Categories: Main Article

നെഞ്ചുറപ്പോടെ ഹിന്ദുത്വ രാഷ്‌ട്രീയത്തോടൊപ്പം

Published by

ബിജെപി മുഖപ്രസിദ്ധീകരണമായ ചിതി മാസികയുടെ ജനുവരി ലക്കത്തില്‍ ഞാനെഴുതിയ ഒരു ലേഖനം വായിച്ച് പ്രകോപിതനായ ഏതോ അജ്ഞാതന്‍ താന്‍ മാവോയിസ്റ്റെന്ന സൂചന നല്‍കി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയുണ്ടായി. നീ ഞങ്ങളെക്കുറിച്ച് ചിതി മാസികയില്‍ ലേഖനം എഴുതുമല്ലേ എന്നൊരു താക്കീതും. നക്‌സലേറ്റ് നേതൃത്വത്തില്‍ നിന്ന് മറ്റു മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക് വന്ന പലരേയും എനിക്കറിയാം. മാവോവാദികളെക്കുറിച്ച് മാധ്യമങ്ങളിലൂടെയുളള അറിവേയുള്ളൂ. ഈ അജ്ഞാതനെക്കുറിച്ചും കൂടുതല്‍ അറിയില്ല. മലയാള മാധ്യമങ്ങളില്‍ പലരും അനുകൂലമായും പ്രതികൂലമായും മാവോവാദികളെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. എന്റെ ലേഖനത്തിന് മുഖ്യമായി വഴികാട്ടിയായതും മറ്റുള്ളവരുടെ എഴുത്തും വിചാരങ്ങളുമാണ്. അതിനപ്പുറം ഞാന്‍ മാവോയിസ്റ്റുകളുടെ താവളങ്ങളില്‍ ചെന്ന് ചോര്‍ത്തിയ രഹസ്യങ്ങളൊന്നും ലേഖനത്തിലില്ല. ഏതെങ്കിലും മാവോയിസ്റ്റിനെ പോലീസിന് ചൂണ്ടിക്കാണിച്ചിട്ടുമില്ല. മാവോയിസ്റ്റുകളെ കണ്ടെത്തേണ്ടതും നേരിടേണ്ടതും പോലീസിന്റെ ചുമതലയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.  

മാവോവാദികള്‍ രൂപപ്പെട്ട ചരിത്രപശ്ചാത്തലവും അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും അവരെ പിന്തുണയ്‌ക്കുന്നവരുടെ കപടജനാധിപത്യവാദവും സിആര്‍സി (സിപിഐ  എംഎല്‍)യുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറി കെ. വേണുവിന്റെ 2015 മെയ് 31ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘ജനാധിപത്യത്തിലെ പൗരനോട് മാവോയിസ്റ്റുകള്‍ക്ക് സംവദിക്കാനാവില്ല’ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. വിപ്ലവം സാര്‍ത്ഥകമാകാന്‍ വസ്തുനിഷ്ട സാഹചര്യങ്ങള്‍ മാത്രം പോരാ ജനങ്ങളിലേക്കിറങ്ങുന്ന ആത്മനിഷ്ട സാഹചര്യങ്ങള്‍ കൂടി പാകമായിരിക്കണം. രൂപേഷ് പ്രതിനിധാനം ചെയ്യുന്ന പുതുതലമുറ – കേരള മാവോയിസ്റ്റുകള്‍ക്ക് ഇതില്ല എന്ന തലക്കുറിപ്പോടെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍ ഇതേ വാരികയിലെഴുതിയ ‘നക്‌സലേറ്റുകളില്‍ നിന്നും മാവോയിസ്റ്റുകളിലേക്കുള്ള ദൂരം”എന്ന ലേഖനവും നക്‌സലേറ്റ് പ്രസ്ഥാനത്തിന്റെ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം എം.എം. സോമശേഖരന്‍ എഴുതിയ രാഷ്‌ട്രീയാധികാരം വളരുന്നത് തോക്കിന്‍ കുഴലിലൂടെ മാത്രമല്ല, എന്ന ഇതേ വാരികയിലെ വിമര്‍ശനവും ചിതിയിലെ എന്റെ ലേഖനത്തിന് പ്രേരകമായിട്ടുണ്ട്. കൂടാതെ മാധ്യമം, മലയാളം തുടങ്ങിയ വാരികകളില്‍ പലപ്പോഴായി പ്രത്യക്ഷപ്പെട്ട മറ്റു ചിലരുടെ ലേഖനങ്ങളും വിമര്‍ശനങ്ങളും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മാവോവാദികളെയും ഇസ്ലാം തീവ്രവാദികളെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ലേഖനത്തില്‍ സൂചകമായിട്ടുണ്ട്. എങ്കിലും ഈ ലേഖനത്തിന്റെ പൊതു രാഷ്‌ട്രീയ സ്പിരിറ്റ് സിപിഎമ്മിനെതിരാണ്.  

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിസ്റ്റുകളാണെന്ന കണ്ടെത്തല്‍ എന്റേതുമാത്രമല്ല, അതിനും മുമ്പ് ഡിസി ബുക്‌സിന്റെ മുഖപ്രസിദ്ധീകരണമായ പച്ചക്കുതിര എന്ന മാസികയുടെ 2019 ഡിസംബര്‍ ലക്കത്തില്‍ സിപിഎം നേതാവ് പി. ജയരാജന്റെ മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും’എന്ന ലേഖനം ഈ ബന്ധം തുറന്നുകാട്ടാന്‍ മാത്രം എഴുതിയതാണ്. അതിനായി അദ്ദേഹം മാവോയിസ്റ്റ് നേതാക്കളുടെ ഉദ്ധരണികളും ചില അനുഭവസാക്ഷ്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയൊക്കെ ഈ അജ്ഞാതന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? അതോ പട്ടികജാതിക്കാരന് ഒരു ഭീഷണി ഇരിക്കട്ടെയെന്നോ? എന്റെ അറിവില്‍ മാര്‍ക്‌സിസം വിമര്‍ശനാത്മകവും സംവാദാത്മകവുമാണ്. അക്ഷരങ്ങളെ ഭയപ്പെടുന്നവര്‍ക്കെങ്ങനെ വിപ്ലവം നയിക്കാനാകും?  

മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ഒരിടമുണ്ട്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ഭരണപങ്കാളിത്തമുള്ളവരാണിവര്‍. ഈ ജനാധിപത്യാവകാശം മാര്‍ക്‌സിസ്റ്റുകളോ, മാവോയിസ്റ്റുകളോ, മൗദീദിസ്റ്റുകളോ, നേടിത്തന്നതല്ല. ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കര്‍ നിയമാധിഷ്ഠിതമായി ഉറപ്പുവരുത്തിയതാണ്. ഭരണഘടന സംരക്ഷിക്കാന്‍ മുണ്ടുംമുറുക്കി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ അത് തിരിച്ചറിയണം. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന അയ്യങ്കാളിയുടെ ജീവിതത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടവരാണ് മുഖ്യധാരാ രാഷ്‌ട്രീയത്തിലെ പട്ടികജാതിക്കാര്‍ എന്നുകൂടി മനസ്സിലാക്കിയാല്‍ നന്ന്.

മഞ്ചിക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകള്‍ വെടിയേറ്റുമരിച്ച സാഹചര്യത്തില്‍ പല ആനുകാലികങ്ങളിലും ഇതേക്കുറിച്ച് എഴുത്തുകള്‍ കണ്ടപ്പോള്‍ പാര്‍ട്ടി നിലപാടില്‍ ഒരു ലേഖനം തയാറാക്കാന്‍ ചിതിയുടെ പത്രാധിപര്‍ ആവശ്യപ്പെട്ടതിനാലാണ് ഞാന്‍ എഴുതിയത്. മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ നിന്നല്ല, തികച്ചും ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ അടിത്തറയിലാണ് പ്രശ്‌നത്തെ സമീപിച്ചത്. അതൊരു അപരാധമാണെന്ന കുറ്റബോധവുമില്ല. ചിതി ബിജെപിയുടെ മുഖപ്രസിദ്ധീകരണമാണ്. ഏജന്‍സികള്‍ വഴി വിതരണം ചെയ്യുന്ന ഒന്നല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും രാഷ്‌ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ഒരു ലിങ്ക് മീഡിയയാണ്. രാഷ്‌ട്രീയ പ്രതിയോഗികള്‍ തേടിപ്പിടിച്ച് വായിക്കുന്നുണ്ടെന്നുള്ള അറിവ് അഭിമാനകരം തന്നെ. ഹിന്ദുത്വ രാഷ്‌ട്രീയത്തെ വിമര്‍ശിക്കാന്‍ ഈ സമാജത്തിലെ തന്നെ യുവതീയുവാക്കളെ ഉപയോഗപ്പെടുത്തുന്ന ഒരു തന്ത്രം ജിഹാദികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഹാദിയാ കേസ് മുതല്‍ പൗരത്വ രജിസ്റ്ററിനെതിരെയുള്ള കുപ്രചാരണങ്ങളില്‍ വരെ അവര്‍ ഈ തന്ത്രം ഫലപ്രദമായി പ്രയോഗിച്ചു. ഊര്‍ജസ്വലരായ ഹൈന്ദവയുവതയെ ജിഹാദികളായി മാറ്റാന്‍ അവരുടെ മതപരമായ പശ്ചാത്തലം തടസ്സമാണ്. അതിനാല്‍ അവരെ മാവോവാദികളാക്കാന്‍ ജിഹാദികള്‍ ഗൂഢപദ്ധതി ആവിഷ്‌കരിക്കാന്‍ ഇടയുണ്ടെന്ന തിരിച്ചറിവാണ് ഈ ലേഖനത്തിന് പ്രേരണയായത്. ഈ വസ്തുത പാര്‍ട്ടി മെമ്പര്‍മാരിലും അനുഭാവികളിലും എത്തിക്കുകയെന്ന സുപ്രധാനമായ കടമയാണ് ലേഖനം നിര്‍വ്വഹിച്ചിട്ടുള്ളത്. അത് ഒരു ഉത്തരവാദിത്ത്വപ്പെട്ട പ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ കടമയാണ്. അത് തുടരുകയും ചെയ്യും.

9747132791

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: hindu