ഒരു ഫെബ്രുവരി 25 കൂടി കടന്നുപോയപ്പോള്‍ ,നവോത്ഥാനത്തിന്റെ നാള്‍വഴിയില്‍ ജ്വലിച്ചുനിന്ന യുഗപ്രഭാവന്റെ കര്‍മപഥങ്ങള്‍ക്ക് ഇന്നിന്റെ ഭൂമികയില്‍ പ്രസക്തിയേറുകയാണ്. സ്വന്തം സമുദായത്തിലെ അനാചാരങ്ങള്‍ തുടച്ചുനീക്കി, സാമൂഹികനീതിബോധത്തിന് പുത്തന്‍ ദിശാബോധം പകര്‍ന്ന്, ഒരു കാലഘട്ടത്തിന്റെ തന്നെ വെളിച്ചമായി നിലകൊള്ളുന്ന സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന്‍ പിന്‍തലമുറകള്‍ക്ക് ഒരു പാഠപുസ്തകമാകുകയാണ്.
1970 ഫെബ്രുവരി 25ന് ആ ധന്യ ജീവിതം കര്‍മമണ്ഡലം പൂര്‍ത്തിയാക്കി മറഞ്ഞിട്ട് 50 വര്‍ഷം കടന്നു പോയെങ്കിലും അദ്ദേഹം കൊളുത്തിയ ദീപ്തി ഇന്നും തെളിഞ്ഞുതന്നെ നില്‍ക്കുന്നു. സമുദായ ഉദ്ധാരണത്തിലൂടെ രാജ്യശ്രേയസ്സിനും ദേശീയ പുരോഗതിക്കും വേണ്ടി പ്രയത്‌നിച്ച അദ്ദേഹത്തിന്റെ സ്ഥാനം നവോത്ഥാന നായകപ്പട്ടികയുടെ മുന്‍നിരയില്‍ത്തന്നെയാണെന്നതില്‍ തര്‍ക്കമില്ല.
കൈവശം കാല്‍ക്കാശുപോലും ഇല്ലാതെ, ആത്മാര്‍ഥതയും ഉദ്ദേശ ശുദ്ധിയും നിതാന്ത പരിശ്രമവും കൈമുതലാക്കി ഇറങ്ങിത്തിരിച്ചപ്പോള്‍ ശൂന്യതയില്‍നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ മന്നത്ത് ആചാര്യന് കഴിഞ്ഞുവെങ്കില്‍ അത് അടുത്ത തലമുറയ്‌ക്കുള്ള ജീവിത പാഠമായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ശുഭാപ്തി വിശ്വാസവും ദീര്‍ഘവീക്ഷണവും ഒരു കാലഘട്ടത്തിന്റെ തന്നെ പുരോഗമനാടയാളങ്ങളായി. ജീവിതം തനിക്കുവേണ്ടിയല്ല, അന്യര്‍ക്കുവേണ്ടിയാണ്, രാജ്യത്തിനുവേണ്ടിയാണ് എന്ന വിചാരത്തില്‍ ഉറച്ചുനിന്ന് ആത്മ സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കുന്ന മഹാത്മാക്കളെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോള്‍ ആ വിശേഷണം കൂടി അര്‍ഥ സമ്പുഷ്ടമാകുന്നു.
ഒന്നുമില്ലായ്മയില്‍നിന്നു സമുദായത്തിന് സമ്പത്തും ആസ്തിയും നേടിക്കൊടുക്കുകയും അവയെല്ലാം അര്‍ഥസമ്പുഷ്ടമായ പ്രവര്‍ത്തനങ്ങള്‍ക്കായി പിന്‍തലമുറയ്‌ക്ക് ബാക്കിവച്ച് ഏകാന്തപഥികനായി കാലയവനികയ്‌ക്കുള്ളിലേക്ക് മറയുകയും ചെയ്ത ആ യുഗപുരുഷന്‍ അന്ത്യനാളുകളിലും സമുദായവും സമൂഹവും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ചിരുന്നു. സ്‌നേഹവും സാഹോദര്യവും സഹിഷ്ണുതയും എന്താണെന്ന് അദ്ദേഹം അവസാന കാലം വരെ കാണിച്ചുതന്നു. ‘സ്വസമുദായ സ്‌നേഹമെന്നാല്‍ ഇതര സമുദായങ്ങളോട് വൈരമെന്നര്‍ഥമില്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകളിലും, ‘ഞാന്‍ നായര്‍ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും, അങ്ങനെയുള്ള ശ്രമങ്ങളില്‍ ഇതര സമുദായങ്ങള്‍ക്ക് ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല…’- എന്നു തുടങ്ങുന്ന സമുദായ പ്രതിജ്ഞയിലും തെളിഞ്ഞുനില്‍ക്കുന്ന സാഹോദര്യത്തിന്റെ ഏടുകള്‍ കാലാതീതമാണ്. സവര്‍ണ ജാഥയും വൈക്കം സത്യഗ്രഹവും ഉത്തരവാദ പ്രക്ഷോഭവും മലയാളി മെമ്മോറിയലും ക്ഷേത്രപ്രവേശന വിളംബരവും എന്നുവേണ്ട ഒരു നാടിന്റെ ചരിത്ര സംഭവങ്ങളിലൊക്കെ നടുനായകത്വം വഹിച്ചത് സ്വന്തം സമുദായത്തിനു വേണ്ടിമാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതമെന്നതിന് വേറേ ദൃഷ്ടാന്തം ആവശ്യമില്ല.
മന്നം കൊളുത്തിയ ദീപശിഖ തലമുറകള്‍ കൈമാറി, കെടാതെ സൂക്ഷിച്ചുകൊണ്ടിരിക്കുകയാണ്., ക്ഷേത്ര സമാനമായ പെരുന്നയിലെ സമാധി മണ്ഡപത്തില്‍ സമാധി ദിനാചരണത്തിനും ജയന്തി ആഘോഷത്തിനും മാത്രമല്ല, പതിനായിരങ്ങള്‍ എത്തുന്നത്. ഒരു തീര്‍ഥാടന കേന്ദ്രത്തിലെന്നതുപോലെ നിത്യവും വ്രതം നോക്കി എത്തുന്നവരുണ്ട്. എന്നും അവിടെ അന്തിത്തിരി തെളിയാറുണ്ട്. ഏതു സുപ്രധാന തീരുമാനങ്ങള്‍ക്കു പിന്നിലും ആചാര്യാനുഗ്രഹങ്ങള്‍ അദ്ദേഹത്തിന് പിന്തുണയാണ്. ആ അനുഗ്രഹങ്ങള്‍ പിന്‍തലമുറയ്‌ക്ക് ശക്തിയും പ്രചോദനവുമാകണമെന്ന ലക്ഷ്യത്തില്‍ നിരവധി കര്‍മപദ്ധതികള്‍ സമുദായ കേന്ദ്രത്തില്‍ നിന്ന് ഉദയം ചെയ്തുകൊണ്ടുമിരിക്കുന്നു.
ദേശീയത നിറഞ്ഞ മന്നത്തിന്റെ വാക്കുകള്‍
സര്‍വ സമുദായങ്ങളും സൗഹാര്‍ദ്ദത്തോടുകൂടി പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിയുന്ന കേരളമാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. ആ കേരളം കര്‍മ്മഭൂമിയായ ഭാരതത്തിന്റെ അഭിമാനഘടകമായിരിക്കും.
പല കാര്യങ്ങള്‍ക്കും പ്രതിബന്ധമായി നില്‍ക്കുന്നത് യാഥാസ്ഥിതികത്വമാണ്. യാഥാസ്ഥിതിക പദത്തിന് നിഘണ്ടുവില്‍ എന്തര്‍ത്ഥമായിരുന്നാലും ജീവനില്ലായ്മയെന്നാണ് ഞാന്‍ അര്‍ത്ഥം കല്‍പിക്കുന്നത്.
ഈശ്വര പ്രേരിതമായ ഐകമത്യത്തിന് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. ഒഴിഞ്ഞ കൈകള്‍ക്ക് പണം കിട്ടും, ഒഴിഞ്ഞ വയറുകള്‍ക്ക് ആഹാരം കിട്ടും, ഒഴിഞ്ഞ ഹൃദയങ്ങള്‍ക്ക് സംതൃപ്തിദായകമായ ആശയം കിട്ടും.
സമുദായ സേവനവും രാജ്യസേവനവും രണ്ടല്ല. അവ ഒരേ അവസരത്തില്‍ വച്ചുകൊണ്ടിരിക്കാവുന്നതും വളര്‍ത്താവുന്നതുമാകുന്നു. പെറ്റമ്മയെ സ്‌നേഹിക്കാത്തവന് ലോക സാഹോദര്യബോധം എങ്ങനെയാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: