെരിഞ്ഞ് കനല് കണക്കെ.
കോയമ്പത്തൂര്‍ ബസ്സ്റ്റാന്റ്, കാര്‍പാര്‍ക്കിങ് ഏരിയകള്‍, ഉത്സവപ്പറമ്പുകള്‍ തുടങ്ങിയിടത്തെല്ലാം മാര്‍ക്കറ്റിങ് ഉത്പന്നങ്ങളുമായി സ്മിത ജീവിതത്തിനൊപ്പം നടന്നു. വീടുകള്‍ കയറിയിറങ്ങി തേയില വില്പന, കശുവണ്ടി തൊലി കളഞ്ഞെടുക്കല്‍ തുടങ്ങി പല തൊഴിലുകള്‍. എത്ര ദൂരം പിന്നിട്ടെന്നോ, എവിടെയൊക്കെ അലഞ്ഞെന്നോ പറഞ്ഞാല്‍ തീരില്ല.
വീണ്ടുമൊരു പതിനേഴു വര്‍ഷം പിന്നിടുമ്പോള്‍ സ്മിത എത്തിനില്‍ക്കുന്നത് കേരളത്തിലെ വനിതാ സംരംഭകരുടെ മുന്‍നിരയിലാണ്. തേടിയെത്തിയ അംഗീകാരങ്ങള്‍ അനവധി. ഇപ്പോള്‍ 40 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യമാണ് കണ്മുന്നിലുള്ളത്. സ്വപ്നമല്ലത്. സ്വപ്ന സാക്ഷാത്ക്കാരമാണ്. ‘ദ്യുതി’ എന്ന പുതിയ സംരംഭത്തിന്റെ തിരക്കുകളിലാണ് സ്മിത. അടുക്കളയിലെ ഉപകരണങ്ങളുടെ നിര്‍മാണവും വില്പനയുമാണ് ദ്യുതിയുടെ ദൗത്യം. മലപ്പുറത്തെ മഞ്ചേരിയില്‍ ‘ദ്യുതി’ യുടെ പടുകൂറ്റന്‍ ഓഫീസിലിരുന്ന്, ശൂന്യതയില്‍നിന്ന് ‘തന്റേടം’ (തന്റെയിടം) കണ്ടെത്തിയ കഥ സ്മിത പറഞ്ഞുതുടങ്ങി. അതു പറയാന്‍ സ്മിതയ്ക്കൊരു ചോദ്യത്തിന്റെ ആവശ്യമില്ല. ഓര്‍ത്തെടുക്കേണ്ടതില്ല. പുഴപോലെ ഒഴുകുകയാണ് അനുഭവ പാഠങ്ങള്‍.
മധുരപ്പതിനേഴിലെ കയ്പ്പ്കൊട്ടാരക്കരയിലായിരുന്നു സ്മിതയുടെ വീട്. അച്ഛന് ഗോപാലകൃഷ്ണപിള്ള, അമ്മ ലീല. അച്ഛനുമമ്മയ്ക്കും ആറു വര്‍ഷം കാത്തിരുന്നു കിട്ടിയ ആദ്യത്തെ കണ്മണിയാണ്് സ്മിത. രണ്ട് അനിയന്മാരും. രാജകുമാരിയെപ്പോലെ വളര്‍ന്ന ബാല്യവും കൗമാരവും. അല്ലലെന്തെന്ന് അറിഞ്ഞിട്ടില്ല. പ്രീഡിഗ്രി പഠനത്തിനിടെയാണ് പ്രണയം വളഞ്ഞിട്ടു പിടിച്ചത്. അന്യമതസ്ഥനാണ്. വീട്ടുകാര്‍ എതിര്‍ത്തു. പക്ഷേ ഹൃദയം തലച്ചോറിനെ ഭരിച്ചപ്പോള്‍ വീടും വീട്ടുകാരെയും വിട്ട് സ്മിത അയാള്‍ക്കൊപ്പം ഇറങ്ങി. എല്ലാം ഉപേക്ഷിച്ചൊരു യാത്ര.
അതിജീവനത്തിന്റെ അധ്യായങ്ങള്‍ കോയമ്പത്തൂരായിരുന്നു ആദ്യ താവളം. രണ്ടു പേര്‍ക്കും ജോലിയില്ല. പാര്‍ക്കാന്‍ ഇടമില്ല. പരിചയക്കാരുടെ കാരുണ്യത്താല്‍ ഒരു ഒറ്റ മുറി തരപ്പെട്ടു. പക്ഷേ, പ്രണയത്തിന്റെ ചൂടും ചൂരുമെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മാഞ്ഞത്. ജീവിതം വഴിമുട്ടി. എങ്കിലും ജീവിച്ചേ പറ്റൂ. ആരെയും കാത്തുനിന്നിട്ട് കാര്യമില്ല. കൊച്ചു കൊച്ചു മാര്‍ക്കറ്റിങ് ഉത്പന്നങ്ങളുമായി സ്മിത വില്‍പ്പനയ്ക്ക് ഇറങ്ങി. കോയമ്പത്തൂര്‍ ബസ്സ്റ്റാന്റ് ആയിരുന്നു ആദ്യ വിപണി. ഉത്സവപ്പറമ്പുകളില്‍ കുഞ്ഞു സ്റ്റാളുകളിട്ട് വില്‍പ്പനയ്ക്ക് ഇരിക്കും. രാത്രി അവിടെത്തന്നെ ഉറങ്ങും. അവിടെ വച്ച് ബെഡ്ഷീറ്റുകള്‍ ഉണ്ടാക്കി വില്ക്കുന്നൊരു സംഘത്തെ പരിചയപ്പെട്ടു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലെ ഹൊസൂരില്‍നിന്ന് വന്നവര്‍. വളരെ നല്ല മനുഷ്യര്‍. ഒരുപാട് സഹായിച്ചിട്ടുണ്ട് അവര്‍. അവര്‍ക്കൊപ്പം ഹൊസൂരിലെ ഉത്സവപ്പറമ്പുകളിലും സാധനങ്ങള്‍ വിറ്റിട്ടുണ്ട്.
കിട്ടുന്നതൊന്നും വിശപ്പടക്കാന്‍ പോലും തികയില്ല. ഒരു കുഞ്ഞു പിറന്നതോടെ ഒട്ടും പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയായി. വാടക കൊടുക്കാന്‍ കാശില്ല. വീട്ടുടമ വരുന്നതു കണ്ടാല്‍ അകത്തു കയറി കതക് കുറ്റിയിടും. ആരുമില്ലെന്നു കരുതി ഉടമസ്ഥന് തിരിച്ചുപോകും. ശബ്ദം വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ മോന്റെ വായ പൊത്തിപ്പിടിക്കും.
തായ്വേരിന്റെ താങ്ങ്സ്മിതയുടെ ദുരിതങ്ങളറിഞ്ഞതോടെ പിണക്കവും പരിഭവവുമെല്ലാം മാറ്റിവച്ച് അച്ഛനും അമ്മയും കോയമ്പത്തൂരെത്തി. കുഞ്ഞിനെ അവര്‍ വീ്ട്ടിലേക്ക് കൊണ്ടുപോയി. വൈകാതെ സ്മിതയും ഭര്‍ത്താവും നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരത്ത് കാച്ചാണിയിലായിരുന്നു താമസം. ചെറിയ ജോലികള്‍ പലതും പരീക്ഷിച്ച് വീണ്ടും കാലം കഴിച്ചു. അതിനിടയില്‍ പ്രൈവറ്റായി ബിഎയും എംഎയും പാസായി. ടീച്ചറായി ജോലി കിട്ടുമെന്ന് പലരും പറഞ്ഞപ്പോള്‍ ബിഎഡും എടുത്തു. പക്ഷേ വലിയ തുക മുടക്കി സ്കൂളുകളില്‍ ജോലി നേടുന്നതെങ്ങനെ? അതിനിടയില്‍ കൊട്ടാരക്കരയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഗ്യാസ് സ്റ്റൗ സര്‍വീസ് ചെയ്യുന്നത് എങ്ങനെയെന്ന് പഠിച്ചു.
മഞ്ചേരിയിലെ മേല്‍വിലാസം അപ്പോഴും അധ്യാപന മോഹം മനസ്സിലുണ്ട്. അതിനുമെത്തി ഒരു സഹായ ഹസ്തം. മലപ്പുറത്ത് മങ്കടയിലെ ഒരു സ്വകാര്യ സ്കൂളില്‍ ടീച്ചറായി. 1500 രൂപയായിരുന്നു ശമ്പളം. അത് എന്തിന് തികയും! പഠിപ്പിക്കാനുള്ള മോഹം അവിടെ തീര്‍ന്നു. പെരിന്തല്‍മണ്ണയിലെ ഒരു ഫര്‍ണിച്ചര്‍ ഷോപ്പിലായിരുന്നു അടുത്ത ഊഴം. അങ്ങോട്ടുള്ള യാത്ര ജീവിതത്തിന് നിര്‍ണായകമായൊരു വഴിത്തിരിവായിരുന്നു. നേട്ടങ്ങളുടെ മാസ്മര ലോകത്തേക്കുള്ള ഗതിമാറ്റം. പെരിന്തല്‍മണ്ണയിലേക്കുള്ള ബസ് യാത്രയ്ക്കിടെ രണ്ടു സ്ത്രീകളെ പരിചയപ്പെട്ടിരുന്നു. ആശുപത്രികളിലെ ക്ലീനിങ് ജോലി ചെയ്യുന്ന രണ്ടു പേര്. അവരോട് സ്മിത ഒരു ബിസിനസ് ആശയം പങ്കുവെച്ചു. മുന്‍പ്
പഠിച്ച ഗ്യാസ് സ്റ്റൗ സര്‍വീസിങ്. ഞാന്‍ അതു തുടങ്ങിയാല്‍ നിങ്ങള്‍ കൂടെ നില്‍ക്കുമോയെന്ന് സ്മിത ചോദിച്ചപ്പോള്‍ മറുപടി അനുകൂലം. പിന്നെ വൈകിയില്ല. മഞ്ചേരിയില്‍ അതിനായി ഒരു ചെറിയ ഓഫീസ് കണ്ടെത്തി. സ്ഥിരതാമസവും മഞ്ചേരിയിലായി. മകനെ കൂട്ടിക്കൊണ്ടു വന്നു.
‘സുരക്ഷ’ യുടെ പിറവി അങ്ങനെ 2006 ല്‍ സ്മിതയുടെ ആദ്യ സംരംഭം ‘സുരക്ഷ’ പിറന്നു. കൊലുസു പണയം വച്ചു കിട്ടിയ 30,000 രൂപയും നിശ്ചയ ദാര്‍ഢ്യവുമായിരുന്നു മൂലധനം. തുടക്കത്തില്‍ എല്ലാവരും എതിര്‍ത്തിട്ടും പിന്മാറിയില്ല. സ്മിത കോടിയുടെ കണക്കുകള്‍ കൂട്ടിത്തുടങ്ങിയത് സുരക്ഷയില്‍ നിന്നാണ്. ഒരു ചെറിയ തുടക്കം. കൂടെ നില്ക്കാമെന്നു പറഞ്ഞ രണ്ടു പേര്‍ക്കും സ്മിത പരിശീലനം നല്കി. മൂവരും വീടുകള്‍ തോറും കയറിയിറങ്ങി സ്റ്റൗ റിപ്പയര്‍ ചെയ്യാന്‍ തുടങ്ങി. അടുക്കളയില്‍ സ്ത്രീകളെ ഏറെ വലയ്ക്കുന്ന കാര്യമാണ് സ്റ്റൗവിനുണ്ടാകുന്ന പ്രശ്നങ്ങള്‍. അതു പരിഹരിക്കാന്‍ സ്ത്രീകളെ കിട്ടുന്നത് എന്തുകൊണ്ടും സ്വീകാര്യം. പുതിയ തൊഴിലിന് ഡിമാന്റ് കൂടി. കൂടുതല്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്കി. അപ്പോഴുമുണ്ടായി ചെറിയ പ്രശ്നങ്ങള്‍. ലൈസന്‍സ് ഇല്ലാതെയാണ് ‘സുരക്ഷ’യുടെ പ്രവര്‍ത്തനം എന്ന പേരില്‍ കേസും ബഹളങ്ങളും. സുരക്ഷയ്ക്ക് പെരിന്തല്‍മണ്ണയിലും കൊണ്ടോട്ടിയിലും കോട്ടയ്ക്കലും ബ്രാഞ്ചുകള്‍ തുടങ്ങി. ബിസിനസ് വിപുലീകരിക്കാന്‍ ഒരു പാര്ട്ണറെയും കണ്ടെത്തി. അവിടെ പിഴച്ചു. ബിസിനസ് പിടിച്ചെടുക്കാനായി അയാളുടെ ശ്രമം. സ്റ്റാഫിനെയടക്കം അയാള്‍ വരുതിയിലാക്കി.
സ്മിത പക്ഷേ ‘സുരക്ഷ’ കൈവിട്ടില്ല. കൊണ്ടോട്ടിക്ക് അടുത്തള്ള ചേളാരിയില്‍ 11 സ്ത്രീകള്‍ക്ക് പരിശീലനം നല്കി. കോഴിക്കോടും മലപ്പുറത്തുമായി 11 ബ്രാഞ്ചുകള്‍ തുടങ്ങി. റിപ്പയര്‍ ചെയ്യാനുപയോഗിക്കുന്ന സേഫ്റ്റി ഉപകരണങ്ങളില്‍ പലതിനും നിലവാരമില്ലാത്തതും പ്രശ്നമായി. നിലവാരമുള്ളവ സ്വന്തമായി നിര്‍മിച്ചാല്‍ എന്തെന്നു തോന്നിയത് അങ്ങനെയാണ്. ‘സുരക്ഷ’യുടെ ബ്രാന്‍ഡ് നെയിമില്‍ അതും തുടങ്ങി. അവയ്ക്കെല്ലാം ഒരു വര്‍ഷത്തെ ഗ്യാരണ്ടിയും നല്കി. ബിസിനസില്‍ പിന്നെയങ്ങോട്ടൊരു കുതിച്ചു കയറ്റമായിരുന്നു. സ്വന്തം മേല്‍നോട്ടത്തില്‍ 50 സര്‍വീസ് സെന്ററുകള്‍, 60 ഫ്രാഞ്ചൈസികള്‍. അങ്ങനെ കേരളത്തിനു പുറമെ കര്‍ണാടകത്തിലും ആന്ധ്രയിലും തമിഴ്നാട്ടിലുമുള്‍പ്പെടെ 110 കേന്ദ്രങ്ങള്‍. ഉപജീവനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച കോയമ്പത്തൂരില്‍ മാത്രം ഏഴു ബ്രാഞ്ചുകളുണ്ടായിരുന്നു. എല്ലായിടത്തും പരിശീലനം സിദ്ധിച്ച സ്ത്രീ ജീവനക്കാര്‍. 2013-14 കാലയളവില്‍ സുരക്ഷയുടെ ടേണ്‍ ഓവര്‍ അഞ്ചു മുതല്‍ പത്തു കോടി വരെയെത്തി. അതിനിടയില്‍ രണ്ടു കുട്ടികള്‍ കൂടി പിറന്നു. മൂന്നു മക്കളെയും അച്ഛന്റെയും അമ്മയുടെയും കൈകളിലേല്പ്പിച്ചു. മുഴുവന്‍ സമയവും സ്മിത, സുരക്ഷയ്ക്കായി മാറ്റിവച്ചു.
‘സുരക്ഷ’യുടെ വീഴ്ച അതെല്ലാം ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും കൈവിട്ടു പോയ കഥയും സ്മിത പറയുന്നു. രക്ഷനല്‍കേണ്ട കരങ്ങളാണ് എല്ലാം ഞെരിച്ചുടച്ചത്. (അതൊന്നും സ്മിത തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. മനസ്സും ശരീരവും വേദനിപ്പിച്ച ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഞാന്‍ ഞാനായതെന്നു പറയുന്നതിന് അപ്പുറത്തേക്ക് അക്കാര്യത്തില്‍ സ്മിത മൗനം പാലിക്കും.) വൈകാതെ വിവാഹ മോചനം നേടി. ഫ്രാഞ്ചൈസികള്‍ എല്ലാം നഷ്ടമായി. പിന്നീട് ‘സുരക്ഷ’ നോക്കി നടത്താനേ തോന്നിയില്ല. തോറ്റു പോയാല്‍ പിന്നെ ആ വഴി ഉപേക്ഷിക്കണമെന്നാണ് സ്മിതയുടെ പക്ഷം. എല്ലാം കൈവിട്ടു പോയപ്പോള്‍ കടം പെരുകി. ഒരു റെസ്റ്ററന്റും തുണിക്കടയുമുണ്ടായിരുന്നതും വിറ്റു. സ്മിതയുടെ അനുജന് പ്രദീപാണ് സുരക്ഷയുടെ കോട്ടയത്തെ ബ്രാഞ്ച് നടത്തിയിരുന്നത്. അതിനാല്‍ അതുമാത്രം കൈയില്‍ നിന്ന് പോയില്ല.
തോല്‍വിയറിയാതെ സ്മിതയുടെ സമ്പാദ്യങ്ങളില്‍ ബാക്കിയിരുന്ന ഒരു വസ്തു തരക്കേടില്ലാത്ത വിലയ്ക്ക് വില്‍ക്കാനായി. കടം തീര്‍ന്നു. മിച്ചവുമുണ്ടായി. കോട്ടയത്തെ ബ്രാഞ്ചും രക്ഷകനായി. ഇനിയൊരു പുനര്‍ജനി വേണം. പഴയ സ്മിത ഇനിയില്ല. വസ്ത്രധാരണത്തില്‍ പോലും പഴയ മട്ടുകാരിയായിരുന്നു സ്മിത. ഇനിയെല്ലാം മാറ്റണം. തോല്‍ക്കില്ല. ”എല്ലാം തകര്‍ന്ന് മരവിച്ചിരുന്ന അവസ്ഥയില്‍ നിന്ന് ഞാന്‍ ആദ്യം പുറത്തോട്ടിറങ്ങി വാങ്ങിയത് ഒരു ലിപ്സ്റ്റിക് ആയിരുന്നു.” പിന്നെ പരകായ പ്രവേശം പോലൊരു ‘മേക്ക്ഓവര്‍’. വീണ്ടും ബിസിനസിലേക്ക് പതിന്മടങ്ങ് ഊര്‍ജത്തോടെ. ലക്ഷ്യം അപ്പോഴും വീടുകളിലെ പെണ്ണിടമായ അടുക്കളയായിരുന്നു. അങ്ങനെയാണ് ‘ദ്യുതി’ക്ക് രൂപം നല്‍കിയത്. 40 കോടിയുടെ സംരംഭം. അടുക്കളയിലെ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുകയാണ് ദ്യുതി. വാട്ടര്‍ പ്യൂരിഫയര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മിക്സി തുടങ്ങി ഏറ്റവും നല്ല ഉല്പന്നങ്ങള് ‘ദ്യുതി’യിലൂടെ നല്കി കേരളത്തിലെ അടുക്കളകളിലത്രയും ‘ദ്യുതി’ വാഴുന്നതാണ് സ്മിതയുടെ സ്വപ്നം. അതിനുമപ്പുറം ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു വ്യവസായ സംരംഭകയാകുകയെന്നതാണ് സ്മിതയുടെ ഏറ്റവും വലിയ ലക്ഷ്യം.
‘ദ്യുതി’യുടെ പ്രതിബദ്ധത പഴയ നാളുകളെല്ലാം പച്ചപിടിച്ചിരിപ്പുണ്ട് സ്മിതയുടെ മനസ്സില്‍ ഇപ്പോഴും. ”തൃശൂര്‍ പൂരത്തിനും ഞാന്‍ സ്റ്റാള്‍ ഇടാറുണ്ടായിരുന്നു. കത്തി വില്‍ക്കുന്ന പാലക്കാട്ടുകാരി ആനന്ദവല്ലി ചേച്ചിയും, തിരിയുമായി വില്‍പ്പനയ്ക്കെത്തുന്ന അനിതചേച്ചിയുമായിരുന്നു അവിടെ എനിക്ക് കൂട്ട്. അവര്‍ പറയുമായിരുന്നു, അടുത്ത തവണ നമുക്ക് സ്റ്റാള്‍ ഇത്തിരി മുമ്പോട്ടിടണം. ഞാന്‍ അവരോട് പറയാറുള്ളത് മറ്റൊന്നാണ്. അടുത്ത തവണ നമ്മള് ഇവിടെ ഒരു വിഐപിയെപ്പോലെ വരണം എന്നായിരുന്നു.” പിന്നീടൊരിക്കല്‍ അവിടെ ചെല്ലുമ്പോള്‍ സുരക്ഷയുടെ 35 ഓളം സര്‍വീസ് സെന്ററുകള്‍ നടത്തുകയായിരുന്നു ഞാന്‍.” ഈ ഇച്ഛാശക്തിയെ സ്്മിതയെന്നു തന്നെ പേരിട്ടു വിളിക്കേണ്ടെ?
”ഓരോ നാട്ടിലും എന്നെപ്പോലെ ഒരു പത്തു സ്മിതമാരെങ്കിലും കാണും. അവര്‍ക്കുമുണ്ട് സ്വപ്നങ്ങള്‍. നല്ല ജീവിതാന്തരീക്ഷം, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം അങ്ങനെയങ്ങനെ. അവക്ക് തണലാകണം. സ്ത്രീക്ക് വരുമാനമുണ്ടെങ്കിലേ കുടുംബത്തിന്റെ പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കൂ.” സ്മിത പറയുന്നു.
ദ്യുതിക്ക് സ്ത്രീശാക്തീകരണമെന്നൊരു ലക്ഷ്യം കൂടിയുണ്ട്. ”1000 വനിതാ സംരംഭകരെ ദ്യുതിയുടെ ഭാഗമാക്കി വാര്‍ത്തെടുക്കണം. 5000 സ്ത്രീകള്‍ക്കെങ്കിലും ജോലി നല്‍കണം. അതിന് അവര്‍ക്ക് സാമ്പത്തിക പിന്തുണയുള്‍പ്പെടെ സജ്ജമാക്കാന്‍ ഞാന്‍ ഒരുക്കമാണ്. ജീവിതത്തില്‍ തനിച്ചായി പോകുന്ന സ്ത്രീകള്‍ക്ക് ആര്‍ക്കും എന്നെ വിളിക്കാം. അവരെ കേള്‍ക്കാന്‍ അവര്‍ക്ക് തണലാകാന്‍ ഞാനുണ്ട്.” അലങ്കാരങ്ങളില്ലാത്ത ഉറച്ച ശബ്ദമാണിത്. ഒറ്റപ്പെടുന്നവര്‍ക്ക് വിളിക്കാം. സ്മിതയുടെ മൊബൈല്‍ നമ്പര്‍: 9544665099. ഒതുങ്ങിക്കൂടാതിരിക്കുക. ജീവിതസമരത്തിന് തയാറെടുക്കുക. തോല്‍വി സമ്മതിക്കാതിരിക്കുക. സ്മിതയുടെ വിജയമന്ത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: