Categories: Parivar

പി.ഇ.ബി. മേനോന്റെ പിറന്നാളാഘോഷം സ്‌നേഹസംഗമമായി

Published by

കൊച്ചി: പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ആര്‍എസ്എസ് പ്രാന്ത സംഘചാലകുമായ പി.ഇ.ബി.മേനോന്റെ എണ്‍പത്തിയൊന്നാം പിറന്നാള്‍ സ്‌നേഹ സംഗമമായി.  

കെപിബി ധനകാര്യ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ഭാസ്‌കരീയത്തില്‍ നടന്ന പിറന്നാള്‍ ആഘോഷ പരിപാടിയില്‍ കെപിബി ധനകാര്യ ഗ്രൂപ്പുകളുടെ നായകരായ കെ. മുരളീധരന്‍, എം.പി.എസ്. ശര്‍മ, വിനു കൃഷ്ണന്‍, എം. മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമര്‍പ്പിച്ചു. കെപിബി നിധി ചെയര്‍മാന്‍ എ.ആര്‍. മോഹനന്‍ സ്വാഗതം പറഞ്ഞു. എത്ര ഉയര്‍ന്ന പദവിയിലിരുന്നാലും സമാന്യ സംഘ സ്വയംസേവകനായിരിക്കുകയാണ് ഏറ്റവും വലിയ ഭൂഷണമെന്ന് ആശംസയര്‍പ്പിച്ചു സംസാരിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ആര്‍. ഹരി പറഞ്ഞു.  

സംഘടനയില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം സാമാന്യ സ്വയംസേവകന്‍ അനുഷ്ഠിക്കേണ്ട എല്ലാ പരിശീലനവും  പൂര്‍ത്തിയാക്കിയ പി.ഇ.ബി.  മേനോന്‍, കസേരയില്‍നിന്ന് മണ്ണിലിറങ്ങിയിരുന്നയാളും മാതൃകയുമാണ്. സംഘടനാ പ്രവര്‍ത്തകരെല്ലാം ഒാരോ പി.ഇ.ബി. മേനോന്‍ ആകണമെന്നും അദ്ദേഹം പറഞ്ഞു. കുലീന സ്വഭാവിയായ പി.ഇ.ബി. മോനോന്‍, മറ്റു പലരില്‍നിന്നും വ്യത്യസ്തനായി സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും ഭദ്രതയും വേണമെന്ന പാഠം പകര്‍ന്നു നല്‍കിയെന്ന് ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

സങ്കീര്‍ണ സാഹചര്യങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കു മാത്രമല്ല, സകല ഹിന്ദു പ്രസ്ഥാനങ്ങള്‍ക്കും സഹായങ്ങള്‍ നല്‍കി പി.ഇ.ബി. മേനോന്‍, ഹിന്ദു സമൂഹത്തിന്റെതന്നെ കുടുംബനാഥ സ്ഥാനത്താണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം ആത്മീയകാര്യം  

പോലെ നടത്തുന്നയാളാണ് അദ്ദേഹമെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സംഘചാലക് വന്നിയരാജന്‍ ആശംസയില്‍  പറഞ്ഞു. കെപിബി ജീവനക്കാര്‍, ആര്‍എസ്എസ് സംസ്ഥാനതല ഭാരവാഹികള്‍, പി.ഇ.ബി. മേനോന്റെ ഭാര്യ വിജയലക്ഷ്മി,  ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts