ജാതി വ്യവസ്ഥ സജീവമായിരുന്ന കാലങ്ങളില്‍, കേരളീയ ഹൈന്ദവ മനസ്സുകളില്‍ ഒരിക്കലും പ്രതികാര വാഞ്ഛ പ്രകടമായിരുന്നില്ല എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. അതാണ് 1950-ല്‍ ജന്മം കൊണ്ട ഹിന്ദു മഹാമണ്ഡലം നല്കുന്ന സൂചനയും. ഹിന്ദുവിന് ഒരു പൊതുവേദി. ഇതായിരുന്നു ഈ മുന്നേറ്റത്തിന്റെ ഉദ്ദേശ്യവും . കേരളത്തിലെ രണ്ട് പ്രബല ജാതികളായ ഈഴവരും നായരും നേതൃത്വം കൊടുത്തതും നമ്പൂതിരി മുതല്‍ നായാടിവരെയുള്ള ഹിന്ദുവിലെ സമസ്ത ജാതികളുടെയും പൊതുവേദിയായി മാറിയതുമായ ഹിന്ദു മഹാമണ്ഡലം. കേരളത്തിന് ചാതുര്‍വര്‍ണ്ണ്യം അപരിചിതമായിരുന്നു. എന്നാല്‍ ജാതി വ്യവസ്ഥയെ അതിന്റെ എല്ലാവിധ രൗദ്രഭാവത്തോടുംകൂടി മലയാളി സമൂഹം (ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ ജാതികളും) ഇപ്പോഴും ആചരിച്ചു പോരുന്നെങ്കിലും പ്രതികാര ദാഹം ഹിന്ദുവിന്റെ ചരിത്രത്തിലൊരിടത്തും പ്രകടമായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ അവരൊക്കെ പരധര്‍മം സ്വീകരിച്ചേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ 1947 മുതല്‍ ഒരു ഈസ്റ്റ് പാക്കിസ്ഥാനൊപ്പം ഒരു സൗത്ത് പാക്കിസ്ഥാനും കൂടി ഇവിടെ ഉണ്ടായേനേ!
കീഴാള വിഭാഗങ്ങള്‍ ആട്ടും തുപ്പും സഹിച്ചും ഹിന്ദുസമൂഹത്തിന്റെ ഭാഗമായിത്തുടര്ന്നത് അവരുടെ സാംസ്കാരിക പ്രതിബദ്ധത ഒന്നുകൊണ്ടുമാത്രമായിരുന്നില്ലേ? ഇവരൊക്കെ ശരിക്കും സംസ്കാര സംരക്ഷകരായിരുന്നില്ലേ? മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിലുണ്ടായ കര്‍ഷക തൊഴിലാളി സമരവും അഥവാ അടി ലഹള(1907)യും 1915 ലെ നായര്‍- പുലയ മൈത്രി സമ്മേളനവും വിരല്‍ ചൂണ്ടുന്നത് ഈ സത്യത്തിലേക്കാണ്. പക്ഷേ എന്തുകൊണ്ടോ നാം ഈ സാമൂഹ്യ യാഥാര്‍ത്ഥ്യം നാളിതുവരെയും ചര്‍ച്ച ചെയ്തിട്ടില്ല. കീഴാള ജാതികളെ അകാരണമായി പടിക്കു പുറത്തു നിര്‍ത്തിയവരോടു വിദ്വേഷവും പകയും നിലനിര്‍ത്തി പ്രതികാരത്തിനു തയ്യാറായിരുന്നെങ്കില്‍ അവരെ സ്വീകരിക്കാനൊരുപാടു ശക്തികളിവിടെ അന്നും ഇന്നും ഉണ്ട് എന്നതാണ് വാസ്തവം.
ക്ഷേത്ര പ്രവേശന വിളംബരങ്ങള്‍ക്ക് ഏറെ മുമ്പേ തന്നെ കേരളീയ ഹൈന്ദവ മനസ്സ് വിപ്ലവകരമായ മാറ്റത്തെ വരിക്കുവാനുള്ള കായികവും മാനസികവും ആയ പരിശീലനത്തിലായിരുന്നുവെന്ന് ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാം. ടി.കെ. മാധവന് നാട്ടു തിട്ടൂരങ്ങളെ വക വയ്ക്കാതെ വൈക്കം ക്ഷേത്ര മതിലിനു പുറത്തുള്ള വഴിയിലൂടെ നടന്ന പ്രശ്നം പൊന്തി വന്നപ്പോള്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ പ്രതികരണം പ്രതിഷ്ഠയ്ക്ക് പ്രസ്തുത നടപടി തീണ്ടലുണ്ടാക്കിയിട്ടില്ല എന്നതായിരുന്നു. അവിടെയും ഇണ്ടംതുരുത്തി നമ്പ്യാതിരികളുണ്ടായിരുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. മറ്റൊന്നായിരുന്നു വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടുണ്ടായ സവര്‍ണ ജാഥയും വൈക്കം സത്യഗ്രഹത്തിലെ സവര്‍ണ സാന്നിദ്ധ്യവും. എന്നാല്‍ മഹാത്മാ അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും ശുഭാനന്ദ ഗുരുദേവനും സ്വാമി ബോധാനന്ദനും സ്വാമി ആനന്ദതീര്‍ത്ഥനും ആറാട്ടുപുഴ വേലായുധപ്പണിക്കരും ഒക്കെ എന്തുകൊണ്ട് സമകാലീന ചരിത്രത്തില്‍ നിന്നും തമസ്കരിക്കാനിടയായി എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു.
ചട്ടമ്പി സ്വാമികളുടെ രംഗപ്രവേശത്തോടുകൂടി കേരളം ഒരു പുതിയ സംന്യാസി പരമ്പരയുടെ പിറവിയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഇത് പുതിയൊരു സാമൂഹിക ശുദ്ധീകരണത്തിന്റെ കളമൊരുക്കലിനു നിമിത്തമാവുകയും ചെയ്തു. ഈ പുതിയ സംന്യാസി പരമ്പരയിലെ ഏറ്റവും വലിയ വിപ്ലവകാരിയായ ഋഷിശ്രേഷ്ഠനായിരുന്നു ശ്രീ നാരായണഗുരു. ഗുരുവിലൂടെ ഒരു കാലത്ത് ഭ്രാന്താലയമായിരുന്ന കേരളം നേടിയത് സമസ്ത കീഴാള സമൂഹങ്ങളുടെയും മോചനമായിരുന്നു. ഈ മോചനം കീഴാള മേലാള സംഘര്‍ഷത്തിനിട നല്‍കിയില്ല. തീവ്ര ഹിന്ദുത്വബോധം അഥവാ ഭാരതീയത ഹൈന്ദവ സമൂഹത്തിലെ എല്ലാ ജാതികളിലും ഉണ്ടാക്കിത്തീര്‍ക്കുവാനും ഇതിലൂടെ കഴിഞ്ഞു. അതിന്റെ ഫലമായിരുന്നു ഹിന്ദുധര്‍മ്മ ശാക്തീകരണം തന്നെ ലക്ഷ്യമിട്ടുകൊണ്ട് ഉയര്‍ന്നുവന്ന സമുദായ (ജാതി) സംഘടനകള്‍. അനൈക്യം മാറ്റി ഹിന്ദുക്കളെ ഉദ്ധരിക്കണം, മതം മാറ്റം ഉണ്ടാകാതെ കാത്തു സൂക്ഷിക്കണം എന്നതൊക്കെയായിരുന്നു ഇക്കാലത്ത് ജന്മംകൊണ്ട എല്ലാ ഹൈന്ദവ സംഘടനകളുടെയും ലക്ഷ്യം. ആര്. ശങ്കറിന്റെയും മന്നത്തു പത്മനാഭന്റെയും മനസ്സില്‍ രൂപംകൊണ്ട ഏറ്റവും വിപ്ലവകരമായ ആശയമായിരുന്നു ഹിന്ദുമഹാമണ്ഡലം. കുറച്ചു വര്‍ഷത്തേക്ക് മാത്രം യാഥാര്‍ത്ഥ്യമാവുകയും പിന്നീട് ഓര്‍മയായി മാറികയും ചെയ്തുവെങ്കിലും ആശയം ഇന്നും സജീവവും പ്രസക്തവുമാണ്.
നമ്മുടെ ഋഷിശ്രേഷ്ഠന്മാര് ഒരു പുരുഷായുസ്സുകൊണ്ട് നേടിയ സാമൂഹ്യ നവീകരണത്തെ അഥവാ ആ ആശയത്തെ മണ്ണും ചാരി നിന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വം ഹൈജാക്ക് ചെയ്യുന്ന കാഴ്ചയായിരുന്നു സ്വാതന്ത്ര്യാനന്തര കേരളത്തിന് അനുഭവവേദ്യമായത്. സ്വാതന്ത്ര്യസമരത്തെ പുറംകാല്‍കൊണ്ടു തൊഴിച്ചവരൊക്കെ അകത്തും ബലിദാനികളൊക്കെ പുറത്തും ആകുന്ന കാഴ്ച. ഇതിനെതിരെയുണ്ടായ തന്ത്രപരമായ മുന്നേറ്റമായിരുന്നു ആര്. ശങ്കറും മന്നത്തു പത്മനാഭനും ചേര്‍ന്നു രൂപംകൊടുത്ത ഹിന്ദുവിന്റെ സാംസ്കാരിക പൊതുവേദി എന്നോ പാര്‍ലമെന്റ് എന്നോ പറയാവുന്ന ഹിന്ദു മഹാമണ്ഡലം. ഹിന്ദുശേഷിയെ വിഘടിതമാക്കാതിരിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ മുഖ്യമായ ലക്ഷ്യവും.
ഹിന്ദു മഹാമണ്ഡലം ജ്വലിപ്പിച്ചതും സജീവമാക്കിയതുമായ ഹിന്ദു വികാരത്തെ മുതലാക്കി അധികാരത്തിലെത്തിയവര്‍ പോലും വന്ന വഴികള്‍ മറന്നുപോയി എന്നതാണ് വാസ്തവം. തുടര്‍ന്ന് അവരൊക്കെ ചേര്‍ന്ന് ഹിന്ദു മഹാമണ്ഡലത്തെ അട്ടിമറിച്ചു. എങ്കിലും ഹിന്ദുവിന് ആശയസംവാദത്തിനും മാറിയ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അവന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുമായൊരു പൊതുവേദി അഥവാ ഹിന്ദു മഹാമണ്ഡലം എന്ന ആശയത്തിന് ഇന്നും പ്രസക്തി ഏറെയുണ്ട്.
(ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: